മലയാളികൾ ലോഫ്‌ളോർ ബസ് എന്താണെന്നു മനസ്സിലാക്കിയതും കണ്ടറിഞ്ഞതുമെല്ലാം കെഎസ്ആർടിസിയുടെ (KURTC) വോൾവോ ലോഫ്‌ളോർ ബസ്സുകൾ ഇറങ്ങിയപ്പോഴാണ്. ഏതാണ്ട് പത്തു വർഷത്തോളമായി കേരളത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ലോഫ്‌ളോർ ബസ്സുകൾ ഓടുവാൻ തുടങ്ങിയിട്ട്. എന്നാൽ ഇപ്പോഴിതാ ഒരു പ്രൈവറ്റ് ഓപ്പറേറ്ററും ലോഫ്‌ളോർ ബസ് സർവ്വീസ് ഇറക്കിയിരിക്കുകയാണ്. കോഴിക്കോട് – വയനാട് സെക്ടറിൽ സജീവ സാന്നിധ്യമായ ജയന്തി ജനത ഗ്രൂപ്പാണ് ഇത്തരത്തിൽ വേറിട്ടൊരു പരീക്ഷണത്തിനു മുതിർന്നത്.

കോഴിക്കോട് ജില്ലയിലെ ചാലിയം സ്വദേശി പി.കെ. ജയപ്രകാശിന്റെ ഉടമസ്ഥതയിലുള്ളതാണ് ജയന്തി ജനത ഗ്രൂപ്പ്. അശോക് ലെയ്‌ലാൻഡിൻ്റെ ചെറിയ മോഡൽ ബസ്സായ Lynx ആണ് ലോഫ്‌ളോർ ആയി ബോഡി ചെയ്തിരിക്കുന്നത്. ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി യാത്രക്കാരെ പൊതുഗതാഗതത്തിൽ പിടിച്ചു നിർത്താൻ പ്രതിഞ്ജാബദ്ധരായ ജയന്തി ജനത ഗ്രൂപ്പ് പാലക്കാട് SAT കോച്ചിൽ നിന്നുമാണ് ബോഡി കോഡ് പ്രകാരം ലോഫ്‌ളോർ ബസ് പണിതിറക്കിയിരിക്കുന്നത്.

4 സിലിണ്ടറുള്ളതാണ് ഇപ്പോൾ നിരത്തിലിറങ്ങിയിരിക്കുന്ന ജയന്തി ജനത ലോഫ്‌ളോർ ബസ്. സാധാരണ 6 സിലിണ്ടർ ബസുകളെ അപേക്ഷിച്ച് ഇത് ഇന്ധനത്തിൽ 20 മുതൽ 25 ലീറ്റർ വരെ കുറച്ചാണ് ഉപയോഗിക്കുന്നത്. വോൾവോ ലോഫ്‌ളോർ ബസുകളെപ്പോലെ തന്നെ സെന്ററിൽ ഡബിൾ ഡോർ സംവിധാനമാണ് ഈ പ്രൈവറ്റ് ബസ്സിലും ഉള്ളത്. വോൾവോയുടെ അത്രയും വരില്ലെങ്കിലും സാധാരണ പ്രൈവറ്റ് ബസുകളെ അപേക്ഷിച്ച് സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കുമെല്ലാം ഈ ബസ്സിൽ എളുപ്പം കയറിയിറങ്ങുവാൻ സാധിക്കും. കൂടാതെ ബസ്സിലെ സീറ്റുകളും മികച്ച രീതിയിൽ പണിതീർത്തിരിക്കുന്നവയാണ്.

മാനാഞ്ചിറ – വെള്ളിമാടുകുന്ന് – മൂഴിക്കൽ റൂട്ടിലോടുന്ന ഈ ലോഫ്‌ളോർ ബസ് അശോക് ലെയ്‌ലാൻഡ് കേരള ഏരിയ മാനേജർ അംജിത് ഗംഗാധരനാണു ഫ്‌ളാഗ് ഓഫ് ചെയ്തത്. ഓർഡിനറി ടിക്കറ്റ് തുകയ്ക്ക് യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ജയന്തി ജനത ഗ്രൂപ്പ് ഇത്തരമൊരു പരീക്ഷണത്തിനു മുതിർന്നത്.

ഇതിനു മുൻപും ഇതേ ഗ്രൂപ്പ് വ്യത്യസ്തമായി ബസ് സർവ്വീസുകൾ നടത്തി ജനശ്രദ്ധയും യാത്രക്കാരുടെ പ്രശംസയും നേടിയിട്ടുണ്ട്. സുൽത്താൻ ബത്തേരി – നോർത്ത് പറവൂർ (എറണാകുളം ജില്ല) റൂട്ടിൽ പരശുറാം എന്ന പേരിൽ എസി ബസ് സർവ്വീസ് ഓടിച്ചായിരുന്നു ജയന്തി ജനത യാത്രക്കാർക്ക് പ്രിയപ്പെട്ടതായത്. ദീർഘദൂര സർവ്വീസുകൾ കെഎസ്ആർടിസി ടേക്ക് ഓവർ ചെയ്തതോടെ പരശുറാം എന്നെന്നേക്കുമായി സർവ്വീസ് അവസാനിപ്പിക്കുകയായിരുന്നു. നിരത്തിൽ നിന്നും പിൻവാങ്ങിയെങ്കിലും ഇന്നും കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള പ്രൈവറ്റ് ബസ് പരശുറാം തന്നെയായിരിക്കും.

മറ്റൊരു പ്രത്യേകത കൂടിയുണ്ട് ജയന്തി ജനത ഗ്രൂപ്പിന്. കാരണം അവരുടെ ബസുകളുടെ പേരുകളെല്ലാം ഇന്ത്യൻ റെയിൽവേയിലെ ട്രെയിനുകളുടെ പേരുകളാണ്. ഉദാഹരണം – ജയന്തി ജനത, പരശുറാം, നേത്രാവതി അങ്ങനെ. എന്തായാലും കേരളത്തിലെ പ്രൈവറ്റ് ബസ് സർവീസുകളിൽ വ്യത്യസ്തത കൊണ്ട് വരാൻ ജയന്തി ജനതയുടെ പരീക്ഷണങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. തുടർന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ. നല്ല ഒരു നഗരഗതാഗതത്തിന് തുടക്കം കുറിക്കുന്നതാവട്ടെ ജയന്തി ജനതയുടെ പുതിയ സംരംഭവും എന്ന് ആശംസിക്കുന്നു.

ചിത്രങ്ങൾക്ക് കടപ്പാട് – ജയന്തി ജനതഗ്രൂപ്പ് ഫേസ്‌ബുക്ക് പേജ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.