വിവരണം – ശബരി വർക്കല.
ഇരുളിെൻറ കൈപിടിച്ച് യാത്ര ആരംഭിച്ച് അതിരാവിലെ ചെക്പോസ്റ്റിനു മുന്നിലെത്തുേമ്പാൾ ഒന്ന് ആശങ്കയിലാകും. കാരണം ഇരുട്ടിൽ ഒരു തരിപോലും ഭയപ്പെടാതെ മുന്നോട്ട് ഒാടിക്കൊണ്ടിരിക്കുന്ന ചക്രങ്ങൾ പെെട്ടന്ന് കറക്കം നിർത്തിയിരിക്കുന്നു. പാതക്ക് കുറുകെ പിണങ്ങി കിടക്കുന്ന ചെക്പോസ്റ്റും. അതിനരികിലായി ‘കേരള ബോർഡർ’ എന്ന് ഒരു ബോർഡും. അവിടെ വഴി അവസാനിച്ചിരിക്കുന്നു.
ഏതോ ഇന്ത്യ-പാക് അതിർത്തിയിൽ അറിയാതെ എത്തിപ്പെട്ട യാത്രികെൻറ മനസ്സാകും പലർക്കും എന്നതിൽ സംശയമില്ല. അങ്കലാപ്പോടെ ചിന്തിക്കും നാം വന്നവഴി മാറിപ്പോയോ? എത്ര ദൂരം തിരികെ പോകേണ്ടിവരും? പാതിവഴിയിൽ യാത്ര ഉപേക്ഷിക്കേണ്ടിവരുമോ എന്നൊക്കെ ഒരായിരം ചോദ്യങ്ങൾ മനസ്സിലേക്ക് കടന്നുവരും. എന്നാൽ രാവിലെ ആറുമണിക്ക് ആ ചെക്പോസ്റ്റ് തുറക്കുന്നതിലൂടെ ഇൗ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരംകിട്ടും. പാലക്കാട് ജില്ലയിലെ കേരള -തമിഴ്നാട് അതിർത്തി പ്രദേശമായ മുള്ളിയിലെ ചെക്പോസ്റ്റിനെ കുറിച്ചാണ് പറഞ്ഞത്.
രാത്രി 12 മണിക്ക് തൃശൂരിൽനിന്ന് ആരംഭിച്ച് പാലക്കാട്, മണ്ണാർക്കാട്, അട്ടപ്പാടി, താവളം വഴി 5.30 ആയപ്പോഴേക്കും മുള്ളി ചെക്പോസ്റ്റിനു മുന്നിലെത്തി. പോകേണ്ടത് അതിർത്തി കടന്ന് വനത്തിലൂടെ തമിഴ്നാടൻ മലയോര ഗ്രാമമായ കിണ്ണക്കൊരൈയിലേക്കും. കേരളത്തിൽ നിന്നുവരുന്ന ബസ് സർവീസ് ഇവിടെ അവസാനികുന്നു.
നേരം പുലർന്നപ്പോൾ അവിടെനിന്നും ഒരു കുഞ്ഞുമൺപാത തെളിഞ്ഞു കാണാം. ആറുമണിക്ക് ചെക്പോസ്റ്റ് തുറന്ന് കേവലം ഒരു 50 മീറ്റർ മുന്നിലേക്ക് പോകുേമ്പാൾ ചരിത്രം പറയുന്ന ഒരു മൈൽക്കുറ്റി കാണാൻ കഴിയും. അതിെൻറ ഒരു വശത്ത് കേരള ബോർഡർ എന്നും മറുവശത്ത് മദ്രാസ് സ്റ്റേറ്റ് ബൗണ്ടറി എന്നും രേഖപ്പെടുത്തിയിരിക്കുന്നു. സംസ്ഥാന വിഭജനകാലത്ത് സ്ഥാപിക്കപ്പെട്ടതാണെന്ന് കരുതുന്നു. കാരണം 1956ൽ കേരളം ഉണ്ടായെങ്കിലും തമിഴ്നാട് എന്ന പേര് 1960ൽ ആണ് നിലവിൽവന്നത്.
ആ കുഞ്ഞ് മൺപാതയിലൂടെ കുറച്ചുദൂരം സഞ്ചരിക്കുേമ്പാൾ അടുത്ത തമിഴ്നാടിെൻറ ചെക്പോസ്റ്റ് ആകുന്നു. അവിടെ കോയമ്പത്തൂരിൽനിന്നും മാഞ്ചൂരിലേക്ക് പോകുന്ന റോഡും വന്നുചേരുന്നു. അതുവഴിയേ വലിയ വാഹനങ്ങൾ ഇവിടേക്ക് വരികയുള്ളൂ. ആ ചെക്പോസ്റ്റിനുമപ്പുറം പ്രകൃതി ഒളിപ്പിച്ചുവെച്ചിരിക്കുന്നത് അധികം ആരും ആസ്വദിച്ചിട്ടില്ലാത്ത തൊട്ടുതിണ്ടാത്ത വന്യസൗന്ദര്യമാണ്. ആ മലയോരപാതയിൽ ഇരുളിെൻറ നിഴൽകൂട്ട് പിടിച്ച് എല്ലാ രാത്രിയിലും ആനകളുടെ വിളയാട്ടമാണ്.അതുകൊണ്ടുതന്നെ രാത്രി സഞ്ചാരം നിരോധിച്ചിരിക്കുന്നു.
ചെക്പോസ്റ്റ് തുറക്കുന്ന സമയം ആനയ്ക്ക് അറിയാമെങ്കിലും ചില ദിവസങ്ങളിൽ തണുപ്പിെൻറ തീക്ഷ്ണത കുടുതൽ കാരണം ബാറ്ററി ലോ ആയ സൂര്യൻ പ്രകാശിക്കാൻ ലേറ്റാകുേമ്പാൾ ആനയുടെ ടൈംമിംഗും തെറ്റാറുണ്ട്. ആ സമയങ്ങളിൽ ചിലപ്പോൾ അവ കൂട്ടംകൂട്ടമായി ഹെയർപിൻ വളവുകളിൽ കാണാറുണ്ട്. അതുകൊണ്ടുതന്നെ ചെക്പോസ്റ്റ് തുറക്കുന്നതോടൊപ്പം വനപാലകരുടെ ഉപദേശവും കിട്ടി. ‘യാന ഇരുക്ക് പാത്ത് പോെങ്ക’…
മലമുകളിലെ മൺകുടങ്ങളിൽ കരുതിവെച്ച മിഴിനീരിലെ കൂറ്റൻ പെൻസ്േട്രാക്ക് പൈപ്പുകളിലൂടെ താഴെ പണിതുയർത്തിയ കൂറ്റൻ കെട്ടിടത്തിലേക്ക് എത്തിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന കാനഡ പവർഹൗസാണ് ആദ്യ ദൃശ്യവിസ്മയം. പണ്ടുകാലത്ത് ഒരുപാട് തമിഴ് സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. കനേഡിയൻ സഹായത്തോടെ നിർമിച്ചതിനാലാകണം കാനഡ പവർഹൗസ് എന്ന് പേര് നൽകിയത് എന്ന് കരുതപ്പെടുന്നു. സാധാരണ അണക്കെട്ടുകളിൽ കാണുന്ന തലവര ബോർഡ് ഇവിടെയും സ്ഥാപിച്ചിരിക്കുന്നു. ‘ഫോേട്ടാഗ്രാഫി നിരോധിച്ചിരിക്കുന്നു’. അതിനാൽ ആ കാഴ്ച മനസിെൻറ അൺലിമിറ്റഡ് സ്റ്റോറേജായ മെമ്മറികാർഡ് പകർത്തി വീണ്ടും മുേന്നാട്ട്.
അടുത്തതായി അതിമനോഹരമായ ഒരു വെള്ളച്ചാട്ടത്തിെൻറ ചിത്രഫലകം ആണ് കാണാനിടയായത്. ഒറ്റനോട്ടത്തിൽ കാടിനുള്ളിൽ വരച്ചുവെച്ച 3ഡി ചിത്രമായാണ് ആദ്യം തോന്നിപ്പോയത്. സൂക്ഷിച്ച് നോക്കിയപ്പോഴാണ് താഴെ പതിക്കുന്ന ജലകണങ്ങൾക്ക് ജീവനുണ്ടെന്ന് മനസ്സിലായത്. നിറഞ്ഞുനിൽക്കുന്ന കാടിനുനടുവിൽ തെളിഞ്ഞുറങ്ങുന്ന ജലകണങ്ങൾ ഉറക്കച്ചടവിനെയും ഉച്ചി മുതൽ പാദംവെര വ്യാപിച്ച ക്ഷീണത്തേയും അപ്പാടെ പറിച്ചെറിഞ്ഞുകളഞ്ഞു. കുറച്ചുനേരത്തെ കുളിയ്ക്ക് ഒടുവിൽ തണുപ്പ് അധികമായി ശരീരത്തിൽ കയറിയതിനാലാവണം നന്നായി വിറയ്ക്കുകയും വിശക്കുകയും ചെയ്തു. വിശപ്പ് എങ്ങനെയും സഹിക്കാം. പക്ഷേ, വിറയൽ സഹിക്കാൻ കഴിയാത്തതിനാൽ പതുക്കെ കുളി അവസാനിപ്പിച്ച് വണ്ടിയിൽ കയറി പതിയെ ചക്രങ്ങൾ ഉരുട്ടി തുടങ്ങി.
ഗദയിൽ നിന്നുമാണ് മാഞ്ചുരി മലക്കുള്ള ഹെയർപിൻ വളവുകൾ ആരംഭിക്കുന്നത്. 43 കൊടും വളവുകൾ കയറിേവണം മഞ്ഞുപെയ്യുന്ന ഉൗരായ മാഞ്ചൂരിൽ എത്താൻ. അവിടെ മാത്രമാണ് പിന്നെ അത്യാവശ്യം ജനവാസമുള്ളതും കഴിക്കാൻ എന്തെങ്കിലും കിട്ടുന്നതും. ഹെയർപിൻ വളവുകൾ അടയാളപ്പെടുത്തിയിട്ടുള്ള ബോർഡുകൾ തണുപ്പിെൻറ പ്രഹരമേറ്റ് വിറങ്ങലിച്ച് നിൽക്കുന്ന കാഴ്ചയാണ് പിന്നീട് അങ്ങോട്ട്.
മലകയറി മുകളിലെത്തി താഴേക്കുനോക്കുേമ്പാൾ പിന്നിട്ട വളവുകൾ തണുപ്പിൽ ചുരുണ്ടുകൂടി കിടക്കുന്ന കാഴ്ച ആരിലും കൗതുകം ഉണർത്തും. തീർത്തും വിജനമായ ഒരിടത്തുകൂടി മണിക്കൂറുകളോളം യാത്രചെയ്ത് മനുഷ്യവാസത്തിെൻറ അടയാളങ്ങൾ കണ്ടുതുടങ്ങുേമ്പാൾ സാധാരണ ആശ്വാസമാണല്ലോ പതിവ്. എന്നാൽ എന്നിൽ പലപ്പോഴും ഭീതിയാണ് ഉണർത്താറ്. കാരണം മനുഷ്യന് നാട് നശിപ്പിച്ചേ ശീലമുള്ളൂ. തണുത്ത് വിറച്ച ആ കവല ഞങ്ങളെ സ്വാഗതം ചെയ്യുേമ്പാൾ ഒന്നുരണ്ട് ഹോംസ്റ്റേകൾ തലപൊക്കിയെന്നല്ലാതെ പ്രത്യേകിച്ച് എടുത്തുപറയത്തക്ക മാറ്റങ്ങൾ ഒന്നും കണ്ടില്ല.
കവലയിൽ തന്നെയാണ് പന്തളംകാരനായ സജിയുടെ നീലഗിരി ഹോട്ടൽ. ഒരുപാട് പഴക്കമുണ്ട് ഞാനും സജിയും തമ്മിലുള്ള ബന്ധം. മാഞ്ചൂരിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേയൊരു ഹോട്ടൽ ഉടമയും അദ്ദേഹമായിരിക്കും. അന്ന് അധികമാരും എത്തിപ്പെടാതെ കിടന്ന പുറംലോകവുമായി അധികം ബന്ധമില്ലാതെ, ഭൂമിയുടെ ഒരറ്റത്ത് മഞ്ഞുമൂടി കിടന്ന് മാഞ്ചൂരിൽ ആദ്യമായി മലയാളിയായ സജിയെ പരിചയപ്പെടുേമ്പാൾ ‘നഗ്നമേനിയിലാസകലം പച്ചമണ്ണ് അരച്ച്തേച്ച് വനവിഭവങ്ങളുമായി കാട്ടുമനുഷ്യർ സംഗമിക്കുന്ന മോമ്പാസയിലെ മാർക്കറ്റിൽ കോഴിക്കോട്ടുകാരനായ സജിയെയും ചന്തുകുഞ്ഞിനെയും ഉണ്ണിക്കുട്ടിയെയും കണ്ടപ്പോൾ എസ്.കെ പൊറ്റക്കാടിന് ഉണ്ടായ അതേ ആശ്ചര്യമായിരുന്നു എനിക്കും. എന്തായാലും ആ പരിചയം പുതുക്കാനായി മാഞ്ചൂർ സ്പെഷ്യൽ ഇഡ്ഡലിയും സാമ്പാറും പറഞ്ഞു. ഹോട്ടൽ മലയാളിയുടേതാണെങ്കിലും ജീവനക്കാർ തമിഴ്നാട്ടുകാരായതുകൊണ്ട് തന്നെ അവരുടെ ചട്നിയുടെയും സാമ്പാറിെൻറയും രുചി പറഞ്ഞറയിക്കേണ്ടതില്ലല്ലോ.
മനുഷ്യജീവിതത്തിലെ ഏറ്റവും മഹത്തായ നിമിഷം അജ്ഞാത സ്ഥലത്തേക്കുള്ള യാത്രയായതുകൊണ്ട് തന്നെ അവിടെനിന്നും കേട്ടുകേൾവിയോ പറഞ്ഞറിവോ ഇല്ലാത്ത കിണ്ണക്കോരൈയിലേക്കായിരുന്നു വണ്ടി ചലിച്ചത്. ‘താഴ്ശോലൈ’ എന്ന ഗ്രാമത്തിലൂടെയാണ് വണ്ടി കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. വേണമെങ്കിൽ തമിഴ്നാട്ടിലെ മീശപ്പുലിമല എന്നു വിശേഷിപ്പിക്കാം. അത്രയ്ക്ക് മഞ്ഞുപെയ്യുകയാണ് അവിടം. ഇവിടെ അധിപൻ ഞാനാണ്. മഞ്ഞ് മേഘങ്ങൾ എെൻറ കാൽക്കീഴിലാണ്. ഹിന്ദി സീരിയലുകളിൽ കാണുന്ന കൈലാസം ഇവിടെയാണെന്ന് തോന്നിപ്പോകും.
എവർലാസ്റ്റിംഗ് ഫ്ലവേഴ്സ് അഥവാ ഉൗട്ടിപൂക്കൾ എന്ന് നാംവിളിക്കുന്ന മഞ്ഞപൂക്കൾ റോഡിനിരുവശവും അലങ്കരിക്കുന്ന മറ്റൊരു മനോഹര കാഴ്ചയും അവിടെ കാണാൻ കഴിഞ്ഞു. അമ്മ ഒരു അധ്യാപിക ആയിരുന്നതിനാൽ എല്ലാവർഷവും കുട്ടികളെയുംകൊണ്ട് ടൂർപോയി തിരിച്ചുവരുേമ്പാൾ എനിക്ക് തന്നിരുന്ന ഒരു പതിവ് സമ്മാനമായിരുന്നു അത്. ഒരു വർഷംവരെ വാടാതിരിക്കുന്ന ആ പൂക്കൾ ഞാൻ ഇന്ന് തിരിച്ച് അമ്മയ്ക്ക് സമ്മാനമായി നൽകാൻ പതുെക്ക പറിച്ചെടുത്തിരുന്നു.
അവിടെനിന്നും കുറച്ചുകൂടി മുന്നിലേക്ക് പോകുേമ്പാൾ വഴി രണ്ടായി പിരിയുന്നു. കിണ്ണക്കോരൈയ്ക്കും അപ്പർഭവാനിക്കും. അപ്പർഭവാനി നേരത്തെ പോയിട്ടുള്ളതുകൊണ്ട് തന്നെ പോകാത്ത വഴികളും കാണാത്ത കാഴ്ചകളുംതേടി കിണ്ണക്കൊരൈ റോഡിലേക്ക് തിരിഞ്ഞു. കല്യാണവീട്ടിൽ വൃക്ഷങ്ങൾക്കിടയിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാക്സ് ലൈറ്റുപോലെയായിരുന്നു ആ വഴിയിലുടനീളം വൃക്ഷങ്ങൾക്കിടയിലൂടെ സൂര്യൻ തെൻറ പ്രകാശത്തെ തള്ളിവിടുന്നത്. ആ ഹൈമാക്സ് ലൈറ്റിൽ കുറച്ചുചിത്രങ്ങളെടുത്ത് ഞങ്ങൾ വീണ്ടും മുന്നോട്ടുനീങ്ങി.
‘കിണ്ണക്കൊരൈ’ എന്ന ബോർഡ് ദർശനം നൽകിയിരിക്കുന്നു. ചുറ്റും തേയിലത്തോട്ടങ്ങൾകൊണ്ട് മനോഹരമായ ഒരു ചെറുഗ്രാമം. വർഷങ്ങൾക്കുമുേമ്പ മേഘമലയിൽ കണ്ട അതേ കന്യകത്വം നിറഞ്ഞ ഭൂമി. ജയിൽ തോട്ടങ്ങൾ എന്നാണ് കിണ്ണക്കൊരൈ അറിയപ്പെടുക. പണ്ടുകാലത്ത് കുറ്റംചെയ്യുന്നവരെ കൊണ്ടിടുന്ന ഒരു തുറന്ന ജയിലായിരുന്നത്രെ ഇത്.
സമയം ഉച്ചകഴിഞ്ഞതിനാൽ എല്ലാവർക്കും വിശപ്പ് അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. ആകെ ഉണ്ടായിരുന്ന മഹേഷ് ചേട്ടെൻറ ചായക്കടയിൽ കയറി കഴിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് ആദ്യം നിരാശയാണ് കിട്ടിയത്. കാരണം വിനോദസഞ്ചാരികൾ അധികമായി ആരുംതന്നെ എത്താറില്ല. അതിനാൽ ചായയും രാവിലത്തെ ബ്രേക്ഫാസ്റ്റും ആയി ഇഡ്ഡലി മാത്രമാണ് ഉണ്ടാക്കാറ്. നമ്മുടെ ദയനീയ അവസ്ഥകണ്ട് പുള്ളി തന്നെ നമുക്ക് ഒരു ഉപായം പറഞ്ഞുതന്നു.
കുറച്ചു ദൂരംകൂടി മുേന്നാട്ടുപോകുേമ്പാൾ ഹെറിയസെഗൈ എന്ന ഒരു ഗ്രാമത്തിൽ റോഡ് അവസാനിക്കും. അവിടെനിന്നും ഒരു പതിനഞ്ചുമിനിറ്റ് നടന്നാൽ ഒരു വ്യൂപോയിൻറ് ഉണ്ട്. അവിടെനിന്നും കേരളത്തിെൻറ മലനിരകളുടെ മനോഹര കാഴ്ചകാണാൻ കഴിയും. അത് കണ്ട് തിരിച്ചുവരുേമ്പാഴേക്കും നിങ്ങൾക്ക് വിശപ്പടക്കാനായി കുറച്ച് ഇഡ്ഡലി ഉണ്ടാക്കിത്തരാം. ഇഡ്ഡലിയെങ്കിൽ ഇഡ്ഡലി വണ്ടി നേരെ അവിടേക്കുവിട്ടു. രാത്രിയുടെ ഉറക്കക്ഷീണം പോലുംമാറ്റിക്കളയാനുള്ള ശക്തി ആ യാത്രക്കുണ്ടായിരുന്നെങ്കിൽ അതിെൻറ മനോഹാരിത ഉൗഹിക്കാമല്ലോ.
റോഡിനിരുവശവും ഇതുവരെ കാണാത്ത നിറങ്ങളിലും വലിപ്പത്തിലും പലതരം പൂക്കൾ. വാട്സ്ആപ്പിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത യുവതലമുറയെ പോലെ എനിക്ക് ആ ദൃശ്യഭംഗിയിൽനിന്ന് കണ്ണെടുക്കാനേ തോന്നിയില്ല. മാഞ്ചൂരിൽനിന്നും 30 കിലോമീറ്ററും തൃശൂരിൽനിന്ന് 190 കിലോമീറ്ററും പിന്നിട്ടിരിക്കുന്നു. ഒടുവിൽ ആ പാതയ്ക്ക് അവസാനം കണ്ടിരിക്കുന്നു. നിരനിരയായി കുറേ വീടുകൾ. ഒരു വീട്ടിൽനിന്നും അടുത്തതിലേക്ക് പൊതുവായ ഒരു ചുവർ മാത്രം.
ബഡഗാഡ് എന്നറിയപ്പെടുന്ന ഒരു പ്രത്യേക ജനസമൂഹമാണ് ഇവിടെ താമസിക്കുന്നത്. സ്വന്തമായി ലിപി ഇല്ലാത്ത കന്നഡയും തമിഴും കലർന്ന ഭാഷയാണ് ഇവരുടേത്. വൈകുന്നേരങ്ങളിൽ അവിടെ തീർത്തിരിക്കുന്ന നീണ്ട ഇരിപ്പിടങ്ങളിൽ പുരുഷന്മാർ ഒത്തുകൂടുന്നു. ജീവിതചര്യയും ആചാരങ്ങളും വളരെ കൗതുകകരമാണ്. കള്ളം, കവർച്ച, കൊലപാതകം ഇവയൊന്നും ഇൗ മലവാസികളെ ബാധിക്കുന്നതല്ല. വിവാഹത്തിനു സ്ത്രീധനമായി ഇവർ കൊടുക്കുന്നത് അവർതന്നെ സ്വയം ഉൽപാദിപ്പിക്കുന്ന ബീൻസ് ആണ്. വിശേഷ ദിവസങ്ങളിലും ഇതാണ് അവരുടെ മെയിൻ ആഹാരം. കാൽപാദം മണ്ണിലും കല്ലിലും അമർന്ന് രക്തഒാട്ടം സുഗമമാക്കാൻ പിച്ചവെക്കുന്ന കുഞ്ഞുങ്ങൾക്ക് പാദരക്ഷ അണിയിക്കില്ല.
ടിപ്പുസുൽത്താെൻറ കാലത്ത് സ്ത്രീ സുരക്ഷ പരിഗണിച്ച് കർണാടകയിൽനിന്നും രക്ഷപ്പെട്ടുവന്ന് ഇടമലയിൽ താമസം തുടങ്ങിയതാണിവർ. നിഗരിയുടെ ഭൂരിഭാഗം ജനവിഭാഗവും ഇവരാണ്. അധികം താമസിയാതെ ഞങ്ങൾ ആ കിണ്ണക്കൊരൈ വ്യൂപോയിൻറിനരികിലേക്ക് നടന്നു. മനുഷ്യനും മലകളും കണ്ടുമുട്ടുേമ്പാൾ മഹത്തായത് സംഭവിക്കുന്നുവെന്ന് വില്യം ബ്ലേക്ക് പറഞ്ഞത് എത്ര ശരിയാണ്.
നാം താഴെകണ്ട ആ പവർഹൗസിെൻറ ആകാശക്കാഴ്ചയാണ് ഇപ്പോൾ ഇവിടെനിന്നും വീക്ഷിക്കാനാവുക. താഴെകണ്ട കൂറ്റൻ പെൻസ്റ്റോക്ക് പൈപ്പുകൾ ഒരു തീപ്പെട്ടിക്കോലായും ആ വലിയ കെട്ടിടം ഒരു തീപ്പെട്ടിക്കൂട് പോലെയുമാണ് അവിടെനിന്നും കാണാൻ കഴിഞ്ഞത്. മൂന്നുവശവും അഗാധമായ ഗർഥങ്ങൾ.കേരളത്തിൽ ഇടുക്കിഡാം ഒരു അദ്ഭുതമാണെങ്കിൽ തമിഴ്നാട്ടിൽ കിണ്ണക്കൊരൈ അതിലും വലിയ അദ്ഭുതമാണെന്ന് പറയാം. ലോകാദ്ഭുതങ്ങൾ കാണാൻ കഴിയാത്തവർ ഇവിടെ വന്നാൽ ആ വിഷമം മാറിക്കിട്ടും. എന്തായാലും കൂടെവന്ന പ്രവാസി സുഹൃത്തിന് ഇത്രയും വലിയ ഒരു ദൃശ്യവിസ്മയം കാണിച്ചുകൊടുത്ത സന്തോഷത്തിൽ മഹേഷ് ചേട്ടെൻറ കടയിലെ ഉച്ചക്കുള്ള ഇഡ്ഡലിയും കഴിച്ച്,‘എത്തിച്ചേരുന്നതിനേക്കാൾ നന്നായി സഞ്ചരിക്കുന്നതാണ് നല്ലതെന്ന് ബുദ്ധൻ പറഞ്ഞതുപോലെ ഞങ്ങൾ അടുത്ത ഡെസ്റ്റിനേഷനിലേക്ക്….
കിണ്ണക്കൊരൈയിലേക്ക് പോകുേമ്പാൾ ഒാർേക്കണ്ടത്.. 1. വഴിയോരക്കാഴ്ചകൾകൊണ്ട് സമൃദ്ധമാണ് കിണ്ണക്കൊരൈ യാത്ര. 2. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായതിനാൽ രാത്രി യാത്ര ഒഴിവാക്കുക. 3. കേരളത്തിൽനിന്നും പാലക്കാട്ട് അട്ടപ്പാടി താളംതുള്ളി മാഞ്ചൂർ വഴിയും തമിഴ്നാട്ടിൽ നിന്ന് ഉൗട്ടി, കൂനൂർ, മാഞ്ചൂർ വഴിയും കിണ്ണക്കൊരൈയിൽ എത്താൻ കഴിയും. 4. രാവിലെ ആറുമണിക്കും ഉച്ചക്ക് രണ്ടുമണിക്കും ഉൗട്ടിയിൽനിന്ന് ബസ് സർവീസ് ഉണ്ട്.
5. താമസ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഉൗട്ടിയിലോ മാഞ്ചൂരോ താമസിച്ചിട്ട് പകൽസമയം പോകുന്നതായിരിക്കും ഉചിതം. 6. കേരളത്തിൽ നിന്നാണെങ്കിൽ മുള്ളിയിൽനിന്നും രാത്രി സഞ്ചാരം അനുവദനീയമല്ല. 7. മാഞ്ചൂർ മാത്രമാണ് പെട്രോൾപമ്പുള്ളത്. 8. നിങ്ങൾക്കു മുന്നേ യാത്രചെയ്തവർ ഒരു ദേവാലയംപോലെ ആ പുണ്യഭൂമിയെ കണ്ടതിനാലാണ് ഇന്ന് നിങ്ങൾക്ക് ആ സൗന്ദര്യം ആസ്വദിക്കാൻ കഴിഞ്ഞത്. അടുത്ത തലമുറക്കായി ആ സൗന്ദര്യം കാത്ത് സൂക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ്.
കടപ്പാട് : മാധ്യമം ഓൺലൈൻ.