വിവരണം – Niyas Mancheri, ചിത്രങ്ങൾക്ക് കടപ്പാട് : Nooman.
ഈ കഴിഞ്ഞ ഒക്ടോബർ 22 നു രാവിലെ ഫേസ് ബുക്ക് തുറന്നു നോക്കുമ്പോഴാണ് ദമ്മാമിലെ പ്രിയ സഞ്ചാരികൾ ‘ദുനിയാവിന്റെ അറ്റത്തേക്ക് ‘ ഒരു സാഹസിക യാത്രയൊരുക്കുന്നത് ശ്രദ്ധയിൽ പെടുന്നത്. കൂടുതലൊന്നും ചിന്തിച്ചില്ല, തിയതി ‘ലോക്ക് ‘ ചെയ്തു; ഫേസ്ബുക് ഗ്രൂപ്പിൽ രജിസ്റ്റർ ചെയ്തു അടുത്ത അപ്‌ഡേറ്റിനായി കാത്തിരുന്നു. യാത്രക്കായി 4 x 4 വാഹനം നിർബന്ധമാണ് എന്ന കാര്യം പിന്നീടാണ് ശ്രദ്ധയിൽ പെട്ടത് .സ്വന്തമായുള്ളത് ‘സിദാൻ കാർ’ മാത്രമാണ് എന്നതിനാൽ യാത്ര മുടങ്ങുമോ എന്നൊരുവേള ആശങ്കയിലായി.
റെന്റ് എ കാർ ഉപയോഗിച്ച് യാത്രയിൽ പങ്കെടുക്കുന്ന ചിലരും ഉണ്ടെന്നു പിന്നീട് വിവരം കിട്ടി . അവരിൽ ചിലരെ നേരിയ പരിചയമേ ഉള്ളൂ എങ്കിലും ഇടിച്ചു കേറി സീറ്റ് ഉറപ്പിച്ചു, യാത്രാദിവസത്തിനായി കാത്തിരുന്നു. അതിനിടയിൽ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ കാലാവസ്ഥ മാറ്റവും അതിനോടനുബന്ധിച്ചു സിവിൽ ഡിഫൻസ് പുറത്തിറക്കിയ മുന്നറിയിപ്പും മൂലം യാത്ര മാറ്റി വെക്കേണ്ടി വരുമോ എന്നൊരു ചർച്ചയും ഉണ്ടായി. പക്ഷെ, ദമ്മാം സഞ്ചാരി ഗ്രൂപ്പ് അഡ്മിന്മാരുടെ നിശ്‌ചയദാർഢ്യവും തികഞ്ഞ ആത്മവിശ്വാസവും നിശ്ചയിച്ച ദിവസം തന്നെ യാത്ര പുറപ്പെടാൻ സഹായകമായി.
2018 നവംബർ 2 വെള്ളിയാഴ്ച പുലർച്ചെ 5 മണിക്ക് സഹസഞ്ചാരികളായ അൻവർ കരുനാഗപ്പള്ളി , ഷബീർ കോഴിക്കോട് എന്നിവരോടൊപ്പം റിയാദ് പട്ടണത്തിനടുത്തുള്ള ആദ്യ മീറ്റിങ് പോയന്റ് ലക്ഷ്യമാക്കി ഞങ്ങൾ ദമ്മാമിൽ നിന്നും യാത്ര ആരംഭിച്ചു . റിയാദിൽ നിന്നാണ് ഞങ്ങൾക്കുള്ള 4 x 4 വാഹനം ഏർപ്പാട് ചെയ്തിരിക്കുന്നത്. രാവിലെ പത്തുമണിയാണ് റിയാദിൽ റിപ്പോർട്ട് ചെയ്യാനുള്ള സമയം . മറ്റു ടീമുകളെ പോലെ കൃത്യ സമയത്ത് തന്നെ ഞങ്ങളും ആദ്യ മീറ്റിങ് പോയന്റിൽ എത്തിച്ചേർന്നു. പതിനേഴ് വാഹനങ്ങളും കുടുംബങ്ങളടക്കം ഏകദേശം എൺപതിനടുത്ത് സഞ്ചാരികളുമായിരുന്നു ഞങ്ങളുടെ ടീം.
‘കോർ ടീം അംഗങ്ങളു’ടെ നിർദേശങ്ങൾക്ക് ശേഷം ഞങ്ങൾ ‘ദുനിയാവിന്റെ അറ്റത്തേ’ക്കുള്ള രണ്ടാം ഘട്ട യാത്ര ആരംഭിച്ചു. ഇടയ്ക്ക് ജുമുഅ നമസ്കാരത്തിനായി ‘ഹെസ്‌വ’ എന്ന ഗ്രാമത്തിൽ ഒരു ചെറിയ ഇടവേള, ബാങ്ക് വിളിക്കുന്നത് വരെ തുടർന്ന സെൽഫി ക്ലിക്കുകളും. അധികം ആൾപ്പാർപ്പില്ലാത്ത ഒരു ഗ്രാമമാണ് ‘ഹെസ്‌വ’. ആ പള്ളിയിൽ ആദ്യമായാണ് അത്രയും വിദേശികളെ ഒരുമിച്ചു കാണുന്നതെന്ന് ഓരോ സ്വദേശിയുടെയും മുഖത്തെ ആശ്ചര്യഭാവം വിളിച്ചു പറയുന്നുണ്ടായിരുന്നു.
റിയാദിൽ നിന്നും വടക്ക് കിഴക്കായി ഏകദേശം നൂറു കിലോ മീറ്റർ അകലെയാണ് ‘എഡ്ജ് ഓഫ് ദി വേൾഡ് ‘എന്നറിയപ്പെടുന്ന വിസ്മയിപ്പിക്കുന്ന താഴ്‌വര. വെള്ളി, ശനി ദിവസങ്ങളിൽ മാത്രമാണ് ഈ പ്രദേശം സഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്നത്. റിയാദിൽ നിന്നും ‘സദൂസ് ഡാം’ വരെയാണ് റോഡ് മാർഗ്ഗം നിലവിലുള്ളത്. അവിടെ നിന്നും ഏകദേശം മുപ്പത് കിലോമീറ്ററോളം ഓഫ് റോഡിൽ സഞ്ചരിച്ചു വേണം ദുനിയാവിന്റെ ആ ‘അറ്റത്തേ’ക്കെത്താൻ. 4 x 4 വാഹനം നിർബന്ധമാണെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. അതി സാഹസികമായ ഡ്രൈവിങ്ങിലൂടെയാണ് ഈ ഓഫ് റോഡ് യാത്ര കടന്നു പോകുന്നത്. മണൽപരപ്പുകൾ കൂടുതലില്ലെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ വാഹനം കുടുങ്ങി പോകാൻ സാധ്യതയുണ്ട്. ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഒരുമിച്ചു പോകുന്നതാണ് കൂടുതൽ സുരക്ഷിതം.
മുൻപിലും പിന്നിലും ഗ്രൂപ്പ് അഡ്മിന്മാരുടെ വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു ഞങ്ങളുടെ യാത്ര. ഓരോ വാഹനവും തൊട്ടു പിന്നിലെ വാഹനത്തെ ശ്രദ്ധിക്കണമെന്നും ഏതെങ്കിലും സാഹചര്യത്തിൽ പിന്നിലെ വാഹനം ദൃശ്യമാകാതെ വന്നാൽ യാത്ര തൽക്കാലം അവിടെ നിർത്തണമെന്നുമാണ് ഞങ്ങൾക്ക് കിട്ടിയ കർശന നിർദേശം.( നിർദേശം ലംഘിക്കുന്നവരെ അടുത്ത യാത്രയിൽ പരിഗണിക്കില്ല എന്നായിരുന്നു ഭീഷണി ). പിന്നിലെ വാഹനം കുടുങ്ങി പോയാൽ മുൻപിലുള്ള ഓരോ വാഹനത്തിലേക്കും ഓട്ടോമാറ്റിക്കായി മെസേജ് പാസ് ചെയ്യുന്ന നല്ലൊരു സംവിധാനമാണ് അവർ നടപ്പാക്കിയത്. ഓരോ സഞ്ചാരിക്കും പരമാവധി സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുന്ന ഗ്രൂപ്പ് അഡ്മിന്മാരോട് ബഹുമാനവും അഭിമാനവും തോന്നിയ നിമിഷങ്ങൾ. ദുർഘടമായ യാത്രയായിരുന്നെങ്കിലും ഒരിക്കൽ ഒരു വാഹനത്തെ മാത്രം കെട്ടി വലിക്കേണ്ടി വന്നൊതൊഴിച്ചു നിർത്തിയാൽ മറ്റു കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഞങ്ങളുടെ യാത്ര പുരോഗമിച്ചു കൊണ്ടിരുന്നു.
വെള്ളം വറ്റിയ ചെറിയ അരുവികൾ, കുഞ്ഞു പാറക്കെട്ടുകൾ , മരുഭൂമിക്ക് കുളിർമ നൽകാനെന്നേനെ കുടപിടിച്ചു നിൽക്കുന്ന ചെറിയ , ഇടത്തരം വലുപ്പമുള്ള മരങ്ങൾ എന്നിവയെല്ലാം കടന്നു ഞങ്ങൾ യാത്ര തുടർന്നു. ഓരോ മരത്തണലിലും സ്വദേശികളും വിദേശികളുമടങ്ങുന്ന കുടുംബങ്ങൾ സന്തോഷത്തോടെ അവധി ദിനം ചിലവഴിക്കുന്ന കാഴ്ചകൾ ഒട്ടേറെ കാണാം. വലതു ഭാഗത്തായി ചെങ്കൽ നിറത്തിലുള്ള മല നിരകൾ. ഇടക്കിടക്ക് പിരമിഡ് രൂപത്തിലുള്ള മലകളെയും കാണാം എന്നതാണ് ഈ ഭാഗത്തെ ഒരു പ്രത്യേകതയായി എനിക്ക് അനുഭവപ്പെട്ടത്.
സമയം രണ്ടു മണിയോട് അടുക്കാറായി. ഓരോ സഞ്ചാരിയുടെയും ആവേശം വിശപ്പിനു വഴിമാറാൻ തുടങ്ങി. ഞങ്ങളുടെ വാഹനത്തിലുള്ള അജാസ് ബ്രോ അഡ്മിൻ ടീമിനെതിരെ രോഷാകുലനാകാൻ തുടങ്ങിയിട്ടുണ്ട്. അതറിഞ്ഞിട്ടാണോ എന്നറിയില്ല , വളരെ ചെങ്കുത്തായ ഒരു വാലിയിൽ ഇറങ്ങി കയറിയ ഓരോ വാഹനവും അടുത്തു കണ്ട, വിശാലമായി പരന്നു കിടക്കുന്ന, ഗ്രൗണ്ടിൽ ഭക്ഷണത്തിനായി പാർക് ചെയ്തു. രുചികരമായ ചിക്കൻ ബിരിയാണി വിശപ്പിനെ തല്ലിക്കെടുത്തി വീണ്ടും യാത്രയുടെ ആവേശം വീണ്ടെടുത്തു. ഒരല്പം ഫോട്ടോ സെഷനുകൾക്കും സെൽഫി ക്ലിക്കുകൾക്കും ശേഷം വീണ്ടും ‘ദുനിയാവിന്റെ അറ്റം’ തേടി ഞങ്ങൾ യാത്ര തുടർന്നു.
അരമണിക്കൂറിനു ശേഷം അങ്ങ് ദൂരെ ഞങ്ങൾക്കഭിമുഖമായി ഒരു കിളിവാതിൽ പോലെ രണ്ടു മലകളെ ഞങ്ങൾ കണ്ടു. കുറച്ചു വാഹനങ്ങൾ അവിടവിടെയായി പാർക്ക് ചെയ്തത് കണ്ടപ്പോൾ ഞങ്ങൾ ഉറപ്പിച്ചു , ലക്ഷ്യസ്ഥാനം അടുത്തെത്തിയിരിക്കുന്നു. മലയുടെ താഴ്‌വാരത്ത് വാഹനങ്ങൾ പാർക്ക് ചെയ്തു ഞങ്ങൾ ഇറങ്ങി. രണ്ടു മലകൾക്കിടയിലൂടെ താഴേക്ക് നോക്കിയാൽ തല ചുറ്റുമാറുള്ള അഗാധ ഗർത്ഥം. ആശ്‌ചര്യത്തിന്റെ സെൽഫികൾ പിറക്കാൻ തുടങ്ങി. ഇനിയുള്ളത് മല കയറ്റമാണ്. ചെങ്കുത്തായ വഴിയിലൂടെ ആദ്യ മല കയറിയപ്പോഴാണ് അതിഗംഭീരമായ വിസ്മയ കാഴ്ചകൾ ദൃശ്യമാകുന്നത്. പോക്കുവെയിലേറ്റ് സ്വർണ നിറം പകർന്നു നിൽക്കുന്ന മലയടിവാരം. അഗാധമായ ഗർത്തത്തിനു ശേഷം കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വിജനമായ പ്രദേശം. വെള്ളം ഒഴുകിപ്പോയ ചെറിയ അരുവികൾ പോലെയുള്ള നിരവധി അടയാളങ്ങൾ കടലിലെ തിരമാലകളെ പോലെ തോന്നിക്കും.
ചെങ്കുത്തായി നിൽക്കുന്ന മറ്റു മൂന്നു മലകളെ കൂടി ഞങ്ങൾ കീഴടക്കി. ദൂരെ നിന്ന് നോക്കിയാൽ അങ്ങോട്ട് പോകാൻ സാധിക്കുമോ എന്ന് തോന്നുമെങ്കിലും നടന്നടുക്കുമ്പോൾ നിഷ്പ്രയാസമല്ലെങ്കിലും ഓരോ മല മുകളിലും കയറി താഴ്‌വാരത്തിന്റെ അതീവ സൗന്ദര്യം നന്നായി ആസ്വദിക്കാം. വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ ഒപ്പിയെടുക്കാം. വിവിധ ടൂർ ഓപ്പറേറ്റർമാരുടെ നേതൃത്വത്തിൽ എത്തുന്ന വിദേശികളായ ധാരാളം വിനോദ സഞ്ചാരികൾ ഇവിടെ സന്ദർശിക്കുന്നുണ്ട്. അതോടൊപ്പം അതിസാഹസികരായ സൗദി യുവാക്കളുടെ കാർ, ബൈക് സാഹസികതയും മലമുകളിൽ ഞങ്ങൾ കണ്ടു.
സാഹസികത മുറ്റി നിൽക്കുന്ന പ്രദേശമാണ് എന്നതിനാലും സുരക്ഷാ മുൻകരുതലുകൾ ഒന്നും തന്നെ ഇപ്പോൾ ഇവിടെ ഇല്ല എന്നതിനാലും കുടുംബവുമായുള്ള സന്ദർശനം ഒരിത്തിരി പ്രയാസമാകുമായിരിക്കും. സൗദി ഗവണ്മെന്റ് ടൂറിസം മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകാൻ തുടങ്ങിയിരിക്കുന്നതിനാൽ സുരക്ഷാ സംബന്ധമായ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി അധികം താമസിയാതെ രാജ്യത്തെ തിരക്കേറിയ ഒരു ടൂറിസം കേന്ദ്രമായി ഈ മേഖലയെ മാറ്റി യേക്കാം.
സഹസ്രാബ്ദങ്ങൾക്ക് മുൻപ് കടലിറങ്ങി പോയ പ്രദേശമാണിതെന്നു പലരും പറയുന്നുണ്ട്. മലയിടുക്കുകളിൽ കാണുന്ന വെള്ളം നിന്നിരുന്നതുപോലെയുള്ള പാടുകൾ ഈ അഭിപ്രായത്തിനു പിന്തുണയേകും. പക്ഷെ, കടൽക്കരയിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്റർ അകലെയാണ് ഈ പ്രദേശം എന്നതും അതിനിടയിൽ പുരാതനമായ പല ദേശങ്ങളും സ്ഥിതി ചെയ്യുന്നു എന്നതും എന്റെയുള്ളിൽ ചോദ്യമായി വന്നു. ഏതായാലും കടലോ കായലോ പോലെ ഒരു വെള്ളക്കെട്ട് ആ പ്രദേശത്ത് നിലനിന്നിരുന്നുവെന്ന് താഴ്‌വരയുടെ ഘടന നമ്മോട് വിളിച്ചു പറയുന്നുണ്ട്. യാഥാർഥ്യം ശാസ്ത്ര ലോകം വെളിപ്പെടുത്തട്ടെ.
പ്രകൃതിയെ തൊട്ടറിഞ്ഞുള്ള യാത്രകൾ മനസ്സിന് നൽകുന്ന സന്തോഷവും കുളിരും അനിർവചനീയമാണ്. പ്രകൃതിയുടെ വികൃതികൾ ആസ്വദിക്കുന്നതോടൊപ്പം അവയെ സംരക്ഷിക്കുവാൻ കൂടി നമ്മൾ ബാധ്യസ്ഥരാണ് . കേവല വിനോദ സഞ്ചാരങ്ങളേക്കാൾ ‘സഞ്ചാരി ‘യുടെ യാത്രകൾ വ്യത്യസ്തമാകുന്നത് അവിടെയാണ്. യാതൊരു പാഴ്‌വസ്തുവും യാത്രയിൽ ഒരിടത്തും ഉപേക്ഷിക്കരുതെന്നായിരുന്നു തുടക്കം മുതലുള്ള കർശന നിർദേശം. ആ നിർദേശം കൃത്യമായി പാലിക്കുന്നതിൽ ഓരോ സഞ്ചാരിയും അതീവ ജാഗ്രതയുള്ളവനായിരുന്നു.
പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് യാത്രയായ സൂര്യ തേജസ്സിനോടൊപ്പം ഞങ്ങളും മടക്ക യാത്രക്കായി മലയിറങ്ങി. പിന്നീട് താഴ്‌വാരത്ത് വെച്ചൊരു ഗ്രൂപ്പ് ഫോട്ടോ പിടിച്ചു നിറഞ്ഞ മനസ്സോടെ ഞങ്ങൾ മടക്ക യാത്ര ആരംഭിച്ചു. അധികം താമസിയാതെ വഴിയിൽ ഇരുട്ട് പരന്നു. രാത്രിയിലെ യാത്ര അതീവ ക്ലേശകരമാണ്. കൂരിരുട്ടിൽ വഴി തെറ്റാനുള്ള സാധ്യത വളരെയേറെയാണ്. അങ്ങിങ്ങായി ക്യാമ്പ് ഫയറും ബാർബിക്യുവുമായി മരുഭൂമിയിൽ രാപാർക്കാൻ എത്തിയവരെയും മടക്ക യാത്രയിൽ കാണാം. ഏകദേശം ഒന്നര മണിക്കൂർ യാത്രക്ക് ശേഷം ഞങ്ങൾ മരുഭൂമി കടന്നു റോഡിലിറങ്ങി. അടുത്തു കണ്ടൊരു കൊച്ചു ഗ്രൗണ്ടിൽ ഒരല്പ സമയത്തേക്ക് വീണ്ടും ഞങ്ങൾ ഒരുമിച്ചു കൂടി. എന്നെ പോലെ സഞ്ചാരികൾക്കിടയിൽ നവാഗതരായവരും ദമ്മാം സഞ്ചാരി കോർ ടീം അംഗങ്ങളും സ്വയം പരിചയപ്പെടുത്തി. അതോടെ മരുഭൂമിയുടെ വിസ്മയങ്ങൾ തേടിയുള്ള യാത്ര താത്കാലികമായി ഞങ്ങൾക്ക് അവസാനിപ്പിക്കേണ്ടതുണ്ട്.
ജിദ്ദയിലെ പ്രവാസ ജീവിതം ഒരു ദശാബ്ദം പിന്നിട്ടു കഴിഞ്ഞ വർഷമാണ് ഞാൻ ദമ്മാമിലെത്തുന്നത് . അതിനു മുൻപ് തന്നെ ദമ്മാം സഞ്ചാരി ഗ്രൂപ്പിനെ കുറിച്ച് ഏതാനും ചില ഫേസ് ബുക്ക് സുഹൃത്തുക്കളിലൂടെ അറിയാമായിരുന്നു. അവരോടൊത്തുള്ള ഒരു യാത്ര ദമ്മാമിലെത്തിയ അന്ന് മുതലേ മനസ്സിലെ ഒരു മോഹമായിരുന്നു. മുൻപ് നടന്ന പല യാത്രകളെ കുറിച്ചും അറിഞ്ഞിരുന്നു എങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ പങ്കെടുക്കാൻ സാധിച്ചില്ല. അവസാനം ആ ആഗ്രഹം ഇവിടെ സഫലമായിരിക്കുകയാണ്.
യാത്രകൾ പ്ലാൻ ചെയ്യുന്നതിലും, നടപ്പാക്കുന്നതിലും പരമാവധി പ്രയാസരഹിതമാക്കുന്നതിലും ദമ്മാം സഞ്ചാരി ഗ്രൂപ്പിന്റെ അഡ്മിൻമാരും കോർ ടീം അംഗങ്ങളും പുലർത്തുന്ന നേതൃപാടവം നേരിട്ടനുഭവിക്കാൻ ഈ യാത്രയിലൂടെ സാധിച്ചു. അവർക്ക് അഭിനന്ദങ്ങളും നന്ദിയും അറിയിച്ചു അടുത്ത യാത്രയെ സ്വപ്നം കണ്ടു ഞങ്ങൾ വീണ്ടും പ്രവാസത്തിന്റെ വിരസതയിലേക്ക് തിരിഞ്ഞു നടന്നു.