വിവരണം – ‎Vysakh Kizheppattu.

മുരുഡേശ്വരത്തെ കടലിന്റെ ഇരമ്പലിൽ നിന്നും നേരെ പോയത് യാനയിലെ കാട്ടരുവിയുടെ സംഗീതം കേൾക്കാൻ ആണ്. മുരുഡേശ്വരം ദർശനത്തിനു ശേഷം 50 കിലോമീറ്റർ അപ്പുറമുള്ള കുംത എത്തുക എന്നുള്ളതാണ് ഈ യാത്രയുടെ ആദ്യ പടി. കുളമാണോ അതോ ബസ് സ്റ്റാൻഡ് എന്ന് അറിയാതെ റോഡിൽ നിൽക്കുമ്പോൾ ആണ് ഒരു ബസ് അതിലൂടെ പോകുന്നത്. കന്നഡ ഒഴിച്ച് മറ്റു ഭാഷയിൽ സ്ഥലപ്പേര് എഴുതുന്ന പരിപാടി അവിടെ ഇല്ലാത്തതിനാൽ അറിയാവുന്ന രീതിയിൽ ചോദിച്ചു മനസിലാക്കി. ഹൊന്നവർ വരെ പോകുന്ന ബസ് ആണെന്ന്. സമയം പാഴാക്കാൻ താല്പര്യം ഇല്ലാത്തതിനാൽ വേഗം കയറി.

കാലത് ആയതിനാൽ വിദ്യാർത്ഥികൾ ആണ് ഭൂരിഭാഗവും. 28 രൂപയാണ് ഒരാൾക്ക് ഹൊന്നവർ വരെ ചാർജ്. മുൻപ് ആ വഴി പോയപ്പോഴും ഹൈവേ ജോലികൾ നടക്കുന്നുണ്ടായിരുന്നു ഇന്നും അതിനു മാറ്റമില്ല. നാലുവരി ആണെങ്കിലും രണ്ടുവരി ആയാണ് വണ്ടികൾ പോകുന്നത്. കുറച്ചു ദൂരം കഴിയുമ്പോൾ ട്രാക്ക് മാറുന്നു എന്ന് മാത്രം. കർണാടക കാഴ്ചകൾ മനോഹരമാണ്. പച്ചപ്പ്‌ നിറഞ്ഞ പ്രകൃതി ഭംഗിയാണ് ചുറ്റും ഉള്ളത്. ഹൊന്നവർ എത്തിയപ്പോൾ ആദ്യം അന്വേഷിച്ചത് ബൈക്ക് റെന്റ് ആണ്. കിട്ടാത്തതിനാൽ അടുത്ത ബസിൽ കുംത തിരിച്ചു. 30 രൂപ ചാർജ്.

ബൈക്ക് എടുക്കാനുള്ള പ്രധാന കാരണം യാന എന്ന സ്ഥലത്തേക്കുള്ള യാത്ര ആയതിനാൽ ആണ്. കാടു വഴി ആയതിനാൽ സർക്കാർ ബസ് കിട്ടിയില്ലേൽ പെട്ടു എന്ന് കൂട്ടിയാൽമതി. കുംത സ്റ്റാൻഡിൽ വന്നിറങ്ങിയപ്പോൾ രണ്ടു വര്ഷം മുൻപ് പോയ സഹസ്രലിംഗ യാത്രയുടെ ഓർമ്മകൾ മനസ്സിൽ വന്നു. ബൈക്ക് അന്വേഷിച്ചുള്ള യാത്ര ഇവിടെയും തുടർന്നു പക്ഷെ ഫലം നിരാശ തന്നെ. ഒടുവിൽ 12:30 നു ഉള്ള യാന ബസിൽ യാത്ര തുടരാൻ തീരുമാനിച്ചു. അവിടെ നിന്നുള്ള അവസാന ബസ് 5:45 നു ആണെന്ന് അവിടെ നിന്നും അറിയാൻ കഴിഞ്ഞു.

കൃത്യ സമയത് പറഞ്ഞ സ്ഥലത്തു യാന ബസ് വന്നു. കുംത നിന്നും 30KM ദൂരമാണ് യാനയിലേക്കുള്ളത്. യാനയുടെ മറ്റൊരു പ്രത്യേകത എന്താണെന്നുവെച്ചാൽ ഇന്ത്യയിലെ വൃത്തിയുള്ള ഗ്രാമങ്ങളിൽ രണ്ടാം സ്ഥാനമാണ് ഈ ഗ്രാമത്തിന്. 28 രൂപ ചാർജ് വരുന്ന യാന യാത്ര സ്റ്റാൻഡിൽ നിന്നും ആരംഭിച്ചു. സിർസി റൂട്ടിലൂടെയാണ് യാത്ര ചെയ്യുന്നത്. ഇതേ റൂട്ടിൽ ആണ് അന്ന് സഹസ്രലിംഗ യാത്ര നടത്തിയതും. നഗരം വിട്ടു പതിയെ വനപ്രദേശം ആയി തുടങ്ങി. അതിനനുസരിച്ചു ഫോണിലെ സിഗ്നൽ കട്ടകളും കുറഞ്ഞു വന്നു. ചുറ്റുമുള്ള കാഴ്ചകളുടെ ഭംഗി കൂടി വരുന്നതനുസരിച്ചു സിഗ്‌നൽ മാഞ്ഞു തുടങ്ങിയിരുന്നു.

ഏകദേശം പകുതി ദൂരം പിന്നിട്ടപ്പോഴേക്കും ബസ് പ്രധാനപാതയിൽ നിന്നും യാന റൂട്ടിലേക്ക് കയറിയിരുന്നു. ഇനിയുള്ള 12 KM ദൂരം വനത്തിലൂടെ യാന ലക്ഷ്യമാക്കി. വനമേഖലയാണ് യാന. യാത്രക്കിടയിൽ അങ്ങിങ്ങായി വീടുകളും കൃഷിസ്ഥലവും കാണാൻ കഴിയുന്നുണ്ട്. അതിനേക്കാൾ എന്നെ ആകർഷിച്ചത് അരുവികൾ ആണ്. വനപാത അവസാനിക്കുന്നിടം വരെ ഇരുവശവും ഉള്ള അരുവികളുടെ സാമിപ്യം നമ്മളെ കൂടുതൽ പ്രകൃതിയിലേക്കടുപ്പിക്കും. ഇതിനിടയിൽ കണ്ടക്ടറോട് അറിയാവുന്ന തരത്തിൽ യാനയെ പറ്റി ചോദിക്കാനും മറന്നില്ല. വന്യമൃഗങ്ങൾ ഉണ്ടെന്നാണ് പുള്ളിയുടെ സംസാരത്തിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത്..

ഒന്നര മണിക്കൂറിനു മുകളിൽ ഉള്ള ആ ബസ് യാത്ര അവസാനിക്കുന്നത് ഒരു ചെറിയ കവാടത്തിനു മുന്നിൽ ആണ്. ഞങ്ങൾക്ക് മുന്നേ സ്വകാര്യ വാഹനത്തിൽ വന്ന കുറച്ചാളുകൾ അവിടെ ഉണ്ട്. ബസിൽ അവിടെ ഇറങ്ങാൻ ഞങൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് അവിടെ ചെന്നപ്പോൾ മനസിലായി. ഇനി ഇവിടുന്നു നടക്കണം കാട്ടിലൂടെ. അവിടെ കാണാൻ ഉള്ളത് വലിയ രണ്ടു ഗുഹകൾ ആണ്. യാന കേവ്സ്.. ഒരു സുഹൃത് പറഞ്ഞ അറിവുവെച്ചാണ് ഇവിടെ വരെ വന്നത്. ചോദിക്കാനും പറയാനും ഒന്നും ആരുമില്ലാത്തതിനാൽ ബസിൽ നിന്നിറങ്ങി മുന്നിലൂടെ കാണുന്ന വഴിയിലൂടെ നേരെ നടന്നു.

ഏകദേശം ഒന്നര കിലോമീറ്റര് ദൂരവും പിന്നീട് കുറച്ചു പടികളും ഉണ്ടെന്നും അറിയാം. നടത്തം ആരംഭിച്ചപ്പോൾ തന്നെ കാതിനു കുളിർമയേകി കാട്ടരുവികളുടെ ശബ്ദം കേട്ട് തുടങ്ങി. അല്പം മുന്നോട്ടു പോയപ്പോൾ നമ്മുടെ യാത്രക്ക് സമാന്തരമായി ഒഴുകുന്ന അരുവി കാണാൻ ഇടയായി. പാറകളിൽ തട്ടിച്ചിതറി ഒഴുകുന്ന ചെറിയ അരുവി. നടക്കുന്ന വഴിയിൽ വിശ്രമിക്കാനുള്ള ഇരിപ്പിടവും ചെറിയ ഹട്ടും എല്ലാം ഉണ്ട്. അരുവികളുടെ ഭംഗി ആസ്വദിച്ച് അധികം നേരം ഇരുന്നാൽ ചിലപ്പോൾ ഈ രാത്രി മൊത്തത്തിൽ അവിടെ ഇരിക്കേണ്ട അവസ്ഥ വരും എന്നുള്ളതിനാൽ നടത്തവും ആസ്വാദനവും ഒരുമിച്ചാക്കി.

ഒരു വശത്തു അരുവിയുടെ ശബ്‌ദവും മറുവശത്തു കിളികളുടെയും മറ്റും ശബ്ദവും. പ്രകൃതിയെ അടുത്തറിഞ്ഞുള്ള നടത്തം. ചെറിയ കയറ്റവും ഇറക്കവും ഒക്കെ ഉള്ള വഴിയേ മുറിച്ചുകൊണ്ട് ചെറിയ അരുവികൾ വേറെയും ഒഴുകുന്നുണ്ട്. തണുത്ത വെള്ളം കാലിനെ ഒന്ന് സുഖിപ്പിച്ചു. ഒരു കിലോമീറ്റർ പിന്നിട്ടപ്പോഴുക്കും കയറാനുള്ള പടികൾ കണ്ടു തുടങ്ങി. ഏകദേശം 250 പടികൾ ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്. അതിന്റെ ആരംഭത്തിൽ തന്നെ ചെറിയ ഒരു ഗണപതി കോവിലും ഉണ്ട്. വിഘ്‌നങ്ങൾ ഇല്ലാതിരിക്കാൻ പുള്ളിയെ കണ്ടു തെഴുതു പടികൾ കയറിത്തുടങ്ങി..

ആദ്യ പടികൾ കയറുമ്പോൾ തന്നെ കാടിനു നടുവിലെ ആദ്യ കൂറ്റൻ പാറ നമ്മുക് കാണാൻ കഴിയും. മരങ്ങൾക്കിടയിൽ തലയുയർത്തി നിൽക്കുന്ന ഇതിന്റെ പേര് മോഹിനിഷിക്കാരോ എന്നാണ്. പകുതി പടികൾ കയറിയപ്പോഴേക്കും അതിന്റെ സമീപത്തെത്തി. വീണ്ടും മുന്നോട്ട് നടത്തം തുടർന്നു. പടികൾ അവസാനിക്കാറായ നിമിഷത്തിൽ രണ്ടാമത്തെ പാറയും കണ്ടു തുടങ്ങി. ഭൈരവഷിക്കാരോ. ഇവ രണ്ടുമാണ് ഇവിടത്തെ പ്രധാന ആകർഷണം. ഇത് എന്തെന്ന് പറഞ്ഞതിന് ശേഷം മുന്നോട്ട് പോകാം.

ഭസ്മാസുരനെ പറ്റി കേൾക്കാത്ത ആളുകൾ കുറവായിരിക്കും. ശിവനെ തപസ്സു ചെയ്ത് ഉഗ്രശക്തി നേടിയെടുത്ത ഭസ്മാസുരൻ കിട്ടിയ വരം ശിവനിൽ പരീക്ഷിക്കാൻ ഒരുങ്ങിയതും ഒടുവിൽ വിഷ്ണു ഭഗവാൻ മോഹിനി രൂപത്തിൽ വന്നു അസുരനെ ഭസ്മമാക്കിയ കഥ. ആ സംഭവം നടക്കുന്നത് പശ്ചിമഘട്ടത്തിലെ സഹ്യാദ്രി മലനിരകളിലെ ഈ യാന എന്ന ഗ്രാമത്തിൽ ആണെന്നാണ് വിശ്വാസം. അസുരന്റെ രാക്ഷസഭാവം നിറഞ്ഞു നിൽക്കുന്ന രണ്ടു പടുകൂറ്റൻ പാറകൾ ആയ ഭൈരവ മോഹിനി ഷിക്കാരോ. 90 മീറ്റർ ഉയരമാണ് മോഹിനി ഷിക്കാരോക്കു ഉള്ളത്. എന്നാൽ ഭൈരവ ഷിക്കാരോ അതിനെക്കാൾ വലുതും.120 മീറ്റർ ഉയരമുള്ള ഇതിനകത് ഒരു ശിവക്ഷേത്രവും ഉണ്ട്.

പടികൾ അവസാനിക്കുന്നിടം ഉരുൾപൊട്ടൽ നടന്ന സ്ഥലമാണ്. മണൽച്ചാക്കുകൾ നിറച്ചാണ് അവിടെ നടക്കാൻ പാകത്തിൽ ആക്കിയിരിക്കുന്നത്. മുന്നിൽ കാണുന്ന ചെറുകവാടത്തിലൂടെ ഭൈരവ ഷിക്കാരോ ലക്ഷ്യമാക്കി നടന്നു. മുന്നിൽ രാക്ഷസഭാവത്തിൽ നിറഞ്ഞു നിൽക്കുന്ന കൂറ്റൻ പാറ. അതിനു താഴെയായി ഒരു ക്ഷേത്രം. കാലും മുഖവും കഴുകിവേണം ഉള്ളിൽ കയറാൻ എന്ന് എഴുതിവെച്ചിരുന്നത് ശ്രദ്ധയിൽപെട്ടു. അത് അനുസരിച്ചു നേരെ ഉള്ളിലേക്ക് കയറി . നേരെ മുൻപിൽ ആണ് ശ്രീകോവിൽ. ഗുഹാക്ഷേത്രമാണ്. മുകൾ ഭാഗം തുറന്ന നിലയിൽ ആണ്. മുകളിൽ നിന്നും അരുവിയിലൂടെ വരുന്ന ജലത്തുള്ളികൾ അഭിഷേകം ചെയ്യുന്ന കാഴ്ച ഇവിടത്തെ മറ്റൊരു ആകർഷണമാണ്.

ക്ഷേത്രത്തിനുള്ളിലൂടെ ഉള്ള വഴിയിലൂടെ നടന്നാൽ ഗുഹക്കുള്ളിലേക്കുള്ള പടികൾ കാണാം. വഴുക്കൽ നല്ലപോലെ ഉള്ള പടികൾ കയറുമ്പോൾ ശ്രദ്ധ അല്പം കൊടുത്തിരുന്നു. കാരണം തിരിച്ചുപോകണമല്ലോ. ഉള്ളിലേക്ക് കയറുമ്പോൾ ഇരുട്ടാണ് നമ്മളെ സ്വീകരിക്കുന്നത്. പല സ്ഥലങ്ങിലൂടെ വരുന്ന ചെറിയ വെളിച്ചം ഒരു പരിധിവരെ അതിനെ മാറ്റുന്നുണ്ട്. ഉള്ളിൽ പ്രത്യേകം എടുത്തു പറയേണ്ട കാഴ്ചകൾ ഒന്നും ഇല്ല. ഉള്ളിലൂടെ ഉള്ള യാത്ര അവസാനിക്കുന്നത് മറ്റൊരു വഴിയിൽ ആണ്. അവിടെ നിന്നും നേരെ നോക്കിയാൽ മോഹിനി കാണാൻ കഴിയും. അവിടെ നിന്നും കുറച്ചു പടികൾ ഇറങ്ങിയും കയറിയും ചെന്നാൽ ക്ഷേത്രത്തിനു മുന്നിൽ എത്തും.

ഈ യാനയെ പറ്റി കന്നടയിൽ ഒരു ചൊല്ലുണ്ട്. അതിന്റെ മലയാളം ഇങ്ങനെയാണ്. “നിങ്ങളുടെ കയ്യിൽ പണമുണ്ടെങ്കിൽ ഗോകർണ പോകൂ, നിങ്ങള്ക്ക് ധൈര്യമുണ്ടെങ്കിൽ യാന പോകൂ ” . കാടിനു നടുവിൽ ഉള്ള ഈ സ്ഥലം ഒരുകാലത്തു ആരെയും ഭയപ്പെടുത്തുന്ന ഒന്നായിരുന്നു.എന്നാൽ ഇന്ന് സൗകര്യങ്ങൾ വന്നപ്പോൾ ആ ചൊല്ലിനു ഒരു അർത്ഥമില്ലാതെയായി. എന്നിരുന്നാലും യാന ഒരു നിസാരക്കാരനല്ല എന്ന് നമ്മുക് പറയാം..

തിരിച്ചുള്ള പടിയിറക്കത്തിൽ മോഹിനി ഷിക്കാരോയുടെ അടുത്തേക്ക് പോയി. ഉള്ളിലോട്ട് പല വഴികളും കാണുന്നുണ്ട്. ചിലതു അടച്ചിരിക്കുന്നു. മറ്റു ചിലത് വെള്ളം ഒഴുകി വഴുക്കലും ആണ്. അതിനാല് പുറമെ നിന്നും ചുറ്റികാണണേ സാധിച്ചൊള്ളു. രണ്ടു പാറകൾക്കിടയിൽ തങ്ങി നിൽക്കുന്ന ഒരു കൂറ്റൻ പാറയുടെ അടിയിലൂടെ നടന്നു മറ്റൊരു വഴിയിലൂടെ പുറത്തുചാടി. ഉദ്ദേശിച്ച സമയത്തിനുള്ളിൽ തന്നെ കാഴ്ചകൾ തന്നെ കണ്ടു തീർത്തു. കേട്ടറിവ് വെച്ച് മാത്രം വന്ന യാന ഒടുവിൽ കണ്ടു കീഴടക്കി.

ഇനി ആരംഭിച്ച അതെ സ്ഥലത്തേക്ക് തിരിച്ചുനടക്കണം. ബസ് വരാൻ സമയം ഉണ്ട്. മരങ്ങൾക്കിടയിൽ അരുവികളുടെയും കിളികളുടെയും ശബ്ദം കേട്ട് കാത്തിരിപ്പ് ആരംഭിച്ചു. ഞങ്ങൾ ഒഴികെ എല്ലാവരും സ്വന്തം വണ്ടികളിൽ വന്നവർ ആണ്. അവർ ഓരോരുത്തരായി മടങ്ങി തുടങ്ങി. ഇനി ഞങ്ങളും 3 വണ്ടികളും മാത്രം. ബസ് വരേണ്ട സമയം കഴിഞ്ഞു. കാണുന്നില്ല. ആരോട് ചോദിയ്ക്കാൻ ആണ്. പെട്ടോ എന്ന അവസ്ഥയിൽ ഞങൾ പരസ്പരം നോക്കി ഇരിക്കുമ്പോൾ ആണ് 15 മിനിറ്റ് വൈകി ആനവണ്ടി കുതിച്ചുവരുന്നത്. വന്നപാടെ ചാടിക്കയറി. ഞങ്ങളും ജീവനക്കാരും മാത്രം. തിരിച്ചു കുംതയിലേക്ക്. അവിടെ നിന്ന് ഇനി എവിടേക്കു എന്നറിയില്ല..യാത്ര തുടരണമല്ലോ…

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.