ജാംബവാൻ എന്നു കേട്ടിട്ടുണ്ടോ? മിക്കവാറും എന്തെങ്കിലും സാധനത്തിന്റെ പഴക്കം കാണിക്കുവാനാണ് നമ്മൾ ജാംബവാൻ എന്ന വാക്ക് ഉപയോഗിക്കാറുള്ളത്. “ജാംബവാന്റെ കാലത്തെ വണ്ടി, ജാംബവാന്റെ കാലത്തുള്ള etc.etc. അങ്ങനെ നീളുന്നു പറച്ചിലുകൾ. ശരിക്കും ആരാണ് ഈ ജാംബവാൻ?

എഴുത്ത് – ഋഷിദാസ് എസ്.

ഇതിഹാസകാവ്യമായ രാമായണത്തിലെ ഒരു പ്രമുഖ കഥാപാത്രമാണ് ജാംബവാൻ. രാമായണത്തിലെ കിഷ്കിന്ധാ കാണ്ഡത്തിലും, സുന്ദരകാണ്ഡത്തിലും, യുദ്ധകാണ്ഡത്തിലുമാണ് ജാംബവാൻ ഒരു പ്രധാന കഥാപാത്രമായി വരുന്നത്. ഭാഗവതത്തിലും മറ്റു പുരാണങ്ങളിലും ജാംബവാന്റെ സാഹസങ്ങളെ പറ്റിയുളള കഥകളുണ്ട് .

പുരാണങ്ങൾ പ്രകാരം ചിരംജീവിയാണ് ജാംബവാൻ .വളരെ കുറച്ചു പേർക്ക്മാത്രം ലഭിക്കുന്ന ആ വരദാനം ജാംബവാന് ലഭിച്ചത് പിതാവായ ബ്രഹ്‌മാവിൽനിന്നു തന്നെയാണ് .ബ്രഹ്‌മാവിന്റെ മാനസപുത്രന്മാരിൽ ഒരാളായാണ് ജാംബവാനെ കരുതുന്നത് . ഹിമവാ ൻ ജാംബവാന്റെ സഹോദരതുല്യനാണ് . പാലാഴി മന്ധനത്തിൽ പങ്കെടുത്ത ജാംബവാൻ ആ സമയത്ത് അതിശക്തനായിരുന്നു . ദേവതുല്യനാണ് ജാംബവാൻ ആയിരക്കണക്കിന് സിംഹങ്ങളുടെ ശക്തിയാണ് ജാംബവാനുള്ളത്.

രാമായണത്തിലെ ബുദ്ധിമാനായ വന്ദ്യ വയോധികനാണ് ജാംബവാൻ . വിഷമഘട്ടങ്ങളിൽ ഉപദേശങ്ങളും പ്രോത്സാഹനങ്ങളുമായി മുൻനിരയിൽ തന്നെ ജാംബവാൻ ഉണ്ട്. നിർവീര്യനായി നിൽക്കുന്ന ഹനുമാനെ ഊർജസ്വലനാക്കുന്നതും , യുദ്ധത്തിൽ യോദ്ധാക്കളെല്ലാം മോഹാലസ്യപ്പെട്ടു വീണപ്പോൾ നിർദേശങ്ങൾ നൽകി ഹനുമാനെ ഹിമാലയത്തിലേക്കയച്ചതും ജാംബവാൻ തന്നെ .യുദ്ധത്തിൽ ജാമ്പവാൻ അതിശ്രേഷ്ഠൻ തന്നെയായിരുന്നു. രാവണനെ യുദ്ധത്തിൽ നേരിട്ട ജാംബവാൻ രാവണനെ തോൽപ്പിച്ചോടിക്കുന്നു . രാവണന്റെ സാരഥിയാണ് രാവണനെ രക്ഷപ്പെടുത്തുന്നത്.

മഹാഭാരതത്തിലും ജാംബവാൻ ഒരു പ്രധാനിയായ കഥാപാത്രം തന്നെ .യാദവയോദ്ധാവായ പ്രേസേനനെ വധിച്ചു സ്യമന്തകം കവർന്ന സിംഹത്തെ വധിച്ചതും ജാംബവാനാണ് .ശ്രീ കൃഷ്ണനുമായി അനേക ദിവസം യുദ്ധം ചെയ്ത ശേഷമാണ് ജാംബവാൻ തോൽവി സമ്മതിക്കുന്നതും സ്യമന്തകം കൃഷ്ണന് നൽകുന്നതും , പിന്നീട് പുത്രിയായ ജാംബവതിയെ ജാംബവാൻ ശ്രീ കൃഷ്ണന് വിവാഹം ചെയ്തു നൽകി.

മധ്യ പ്രദേശിലെ ജാംതുൻ(JAMTHUN ) എന്ന ഗ്രാമം ജാംബവാന്റെ രാജ്യമായി കരുത്തപ്പെടുന്നുണ്ട്. ഈ പ്രദേശത്തുനിന്നും അതിപുരാതനമായ പുരാവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട് .ജമ്മുവിന് ആ പേര് ലഭിച്ചത് ജാംബവാനിൽനിന്നാണ് .ചില ഗ്രന്ഥങ്ങളിൽ ഋക്ഷങ്ങളുടെ( കരടികളുടെ ) രാജാവാണ് ജാംബവാൻ എന്നും പറഞ്ഞിട്ടുണ്ട്.

വാൽമീകി രാമായണം പരസ്പര വിരുദ്ധമായ പരാമർശങ്ങളാണ് ഇതിനെക്കുറിച്ച് നൽകുന്നത്. നമുക്ക് അത് ഒന്നു നോക്കാം. രാവണന്റെ മന്ത്രിയായ സാരണൻ പറയുന്നത് കരടികളുടെ രാജാവ് ധൂമ്രൻ ആണെന്നാണ്.(യു.കാ.27: 8,9). ധൂമ്രന്റെ ഇളയ സഹോദരനാണ് ജാംബവാൻ. (യു.കാ.27: 10,11). ജാംബവാൻ കരടിയാണെന്ന് കിഷ്കിന്ധാകാണ്ഡം 39:27 ലും യുദ്ധകാണ്ഡം 84: 18 ലും കാണാം. എന്നാൽ
ജാംബവാൻ വാനര ശ്രേഷ്ഠനാണെന്ന് കിഷ്കിന്ധാകാണ്ഡം 65: 18, 20, 33 തുടങ്ങിയ ശ്ലോകങ്ങളിലും യുദ്ധകാണ്ഡം 76:61 ലും കാണാം.(ഇനിയും ഉണ്ട്. വിസ്താര ഭയത്താൽ ചുരുക്കുന്നു.)

ഇനി മറ്റു ഗ്രന്ഥങ്ങളിൽ ജാംബവാൻ ആരാണെന്ന് നോക്കാം. 1. ഭാഗവത പുരാണം ദശമസ്കന്ധം 56: 19 ൽ കരടിയെന്ന് പറയുന്നു. 2. ഹരിവംശം 1:38:42 ൽ പറയുന്നു കരടി എന്ന്. 3. വിഷ്ണുപുരാണം അംശം 4:13:32 ൽ പറയുന്നു കരടി എന്ന്. 4. ഗർഗ സംഹിത ദ്വാരകാ ഖണ്ഡം 8: 8 ൽ പറയുന്നു കരടി എന്ന്. ശരിക്കും ആരാണ് ജാംബവാൻ? കേരളത്തിലും മറ്റും വളരെ കാലപ്പഴക്കം ചെന്നത് എന്ന് സൂചിപ്പിക്കാൻ ജാംബവാന്റെ കാലം എന്ന് പറയാറുണ്ട്. എന്നാണ് ജീവിച്ചിരുന്നതെന്ന് ഓർക്കാൻ കൂടി വയ്യാത്ത അത്ര പഴക്കമുണ്ട് എന്നാണ് അതു കൊണ്ട് ഉദ്ദേശിക്കുന്നത്. ജാംബവാൻ വാനരനാണോ കരടിയാണോ എന്നതാണ് ശരിക്കും ചുരുളഴിയാത്ത രഹസ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.