കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാർ വിമാനത്തിൽ പറന്നുയരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ വിമാനത്താവളത്തിൽനിന്ന‌് കണ്ണൂരിലേക്ക‌് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. വിമാനത്താവളത്തില്‍ വെച്ചു നടന്ന ചടങ്ങിൽ കിയാല്‍ എംഡി വി തുളസീദാസ് ബസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു.

ഫ്ലാഗ് ഓഫ് ചടങ്ങില്‍ മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ പി അനിത വേണു, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍, മട്ടന്നൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ മാസ്റ്റര്‍, കെ എ ഗംഗാധരന്‍, കെഎസ്ആര്‍ടിസി ഡിടിഒ കെ പ്രദീപന്‍, കിയാല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രാവിലെ കണ്ണൂരില്‍നിന്ന് മട്ടന്നൂര്‍ വഴി വിമാനത്താവളത്തിലേക്കും തിരിച്ച് വിമാനത്താവളത്തില്‍നിന്ന് തലശ്ശേരി വഴി കണ്ണൂരിലേക്കുമാണ് സര്‍വീസ്. രാവിലെ 8.30ന് കണ്ണൂരില്‍നിന്ന് ആരംഭിക്കുന്ന ബസ് 9.30ന് മട്ടന്നൂര്‍ ബസ്‌സ്റ്റാന്റിലും 9.55ന് വിമാനത്താവളത്തിലുമെത്തും. 10 മണിക്ക് വിമാനത്താവളത്തില്‍നിന്ന് തിരിച്ച് 11.15ന് തലശ്ശേരിയിലും 12.25ന് കണ്ണൂരിലുമെത്തും.

ഉച്ചയ്ക്ക് 2.30ന് കണ്ണൂരില്‍നിന്ന് തുടങ്ങി വൈകീട്ട് നാലിന് ഇരിട്ടിയിലെത്തുന്ന ബസ് അഞ്ച് മണിയോടെ വിമാനത്താവളത്തിലെത്തും. തിരികെ 5.20ന് വിമാനത്താവളത്തില്‍നിന്ന് തുടങ്ങി 6.40ന് കണ്ണൂരിലെത്തുന്ന വിധത്തിലാണ് ഷെഡ്യൂള്‍. 40 സീറ്റുള്ള ജന്റം ലോ ഫ്‌ളോര്‍ ബസാണ് സര്‍വീസ് നടത്തുന്നത്. കിയാല്‍ ജീവനക്കാരെ ഉദ്ദേശിച്ചാണ് ഈ സര്‍വീസ്.

വിമാനത്താവളം പ്രവർത്തനം തുടങ്ങിയാൽ അഞ്ച‌് എസി ലോ ഫ‌്ളോർ ബസ്സുകൾകൂടി സർവീസുകൾ തുടങ്ങുമെന്ന‌് കെഎസ്ആർടിസി ഡിടിഒ കെ പ്രദീപൻ പറഞ്ഞു. കുടകിലെ ടൗണുകളിലും കണ്ണൂരിന്റെ വിവിധ ഭാഗത്തേക്കുമായിരിക്കും സർവീസ‌്.

ഇതോടൊപ്പം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉത്ഘാടന പരിപാടിക്കെത്തുന്നവരെ വിമാനത്താവളത്തിലെത്തിക്കാന്‍ 60 ബസ്സുകള്‍ സര്‍ക്കുലര്‍ സര്‍വീസ് നടത്തും. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഗസ്റ്റഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. ഉത്ഘാടന ദിവസം ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.

കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളില്‍ നിന്ന് വരുന്ന സ്വകാര്യ വാഹനങ്ങള്‍ പനയത്താംപറമ്പിലും ഇരിട്ടി ഭാഗത്ത് നിന്ന് വരുന്നവ മട്ടന്നൂര്‍ ഹൈസ്‌ക്കൂള്‍, പോളി ടെക്‌നിക്ക് എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യണം. ഇവിടെ നിന്നും മട്ടന്നൂര്‍ ബസ്സറ്റാന്റില്‍ നിന്നും ആളുകളെ പ്രത്യേക ബസ്സുകളിലായിരിക്കും വിമാനത്താവളത്തിലേക്ക് എത്തിക്കുക. ഇതിനായി 40 കെഎസ്ആര്‍ടിസി ബസ്സുകളും 20 സ്വകാര്യ ബസ്സുകളും ഉപയോഗിക്കാനാണ് യോഗത്തില്‍ ധാരണയായത്.

വായന്തോട് നിന്ന് 40ഉം മറ്റ് രണ്ട് പോയന്റില്‍ നിന്ന് 10 വീതവും ബസ്സുകളായിരിക്കും സര്‍ക്കുലര്‍ സര്‍വീസ് നടത്തുക. അഞ്ച് മിനിറ്റ് ഇടവിട്ട് ബസ്സ് സര്‍വീസ് ഉണ്ടാകും. ഇതിന് യാത്രക്കാരില്‍ നിന്ന് ചാര്‍ജ് ഈടാക്കില്ല. രാവിലെ ഏഴ് മണി മുതല്‍ 10 മണി വരെയും ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചും സൗജന്യ ബസ്സ് സര്‍വീസ് ഉണ്ടായിരിക്കും.

വാർത്തകൾക്ക് കടപ്പാട് – ജനയുഗം, ദേശാഭിമാനി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.