ഒമാനിലെ മസ്‌കറ്റിലെ എൻ്റെ ആദ്യത്തെ പകൽ പുലർന്നിരിക്കുകയാണ്. ചുമ്മാ കറങ്ങിക്കളയാം എന്നുകരുതി ഞാൻ പെട്ടിയും എടുത്തുകൊണ്ട് ഇറങ്ങിയതല്ല ഇവിടേക്ക്. ഇവിടത്തെ പ്രശസ്തമായ അനന്തപുരി റെസ്റ്റോറന്റ് നിങ്ങൾക്ക് പരിചയപ്പെടുത്തി തരുന്നതിനായാണ് ഞാൻ മസ്കറ്റിൽ എത്തിയിരിക്കുന്നത്. അനന്തപുരി റെസ്റ്റോറന്റിന്റെ ആളുകളുടെ ക്ഷണം സ്വീകരിച്ചാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്.

മസ്കറ്റിലുള്ള മലയാളികൾക്ക് വളരെ അനന്തപുരി റെസ്റ്റോറന്റ്. ഈ റെസ്റ്റോറന്റിന്റെ പ്രത്യേകത എന്തെന്നാൽ ഒരു തീം ബേസ് ചെയ്തിട്ടുള്ള ഒരു ഹോട്ടലാണിത് എന്നതാണ്. ഭക്ഷണത്തിനൊപ്പം അവതരണത്തിലും ആമ്പിയൻസിലും വ്യത്യസ്തമാണ് അനന്തപുരി റെസ്റ്റോറന്റ്. കേരളത്തിലെ ‘പുറമറ്റം’ എന്ന സ്ഥലത്തെ പുനരാവിഷ്കരിച്ചിരിക്കുകയാണ് അനന്തപുരി റെസ്റ്റോറന്റിൽ. കേരളത്തിലെ ഒരു റേഷൻകട തനതു രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന കാഴ്‌ച ഏതൊരു പ്രവാസിയുടെയുള്ളിലും പഴയകാല നാടോർമ്മകൾ ഉണർത്തും എന്നുറപ്പാണ്. റേഷൻ കടയിലെ ബോർഡും, വിലവിവരപ്പട്ടികയും, മണ്ണെണ്ണ ടാങ്ക് എന്നിവ അതേപോലെ തന്നെ ഇവിടെ കാണാം. ഈ റേഷൻകടയ്ക്ക് മുന്നിൽ ആളുകൾക്ക് ഭക്ഷണം കഴിക്കുവാനായി ടേബിളുകളും കസേരകളും സെറ്റ് ചെയ്തിട്ടുമുണ്ട്.

റേഷൻ കടയ്ക്കു തൊട്ടിപ്പുറത്തായി ഒരു പാലക്കാടൻ ഗ്രാമഭംഗിയുടെ തീം ആണ് കാണുന്നത്. പാലക്കാട് ഭാഗത്തു നിന്നും എടുത്ത ഒറിജിനൽ ചിത്രം എൻലാർജ് ചെയ്ത് സെറ്റ് ചെയ്തിരിക്കുകയാണ് ഇവിടെ. ഈ ചിത്രത്തിനൊപ്പം ഒരു ബസ് സ്റ്റോപ്പ് കൂടി പണികഴിപ്പിച്ചിരിക്കുന്നു. നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണുന്നതുപോലെ ‘ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്’ പണികഴിപ്പിച്ചതുപോലെ എന്ന രീതിയിലാണ് ഈ ബസ് സ്റ്റോപ്പ് തയ്യാറാക്കിയിരിക്കുന്നത്.മനോഹരമായ ഈ ബസ് സ്റ്റോപ്പിൽ ഇരുന്നു ഭക്ഷണം കഴിക്കുവാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

പിന്നീട് എന്നെ ആകർഷിച്ച ഒരു പ്രധാന കാര്യം KSEB യുടെ ഒരു പോസ്റ്റും അതിനു താഴെ ഒരു പൊതു പൈപ്പും ഒറിജിനാലിറ്റിയോടെ തന്നെ രൂപീകരിച്ചിരിക്കുന്ന കാഴ്ചയായിരുന്നു. അതിനിപ്പുറത്തായി ഒരു പലചരക്കു കടയും സെറ്റ് ചെയ്തിരിക്കുന്നു. കടയോടൊപ്പം പ്രായമായ കടക്കാരനെക്കൂടി ഉൾപ്പെടുത്തുവാൻ അവർ മറന്നില്ല. പലചരക്കു കടയുടെ സമീപത്തായി ചുവന്നനിറത്തിലുള്ള പഴയ ഒരു പോസ്റ്റ്ബോക്സ് വെച്ചിരിക്കുന്നു. അതിനടുത്തായി മലഞ്ചരക്ക് വ്യാപാരക്കടയും വില്ലേജ് ഓഫീസും ഒക്കെ തനിമ നഷ്ടമാകാതെ തയ്യാറാക്കിയിരിക്കുന്നു.

അതിനപ്പുറത്തായി ഗ്രാമപ്രദേശങ്ങളിലെ ഒരു ചായക്കട അതേപോലെ സെറ്റ് ചെയ്തിരിക്കുന്ന കാഴ്‌ചയാണ്‌ പിന്നീട് എന്നെ ആകർഷിച്ചത്. റെസ്റ്റോറന്റിനുള്ളിൽ ഒരു ചായക്കട..!! അടിപൊളി അല്ലെ? ചായക്കടയിൽ കേരളം സർക്കാരിന്റെ കലണ്ടറും പഴയ സമോവറും പുറത്ത് സിനിമാ പോസ്റ്ററുകളും ഒക്കെയുണ്ട്. അങ്ങനെ മൊത്തത്തിൽ ഒരു കേരളഗ്രാമം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് മസ്‌കറ്റിലെ അനന്തപുരി എന്ന മനോഹരമായ ഈ റെസ്റ്റോറന്റിൽ.

അതിമനോഹരമായ ഈ കാഴ്ചകൾ പോലെത്തന്നെയാണ് ഇവിടത്തെ ഭക്ഷണവും. അതുകൊണ്ടുതന്നെയാണ് മസ്കറ്റിൽ ജീവിക്കുന്നവും സന്ദർശിക്കുന്നവരുമായ മലയാളികൾ ഇവിടേക്ക് വരുന്നത്. ഒരു കാര്യം കൂടിയുണ്ട്, മലയാളികൾ മാത്രമല്ല എല്ലാത്തരം ആളുകൾക്കും അനന്തപുരി റെസ്റ്റോറന്റ് വളരെ പ്രിയങ്കരമാണ്. അത് ഇവിടെ വന്നാൽ നിങ്ങൾക്ക് നേരിട്ട് ബോധ്യമാകും. ഇവിടത്തെ പ്രധാനപ്പെട്ട ഒരു ഐറ്റമാണ് ചട്ടിച്ചോറ്. മൺചട്ടിയിൽ ചോറും മീന്കറിയുമൊക്കെ ഇട്ട് ഒരു സുഖമുണ്ടല്ലോ… അത് അനുഭവിച്ചു തന്നെ അറിയണം സുഹൃത്തുക്കളേ.. ചട്ടിച്ചോറ് കഴിക്കാത്തവർ ആരെങ്കിലും മസ്കറ്റിൽ ഉണ്ടെങ്കിൽ തീർച്ചയായും അടുത്ത ദിവസം തന്നെ ഇതൊന്നു പരീക്ഷിച്ചു നോക്കണം.

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.