ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് എന്നത്. ഇക്കാലത്ത് ഒരു നല്ല വീട് വെക്കണമെങ്കിൽ എത്ര രൂപ ചെലവാകും? 20, 30, 35 അങ്ങനെ പോകും ലക്ഷങ്ങൾ. എന്നാൽ ഇതൊന്നുമല്ലാതെ ചുരുങ്ങിയ തുകയ്ക്ക് മനോഹരമായ വീട് പണിത് താമസിക്കുന്നവരും നമുക്കിടയിലുണ്ട്. ഈയിടെ മലപ്പുറത്തെ മഞ്ചേരിയിലുള്ള സുഹൃത്ത് ജാഫർ മാനു എന്ന മാനുക്കയുടെ അടുത്തു പോയപ്പോൾ ആണ് ഇത്തരത്തിലൊരു വീട് പണിത വാർത്ത കേൾക്കുന്നത്.

കോഴിച്ചെനയ്ക്ക് സമീപം താമസിക്കുന്ന അദ്ബുൽ ഹക്കീമും മകൻ സൽമാനും തങ്ങളുടെ സ്വപ്നമായ വീട് സാക്ഷാത്കരിച്ചത് പത്തുലക്ഷം രൂപയ്ക്കാണ്. ബാക്കിയുള്ള പണികൾ കൂടിച്ചേർത്ത് താമസയോഗ്യമായപ്പോൾ മൊത്തം ചെലവായത് 17 ലക്ഷവും. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും സംഭവം സത്യം തന്നെയാണ്. ടെക് ട്രാവൽ ഈറ്റ് സബ്സ്ക്രൈബർ കൂടിയായ സൽമാന്റെ ക്ഷണം സ്വീകരിച്ചാണ് ഞങ്ങൾ ഇവിടെ എത്തിയത്.

അബ്ദുൽ ഹക്കീമിന്റെ മകൻ സൽമാൻ ഖത്തറിലാണ് ജോലി ചെയ്യുന്നത്. നാട്ടിലെത്തി വീട് പണിയുവാൻ പദ്ധതിയിട്ടപ്പോൾ കുറഞ്ഞ ചെലവിൽ തങ്ങളുടെ ഇഷ്ടത്തിനൊത്തുള്ള ഒരു വീട് എന്നതായിരുന്നു മനസ്സിൽ. അങ്ങനെ അബ്ദുൽ ഹക്കീം വീടിൻ്റെ പ്ലാൻ തയ്യാറാക്കുകയും, ഇന്റീരിയർ മുൻകൂട്ടി ഡിസൈൻ ചെയ്യുകയും ചെയ്തു. ഇതിനുശേഷം വീടിൻ്റെ നിർമ്മാണ മേൽനോട്ടം കോട്ടയ്ക്കലിലുള്ള D & E Architects നെ ഏൽപ്പിച്ചു.

1300 ചതുരശ്ര അടിയിലാണ് ഇവർ വീട് തയ്യാറാക്കിയത്. സാധാരണ വീടുകളിലേതിൽ നിന്നും വ്യത്യസ്തമായി മേൽക്കൂര കോൺക്രീറ്റ് ചെയ്യാതെ ട്രസ് വർക്ക് ചെയ്ത ശേഷം ഓട് വിരിക്കുകയാണുണ്ടായത്. ഇതിനു താഴെയായി എസിപി ഷീറ്റ് കൊണ്ട് സീലിംഗ് നൽകുകയും ചെയ്തു. ഇക്കാരണത്താൽ മറ്റു വാർക്ക വീടുകളേക്കാൾ ചൂട് കുറവായിരിക്കും ഈ വീട്ടിൽ.

ഇലക്ട്രിക് വയറിംഗ്, പ്ലംബിംഗ്, പെയിന്റിംഗ് തുടങ്ങിയ ജോലികൾ വീട്ടുകാർ തന്നെയാണ് ചെയ്തത്. ഇതുമൂലം മേൽപ്പറഞ്ഞ പണികളുടെ പണിക്കൂലി ലഭിക്കുവാൻ ഇവർക്കായി. വരാന്ത, ലിവിങ് റൂം, ഡൈനിങ് റൂം, അടുക്കള, രണ്ടു ബെഡ് റൂമുകൾ, ബാത്റൂം എന്നിവയാണ് 1300 ചതുരശ്രയടിയുള്ള ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ചെലവ് കുറയ്ക്കുവാൻ വേണ്ടി തടിയുടെ ഉപയോഗം നിയന്ത്രിക്കുകയും വാതിലിനും ജനലുകൾക്കും കോൺക്രീറ്റ് കട്ടിള നൽകുകയും ചെയ്തു.

അടുക്കളയിലെ ക്യാബിനറ്റുകൾ തയ്യാറാക്കിയിരിക്കുന്നത് അലുമിനിയം ഫാബ്രിക്കേഷൻ വർക്ക് ചെയ്താണ്. ബെഡ്‌റൂമുകളിൽ കബോർഡുകളും ഫാബ്രിക്കേഷൻ ചെയ്തു റെഡിയാക്കിയിരിക്കുന്നു. ഇതുകൂടാതെ വർക്ക് ഏരിയയിലും ഒരു മിനി ഡൈനിംഗ് ടേബിൾ ഇവർ സെറ്റ് ചെയ്‌തിട്ടുണ്ട്.

വീടിൻ്റെ മൊത്തം സ്ട്രക്ച്ചർ പത്തു ലക്ഷം രൂപയ്ക്ക് പൂർത്തിയായപ്പോൾ പിന്നീട് ബാക്കിയുണ്ടായത് ഫർണീഷിംഗ്‌ ആയിരുന്നു. അവിടെയും ഇവർ ചെലവ് ചുരുക്കി. ഫർണീച്ചറുകൾ ഒക്കെ ഓഫർ നോക്കി ഓൺലൈനായി വാങ്ങുകയും ചെയ്തു. അതോടൊപ്പം രണ്ടു ബെഡ്‌റൂമുകളിലും എസികളും കൂടി ഫിറ്റ് ചെയ്തു ഫർണീഷിംഗ്‌ പൂർത്തിയാക്കിയപ്പോൾ ആകെ ചെലവായത് 7 ലക്ഷം രൂപ. അങ്ങനെ മൊത്തത്തിൽ 17 ലക്ഷം രൂപയ്ക്കാണ് 1300 സ്‌ക്വയർ ഫീറ്റിൽ പൂർത്തിയായത്. വീടുപണി മുഴുവനായും പൂർത്തിയാക്കുവാനെടുത്ത സമയം നാലു മാസവും.

വെറും 17 ലക്ഷം രൂപയുടെ വീട് കാണാൻ വല്യ ഭംഗിയൊന്നും ഉണ്ടാകില്ലെന്നു വിചാരിക്കരുത്. അത് നേരിട്ടു കാണുമ്പോൾ ശരിക്കും നിങ്ങളെ അത്ഭുതപ്പെടുത്തും. ഇതിൽ നിന്നും മനസ്സിലാക്കിയ ഒരു പ്രധാന കാര്യം ഇതാണ് – മനസ്സിൽ നല്ല പ്ലാനിംഗും, അൽപ്പം സാങ്കേതിക ജ്ഞാനവും ഉണ്ടെങ്കിൽ ഇവരെപ്പോലെ ചെലവ് വളരെ ചുരുക്കി നമുക്കും നല്ലൊരു വീട് പണിയാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾക്ക് സൽമാനെ വിളിക്കാം – 9497204911.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.