ചൈനയിലേ ബെയ്‌ജിങ്ങ് ആസ്ഥാനമായ ഒരു സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനി ആണ് ഷവോമി ഇൻക്. സ്മാർട്ട്‌ഫോണുകളുടെയും അനുബന്ധ ഉപകരണങ്ങളുടെ രൂപകല്പന, ഉത്പാദനം, വില്പന എന്നിവയിൽ ഏർപ്പെട്ടിരുന്ന കമ്പനിക്ക് ലോകമെമ്പാടും അഞ്ച് ശതമാനം വിപണി വിഹിതമാണുള്ളത്. ഷവോമി മി 4, മി നോട്ട്, റെഡ്‌മി നോട്ട്, മി പാഡ് തുടങ്ങിയ ഉപകരണങ്ങൾ ആണ് കമ്പനിയെ ശ്രദ്ധേയമാക്കിയത്.
2011-ൽ ആദ്യ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങിയ ശേഷം ഷവോമി ചൈനയിൽ വലിയ രീതിയിൽ വിപണി പിടിച്ചെടുത്തു. കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ലീ ജുൻ, ചൈനയിലേ ഇരുപതിമൂന്നാമത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ്. 2014-ൽ ഇന്ത്യൻ വിപണിയിൽ എത്തിയ ഷവോമി വളരെ വേഗം വികസിച്ചു. ഫ്ലിപ്കാർട്ടുമായി സഹകരിച്ചു വിപണനം ആരംഭിച്ച അവർ തുടർന്ന് ആമസോണും, സ്നാപ്ഡീലുമായി ധാരണയിൽ എത്തി. 2015 -ന്റെ ഒന്നാം പാദത്തിൽ ഷവോമി സ്വന്തമായി ഓൺലൈൻ വിപണനം ആരംഭിക്കുകയും അനുബന്ധ ഉപകരണങ്ങൾ മറ്റ് ഓൺലൈൻ സ്റ്റോറുകൾ വഴി വിൽക്കുന്നത് നിർത്തലാക്കുകയും ചെയ്തു. ആഗസ്റ്റ് 11, 2015 -ന് ഫോക്സ്കോണുമായി സഹകരിച്ച് ഇന്ത്യയിലെ ആദ്യ ഫാക്ടറി ആന്ധ്രാ പ്രദേശിലെ ശ്രീ സിറ്റിയിൽ ആരംഭിച്ചു.
സ്മാർട്ട്ഫോണും ആൻഡ്രോയ്ഡ് ടെലിവിഷനുമൊക്കെയായി വിപണിയിൽ തകർത്താടുന്ന ഷവോമി കമ്പനി ഇപ്പോൾ മറ്റൊരു സുപ്രധാന ചുവടുവെപ്പ് തുടങ്ങിയിരിക്കുകയാണ്. മറ്റൊന്നുമല്ല, നിരത്തുകളിൽ വിപ്ലവം തീർക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഷവോമിയുടെ പുതിയ ഉൽപ്പന്നം. ഇലക്ട്രിക് മോപ്പഡായ ടി1 ആണ് കമ്പനി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.ഷവോമിയുടെ കീഴിലുള്ള ഹിമോ എന്ന കമ്പനിയാണ് ഈ വാഹനം പുറത്തിറക്കുന്നത്.
ഹിമോ സി20, ഹിമോ വി1 തുടങ്ങിയ ഫോൾഡബിൽ ഇലക്ട്രിക് ബൈക്കിന് പിന്നാലെയായിരിക്കും പുതിയ മോപ്പഡ് എത്തുക. എന്നാല്‍ ഈ വാഹനം തുടക്കത്തില്‍ ചൈനയില്‍ മാത്രമാണ് വില്‍ക്കുന്നത്. ഇതിന് ഏകദേശം 31,188 രൂപ വിലവരും. 2019 ജൂൺ മാസത്തിലായിരിക്കും ഷവോമി ഇലക്ട്രിക് സ്‌കൂട്ടറുകൾ നിരത്തിലിറങ്ങുന്നത്. 14000 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയാണ് വാഹനത്തിന് കരുത്തു പകരുന്നത്. ഒറ്റചാര്‍ജില്‍ 60 കിലോമീറ്റര്‍ അല്ലെങ്കില്‍ 120 കിലോമീറ്റര്‍ റേഞ്ച് വരെ ഇവ സഞ്ചരിക്കും. 53 കിലോഗ്രം ഭാരമുള്ള സ്‌കൂട്ടറിന് 1515 mm നീളവും 665 mm വീതിയും 1025 mm ഉയരവുമുണ്ട്. മുന്നിൽ ഫോർക്കും പിന്നിൽ കോയിൽ ഓവർ സസ്പെൻഷനുമാണ് ഉപയോഗിക്കുന്നത്. മുന്നിൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് സുരക്ഷക്കായി നൽകിയിരിക്കുന്നത്.
ചൈനയിൽ ഈ സ്‌കൂട്ടറുകൾ ഹിറ്റായാൽ പിന്നീട് ഇവ ഇന്ത്യ പോലുള്ള രാജ്യങ്ങളിലും പുറത്തിറക്കുവാനാണ് കമ്പനിയുടെ പദ്ധതി. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമുള്ള ഷവോമിയ്ക്ക് ഈ ചുവടുവെയ്പ്പും വിജയകരമായി പൂർത്തിയാക്കുവാൻ സാധിക്കുമെന്നു തന്നെയാണ് ആഗോള വിപണിയിലെ വിദഗ്ദ്ധർ അനുമാനിക്കുന്നത്. എന്തായാലും ഇലക്ട്രിക് സ്‌കൂട്ടർ രംഗത്ത് ഒരു വമ്പൻ മത്സരത്തിന് ബാക്കിയുള്ള കമ്പനികൾ ഒരുങ്ങിക്കൊള്ളൂ എന്നർത്ഥം.
കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ, വിക്കിപീഡിയ.