വിവരണം – പ്രശാന്ത്_കൃഷ്ണ.

കുറച്ചു നാളായി എങ്ങോട്ടേലും യാത്രപോയിട്ട്, എല്ലാ അവധി ദിനങ്ങളിലും യാത്രകൾ തട്ടിക്കൂട്ടുമെങ്ങിലും അവസാനനിമിഷം എന്തെങ്കിലും പണി കിട്ടുന്നത് കാരണം എല്ലാ പദ്ധതിയും ഉപേക്ഷിക്കാറാണ് ഇപ്പൊഴത്തെ പതിവ്. അങ്ങനെ നബിദിനത്തിന്റെ അവധിയും വന്നെത്തി, പതിവുപോലെ ഒരു യാത്ര തട്ടിക്കൂട്ടി. അവധി എനിക്ക് മാത്രമേ ഉള്ളു സ്ഥിരം സഹയാത്രികർക്കെല്ലാം ജോലിക്കു പോകേണ്ടതിനാൽ വീണ്ടും ഉദ്യമം ഉപേക്ഷിക്കാൻ തന്നെ തീരുമാനിച്ചു. ഉച്ചവരെ വീട്ടിൽ തന്നെ പിടിച്ചിരുന്നു. ഊണ് കഴിഞ്ഞതും എങ്ങോട്ടേലും പോയാലോ എന്ന ചിന്തയായി. എന്റെ സഹയാത്രികൻ അനന്ദു ജോലിസ്ഥലത്താണ് അവൻ എത്താൻ സാധ്യതയില്ല.

പിന്നീട് മുഖപുസ്തകത്തിലൂടെ പരിചയപ്പെട്ട സഞ്ചാരി സുഹൃത്തായ (വെറും സഞ്ചരിയല്ല ലോക സഞ്ചാരിയാണ് ) നസിം സാലിയെ വിളിച്ചു കാര്യം പറഞ്ഞു. പറയേണ്ട താമസം അവൻ എത്താം എന്ന് സമ്മതിച്ചു. ഇതിനിടയിൽ നമ്മുടെ മറ്റൊരു സഞ്ചാരി സുഹൃത്തായ മനുവിനേയും വിളിച്ചു, അവൻ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. കാര്യം പറഞ്ഞു. അടുത്തുള്ള സ്ഥലമാണെങ്കിലും ഞാനും അവനും ഇതുവരെ പോയിട്ടില്ല. സമയം 3 മണി ആയി, 4 നു എന്റെ വീടിനടുത്തു എത്താം എന്ന് അവൻ പറഞ്ഞു.

പാവം ജോലി കഴിഞ്ഞു വീട്ടിൽ ചെന്ന് കയറിയേ ഉണ്ടായിരുന്നുള്ളു അവൻ. പിന്നെ യാത്രകളെ ഒരുപാട് സ്നേഹിക്കുന്നവനാണ് അതിനാൽ ചോദിച്ചയുടനെ “വരാം അളിയാ” എന്ന മറുപടി കിട്ടി . ഞാൻ പെട്ടന്നുതന്നെ കുളിയൊക്കെ കഴിഞ്ഞു വണ്ടിയുമെടുത്തു അവനോടു പറഞ്ഞ സ്ഥലത്തെത്തി. കൃത്യ സമയത്തു തന്നെ അളിയൻ സ്ഥലത്തെത്തി. പിന്നെ എന്റെ വണ്ടി വഴിയരികിൽ ഒതുക്കി വച്ച ശേഷം മനുവിന്റെ വാഹനത്തിൽ യാത്രയാരംഭിച്ചു “മടവൂർപ്പാറയിലേയ്ക്ക് “.

തിരുവനന്തപുരത്തെ ചെമ്പഴന്തിക്കടുത്തുള്ള ചേങ്കോട്ടുകോണത്താണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. പാറയുടെ താഴെ വരെ വാഹനങ്ങൾ ചെല്ലും. നസീം പോത്തൻകോട് എത്താം എന്നാണ് അറിയിച്ചിട്ടുള്ളത്. ഞങ്ങൾ അവിടെത്തി നസീമിനെ വിളിച്ചു. അവൻ എത്തിയിട്ടില്ല. നസീം ആനവണ്ടിയിലാണ് വരുന്നത്. വീട്ടിൽനിന്നു ഇറങ്ങാൻ നേരം അവന്റെ വണ്ടി പണി കൊടുത്തു. പിന്നെ യാത്ര ആനവണ്ടിയിലാക്കി. ഞങ്ങളോട് മടവൂർപ്പാറ കാത്തുനിൽക്കാൻ പറഞ്ഞു, അവൻ അവിടെ എത്താമെന്നും ഏറ്റിട്ടുണ്ട്.

അങ്ങനെ ഞാനും മനുവും പാറയ്ക്കുമുകളിലേയ്ക്ക് കയറി. വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ കയറാവുന്ന പാറയാണ്. അധികം ഉയരവുമില്ല. ഞങ്ങൾ മുകളിലെത്തി അവിടെ വിശ്രമിച്ചു. അല്പനേരത്തിനുശേഷം നസീം എത്തി. ഞാൻ അവരെ പരസ്പരം പരിചയപ്പെടുത്തി. ലക്ഷദീപ് യാത്രയിൽ എനിക്ക് തന്ന വാക്കു നസീം പാലിച്ചു . ലക്ഷദീപിൽ നിന്നും അത്തർ കൊണ്ട് വരാം എന്നേറ്റിരുന്നു. ആ വാക്കു അവൻ പാലിച്ചിരിക്കുന്നു.

ഇവിടെ ശിവന്റെ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രമുണ്ട്‌. സമുദ്രനിരപ്പിൽ നിന്നും 300 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മടവൂർപ്പാറയുടെ പ്രധാന ആകർഷണങ്ങൾ ഗുഹാ ക്ഷേത്രം, മുളകൊണ്ടുള്ള പാലം എന്നിവയാണ്. ക്രിസ്തുവർഷം ഒൻപതാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു . കേരള പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിൻ കീഴിലാണ് ഇപ്പോൾ ഈ ക്ഷേത്രം. കുറച്ചു നേരം പാറമുകളിൽ വിശ്രമിച്ച ശേഷം ഞങ്ങൾ മുളപ്പാലത്തിലൂടെ നടത്തം തുടങ്ങി.

ഇവിടെത്തുന്ന സഞ്ചാരികൾക്കു മഴയും വെയിലുമേൽക്കാതെ വിശ്രമിക്കാൻ അവിടവിടെയായി മുളകൊണ്ട് നിർമിച്ച കുടിലുകളും ഇരിപ്പിടങ്ങളും ഒരുക്കിയൊട്ടുണ്ട്. കൂടാതെ പവിധത്തിലുള്ള വികസനപ്രവർത്തനങ്ങൾ നടക്കുന്നുമുണ്ട്. ഞങ്ങൾ മുളപ്പാലത്തിലൂടെ നടന്നു മുകളിലെത്തി ഒരു കുടിലിൽ ഇരിപ്പുറപ്പിച്ചു. അല്പസമയത്തിനകം മറ്റൊരു കുടുംബം അവിടെത്തി. അടുത്തുതന്നെ ഉള്ളവരാണ്. ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു. അവർ കുറച്ചു മധുരവും ഞങ്ങൾക്ക് തന്നു.

മഴയുള്ളതിനാൽ അസ്തമയത്തിന്റെ ഭംഗി നന്നായി ആസ്വദിക്കാനായില്ല. എന്നാലും ഇറങ്ങാൻനേരം സൂര്യൻ ഒന്ന് തലകാണിച്ചു… അസ്തമയ സൂര്യനോട് നന്ദി പറഞ്ഞു ഞങ്ങളിറങ്ങി…… തിരുവന്തപുരത്തുകാർക്കു ഒരു സായാഹ്നം ആസ്വദിക്കാൻ അധികം ചിലവില്ലാതെ എത്തിച്ചേരാനാകുന്ന ഒരിടമാണ് മടവൂർപ്പാറ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.