വിവരണം – വൈശാഖ് കീഴേപ്പാട്ട്.

വനഗൂർ വരെ ഇനിയെത്തണം. നക്ഷത്രകോട്ടയിൽ നിന്ന് ഏകദേശം 32 KM ദൂരമുണ്ട്. അവിടെ ആണ് താമസം. അവിടത്തെ ആളെ വിളിച്ചപ്പോൾ ഓരോ അര മണിക്കൂറിലും ബസ് ഉണ്ട് എന്ന് പറഞ്ഞു. അതനുസരിച്ചു കാത്തുനിൽപ്പു തുടങ്ങി. പക്ഷെ അത് വെറുതെയാണെന്നു കുറച്ചു കഴിഞ്ഞപ്പോൾ മനസിലായി. അതിനാൽ പിന്നീട് വന്ന പിക്കപ്പ് ലോറിയിൽ കൈ കാണിച്ചു. വനഗുർ വരെ എത്തില്ല പക്ഷെ അതിനു 7 KM മുൻപ് വരെ അതിൽ എത്താം എന്ന് മനസിലാക്കിയ ഞങൾ പിന്നീടുള്ള യാത്ര അതിലാക്കി.

അങ്ങനെ ഗ്രാമങ്ങളിലൂടെ കാഴ്ചകൾ കണ്ടൊരു യാത്ര. പച്ചപ്പ്‌ നിറഞ്ഞ സ്ഥലം. ഇടക്കിടെ നെൽവയലുകളും കാണാൻ കഴിയും. കാറ്റ് കൊണ്ട് പ്രകൃതി ഭംഗി ആസ്വദിച്ചുള്ള യാത്ര എല്ലാവര്ക്കും നല്ലപോലെ ബോധിച്ചു. വഴിയിൽ വണ്ടി നിർത്തി ഗ്യാസ് സിലിണ്ടർ കയറ്റിയപ്പോൾ ആണ് ഇത് എന്തുകൊണ്ടുപോകുന്ന വണ്ടിയാണ് എന്ന് മനസിലാക്കിയത് .വളഞ്ഞു തിരിഞ്ഞ റോഡിലൂടെ നല്ല വേഗത്തിൽ ആണ് വണ്ടി പോകുന്നത് അതിനാൽ ഞങ്ങളുടെ യാത്രയുടെ ദൈർഘ്യം അല്പം കുറയാൻ അത് കാരണമായി. എത്തൂർ എന്ന സ്ഥലത്താണ് ഞങളെ ഇറക്കിയത്. ഇനി അവിടുന്നുള്ള യാത്ര എങ്ങനെ എന്ന് നിശ്ചയമില്ല.

ഒടുവിൽ കോട്ടേജിലേക്ക് വിളിച്ചു വണ്ടി വരാൻ ആവശ്യപെട്ടു. അതുവരെ ഒരു കടത്തിണ്ണയിൽ വിശ്രമം. ചെറിയ കടകൾ മാത്രമുള്ള ചെറിയ ഗ്രാമം. കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം വണ്ടി വന്നു. ഇനി നേരെ താമസ സ്ഥലത്തേക്ക്. ബിസ്‌ലെ ഘട്ടിനടുത്തുള്ള പട്ല എന്ന സ്ഥലത്താണ് താമസം. ഗിരിമാനെ ഹോംസ്റ്റേ. മലകളാൽ ചുറ്റപ്പെട്ട പ്രദേശം. വീടിനു മുന്നിൽ പരന്നു കിടക്കുന്ന മലനിരകൾ. പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന പ്രദേശം.

ഉച്ച സമയം ആയതിനാൽ ചെന്നപ്പോൾ തന്നെ ഭക്ഷണം തയ്യാറായിരുന്നു. അതിനു മുന്നേ അല്പം ജ്യൂസ് എല്ലാവര്ക്കും കിട്ടി. പിന്നീട് നല്ല നാടൻ ഭക്ഷണവും. ഭക്ഷണത്തിനു ശേഷം ആണ് ആദ്യ യാത്ര. അവിടെ നിന്ന് ഏകദേശം 14 KM ദൂരം സഞ്ചരിക്കണം. അവരുടെ കാറിൽ ആണ് യാത്ര.

കേരളത്തിലെ പ്രളയത്തിന് ശേഷം കർണാടക കുടക് ഭാഗത്തു ഉണ്ടായ അപകടത്തിന്റെ ഒരു ഭാഗം ഉണ്ടായത് ഈ ഭാഗങ്ങളിൽ ആണ്. അത് പിന്നീടുള്ള പല യാത്രകളിലും കാണാൻ ഇടയായി. മലാളി വെള്ളച്ചാട്ടത്തിലേക്കുള്ള ഈ യാത്രയിലും അത് ദൃശ്യമായിരുന്നു. മണ്ണിടിചിൽ കാരണം അല്പം ദുര്ഘട പാതയിലൂടെയാണ് യാത്ര ചെയ്തത്. കുടക് ജില്ലയുടെ മറ്റൊരു അറ്റമാണ് ഈ സ്ഥലം. വണ്ടി പാർക്ക് ചെയ്തു ഏകദേശം 700 പടികൾ ഇറങ്ങി വേണം വെള്ളച്ചാട്ടം ആസ്വദിക്കാൻ.

നടന്നു തുടങ്ങുമ്പോൾ തന്നെ വശത്തായി വെള്ളച്ചാട്ടം ദൃശ്യമാകും. അതിനാൽ ആ കാഴ്ചകൾ കണ്ടു തന്നെ താഴേക്കിറങ്ങാം. അതിനിടയിൽ നടക്കുന്ന ദൂരത്തെ പറ്റി നമ്മൾ ആലോചിക്കില്ല. അത് തിരിച്ചു കയറുമ്പോൾ മാത്രമേ ബുദ്ധിമുട്ടായി തോന്നുകയുള്ളൂ. പടികളുടെ നിർമാണ രീതി നമ്മളിൽ നടക്കാൻ അല്പം ബുദ്ധിമുട്ടു സൃഷ്ടിക്കും. രണ്ടു മലകൾക്കിടയിലൂടെ ഉള്ള വെള്ളച്ചാട്ടം ഒരു പ്രത്യേക ഭംഗി തന്നെയാണ്. മഴക്കാലം ആണെങ്കിൽ ആ ഭംഗിയുടെ തീവൃത ഇരട്ടിയാകും. നടക്കുന്ന വഴിയിൽ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗമുണ്ട്. സൂക്ഷിച്ചില്ലേൽ ചിലപ്പോൾ താഴേക്കാകും നമ്മുടെ യാത്ര.

കുമാരധാര നദിയാണ് ഈ വെള്ളച്ചാട്ടം നമുക്ക് സമ്മാനിക്കുന്നത്. കുക്കെ സുബ്രമണ്യ വഴി ഒഴുകി അവസാനം നേത്രാവതിയിൽ ആണ് ഈ നദി ചെന്ന് ചേരുന്നത്. എതിർവശത്തുള്ള മലകളിലും മണ്ണിടിച്ചിലിന്റെ അടയാളങ്ങൾ നമ്മുക് കാണാൻ കഴിയും. അല്പം അപകടം നിറഞ്ഞ വെള്ളച്ചാട്ടമാണിത്. 25 നു അടുത്ത് ആളുകളുടെ ജീവനെടുത്ത സ്ഥലമാണ് എന്നുകൂടെ അറിഞ്ഞപ്പോൾ അധികം സാഹസത്തിനു മുതിരാതെ കാഴ്ചകൾ കണ്ടു മടങ്ങി. എത്രത്തോളം താഴേക്കാണ് ഇറങ്ങിയത് എന്ന് കയറുമ്പോൾ എല്ലാവര്ക്കും ബോധ്യപ്പെട്ടു. അതിനാൽ മെല്ലെ മെല്ലെയാണ് തിരിച്ചു കയറിയത്.

ദാഹം മാറ്റാൻ അവിടെ ഒന്ന് രണ്ടു കടകൾ ഉണ്ടെങ്കിലും നമ്മുക് പറ്റിയ ഒന്നും തന്നെ കണ്ടില്ല. അതിനാൽ എല്ലാം റൂമിൽ ചെന്നാകാം എന്ന് തീരുമാനിച്ചു തിരിച്ചു യാത്ര തുടങ്ങി. റൂം എത്തിയപ്പോൾ തണുത്ത പാനീയം നമ്മുക് വേണ്ടി തയ്യാറാക്കിയിരുന്നു. അതിനാൽ ക്ഷീണത്തിനു അധികം ആയുസ്സ് ഉണ്ടായില്ല. വൈകുന്നേരം ആയതിനാൽ തണുപ്പ് കൂടി വന്നു. റൂമിനോട് ചേർന്ന് ബാഡ്മിന്റൺ കോർട് ഉണ്ട്. പിന്നീടുള്ള സമയം കളിയിൽ ആയി ശ്രദ്ധ.

സൂര്യൻ പതിയെ യാത്ര പറഞ്ഞപ്പോൾ ചന്ദ്രേട്ടൻ ചിരിച്ചുകൊണ്ട് കയറി വന്നു. തണുപ്പിന്റെ തീവ്രത കൂടി വന്നപ്പോൾ സന്ധ്യ സമയത്തെ ചായയും ബജ്ജിയും ഒരു പരിധി വരെ നമ്മളെ തണുപ്പിൽ നിന്ന് രക്ഷിച്ചു. ക്യാമ്പ് ഫയർ ആയി പിന്നീടുള്ള സമയം ചിലവഴിച്ചു അതിനിടയിൽ കിടിലൻ രാത്രി ഭക്ഷണവും. സൂര്യോദയം കാണാൻ എവിടെയും പോകേണ്ട ആവശ്യമില്ല. റൂം വാതിൽ തുറന്നാൽ കണ്മുന്നിൽ വന്നു നില്ക്കും.അത്ര മനോഹരമാണ് ഈ സ്ഥലം..

ഉദയം കാണാൻ വേണ്ടി വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ തണുത്ത കാറ്റാണ് ആദ്യം സ്വീകരിച്ചത്. നമ്മൾ നേരത്തെ ആണെന്ന് പുറത്തിറങ്ങിയപ്പോൾ മനസിലായി. അധികം വൈകാതെ തന്നെ സൂര്യൻ ഉദിച്ചുയർന്നു. ഇന്ന് പ്രഭാത ഭക്ഷണത്തിനു ശേഷം അടുത്ത സ്ഥലം തേടി ഇവിടെ നിന്ന് യാത്രയാകണം. അതിനു മുന്നേ ഒരു സ്ഥലം കൂടെ ഇവിടെ കാണാൻ ഉണ്ട്. ഇവിടത്തെ പ്രധാന ആകർഷണമായ ബിസ്‌ലെ വ്യൂ പോയിന്റ്. കർണാടകയിലെ പ്രധാന മഴക്കാടുകളിൽ ഒന്നായ ബിസ്‌ലെ മഴ കാടുകളിലൂടെ അല്പം സഞ്ചരിച്ചു വേണം ഇവിടേക്കെത്താൻ . സമയം തീരെ ഇല്ലാത്തതിനാൽ പെട്ടന്ന് തന്നെ ഇറങ്ങി.

പോകുന്ന വഴിക്കു ഒരു ചെക്‌പോസ്റ് ഉണ്ട്. KSRTC അല്ലാതെ മറ്റൊരു വലിയ വാഹനങ്ങളും ഈ വഴി കടത്തി വിടില്ല. അതിന്റെ കാരണം പിന്നീട് മനസിലാകും. ചെക്‌പോസ്റ് കടന്നു കാട്ടിലൂടെ അല്പം ദൂരം സഞ്ചരിച്ചാൽ വ്യൂ പോയിന്റ് കവാടം കാണാം. വണ്ടി അരികിൽ പാർക്ക് ചെയ്തു നേരെ നടന്നു. ആരും തന്നെ അവിടെയില്ല. കോട മഞ്ഞു കാരണം അപ്പുറത്തെ കാഴ്ചകൾ പൂർണമല്ല. ഏകദേശം 3000 അടി ഉയരത്തിൽ ആണ് ഈ വ്യൂ പോയിന്റ്. മൂന്നു മലനിരകളുടെ അതിമനോഹരമായ കാഴ്ചയാണ് ഇവിടത്തെ പ്രധാന ആകർഷണം. മൂന്നു ജില്ലകളിൽ ആയുള്ള മൂന്നു മലകൾ. പുഷപഗിരി, കുമരപർവത, ദോദ്ധാ ബേട്ട ഇവയാണ് ആ മൂന്നു മലകൾ.

ഈ വ്യൂ പോയിന്റിനെയും മലനിരകളെയും വേർതിരിക്കുന്നത് ഇവക്കിടയിലൂടെ ഒഴുകുന്ന നദിയാണ് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. മനുഷ്യവാസമില്ലാത്ത ഈ കാടുകൾ സാഹസികരുടെ ഇഷ്ട സ്ഥലം കൂടെയാണ്. വീശിയടിക്കുന്ന കാറ്റും കണ്മുന്നിലെ കാഴ്ചകളും എല്ലാം കൂടി ഒരു പ്രത്യേക അനുഭവം ആണ് ബിസ്‌ലെ സഞ്ചാരികൾക്ക് നൽകുന്നത്. എവിടെയും സ്ഥിരമായി നില്ക്കാൻ നമ്മുക് കഴിയില്ലല്ലോ അതിനാൽ അവിടെ നിന്നും മെല്ലെ വിടവാങ്ങി.

പോകുന്ന വഴിക്കു മറ്റൊരു പ്രധാന കാഴ്ച്ച കൂടെ കാണാൻ ഉണ്ട്. തിരിച്ചു വരുന്ന വഴിക്കു റോഡിന് വശത്തായി ഉള്ള റിഡ്ജ് പോയിന്റ് ആണ് ആ കാഴ്ച. റോഡിനു വശത്തായി കല്ലിൽ കൊത്തിവെച്ച ഒരു ശില. അതിൽ അറബിക്കടൽ എന്നും ബംഗാൾ ഉൾക്കടൽ എന്നും രേഖപെടുത്തിയിരിക്കുന്നു.അവിടെ പെയ്യുന്ന മഴ അവസാനം ഏതു കടലിൽ ആണ് എത്തിച്ചേരുന്നത് എന്ന് കാണിക്കുന്ന അടയാളമാണ് ഈ ശില. പണ്ട് ബ്രിട്ടീഷുകാര് ഉണ്ടാക്കിവെച്ചതാണ് ഇത്. റോഡിനു വശത്തുള്ള ഈ കാഴ്ചയും കൂട്ടത്തിൽ കാണേണ്ട ഒന്ന് തന്നെയാണ്. തിരിച്ചെത്തിയപ്പോഴക്കും പ്രഭാത ഭക്ഷണം തയ്യാറായിരുന്നു.

10 മണിക്കാണ് അടുത്ത യാത്രക്കുള്ള ബസ്. അതിനു മുന്നേ എല്ലാം കഴിഞ്ഞു തയ്യാറാകണം. ഭക്ഷണം എല്ലാം കഴിച്ചു നല്ലരു അനുഭവം നൽകിയ ബിസ്‌ലെ യോട് വിടപറഞ്ഞു. എടുത്തു പറയേണ്ടത് ഹോംസ്റ്റേ പിന്നെ അവിടത്തെ ഭക്ഷണം രണ്ടും കിടു ആയിരുന്നു. ഒരാൾക്ക് എല്ലാം അടക്കം 2000 രൂപയാണ് ചാർജ് വരുന്നത്. വീടിനു മുന്നിൽ നിന്ന് തന്നെ കർണാടക അനവണ്ടിയിൽ കയറി അടുത്ത യാത്ര ആരംഭിച്ചു. ബിസ്‌ലെ മഴക്കാടുകളിലൂടെ സുബ്രമണ്യ റോഡ് ആണ് ലക്ഷ്യം.

കുടകിൽ പ്രകൃതി വരുത്തിവെച്ച അപകടം നേരിൽ കണ്ട നിമിഷമായിരുന്നു കാട്ടിലൂടെ ഉള്ള ഈ യാത്ര. അല്പം ദൂരം കഴിഞ്ഞപ്പോൾ പിന്നീട് റോഡ് തന്നെ ഇല്ല എന്ന് പറയാം. കേരളത്തിൽ ഉണ്ടായ മണ്ണിടിച്ചിലിനേക്കാൾ ഭീകരമായ കാഴ്ചകൾ ആയിരുന്നു വഴി നീളെ. മനുഷ്യവാസം ഇല്ലാത്ത സ്ഥലമായതിനാൽ ആളപായം ഇല്ല എന്ന് മാത്രം. അത്ര മോശമാണ് ഈ വഴി. അതിനാൽ ആണ് ബസുകൾ അല്ലാത്ത വലിയ വാഹനം കയറ്റി വിടാത്തത്.

കാട് അവസാനിക്കുന്ന അവിടെ ഒരു ചെറിയ കോവിൽ ഉണ്ട് ബസ് അവിടെ നിർത്തി. ഒഴുകി വരുന്ന കാട്ടരുവിയിൽ നിന്ന് വെള്ളം ശേഖരിക്കുന്ന തിരക്കിലാണ് പല യാത്രക്കാരും. ബസിനു കാവലായി കുരങ്ങന്മാർ നിരവധിയുണ്ട്.കാനന പാതകൾക്കു ശേഷം നഗരപാതയിലേക്ക് ബസ് നീങ്ങി തുടങ്ങി. 11 മണിയോടെയാണ് ബസ് ലക്ഷ്യസ്ഥാനത് എത്തിയത്. പ്രശസ്തമായ കുക്കെ സുബ്രമണ്യ ക്ഷേത്രം ഇവിടെയാണ്. സഞ്ചാരികളുടെ ഇഷ്ട ട്രെയിൻ സഞ്ചാരപാതയായ ഗ്രീൻ റൂട്ട് ആരംഭിക്കുന്നതും ഇവിടത്തെ സ്റ്റേഷനിൽ നിന്നുമാണ്..ഇനിയുള്ള യാത്ര ആ റൂട്ടിലൂടെ ആണ്..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.