വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.
കേരളത്തിലെ ഏറ്റവും വലിയ രജിസ്റ്റേർഡ് റൈഡിങ് ക്ലബ് ആയ യാത്രികൻ ടീമിന്റെ ഇവന്റ് നമ്പർ – 176 യാത്ര , യാത്രികൻ കൊല്ലം യൂണിറ്റ് നടത്തിയ ഇവന്റിന്റെ വിശേഷങ്ങളിലേക്ക് ഒരു നിമിഷം യാത്രികരെ നിങ്ങളെ കൂട്ടി കൊണ്ട് പോകാം.
ജീവിതമെന്ന ചില്ലക്ഷരത്തിന് സൗഹൃദമെന്ന സ്വരാക്ഷരം കൂടിയേ തീരൂ. ഒറ്റ വരിയില്‍ മാത്രമേ അതിനെ എഴുതാവൂ എന്ന് പക്ഷേ ശാഠ്യം പിടിക്കരുത്. ഇരട്ടവരിയിലും നാലുവരിയിലുമൊക്കെ അതിനെ പകര്‍ത്താം. വേണമെങ്കില്‍ ക്ലിപ്തപ്പെടുത്തിയ മാര്‍ജിനുകള്‍ ഉപേക്ഷിച്ചും , മാര്‍ജിനുകള്‍ക്ക് മീതെയും, എങ്ങനെ എഴുതുമ്പോഴും അത് സ്‌നേഹത്തോടെയായിരിക്കണം യാത്രികന്റെ സൗഹൃദം കൂടി വരയ്ക്കാതെ ജീവിതത്തിന്റെ ഭൂപടം എങ്ങനെയാണ് പൂര്‍ണ്ണമാവുക?. അതെ ആ ഭൂപടം യാത്രികൻ ഇവിടെ തയ്യാറാക്കുകയാണ് .
ഓരോ പ്രഭാതവും പല വർണ്ണങ്ങൾ നിറഞ്ഞ ചിത്രങ്ങളാൽ പ്രകൃതി നമ്മുടെയെല്ലാം മുൻമ്പിൽ ഒരുക്കി നിർത്തുമ്പോൾ ഒരേ മനസ്സോടെ ഒരേ ആവേശത്തോടെ യാത്രികന്റെ 23 പേരെട ങ്ങുന്ന യാത്ര ടീം ജില്ലയുടെ പല ഭാഗങ്ങളിൽ നിന്ന് ചരിത്രമുറങ്ങി കിടക്കുന്ന പുനലൂരിന്റെ മണ്ണിലേക്ക് എത്തി അവിടെ നിന്ന് അലിമുക്ക് വഴി കാനന പാതയിലൂടെ അച്ചൻകോവിലേക്ക് യാത്ര ആരംഭിച്ചു.
വൃശ്ചിക കാറ്റ് വന്ന് തലോടുമ്പോൾ ആ തണുത്ത കുളിർക്കാറ്റ് ഓരോ യാത്രികനെയും മുന്നോട്ട് കുതിച്ച് പായാൻ ഉള്ള കരുത്താർന്ന ഊർജം യാത്രയിൽ നൽകിയിരിക്കും.
പൊൻ സൂര്യ പ്രഭയിൽ തേക്ക് മരങ്ങളുടെ ഇലകളിൽ തട്ടി ചന്നം ചിന്നം ചിതറി ഓടുന്ന സൂര്യ പ്രകാശവും , മുളൻക്കാടുകളിൽ നിന്നും ശബ്ദ മാധുര്യമേറുന്ന സ്പ്ത സ്വരങ്ങളും, കാതുകളിൽ മുഴങ്ങി കേൾക്കുമ്പോൾ , ഉൾക്കാടുകളിൽ എവിടെ നിന്നോ കാട്ടാനയുടെ ചിന്നം വിളിയും കേട്ട് പീലിക്കെട്ടിൽ നിറയെ കണ്ണുകളുമായി അഴകാർന്ന മയിൽ അഴകും കൺ കുളിർക്കേ ആസ്വദിച്ച് , പച്ച പരവതാനി വിരിച്ച കുന്നുകളും മലകളും , കാട്ടാറായ അച്ചൻ കോവിലാറും കാടിന്റെ ഭംഗിയും കുളിർമയും മതിയാവോളം ആസ്വദിച്ച് മുന്നോട്ട് നീങ്ങുമ്പോൾ സുന്ദരിയായ പ്രകൃതി നീ ചിലപ്പോൾ ഒക്കെ മനുഷ്യനിൽ ഇല്ലാത്ത കഴിവുകളെ പോലും വിളിച്ചുണർത്തും.
അച്ചൻകോവിൽ ക്ഷേത്ര സാന്നിദ്ധ്യം തമിഴ് നാട്ടിൽ നിന്നും മദ്ധ്യ കേരളത്തിലേക്കുള്ള പാത ഈ വനപ്രദേശത്തിന്റെ പ്രത്യേകത കൂടിയാണ് . സിംഹവാലൻ കുരങ്ങ് , പുള്ളി പുലി , ആന , മ്ലാവ് , മുള്ളൻ പന്നി , വേഴാമ്പൽ , മയിൽ , തത്ത , മൈന , കുയിൽ തുടങ്ങിയ പക്ഷികളും വിവിധയിനം ചിത്ര ശലഭങ്ങളും ഇവിടെ കാണപ്പെടുന്നു. മലമ്പാമ്പ് ഈ വനത്തിലെ പ്രത്യേകതയാണ് . തമിഴ്നാടിനോട് ചേർന്ന് കിടക്കുന്നതും പ്രകൃതി രമണീയവുമായ സഹ്യസാനുക്കളും , പ്രശസ്തമായ അച്ചൻ കോവിൽ ശാസ്താ ക്ഷേത്രവും , അമ്പനാട് തേയില തോട്ടവും, പാലരുവി വെള്ളച്ചാട്ടവും എല്ലാം ഇവിടെ അടുത്ത് അടുത്ത് തന്നെയാണ് ഉള്ളത് .
അമ്പനാട് മലനിരകൾ ഇളം കാറ്റിനോട് പറഞ്ഞ സന്ദേശത്തെ തേടി ഒരു യാത്ര. അച്ചൻ കോവിൽ നിന്ന് ഒരു അടിപൊളി ഓഫ് റോഡ് യാത്ര ആർക്കാണ് ഇഷ്ടമല്ലാത്തത് അതെ മൂന്നാറിനെ വെല്ലുന്ന പ്രകൃതി ഭംഗിയും തണുപ്പുമുള്ള അമ്പനാട് മലനിരയിലേക്ക് യാത്ര തുടരുമ്പോൾ മനസ്സിലാക്കുക നമ്മൾ ഓരോത്തരും കൊല്ലം ജില്ലയിലെ ഏക തേയില മേഖലയാണിതയെന്ന്.
തേയില തോട്ടത്തിന്റെ പച്ചപ്പും , തമിഴ്‌നാടന്‍ ശൈലിയുള്ള ക്ഷേത്രവും , ക്രിസ്ത്യന്‍പള്ളിയും , മുസ്ലീം പള്ളിയും ഈ കോംപൗണ്ടിലുണ്ട്. എസ്‌റ്റേറ്റ് ഓഫീസും ഫാക്ടറിയും ഇവിടെ കാണാം . ജാതിക്ക, ഓറഞ്ച്, പേര, സപ്പോട്ട, മാവ്, റമ്പൂട്ടാന്‍ തുടങ്ങി എല്ലാവിധ ചെടികളും നിറഞ്ഞ സസ്യശ്യാമള ലോകം കണ്‍മുന്നില്‍ കാണാം. ദൂരെ നോക്കെത്താ ദൂരത്തോളം മലമടക്കുകള്‍ നിറഞ്ഞ താഴ്‌വര, കിഴക്ക് കോട്ടകെട്ടിയ പോലെ സഹ്യപര്‍വ്വതം, ഒരു വശത്ത് അച്ചന്‍കോവില്‍ കാട്, മൂന്നു കുളങ്ങള്‍, പ്രകൃതിയിലേക്ക് തുറന്ന് കിടക്കുന്ന മനോഹരമായ വ്യൂ പോയിന്റുകൾ.
ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച അമ്പനാട് എസ്റ്റേറ്റില്‍ അന്നത്തെ തേയില ഫാക്ടറി ഇപ്പോഴും ഇവിടെ ഉണ്ട് . ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ് ടീ കമ്പനിയുടെതാണ് ഫാക്ടറിയും എസ്റ്റേറ്റും. തേയില പൊടിയാവുന്നതു വരെയുള്ള ഘട്ടങ്ങളും ഇവിടെ കാണാം. അമ്പനാട് നിന്നും ഉച്ച ഊണിന് ശേഷം , വിശ്രമം കഴിഞ്ഞ് , അമ്പനാട് ഹെയർ പി നുകൾ ഓരോന്നും ഇറങ്ങുമ്പോള്‍ മൊത്തത്തില്‍ ഒരു നല്ല ചായ കുടച്ചതിന്റെ നവോൻ മേഷം കൂടി കിട്ടിയിരുന്നു .
ചെറു ചാറ്റൽ മഴയാലാണ് പാലരുവി ഞങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്തത് . ഉയരത്തിന്റെ കാര്യത്തിൽ രാജ്യത്തു 32–ാം സ്ഥാനത്തു നിൽപ്പുണ്ടു പാലരുവി വെള്ളച്ചാട്ടം. പേരു പോലെ പാൽ നുരകൾ പാദസരം കിലുക്കിയൊഴുകിപ്പതിക്കുന്ന കാനന ഭൂമി. സീസൺ തുടങ്ങിയതോടെ ഇവിടേക്കു സന്ദർശകർ വന്നു തുടങ്ങി.
വെളുത്ത സാരികൾ ഉണക്കാനിട്ടിരിക്കുന്ന മാതിരി വെള്ളം കൂലംകുത്തി പതിക്കേണ്ട സ്ഥലത്തു നീളൻ വെള്ളത്തോർത്ത് മടക്കിയിട്ട പോലെ നേർത്തു ഈ വെള്ളച്ചാട്ടം അതെ പാലരുവി വെള്ളച്ചാട്ടം. പാലരുവി വെള്ളച്ചാട്ടം 300 അടി ഉയരത്തിലാണ് പാറകളിൽ നിന്ന് ഒഴുകി വരുന്നത്. മനോഹരമായ ഒരു പിക്നിക് കേന്ദ്രമായി ഇവിടം ഇപ്പോൾ മാറിയിരിക്കുകയാണ്.
പാലരുവി വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന് സമീപവാസികൾക്കിടയിൽ ഒരു വിശ്വാസമുണ്ട്. ഈ വിശ്വാസത്തിനു ശാസ്ത്രീയ അടിത്തറയുണ്ടെന്ന് ചില വിദഗ്ദ്ധർ കരുതുന്നു. ഉൾവനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിനു ഔഷധഗുണമുണ്ടാകും എന്നാണ് അവരുടെ വാദം. ഈ ഉഷ്ണമേഖലാ പ്രദേശത്ത് തണുത്ത വെള്ളം പതിവാണ്. ഇത് സാധാരണയായി ജനങ്ങളെ ഇവിടേയ്ക്ക് ആകർഷിക്കുന്നതും അതാണ് .
കൊല്ലം– തിരുമംഗലം ദേശീയപാതയിൽ നിന്നു നാലു കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചു വേണം പാലരുവിയിലെത്താൻ. രാജാകൂപ്പ് കരി 47ൽ നിന്നുള്ള തോട്, രാജാകൂപ്പ് തോട്, മഞ്ഞതേരി തോട്, റോസ്മല വിളക്കുമരം തോട് എന്നിവ സംഗമിച്ചാണു പാലരുവിയായി മാറുന്നത്. 300 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടത്തിന്റെ മേൽനോട്ട ചുമതല കേരള വനംവകുപ്പിനു കീഴിലുള്ള പാലരുവി വനം സംരക്ഷണ സമിതിക്കാണ്.
ജില്ലയിലേക്ക് ഒരു ദിവസത്തെ ടൂർ പാക്കേജ് നടത്തുന്നവരാരും പാലരുവിയെ ഒഴിവാക്കാറില്ല. യാത്രയിൽ കാണാൻ പറ്റുന്ന കിഴക്കൻ മേഖലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ അതിൽ എടുത്ത് പറയേണ്ട ഒരു വിനോദസഞ്ചാര കേന്ദ്രേങ്ങളിലൊന്നാണ് പാലരുവി.
ദേശീയപാതയിൽ നിന്നു പാലരുവി ടൂറിസം കേന്ദ്രത്തിലേക്കു ചുവടുവയ്ക്കുമ്പോൾ ഓടിവരും പഴമയുടെ ആ മണം. കാട്ടിനുള്ളിൽ മലവെള്ളപ്പാച്ചിലുണ്ടായിക്കാണും, അല്ലെങ്കിൽ ഇത്രയും കൂറ്റൻ പാറകൾ എങ്ങനെ നിലത്തേക്കു വരും. ആരെയും അതിശയിപ്പിക്കുന്ന ചോദ്യം.
പാലരുവിയെ അതിന്റെ സകല പ്രൗഢിയോടെയും ചാരുതയോടെയും നിലനിർത്താൻ ഇന്നത്തെ ഗവൺമെൻറിനും സാധിച്ചിട്ടുണ്ട്. വെള്ളച്ചാട്ടം തൊട്ടടുത്തു നിന്നു കാണാൻ സാധിക്കും. മലമുകളിൽ നിന്ന് അരുവി പതിക്കുന്ന സ്ഥലത്തിനു തൊട്ടടുത്തു ഒരു കൽമണ്ഡപമുണ്ട്. ഇവിടെ നിന്നു മലനിരകളുടെയും അതിനെ തഴുകിവരുന്ന പാൽനുരകളുടെയും സൗന്ദര്യം ആവോളം നുകരാം. കൽമണ്ഡപത്തിൽ അടുത്തിടെ ചാരനിറത്തിലുള്ള ഏതോ ചായം പൂശിയിരിക്കുന്നു. പഴമ പുനഃസൃഷ്ടിക്കാൻ നടത്തിയ ശ്രമം പാളിയെന്ന് ഒറ്റനോട്ടത്തിൽ വ്യക്തം.
വെള്ളച്ചാട്ടത്തിനടുത്തേക്കുള്ള കൽപ്പടവുകൾ കറുപ്പും വെളുപ്പും കലർന്ന തറയോടുകൾ പാകിയിരിക്കുന്നു. ഇനി മലമുകളിൽ നിന്നു ആ സുന്ദരി ഒഴുകിയെത്തി എത്തുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു കുളിർമ ഉണ്ടല്ലോ എന്റെ സുഹൃത്തുക്കളെ എനിക്ക് അക്ഷരങ്ങളാൽ വർണ്ണിക്കാൻ കഴിയുന്നില്ല . രാജഭരണകാലത്തു നിർമിച്ച കുതിരലായങ്ങളുടെ അവശിഷ്ടങ്ങളും കാടിനുള്ളിൽ കാണാം. 1850നു മുൻപു നിർമിച്ചതെന്ന് അവയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പതിമൂന്നു കണ്ണറ പാലത്തിലൂടെ കൂകിപ്പായും തീവണ്ടിയുടെ ചരിത്രം തേടി ഒന്ന് പോയാലോ? കൊല്ലം ജില്ലയിലെ കഴുതുരുട്ടിക്ക് സമീപമാണ് കണ്ണറ പാലം സ്ഥിതി ചെയ്യുന്നത്. കൊല്ലം – തിരുമംഗലം ദേശീയ പാതയ്ക്ക് ഏകദേശം സമാന്തരമായുള്ള കൊല്ലം – ചെങ്കോട്ട റെയിൽ പാതയുടെ ഭാഗമാണീ പാലം .കണ്ണറ പാലത്തിന് പതിമൂന്ന് കമാനങ്ങൾ ഉണ്ട്. ഇവ കൊളോണിയൻ കാലഘട്ടത്തിലെ നിർമ്മിതികളുടെ പ്രത്യേകതയാണ്.
102 നീളവും 5 മീറ്റർ പൊക്കവുമുള്ള പതിമൂന്ന് കണ്ണറ പാലത്തിനു 100 വർഷമെങ്കിലും പഴക്കം കഴിഞ്ഞ് കാണും. ഇത് പുതുക്കിയ പതിമൂന്ന് കണ്ണറ പാലത്തിന്റെ ദ്യശ്യങ്ങളാണ് ഇപ്പോൾ നമ്മൾ കാണുന്നത്. പഴയ പാലമായിരുന്നു സുന്ദരം പക്ഷേ പഴമയെ നില നിർത്തിയാണ് ഇന്നത്തെ ഗവൺമെന്റ് പാലം പുതുക്കി പണിഞ്ഞിരിക്കുന്നത്. എന്നാലും Old is GOLD ആണല്ലോ.
ബ്രിട്ടീഷ് ഭരണ കാലത്ത് സുർകി രീതിയിൽ പണി കഴിപ്പിച്ചിട്ടുള്ള പാലത്തിന്റെ നിർമ്മാണത്തിന് സിമൻറ് ഉപയോഗിച്ചിട്ടില്ല അവർ. പക്ഷേ ഇന്ന് പുതുക്കി പണിഞ്ഞപ്പോൾ നേരിയ തോതിൽ സിമന്റ് പൂശിയിരിക്കുന്നത് നമുക്ക് കാണാവുന്നതാണ്. വനത്തിനു സമീപത്തു കൂടിയാണ് ഈ പാത നിർമ്മിക്കപ്പെട്ടിട്ടുള്ളത്. Credit for British Government.
മഴക്കാലത്ത് വെള്ളം ഒഴുക്കി പോകാനും , വന്യമ്യഗങ്ങൾക്ക് ഇപ്പുറതെത്തി നദിയിൽ നിന്ന് വെള്ളം കുടിക്കാനും കഴിയണം എന്ന ഉദ്യേശ്യ ലക്ഷ്യത്തിലായിരിക്കണം 13 വലിയ ദ്വാരങ്ങൾ കണ്ണറ ആർച്ച് ഉൾകൊള്ളുന്ന രീതിയിൽ ഈ കണ്ണറ പാലം ബ്രിട്ടീഷുകാർ ഡിസൈൻ ചെയ്തതെന്ന് കരുതാം. ഇനി ഈ പാലത്തിന്റെ ഏറ്റവും വലിയ മറ്റൊരു പ്രത്യകത എന്തെന്നാൽ തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽവേ പാതയാണ് കൊല്ലം ജില്ലയിലെ പതിമൂന്ന് കണ്ണറ പാലം . കൊല്ലം- തിരുനൽവേലി മീറ്റർഗേജ് പാതയായിരുന്നു ആദ്യം. ഇതിനു ശേഷമാണ് കൊല്ലം – തിരുവനന്തപുരം , കൊല്ലം – കോട്ടയം റെയിൽ പാതകൾ നിലവിൽ വരുന്നത്.
വ്യവസായിക നഗരങ്ങളായ കൊല്ലം ജില്ലയെയും മദ്രാസിനെയും ബന്ധിപ്പിച്ച് കൊണ്ടുള്ള ഈ റെയിൽ പാത നിറയെ തുരങ്കങ്ങളും പാലങ്ങളും മറ്റും നിറഞ്ഞതായി നമുക്ക് കാണാം .ബ്രിട്ടീഷ് എഞ്ചിനിയർ മാർക്കു ഒരു വലിയ പ്രണാമം സാങ്കേതിക വിദ്യ 100 വർഷങ്ങൾക്ക് മുൻമ്പേ അത്ഭുതം . ഇന്ത്യയിൽ തന്നെ അപൂർവ്വമായ ഒരു മീറ്റർ ഗേജ് ആണ് ഈ പാലത്തിലുള്ളത് . പക്ഷേ കൂകി പായും തീവണ്ടിയെ കണ്ടില്ല. റെയിൽവേ ട്രാക്കിലൂടെ നടന്ന് നടന്ന് ഞങ്ങൾ നോക്കി ഒരു ട്രെയിനും ചൂളം വിളിച്ച് വന്നില്ല. നേരിയ വിഷമം മനസ്സിൽ കേറി കൂടി . ഒരിക്കൽ ഈ പതിമൂന്ന് കണ്ണറ പാലത്തിൽ കൂടി ട്രെയിനിൽ സഞ്ചരിക്കണം എന്ന അടങ്ങാത്ത ആഗ്രഹവും മോഹവുമായി യാത്രികർ ഞങ്ങൾ വീണ്ടും അടുത്ത യാത്രയിൽ കണ്ട് മുട്ടാം എന്ന് പറഞ്ഞ് യാത്ര തിരിച്ചു.
കണ്ണ് വേഗത്തിൽ മുന്നോട്ട് സഞ്ചരിക്കുന്നതും , മനസ്സ് അതിവേഗത്തിൽ ഓർമ്മകളിലേക്ക് സഞ്ചരിക്കുന്നതും യാത്രകളിലാണ്. പ്രകൃതി മനോഹരമായ കാഴ്ചകൾ ഏതൊരു ക്യാമറ പകർത്തുന്നതിനേക്കാട്ടിലും എന്റെ കണ്ണുകൾ പകർത്തി എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. അതു പോലെ തന്നെ എന്നോടൊപ്പം യാത്രയിൽ പങ്കെടുത്ത എന്റെ പ്രിയപ്പെട്ട യാത്രികരെയും . യാത്രയെ പ്രണയിക്കുന്നവർ ഉണ്ടോ ? ചാറ്റൽ മഴ ആസ്വദിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കാത്തവർ ഉണ്ടോ? ജീവിതം യാത്രകളിൽ സന്തോഷമാക്കുക.
സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് സഞ്ചരിക്കാനുള്ള ദൂരം. മുന്നിലുള്ള സ്വപ്നത്തിന്റെ തീവ്രതയാണ് മനസ്സിന് കരുത്ത് പകരേണ്ടത്. ഓരോ യാത്രയും പ്രാഥമികമായി മനസ്സിലാക്കിത്തരുന്ന ഒരേ ഒരു കാര്യം ഇനിയും കാണാനുള്ള സ്ഥലങ്ങളുടെ വ്യാപ്തിയാണ്. നമ്മുടെ ചുറ്റുവട്ടത്തെ സ്ഥലങ്ങൾ പോലും നാം ശരിക്ക് കണ്ട് തീർക്കാറില്ലല്ലോ. നമ്മുടെ നാട്ടിൽ തന്നെ കാണാൻ വിട്ടുപോയ സവിശേഷമായ ഭൂഭാഗങ്ങൾ അനേകം വേറെയും ഉണ്ടാവും എന്ന മനസ്സിലാക്കലിൽ യാത്ര തുടരുന്നു.