കാടും മഞ്ഞും ചുരവും കൃഷിയിടങ്ങളുമൊക്കെയായി ഏതുതരം സഞ്ചാരികളെയും മോഹിപ്പിക്കുന്ന ഒരു സ്ഥലമാണ് വയനാട്. ഒരു വീക്കെൻഡ് അടിച്ചു പൊളിക്കുവാനുള്ളതെല്ലാം വായനാട്ടിൽത്തന്നെയുണ്ട് എന്നതാണ് ഇവിടേക്ക് കൂടുതലും സഞ്ചാരികളെ ആകർഷിക്കുന്നതും.

പൊതുവെ എപ്പോൾ വന്നാലും ആസ്വദിക്കത്തക്കവിധമുള്ള കാര്യങ്ങളുണ്ടെങ്കിലും ഒക്ടോബർ മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ് വയനാട് സന്ദർശിക്കുവാൻ ഏറ്റവും അനുയോജ്യം. മഴ ആസ്വദിക്കണമെന്നുള്ളവർക്ക് ജൂൺ, ജൂലൈ മാസങ്ങളിലും വരാം. പക്ഷേ അത് സ്വന്തം റിസ്‌ക്കിൽ ആയിരിക്കണമെന്നു മാത്രം.

ബെംഗളൂരുവിലുള്ളവർ വീക്കെൻഡുകൾ ആഘോഷിക്കുവാൻ എത്തിച്ചേരുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് നമ്മുടെ വയനാട്. അവിടെ നിന്നും സ്വന്തം വാഹനങ്ങളിലും, ബസ്സുകളിലും, റെന്റ് എ കാർ എടുത്തുമൊക്കെയാണ് സഞ്ചാരികൾ ഇവിടേക്ക് വരാറുള്ളത്. ഏകദേശം 300 കിലോമീറ്ററോളമുണ്ട് ബെംഗളൂരുവിൽ നിന്നും വയനാട്ടിലേക്ക്. ധാരാളം വഴികൾ ഉണ്ടെന്നിരിക്കെ വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് ബെംഗളൂരുവിൽ നിന്നും പ്രധാനമായും 3 റൂട്ടിലൂടെ വയനാട്ടിൽ എത്തിച്ചേരാം. ആ റൂട്ടുകൾ ഏതൊക്കെയെന്നു ഒന്ന് വിശദീകരിക്കാം.

1 മൈസൂർ – HD കോട്ടെ റൂട്ട് : ബെംഗളൂരു – ചന്നപട്ടണ – ശ്രീരംഗപട്ടണ – മൈസൂർ – HD കോട്ടെ – ബാവലി – കാട്ടിക്കുളം – മാനന്തവാടി. നിരവധി കാഴ്ചകൾ ആസ്വദിക്കുവാൻ പറ്റിയ റൂട്ടാണിത്. പ്രത്യേകിച്ച് നഗർഹോള നാഷണൽ പാർക്ക് വഴി കടന്നു പോകുമ്പോൾ വന്യമൃഗങ്ങളെ അടുത്തു കാണുവാനും സാധിക്കും.

പോകുന്ന വഴിയിൽ കാണുവാനുള്ളവ : നിങ്ങളുടെ യാത്ര മഴയുള്ള സമയത്താണെങ്കിൽ വരുന്ന വഴി മാണ്ട്യയ്ക്കും ശിവനസമുദ്രയ്ക്കും അടുത്തുള്ള ബരാചുക്കി വെള്ളച്ചാട്ടം ഒന്നു സന്ദർശിക്കാം. അതുപോലെതന്നെ ശ്രീരംഗപട്ടണത്തെ ടൈപ്പ് സുൽത്താന്റെ കോട്ടയും മറ്റു ചരിത്ര പ്രസിദ്ധമായ നിർമ്മിതികളും കാണാം. നഗരത്തിരക്കുകളിൽ നിന്നും രക്ഷപ്പെട്ട് നഗർഹോള വനത്തിലേക്ക് കയറുമ്പോൾ നിങ്ങൾക്ക് മനസിലാകും എത്രത്തോളം ശാന്തമാണ് അവിടമെന്ന്. ശരിക്കും പറഞ്ഞാൽ ഈ റൂട്ടിന്റെ പ്രധാന ആകർഷണമാണ് നഗർഹോള വനം.

ഇനി നാഗർഹോള വഴി പോകണമെന്നില്ലെങ്കിൽ മൈസൂരിൽ നിന്നും നേരെ ഗുണ്ടൽപേട്ട് – മുത്തങ്ങ വഴിയും വയനാട്ടിൽ എത്തിച്ചേരാം.

2. കനകാപുര റൂട്ട് : ബെംഗളൂരു – കനകാപുര – കൊല്ലീഗൽ – ചാമരാജ്നഗർ – ഗുണ്ടൽപേട്ട് – വയനാട്. അധികമാളുകൾ തിരഞ്ഞെടുക്കാത്ത ഒരു റൂട്ടാണിത്. വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് വേണമെങ്കിൽ ഈ റൂട്ട് ഒന്നു തിരഞ്ഞെടുക്കാം.

പോകുന്ന വഴിയിൽ കാണുവാനുള്ളവ : കനകാപുര ടൌൺ കഴിഞ്ഞാൽ ട്രെക്കിംഗിനും സാഹസികതയ്ക്കും അനുയോജ്യമായ ചുഞ്ചി ഫാൾസ് എന്നൊരു സ്ഥലമുണ്ട്. വേണമെങ്കിൽ നിങ്ങൾക്ക് ഇവിടം സന്ദർശിക്കാം. അതുപോലെ തന്നെ ഗുണ്ടൽപേട്ട്, മുതുമല വനങ്ങളിലെ കാഴ്ചകൾ ആസ്വദിക്കുകയും ചെയ്യാം. മുതുമല വഴി തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ എത്തിയിട്ട് പാട്ടവയൽ വഴി ബത്തേരിയിലേക്കോ കൽപ്പറ്റയിലേക്കോ എത്തിച്ചേരാവുന്നതാണ്.

3. സോമനാഥപുരം – ബന്ദിപ്പൂർ റൂട്ട് : ബെംഗളൂരു – ചന്നപട്ടണ –
സോമനാഥപുരം – ഗുണ്ടൽപേട്ട് – ബന്ദിപ്പൂർ – വയനാട്. നല്ലൊരു റോഡ് ട്രിപ്പും ഒപ്പം ബന്ദിപ്പൂർ കാടുകളിലെ കാഴ്ചകളും ആസ്വദിക്കാവുന്ന ഒരു റൂട്ടാണിത്.

പോകുന്ന വഴിയിൽ കാണുവാനുള്ളവ : വരുന്ന വഴി
സോമനാഥപുരത്തെ പ്രസിദ്ധമായ ചെന്ന കേശവ ക്ഷേത്രം സന്ദർശിക്കാം. കൂടാതെ ഗുണ്ടൽപേട്ട് എത്തിയിട്ട് അവിടത്തെ പേരുകേട്ട ഗോപാലസ്വാമി ബേട്ടയിലും സന്ദർശിക്കാവുന്നതാണ്. ഏതു റൂട്ടിലൂടെയാണെങ്കിലും ഗുണ്ടൽപേട്ട് വഴി പോകുന്നവർക്ക് ഈ ക്ഷേത്രം സന്ദർശിക്കാം. ഗുണ്ടൽപേട്ടിൽ നിന്നും മുത്തങ്ങ വനത്തിലെ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് സുൽത്താൻ ബത്തേരിയിൽ എത്തിച്ചേരാം.

യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : ബെംഗളൂരുവിൽ നിന്നും അതിരാവിലെ (വെളുപ്പിന്) പുറപ്പെട്ടാൽ വഴിയിലെ തിരക്കുകളിൽ നിന്നും രക്ഷപ്പെടാം. മേൽപ്പറഞ്ഞ മൂന്നു റൂട്ടുകളും കടന്നുപോകുന്നത് വനത്തിനുള്ളിലൂടെയാണ്. രാത്രിയായാൽ
ഇതുവഴി സഞ്ചാരികളെ കടത്തി വിടില്ല, കർശനമായ രാത്രിയാത്രാ നിരോധനം നിലവിലുള്ള സ്ഥലങ്ങളാണിവ. നാഗർഹോള വഴി പോകുകയാണെങ്കിൽ സന്ധ്യയ്ക്ക് മുൻപ് കാട് കടന്നു വയനാട് ജില്ലയിൽ പ്രവേശിക്കണം. മറ്റുള്ളവയെ അപേക്ഷിച്ച് കുറച്ചുകൂടി റിസ്ക്ക് ഉള്ള റൂട്ടാണിത്.

യാത്രയ്ക്കിടയിൽ നിങ്ങൾക്ക് ഒന്ന് ഫ്രഷ് ആകണമെന്ന് തോന്നുകയാണെങ്കിൽ അത് മൈസൂരിലോ ഗുണ്ടൽപേട്ടിലോ ആകാം. ആരുടേയും സഹായമില്ലാതെ അറിയാത്ത റൂട്ടുകളിലൂടെ സഞ്ചരിച്ച് അപകടത്തിൽ ചെന്നു ചാടാതിരിക്കുക. യാതൊരു കാരണവശാലും അപരിചിതർക്ക് വാഹനത്തിൽ ലിഫ്റ്റ് കൊടുക്കുകയോ സ്ഥലങ്ങൾ കാണിച്ചുതരാമെന്നു പറഞ്ഞാൽ അവരുടെ പിന്നാലെ പോകുകയോ ചെയ്യാതിരിക്കുക. അവിടെയുള്ളവരെല്ലാം മോശക്കാരാണ് എന്നല്ല, നിങ്ങളുടെ സുരക്ഷയെ മുൻനിർത്തി, അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഈ കാര്യങ്ങൾ പറയുന്നത്.

വിവരങ്ങൾക്ക് കടപ്പാട് – treebo.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.