ആൻഡമാനിലെ വ്യത്യസ്തമായ കാഴ്ചകൾ ആസ്വാദിക്കുവാനായി പിന്നീട് ഞങ്ങൾ പോയത് ഭാരതംഗ് എന്ന ദ്വീപിലേക്ക് ആയിരുന്നു. പോർട്ട്ബ്ലെയറിൽ നിന്നും ഏകദേശം 120 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. പോകുന്ന വഴിക്കുള്ള യാത്ര കുറച്ച് അപകടം പിടിച്ചതായിരുന്നു. കാരണം 45 കിലോമീറ്ററോളം കാട്ടിലൂടെയായിരുന്നു ഇവിടേക്കുള്ള യാത്ര. കാടെന്നു പറഞ്ഞാൽ സാധാരണ കാട് ആയിരുന്നില്ല. മനുഷ്യരെ വരെ ഭക്ഷിക്കുന്ന ജറാവ എന്ന വിഭാഗം ആദിവാസികളുടെ ഏരിയയായിരുന്നു ആ കാട്. പുറമെ നിന്നുള്ളവരുമായി അധികം അടുപ്പം പാലിക്കാത്ത വിഭാഗമാണ് ഇന്നും ഇവരിൽ പലരും.

കാട് എത്തുന്നതിനു മുൻപായി ജിർക്കാതംഗ് എന്നു പേരുള്ള ഒരു ചെക്ക്പോസ്റ്റ് ഉണ്ട്. അവിടെ നിന്നും സുരക്ഷാ അകമ്പടിയോടെ കോൺവോയ് (നിര നിരന്നുകൊണ്ട്) ആയിട്ടാണ് ഈ കാടുവഴി വാഹനങ്ങൾ കടന്നു പോകുന്നത്. ഇത്തരത്തിൽ ചെക്ക്‌പോസ്റ്റിൽ നിന്നും വാഹനങ്ങൾ കടത്തി വിടുന്നതിനു കൃത്യമായ സമയങ്ങൾ ഉണ്ട്. ചെക്ക്‌പോസ്റ്റിൽ നമ്മുടെ നാട്ടിലെപ്പോലെ തന്നെ ധാരാളം ചായക്കടകളൊക്കെ ഉണ്ടായിരുന്നു. അതിരാവിലെ കാട് കടക്കുവാനായി ലോറിയും കാറും ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് അവിടെ നിരന്നു കിടന്നിരുന്നത്. ദൗർഭാഗ്യമെന്നു പറയട്ടെ , ഈ കാടിനുള്ളിൽ ഒരു കാരണവശാലും ക്യാമറ ഉപയോഗിക്കുവാൻ പാടില്ല. ഇനി അഥവാ ഉപയോഗിച്ച് പിടിക്കപ്പെടുകയാണെങ്കിൽ ഏഴു വര്ഷം വരെ തടവ് ആയിരിക്കും ലഭിക്കുന്ന ശിക്ഷ.

അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി. നല്ല അടിപൊളി യാത്രയായിരുന്നു. ക്യാമറ ഓൺ ആക്കുവാൻ പാടില്ലാത്തതിനാൽ കാഴ്ചകൾ കണ്ടുകൊണ്ട് ഞങ്ങൾ ഇരുന്നു. യാത്രയ്ക്കിടയിൽ രണ്ടു മൂന്നു തവണ ജറാവ വംശത്തിൽപ്പെട്ട ആദിവാസികളെ കണ്ടിരുന്നു. ഇന്നും പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ അമ്പും വില്ലുമായി പുരുഷന്മാരും മാറ്‌ പോലും മറയ്ക്കാതെ സ്ത്രീകളും. സത്യത്തിൽ വല്ലാത്തൊരു പേടി തോന്നിയിരുന്നു അവരെ നേരിൽക്കണ്ടപ്പോൾ. അങ്ങനെ അവസാനം ഞങ്ങൾ ഭാരതംഗ് ദ്വീപിലേക്കുള്ള ഫെറിയിൽ എത്തിച്ചേർന്നു. അവിടുന്ന് ജങ്കാറിൽ കയറിവേണം ഭാരതാംഗ് ദ്വീപിൽ എത്തിച്ചേരുവാൻ. കാറുകളും ബസ്സുമെല്ലാം ജംഗാറിലേക്ക് കയറ്റി ഞങ്ങൾ യാത്ര തുടങ്ങി. ജങ്കാറിൽ ബസ്സൊക്കെ കയറ്റിയുള്ള ആ യാത്ര ഞങ്ങൾക്ക് വ്യത്യസ്തമായ ഒരനുഭവമായിരുന്നു. അങ്ങനെ ഞങ്ങൾ ഭാരതംഗ് ദ്വീപിൽ എത്തിച്ചേർന്നു.

അവിടത്തെ ജങ്കാർ ജെട്ടിയിൽ ഒരു ബോട്ട് കൗണ്ടർ ഉണ്ടായിരുന്നു. ബോട്ട് യാത്രയ്ക്കായി അവിടുന്ന് ടിക്കറ്റ് എടുക്കണം. 700 രൂപയുടെ ടിക്കറ്റിൽ നല്ലൊരു കിടിലൻ പാക്കേജ് ആയിരുന്നു ഉണ്ടായിരുന്നത്. ടിക്കറ്റ് എടുത്തശേഷം ഞങ്ങൾ ലൈഫ് ജാക്കറ്റൊക്കെ ധരിച്ചശേഷം സ്പീഡ് ബോട്ടിൽ കയറി ഞങ്ങൾ യാത്രയായി. കാടു തിങ്ങിയ നിരവധി ദ്വീപുകളിലൂടെ ഒരു കിടിലൻ യാത്രയായിരുന്നു അത്. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളുടെ ബോട്ട് കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള ഒരു ചെറിയ കൈവഴിയിലേക്ക് കയറി. അൽപ്പം പേടി തോന്നിക്കുന്ന ഇടമായിരുന്നു അത്. അനാക്കോണ്ട പോലത്തെ ഹോളിവുഡ് പടം പോലെ… അങ്ങനെ ഞങ്ങൾ ലൈം സ്റ്റോൺ ഗുഹ കാണുവാനായി ഒരിടത്ത് ഇറങ്ങി. ഒന്നര കിലോമീറ്ററോളം നടന്നാലേ അവിടെ എത്തിച്ചേരാനാകൂ.

കണ്ടൽക്കാട് പിന്നിട്ട ഞങ്ങളുടെ പിന്നീടുള്ള നടത്തം ഒരു പാടത്തുകൂടെ ആയിരുന്നു. ആൻഡമാനിലെ ഒരു ഒറ്റപ്പാലം പോലെയായിരുന്നു ഞങ്ങൾക്ക് അവിടം അനുഭവപ്പെട്ടത്. പോകുന്ന വഴിയിൽ ചെറിയ കുടിലുകളൊക്കെ ഞങ്ങൾ കണ്ടു. മുളയും ഈറ്റയുമൊക്കെ കൊണ്ട് നിർമ്മിച്ചിട്ടുള്ളവയായിരുന്നു ആ കുടിലുകൾ. അവിടത്തെ ഒരു ട്രൈബൽ വില്ലേജ് ആയിരുന്നു അത്. അങ്ങനെ നടന്നു നടന്ന് ഞങ്ങൾ ലൈം സ്റ്റോൺ ഗുഹയുടെ അടുത്തെത്തി. പണ്ട് ജ്യോഗ്രഫിയിലൊക്കെ നമ്മൾ പഠിച്ചിട്ടുള്ള കാര്യമാണ് ലൈം സ്റ്റോണിനെക്കുറിച്ച്. വളരെ മനോഹരമായിരുന്നു ചുണ്ണാമ്പു കല്ല് കൊണ്ടുള്ള ആ ഗുഹ. ഞങ്ങളോടൊപ്പം വേറെയും ചില സഞ്ചാരികൾ ഉണ്ടായിരുന്നു. അങ്ങനെ കുറച്ചു സമയം അവിടെ ചെലവഴിച്ച ശേഷം ഞങ്ങൾ തിരികെ ബോട്ടിനരികിലേക്ക് നടന്നു. കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള നടത്താമായിരുന്നു പിന്നെ അവിടത്തെ മറ്റൊരു ആകർഷണം. അങ്ങനെ ഞങ്ങൾ നടന്നു നടന്ന് ബോട്ടിനരികെയെത്തി.

വീണ്ടും ലൈഫ് ജാക്കറ്റൊക്കെ ധരിച്ച് ബോട്ടിൽ യാത്ര തുടങ്ങി. ഇത് മടക്കയാത്രയാണ് കേട്ടോ. കണ്ടൽക്കാടും ലൈം സ്റ്റോൺ ഗുഹയുമൊക്കെ കണ്ട് ത്രില്ലടിച്ചിരിക്കുകയായിരുന്നു ഞാൻ ഉൾപ്പെട്ട യാത്രക്കാരെല്ലാം. അങ്ങനെ ഞങ്ങൾ ബോട്ട്ജെട്ടിയിൽ തിരികെയെത്തി. പിന്നീട് ഞങ്ങൾ പോയത് മഡ് വോൾക്കാനോ എന്നൊരു സംഭവം കാണുവാനായിരുന്നു. ഒരു വണ്ടി പിടിച്ച് ഞങ്ങൾ അവിടേക്ക് തിരിച്ചു. 800 രൂപയായിരുന്നു ഒരു വണ്ടി വിളിക്കുന്നതിനായി ഞങ്ങൾ ചെലവാക്കിയത്. അഗ്നിപർവ്വതം പോലെ ചെളി കുമിളകളായി ഭൂമിക്കടിയിൽ നിന്നും വരുന്ന ഒരു പ്രതിഭാസമാണ് മഡ് വോൾക്കാനോ. ഇത് കാണണം എന്നുണ്ടെങ്കിൽ മാത്രം ഇവിടേക്ക് വന്നാൽ മതി. മറ്റൊന്നുംതന്നെ വേറെ കാണുവാനായി അവിടെയില്ല.

മഡ് വോൾക്കാനോയും കണ്ട് ഞങ്ങൾ തിരികെ ബോട്ട് ജെട്ടിയിലേക്ക് യാത്രയായി. ഇനി അവിടുന്ന് വന്നപോലെ ജങ്കാറിൽ പുഴ കടക്കണം. എന്നിട്ട് അവിടുന്ന് കോൺവോയ് ആയി തിരികെ യാത്ര തുടരണം. എന്നിട്ട് വീണ്ടും ഞങ്ങൾ താമസിക്കുന്ന പോർട്ട് ബ്ലെയറിലേക്ക്..

ആൻഡമാനിൽ പോകുവാൻ പാസ്പോർട്ടോ വിസയോ ഒന്നും ആവശ്യമില്ല. ലക്ഷദ്വീപ് പോകുന്ന പോലെയുള്ള പെർമിറ്റും ആവശ്യമില്ല. ആൻഡമാൻ ട്രാവൽ പാക്കേജുകൾക്ക് ഈസി ട്രാവൽസിനെ വിളിക്കാം: 9387676600.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.