എഴുത്ത് – പ്രിയ ജി. വാര്യർ.
“മ്മാക്ക് ദുനിയാവിന്റെ അറ്റം കാണണോ?” സലാവുദ്ദീന്റെ ചോദ്യത്തിന് മുന്നിൽ ഉമ്മക്ക് മൗനം തീർത്ത ഇടവേളയെടുക്കേണ്ടി വന്നില്ല. കാരണം തിത്തീമ്മക്കറിയാം മകൻ സലാവുദ്ദീൻ തന്നെ ദുനിയാവിന്റെ അറ്റം വരെ കൊണ്ടുപോകുമെന്ന്. ദുനിയാവിന്റെ അറ്റത്തേക്ക് പോകുന്നെങ്കിൽ മകന്റെ വിരൽത്തുമ്പിൽ തന്റെ വിരലറ്റമുണ്ടാകുമെന്ന ഉറപ്പുള്ളതുകൊണ്ട് തിത്തീമ്മ എന്ന നാട്ടുകാരുടെ ചൂട്ടിമോൾ ചിരിച്ചുനിന്നു.
അത്യപൂർവമായ ഒരുമ്മ മകൻ യാത്രയുടെ കഥയാണ് തിരൂർ തെക്കൻ കുറ്റൂരിലെ പറമ്പാട്ട് തിത്തീമ എന്ന ചൂട്ടിമോളുടേയും മകൻ സലാവുദ്ദീന്റേതും. തന്റെ പത്തൊൻപതാമത്തെ വയസ്സിൽ തുടങ്ങിയതാണ് ഉമ്മയുടെ കൈ പിടിച്ചുള്ള സലാവുദ്ദീന്റെ യാത്ര. തണുപ്പിലും വെയിലിലും മഞ്ഞിലുമെല്ലാം ഉമ്മയെയുമായി സലാവുദ്ദീൻ യാത്ര ചെയ്യുന്നു. സ്‌നേഹത്തിന്റെ തണുപ്പിൽ ഒരുമ്മയും മകനും നടത്തുന്ന നിലാക്കുളിരുള്ള യാത്ര.
പറഞ്ഞുവരുന്നത് ഒരുമ്മയുടെയും മകന്റെയും കഥയാണ്. അധികമൊന്നും കേട്ടിരിക്കാനില്ലാത്ത കഥയാണിത്. ഉമ്മയെ ലോകം കാണിക്കാൻ ഒരു മകൻ നടത്തുന്ന യാത്ര. മധുര, ഊട്ടി, കൊടൈക്കനാൽ, തഞ്ചാവൂർ, രാമേശ്വരം, കന്യാകുമാരി, ധനുഷ് കോടി, കുടക്, മൈസൂർ, മംഗലാപുരം, ആഗ്ര, പഞ്ചാബിലെ സുവർണ ക്ഷേത്രം, വാഗാ അതിർത്തി, ഹിമാചലിലെ സിംല, കുളു, മണാലി, ചണ്ഡീഗഢ്, ദൽഹി.. അങ്ങനെയങ്ങനെ ഒടുങ്ങാത്ത യാത്രകൾ.
ഒരിക്കൽ സലാവുദ്ദീൻ ഉമ്മയോട് ചോദിച്ചു. “ഇനി ഉമ്മക്ക് എവിടെയാണ് പോകേണ്ടത്. ഏത് യാത്രക്കാണ് മോഹം?” “മരുഭൂമിയിലൂടെ ഒട്ടകപുറത്ത് സഞ്ചരിക്കാൻ പൂതിയുണ്ട്” -അധികം ഓർത്തെടുക്കാതെ ഉമ്മ പറഞ്ഞു. അടരുകളായി കിടക്കുന്ന മണൽ പരപ്പിലൂടെ ഉമ്മയെ ഒട്ടകപ്പുറത്തിരുത്തി കൊണ്ടുപോകണം. ഉയർന്നുപൊങ്ങുന്ന മണൽത്തിരമാലകളിലൂടെ രാത്രിയാത്ര. നക്ഷത്രങ്ങൾ കണ്ണുചിമ്മാത്ത രാത്രിയുടെ പ്രശാന്ത മൗനത്തിലങ്ങനെ യാത്രയാകണം. സലാവുദ്ദീന്റെ സ്വപ്നമാണ്.
തുഞ്ചൻപറമ്പിൽ ഒരുമിച്ചിരുന്നുള്ള പി.എസ്.സി പഠനകാലത്താണ് ഞാൻ സലാവുദ്ദീനെ പരിചയപ്പെടുന്നത്. ഒരുമിച്ചിരുന്നുള്ള പഠനത്തിനിടയിലായിരുന്നു കൗതുകത്തിന്റെ കെട്ട് സലാഹ് പൊട്ടിച്ചത്. അത്ഭുതം കുറുകിയ കണ്ണ് തുറന്നുപിടിച്ചും കാതുകൾ കൂർപ്പിച്ചും ആ കഥ കേട്ടിരുന്നു. കുറെ വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ ഉമ്മമകൻ യാത്ര അടുത്തടുത്ത പ്രദേശങ്ങളിൽനിന്ന് ഇന്ത്യയോളം വളർന്നു. യാത്ര കഴിഞ്ഞെത്തിയാൽ യാത്രയുടെ വിശേഷവുമായി ഉമ്മ ഉമ്മയുടെ കൂട്ടുകാർക്കൊപ്പമിരിക്കും. പറഞ്ഞുപറഞ്ഞ് വരുമ്പോൾ ഉമ്മയുടെ കവിളുകൾ ആപ്പിൾ ചുവപ്പാകും. കണ്ണുകളിൽ തിളക്കം കൂടി വരും. ഇതൊക്കെ പോരേ ഒരു മകന് സന്തോഷിക്കാൻ. സലാവുദ്ദീന്റെ ചോദ്യമാണ്.
“വെയിലേറ്റോ, തണുപ്പടിച്ചോ ഉമ്മക്ക് വയ്യാതാകുമോ എന്ന പേടിയുണ്ടാകാറില്ലേ-പ്രത്യേകിച്ചും ഒറ്റയ്ക്കുള്ള യാത്രയിൽ”, ഞാൻ ചോദിച്ചു. “എന്താണ് നീ പറയണത്.ഉമ്മ ഒറ്റയ്ക്കല്ലല്ലോ. ചുറ്റും നന്മയുള്ള എത്രയോ മനുഷ്യരുണ്ട്. ചേർത്തുപിടിക്കാൻ ഒന്നും തടസമില്ലാത്ത സ്‌നേഹം പെയ്യുന്ന മനുഷ്യർ. ഇതിന് പുറമെ യാത്രയിൽ ഉമ്മയുടെ കരുതൽ എനിക്കാണ് ഏറെയും ലഭിക്കാറുള്ളത്. ഒരിക്കൽ ഒരുസംഭവമുണ്ടായി. എൻട്രി ഇല്ലാത്ത ഐസ് പാളികൾ കിടക്കുന്ന സ്ഥലത്തേക്ക് സാഹസികനായി നടക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. അപ്പോൾ കാലിൽ മസിൽ കയറി ഒരടി നടക്കാനാകാതെ ഇരുന്നുപോയി. ഇതു കണ്ട് ഉമ്മ ഓടി വന്നു. ഉമ്മയ്ക്കും മകനും ഇടയിൽ ഒരു നിയന്ത്രിത പ്രദേശങ്ങളുമില്ലല്ലോ.” “ന്നിട്ടോ…” “ന്നിട്ടെന്താ…. നല്ല പെരുത്ത ചീത്ത… അന്നോട് ഞാൻ പറഞ്ഞതല്ലേ അവിടേക്ക് പോകരുതെന്ന് സങ്കടം പറഞ്ഞു കരച്ചിൽ.”
പർദ്ദയാണ് ഉമ്മയുടെ യാത്രാവസ്ത്രം. പർദ്ദയെ പറ്റിയൊരു കഥയുണ്ട്. ഒരു യാത്രക്കിടെ പഴനി വഴി മടങ്ങി വരികയായിരുന്നു ഞങ്ങൾ. പഴനിയിലൊന്ന് കയറണം. ഉമ്മക്കൊരു തോന്നൽ. കുറെ പടികളില്ലേ. അതൊക്കെ കയറി മുകളിലൊക്കെ നടക്കാൻ പൂതി. കയറി തുടങ്ങിയപ്പോഴേക്കും പോലീസ് തടഞ്ഞു. പർദ്ദയിട്ട് കയറാൻ പറ്റില്ല. വേണങ്കിൽ സാരിയോ ചുരിദാറോ ധരിച്ചു കയറാമെന്ന്. ഉമ്മ കയറിയില്ല. അതിലൊരു പരാതിയുമില്ല, പരിഭവവുമില്ല. പഴനി കയറിയിരുന്നെങ്കിൽ പോക്കറ്റ് കാലിയാക്കി ഉമ്മ തിരിച്ചിറച്ചിറങ്ങും. നൂറു രൂപക്ക് കിട്ടുന്ന സാധനങ്ങൾ ടൂറിസ്റ്റ് പ്ലേസിൽ 150 രൂപക്കല്ലേ കിട്ടൂ. ഉമ്മയുടെ സന്തോഷമാണ് വലുത്. കയ്യിലൊതുങ്ങുന്നത് ഓർമയ്ക്കായി വാങ്ങിക്കൊടുക്കും. ഉമ്മയും എന്റെ കൈയിലൊതുങ്ങുന്നതേ ആവശ്യപ്പെടാറുള്ളൂ.
ഇതൊന്നുമല്ല വല്യ എടങ്ങേറ് പിടിച്ചൊരു പരിപാടിയുണ്ട് ഉമ്മക്ക്. വിദേശികളുടെ കൂടെ നിന്നൊക്കെ ഫോട്ടോയെടുക്കണം. അവരോട് ആംഗ്യ ഭാഷയിൽ ഉമ്മക്കറിയാവുന്ന ഭാഷയിൽ സംസാരിക്കും. അവർ സംസാരിക്കുന്നത് ഉമ്മക്കും ഉമ്മ പറയുന്നത് അവർക്കും അറിയില്ല. എങ്കിലും അവർക്ക് പരസ്പരം മനസ്സിലാകും. മനസ്സിലാകാത്ത നേരത്ത് ഇരുകൂട്ടരും തമ്മിൽ പീക്കിരിപ്പിള്ളേരെ പോലെ അടിയോടടിയാകും. ഡീൽ ചെയ്യാൻ സലാവുദ്ദീൻ ഓടിയെത്തണം.
തിരൂർ, താനൂർ, കോഴിക്കോട് എന്നിവയ്ക്കപ്പുറം ഉമ്മ പോയിരുന്നില്ല. ഉമ്മയെ യാത്ര കൊണ്ടുപോകാനുള്ള ആഗ്രഹം കൊണ്ട് ഒരു പരീക്ഷയ്ക്ക് ഊട്ടിയിലേക്ക് പോയപ്പോൾ ഉമ്മയേയും കൂടെക്കൂട്ടി. അല്ലാതെ ടൂർ എന്ന് പറഞ്ഞാലൊന്നും യാത്രക്ക് വരുന്ന അവസ്ഥ ആയിരുന്നില്ല ഉമ്മക്ക്. മേട്ടുപാളയം, കോയമ്പത്തൂർ അവിടെയെല്ലാം കറങ്ങി. ഉമ്മക്ക് അവിടുത്തെ തണുപ്പ് ശരിക്ക് അനുഭവിപ്പിച്ച് കൊടുക്കണം എന്നത് വലിയ ആഗ്രഹമായിരുന്നു. ആ തണുപ്പിനെ കുറിച്ച് പറയുമ്പോൾ ഇന്നും ഉമ്മയുടെ വാക്കുകളിൽ ആശ്ചര്യം ഒട്ടിച്ചുവെച്ചിട്ടുണ്ട്.
പൊന്നാനി എം.ഇ.എസിൽ ഫിസിക്‌സിന് പഠിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു സലാവുദ്ദീൻ ഉമ്മയുമായുള്ള ആദ്യ യാത്ര പോയത്. പത്തൊൻപതാമത്തെ വയസ്സിൽ. തീവണ്ടിയിലായിരുന്നു ആ യാത്ര. അന്നൊക്കെ കിട്ടുന്ന ബസും തീവണ്ടിയും ചെറിയ സ്ഥലത്തേക്ക് നടന്നുമായിരുന്നു യാത്ര. നടന്നു കുഴയുമ്പോൾ എവിടെയെങ്കിലുമിരിക്കും. ക്ഷീണം മാറ്റി വീണ്ടും യാത്ര തുടരും. ഉമ്മ ആരാധനയോടെ കുറെ നേരം ഇരുന്ന സ്ഥലങ്ങളുണ്ട്. ആ സ്ഥലങ്ങളെ പറ്റി വാ തോരാതെ സംസാരിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയോട് കടുത്ത ആരാധനയാണ് ഉമ്മക്ക്. ഇന്ദിരാഗാന്ധിയുടെ ശവകുടീരത്തിനടുത്തും വീടിനു സമീപവും ഉമ്മ കുറെ നേരമിരുന്നു. ടി.വിയിൽ ഇന്ദിരാഗാന്ധിയെ പറ്റി എന്ത് വാർത്ത വന്നാലും ഉമ്മ ഇപ്പോഴും നോക്കിയിരിക്കും. ഇന്ദിരാഗാന്ധിയെ അത്രയ്‌ക്കേറെ ഇഷ്ടമാണ് ഉമ്മക്ക്.
ചൂട്ടിമോളേന്ന് നാട്ടുകാർ ഓമനിച്ചുവിളിക്കുമ്പോഴേക്കും ഉമ്മക്ക് പറയാൻ ഒട്ടേറെ യാത്രാ കഥകളുണ്ടാകും. ആ കഥകൾ കേൾക്കാൻ നളിനി ചേച്ചിയും ഉമ്മുതാത്തയും മാളുതാത്തയും ചേർന്നിരിക്കും. യാത്രകൾ ജീവിതത്തെ പാകപ്പെടുത്തുമെങ്കിൽ ഉമ്മയുടെ കാര്യത്തിൽ അത് യാഥാർത്ഥ്യമാണ്. ചെറിയ യാത്രകളിൽ നിന്ന് പോലും ഇവർ വലിയ ജീവിതാനുഭവങ്ങൾ സ്വാംശീകരിക്കുന്നുവെന്ന് തിത്തീമ്മയുടെ സാന്നിധ്യം അവരെ കാണുന്ന ഓരോ മനുഷ്യനെയും ബോധ്യപ്പെടുത്തും. ഏതു കാര്യത്തിലും മുമ്പില്ലാത്ത വിധം കരുതൽ ഉമ്മയുടെ ചലനങ്ങളിൽ പ്രകടമാണ്. ഒന്നും നമുക്ക് മാത്രം അവകാശപ്പെട്ടതല്ല എന്ന് ഈ ഉമ്മ ഓരോ പങ്കുവെക്കലുകളിലുംപറയാതെ പറയുന്നു.
മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി സബ് രജിസ്റ്റർ ഓഫീസിൽ എൽ.ഡി ക്ലർക്കാണ് സലാവുദ്ദീൻ. സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്ന ഹസീനയാണ് ഭാര്യ. ഫൈസൽ, ജമീല, ഖദീജ എന്നിവരാണ് സഹോദരങ്ങൾ. സലാവുദ്ദീന്റെയും ഉമ്മയുടെയും യാത്ര ഇനിയും തുടരും. ദുനിയാവിന്റെ അറ്റം വരെയെത്തി അവർ വീണ്ടും യാത്രയ്‌ക്കൊരുങ്ങും. കാരണം ഈ ഉമ്മയുടെയും മകന്റെയും യാത്രകളിൽ സ്‌നേഹവും കരുതലും സമം ചേർത്തുവെച്ചിരിക്കുന്നു.