സഞ്ചാരികൾ ബാബുക്ക എന്നു സ്നേഹത്തോടെ വിളിക്കുന്ന ബാബു സാഗർ എന്ന സഞ്ചാരപ്രിയനായ ഡോക്ടറെ അറിയാത്ത മലയാളി ഫേസ്‌ബുക്ക് ഉപയോക്താക്കൾ അധികമാരും ഉണ്ടാകാനിടയില്ല. ലോകത്തെ തന്നെ ഏറ്റവും സാഹസികമായ ആര്‍ട്ടിക് പോളാര്‍ എക്സ്പെഡിഷനില്‍ മത്സരിക്കുന്ന വർത്തകളിലൂടെയാണ് ഇതിനു മുൻപ് അറിയാത്ത മലയാളികൾക്കിടയിൽ ബാബുക്ക പ്രശസ്തനായത്.

എവറസ്റ്റ് ബേസ് ക്യാമ്പും മറ്റു പർവ്വതങ്ങളും താണ്ടി വന്നിരിക്കുമ്പോഴാണ് ബാബുക്കയുടെ ഉള്ളിൽ അടുത്ത ലഡു പൊട്ടിയത്. ആർട്ടിക് പോളാർ എക്സ്പിഡിഷൻ. ഫിയാൽ റാവൻ എന്ന സ്വീഡിഷ് കമ്പനിയാണ് ഈ എക്സ്പിഡിഷൻ സംഘടിപ്പിക്കുന്നത്. മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റര്‍ വരുന്ന ആര്‍ട്ടിക്ക് മേഖല മുറിച്ചു കടക്കുന്ന അതിസാഹസികമായ പ്രകടനമാണ് ഇത്. കഴിഞ്ഞ വർഷം മലയാളിയായ പുനലൂർ സ്വദേശി നിയോഗ് ഈ മത്സരത്തിൽ പങ്കെടുക്കുയും വിജയകരമായി പൂർത്തിയാക്കുകയും ചെയ്തിരുന്നു. അന്ന് നിയോഗിനു വേണ്ട നിർദ്ദേശങ്ങളും മറ്റും നൽകി ഒരു രക്ഷാധികാരിയെപ്പോലെ നിന്നയാളാണ് ബാബുക്ക.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് ആയിരിക്കും ഇതിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. രാജ്യങ്ങളെ 10 വിഭാഗങ്ങളായി തരംതിരിച്ചു ഓണ്‍ലൈന്‍ വോട്ടിങ് സംവിധാനം വഴി വോട്ടിങ്ങില്‍ ആദ്യ സ്ഥാനത്തെത്തുന്ന പ്രതിനിധികള്‍ക്കാണ് ആര്‍ട്ടിക്ക് ദൗത്യത്തിന് ആദ്യം അര്‍ഹത ലഭിക്കുക. ബാക്കി 10 സഞ്ചാരികളെ ജൂറിയുടെ തീരുമാനത്തില്‍ തിരഞ്ഞെടുക്കപ്പെടും. മത്സരത്തിൽ പങ്കെടുക്കുവാൻ ബാബുക്കയ്ക്ക് വിലയേറിയ വോട്ടുകൾ ആവശ്യമായിരുന്നു. സംഭവം ബാബുക്കയുടെ സുഹൃത്തുക്കളും സഞ്ചാര ഗ്രൂപ്പുകളും മാധ്യമങ്ങളും ഏറ്റെടുത്തതോടെ രണ്ടാം സ്ഥാനത്തു നിന്നിരുന്ന ബാബുക്ക ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അങ്ങനെ ഈ വർഷത്തെ പോളാർ എക്സ്പിഡിഷൻ മത്സരത്തിൽ എല്ലാവരെയും പിന്തള്ളി ബാബുക്ക ഒന്നാമതാകുകയായിരുന്നു. സോഷ്യൽ മീഡിയയിലെ മലയാളികൾ അദ്ദേഹത്തെ വിജയിപ്പിച്ചു.

ഇപ്പോഴിതാ ലോകത്തെ ഏറ്റവും കഠിനമേറിയ അതിസാഹസിക യാത്രകളിലൊന്നായ ആർട്ടിക് പോളാർ എക്സ്പിഡിഷൻ ബാബുക്ക വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. ബാബുക്ക തന്നെയാണ് തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് വഴി ഈ വിവരങ്ങൾ എല്ലാവരെയും അറിയിച്ചിരിക്കുന്നത്. മത്സര രംഗത്തു നിന്നുള്ള ചിത്രങ്ങളും അതോടൊപ്പം എല്ലാവരോടും നന്ദിപറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പും അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ബാബുക്കയുടെ ആ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുത്തിരിക്കുന്നു. വായിക്കാം…

“എൻറെ പൊന്നു ചെങ്ങായിമാരെ…! ശരിക്കും ആരുടെയൊക്കെയോ ആഗ്രഹങ്ങളാണ് എന്നെ പോളാറിൽ എത്തിച്ചത്. ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല ഫിയൽ രാവൻ പോളാർ expedition ൻറെ ഭാഗമാവാൻ പറ്റുമെന്ന്. എന്റെ കൂടെ ഉണ്ടായിരുന്ന അധികപേരും ഏഴും എട്ടും വർഷങ്ങളായി ശ്രമിച്ചവരാണ്. പന്ത്രണ്ട് വർഷായി ശ്രമിക്കുന്ന ഒരു പെൺകുട്ടിയും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഒരു വർഷം കൊണ്ട് എന്നെ ഇവിടെ എത്തിച്ച എല്ലാവരോടും സ്നേഹം മാത്രം. വീണ്ടും ഒരു യാത്രയിലാണ്. ക്ഷീണിതനുമാണ്… നന്ദി പറച്ചിൽ എവിടെ നിന്ന് പറഞ്ഞു തുടങ്ങണമെന്ന് അറിഞ്ഞൂടാ..ഒരുപ്പാട് ആളുകളോട് നന്ദി പറയാനുണ്ട്. GNPC യിലെ അംഗങ്ങളോട്, സഞ്ചാരിയിലെ അംഗങ്ങളോട്, KVMയിലെ പിള്ളാരോട്.. അതിൽ ആദ്യം മുതൽ അവസാനം വരെ എല്ലാത്തിനും കൂടെ നിന്ന എളാപ്പനോടും Arun Vijay, സുബിയോടും, ശ്രുതിയോടും, അങ്ങനെ ഒരുപാട് വൃക്തികളോടും.. മറ്റു എല്ലാ യാത്ര ഗ്രൂപ്പുകളോടും. (എണ്ണിയാലൊതുങ്ങാത്ത അത്രയും ഗ്രൂപ്പുകൾ ഉണ്ടായതുകൊണ്ടാണ് പേര് എടുത്തു പറയാത്തത് ).

Venerini സ്ക്കുൾ മുതൽ അങ്ങ് St Petersburg വരെ ഉള്ള സുഹൃത്തുക്കളോടും ..മണാലിയിലെയും കടലുണ്ടിയിലെ സുഹൃത്തുക്കളോടും. ഇതിനെല്ലാം നിയോഗമായ നിയോഗിനോടും (Niyog Krishna) പിന്നെ പിറകെ നിന്നു കുത്തിയവരോടും പോവുന്നതിനു മുന്നെ പോളാറിനെ കുറിച്ച് ഇൻഫോമേഷൻ പോസ്റ്റ് ഇട്ട് സഹായിച്ചവരോടും.. ചായ ബിരിയാണി കണക്ക് പറഞ്ഞവരോടും.. കൂടെ നിന്ന കട്ട ചങ്കുകളെ ഫാൻസ് വാനരന്മാർ ആകിയവരോടും ഒരുപാട് ഒരുപാട് സ്നേഹം മാത്രം.. ഒരു മാസം എന്നെ സഹിച്ച ഉമ്മച്ചിയോട്.. കൂടെയില്ലെങ്കിലും ഖൽബിൽ ഉള്ള മോളോടും പിന്നെ കൂടെ നിന്ന പാത്തുവിനോടും സ്നേഹം മാത്രം. തിരിച്ചു നൽക്കാൻ ഒരുപിടി കഥകളാണ് കൈയിലുള്ളത്. നാട്ടിൽ എത്തിയാൽ എഴുത്തു തുടങ്ങുന്നതാണ്..അതുവരെ ക്ഷമിക്കുമല്ലോ…!”

മണാലിയിലെ “കേറി വാടാ മക്കളേ” എന്ന ബോർഡുമായി സഞ്ചാരികളുടെ മനസ്സിൽ കടന്നുകയറിയ ജിന്നായ ബാബുക്ക ഇന്ന് ലോകത്തിനു മുന്നിൽ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ട് എല്ലാ ഇന്ത്യക്കാർക്കും (ഇന്ത്യക്കാർക്ക് മാത്രമല്ല, ലോകത്തിലെ എല്ലാ സഞ്ചാരികൾക്കും) ഒരു അഭിമാനമായി മാറിയിരിക്കുകയാണ്. ബാബുക്കയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.