എഴുത്ത് – റസാഖ് അത്താണി.

ഇതൊരു യാത്രാകുറിപ്പല്ല മറിച്ചു ഒരോ യാത്രികനും അഭിമുകീകരിക്കുന്ന പ്രശ്നമാണ്. ഒരു ശരാശരി യാത്രികൻ സ്ഥിരമായി നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽനിന്നും അഭിമുകീകരിക്കുന്ന ചില ചോദ്യങ്ങളുണ്ട്. “ഊരുതെണ്ടി എപ്പഴാ വന്നത്? നിനക്കിത്ര ഊരുതെണ്ടാൻ എവിടന്നാണ്‌ ഇത്രക്കും കാശ്? വീട്ടുകാര് കയറൂരി വിട്ടിരിക്കാണോ?” അങ്ങിനെ തുടങ്ങുന്നു ചോദ്യങ്ങളുടെ നീണ്ട പട്ടിക.

ഇവരോടൊക്കെയായി ഒന്നുപറയട്ടെ – യാത്രയെ സ്‌നേഹിക്കുന്ന, യാത്രയെ ലഹരിയാക്കിയിട്ടുള്ള ഒരു യാത്രികനും ആയിരങ്ങൾ വാരിയെറിഞ്ഞല്ല യാത്ര പോവുന്നത്. മറിച്ച് ട്രയിനിൽ ജെനറൽ കമ്പാർട്ട്മെന്റുകളിൽ കുത്തിത്തിരുകി കയറിയും ചിലർ ലോറികളിൽ ലിഫ്റ്റടിച്ചും ചിലവ് ചുരുക്കിയ യാത്രകളാണ് പോവുന്നത്. ഒരുപക്ഷെ ഈ വിമർശിക്കുന്ന നിങ്ങൾ ഓണത്തിനും വിഷുവിനും രണ്ടു പെരുന്നാളിനും ഒക്കെ പോവുന്ന കാശുപോലും വരില്ല ഞങ്ങൾക്ക് ഒരുവർഷം യാത്രചെയ്യുവാൻ.

പലയാത്രകളിലും പച്ചവെളളംകൊണ്ട് വിശപ്പടക്കിയ സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. ഒരു ശീതീകരിച്ച റൂമിലോ ലോഡ്ജിലോ ഞങ്ങളിൽ പലരും അന്തിയുറങ്ങാറില്ല. പെട്രോൾ പമ്പുകളിലും, റെയിൽവേ സ്റ്റേഷനിലും, കടത്തിണ്ണകളിലും അന്തിയുറങ്ങിയ സാഹചര്യങ്ങളായിരുന്നു മിക്കയാത്രയിലും. ശീതീകരിച്ച റൂമിനെക്കാൾ ഞങ്ങൾക്ക് ആനന്ദമേകുക കടത്തിണ്ണകളും റെയിൽവേ സ്റ്റേഷനുകളുമാണ് എന്നതാണ് സത്യം. അവിടെ ഇരുന്ന് ഒരുപാട് സ്വപ്‌നങ്ങൾ പങ്കുവെച്ചവരും സങ്കടങ്ങളുടെ ഭാരം ഇറക്കിവെച്ചവരും ഒരുപാടുണ്ട്. അതൊക്കെ ആ യാത്രയുടെ മരിക്കാത്ത ഓർമകളാണ്.

ഉറക്കമെണീറ്റാൽ രാവിലത്തെ ഭക്ഷണം മനപ്പൂർവം കഴിക്കാതെ ഉച്ചക്ക് കഴിക്കുന്നവരാണ് ഞങ്ങളിൽ പലരും. പുലർച്ചെ ഫുഡ്‌ കഴിച്ചാൽ മനപ്പൂർവം ഉച്ചഭക്ഷണം വേണ്ടെന്നുവെച്ച യാത്രകളും ഉണ്ടായിട്ടുണ്ട്. ഇതൊക്കെ പറയുമ്പോൾ നിങ്ങള്ക്ക് തോന്നാം ഇത്ര കഷ്ട്ടപ്പെട്ട് യാത്ര പോവണോ എന്ന്. ഈ യാത്രകളിലാണ് നാടിനെ അറിയാൻ കഴിയുക. ആ നാടിന്റെ സംസ്ക്കാരത്തെ അനുഭവിച്ചറിയണമെങ്കിൽ ഇതുപോലെയുള്ള യാത്രകളാണ് വേണ്ടത്.

പറഞ്ഞു വന്നത് എന്താണെന്നുവച്ചാൽ ഞങ്ങളുടെ പലയാത്രകളും ലോ ബഡ്‌ജറ്റിലുള്ളതാണ്. നിങ്ങൾ കരുതുന്നപോലെ ആയിരങ്ങളുടെ നോട്ടിന്റെ ബലത്തിലുള്ള യാത്രകളല്ല. അതുപോലുള്ള യാത്രകൾക്ക് യാത്രാസ്നേഹികളായി പല യാത്രാ കൂട്ടായ്മകളും ഇന്ന് നിലവിലുണ്ട്.

നിങ്ങൾക്കറിയുമോ കർണാടകയിലെ ഷിമോഗ ജില്ലയിലെ അഗുംബെ എന്ന ഗ്രാമം? ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചിയെന്നും അറിയപ്പെടുന്ന ആ ഗ്രാമത്തിലേക്ക് 1200 രൂപ ഒരാൾക്കെന്ന ചിലവിൽ രണ്ട് ദിവസം പോയികാണുകയും രണ്ട്‌ ദിവസവും 3 നേരം ഭക്ഷണവും 3 ട്രെക്കിങ്ങും എല്ലാം ചെയ്തിട്ടും 1200 രൂപയിലൊതുക്കിയ യാത്രകൾ വരെ ഉണ്ടായിട്ടുണ്ട്. അത് ഒരുക്കിയത് ‘ബാക്ക്പാകേർസ് കേരള’ എന്ന യാത്രികരുടെ ഗ്രൂപ്പാണ്.

ഈ ബഡ്ജറ്റിൽ ആഗുംബെയിലേക്കൊരു യാത്ര നിങ്ങള്ക്ക് സ്വപ്നം കാണാൻ കഴിയുമോ? നിങ്ങളാണെങ്കിൽ ഒരാൾക്ക്‌ 4000 ന് മുകളിൽ ചിലവുവന്നിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. മൂന്നാറും വട്ടവടയും 2 ദിവസം വെറും 400 രൂപക്ക് പോയി ആസ്വദിച്ചു വന്ന ചരിത്രമുണ്ട് (ഐറിഷ് ഹോളിഡേയ്‌സ് – ട്രാവൽ ഗ്രൂപ്പ് ഇവന്റ്). നിങ്ങൾക്ക് പറ്റുമോ മൂന്നാറും വട്ടവടയും കേവലം 400 രൂപകൊണ്ട് പോയി വരാൻ? ഒരു പണിയുമില്ലാത്തവരാണ് ഊരുതെണ്ടുന്നതെന്ന പൊതുധാരണയുണ്ട് സമൂഹത്തിന്. അത് തെറ്റാണെന്നാണ് എനിക്ക് പറയാനുള്ളത്. എല്ലാ ജോലിത്തിരക്കുകളും കഴിഞ്ഞ് വീണുകിട്ടുന്ന ദിനങ്ങളിലാണ് ഞങ്ങളിൽ പലരുടേയും യാത്രകൾ തുടക്കമാവുന്നത്.

ഇനിയും വിമർശിക്കാൻ വരുന്നവരോട് ഒന്നേ പറയാനൊള്ളൂ. ഇതുപോലൊരു യാത്രക്ക് ഒരിക്കലെങ്കിലും നിങ്ങൾ ശ്രമിക്കണം. തീർച്ചയായും ഈ യാത്രയുടെ രസം നിങ്ങൾക്ക് അനുഭവിച്ചറിയാൻ കഴിഞ്ഞാൽ പ്രകൃതിയെ നിങ്ങൾ മനസിലാക്കിത്തുടങ്ങും. പ്രകൃതിയെ അളവറ്റു പ്രണയിക്കും, യാത്രയെ പ്രണയിക്കും, നിങ്ങളും ഇതുപോലൊരു യാത്രികനാവും… അപ്പോൾ നിങ്ങളുടെ നേരെയും ചിലപ്പോൾ ആ ചോദ്യങ്ങളുയരും – “ഊരുതെണ്ടി എപ്പോൾ വന്നു? നിനക്കൊക്കെ ഊരുതെണ്ടാൻ എവിടെ നിന്നാണ് ഇത്ര കാശ്?……”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.