ടൂറിസത്തിനു പ്രാധാന്യമുള്ള സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഒരു രാജ്യമാണ് കംബോഡിയ. പുരാതനമായ ക്ഷേത്രങ്ങളാണ് കംബോഡിയയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ. ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ സൗകര്യം ലഭ്യമായതിനാൽ നമ്മുടെ നാട്ടിൽ നിന്നും ധാരാളം സഞ്ചാരികൾ കംബോഡിയയിലേക്ക് യാത്ര പോകാറുണ്ട്.

എന്നാൽ കൊറോണ വൈറസ് ലോകമാകെ പടർന്നു പന്തലിച്ചപ്പോൾ പകച്ചു നിന്നുപോയതിൽ ടൂറിസം രംഗം കൂടിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള മുൻകരുതലുകൾ കൈക്കൊണ്ടു തന്നെ കംബോഡിയയിലേക്ക് ടൂറിസ്റ്റുകളെ അവർ സ്വാഗതം ചെയ്യുകയാണ്. പൊതുവെ ബഡ്‌ജറ്റ്‌ ട്രിപ്പുകൾക്ക് അനുയോജ്യമായ ഒരു സ്ഥലമായിരുന്നു കംബോഡിയ എങ്കിലും ഇപ്പോൾ അവിടേക്കു പ്രവേശനം ലഭിക്കാൻ നമ്മൾ ചെയ്യേണ്ടത് ആരെയും അമ്പരപ്പിക്കും. മറ്റൊന്നുമല്ല, നമ്മുടെ ശവമടക്കിനുള്ള തുക കൂടി കെട്ടി വെക്കണം. എന്നാലേ കംബോഡിയയിൽ ഇനി ഒരു വിദേശ സഞ്ചാരിയ്ക്ക് കാലുകുത്താൻ കഴിയൂ.

കോവിഡ് – 19 സർവ്വീസ് ചാർജ്ജ് എന്ന പേരിൽ 3000 യുഎസ് ഡോളറുകളാണ് കംബോഡിയയിലെ എയർപോർട്ടിൽ ഇറങ്ങിയാലുടൻ സഞ്ചാരികൾ കെട്ടിവെക്കേണ്ടത്. ഇത് പണമായോ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ അടക്കുവാൻ സാധിക്കും. ഈ പൈസയും കെട്ടിവെച്ചങ്ങു ചുമ്മാ ഇറങ്ങിപ്പോകാമെന്നു വിചാരിക്കേണ്ട. ഇതിനു ശേഷം സഞ്ചാരികളെ കൊണ്ടുപോകുന്നത് കോവിഡ്-19 ടെസ്റ്റ് ചെയ്യുന്നതിനായാണ്. എയർപോർട്ടിൽ നിന്നും ടെസ്റ്റിങ് സെന്ററിലേക്കുള്ള യാത്രാചാർജ്ജായി അഞ്ച് ഡോളറുകളാണ് ഈടാക്കുന്നത്. ഈ തുക നമ്മൾ കെട്ടിവെച്ച ഡെപ്പോസിറ്റിൽ നിന്നും ഈടാക്കും.

ടെസ്റ്റിങ് സെന്ററിൽ എത്തിയ ശേഷം യാത്രികർക്ക് കൊറോണ വൈറസ് ബാധയുണ്ടോയെന്നു ടെസ്റ്റ് ചെയ്യും. കോവിഡ് – 19 ടെസ്റ്റ് ചെയ്യുന്നതിന് 100 ഡോളറാണ് ചാർജ്ജ്. ടെസ്റ്റ് ചെയ്തതിന്റെ റിസൾട്ട് വരുന്നതു വരെ അവർ പറയുന്ന ഹോട്ടലിലോ, അല്ലെങ്കിൽ പ്രത്യേകം തയ്യാറാക്കിയ കാത്തിരിപ്പുകേന്ദ്രത്തിലോ തങ്ങേണ്ടി വരും. ഇത്തരത്തിൽ ഒരു ദിവസം തങ്ങുന്നതിന് 30 ഡോളറാണ് ചാർജ്ജ്. യാത്രികൻ വന്ന വിമാനത്തിൽ ആർക്കെങ്കിലും കോവിഡ്-19 സ്ഥിരീകരിച്ചാൽ ആ വിമാനത്തിലെ എല്ലാ യാത്രക്കാരും 14 ദിവസത്തേക്ക് ഐസൊലേഷനിൽ കഴിയേണ്ടി വരും.

ഇനി അഥവാ ടെസ്റ്റ് പോസിറ്റീവ് ആണെങ്കിൽ നാലു ടെസ്റ്റുകൾക്ക് വിധേയമാക്കും. ഓരോ ടെസ്റ്റിനും 100 ഡോളർ വീതമാണ് ചാർജ്ജ്. കൂടാതെ 3150 ഡോളർ ചികിത്സാ ചെലവിനായി വേറെ അടക്കേണ്ടിയും വരും. നിർഭാഗ്യവശാൽ യാത്രികൻ മരണപ്പെടുകയാണെങ്കിൽ ശവസംസ്ക്കാരത്തിനായി 1500 ഡോളറാണ് ചാർജ്ജ് ആകുന്നത്. കൂടാതെ 50000 ഡോളറിന്റെ മെഡിക്കൽ ഇൻഷുറൻസ് പോളിസിയും എടുത്തെങ്കിൽ മാത്രമേ കംബോഡിയയിലേക്ക് പ്രവേശനം സാധ്യമാകൂ.

ചുരുക്കിപ്പറഞ്ഞാൽ നല്ല പണം പൊടിക്കാൻ കഴിവുള്ളവർ മാത്രം കംബോഡിയയിലേക്ക് ഇപ്പോൾ പോയാൽ മതി. തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളും ഇത്തരത്തിൽ വലിയ ചാർജ്ജുകൾ ഈടാക്കാൻ തീരുമാനിച്ചാൽ നമ്മുടെയെല്ലാം ബഡ്‌ജറ്റ്‌ ഇന്റർനാഷണൽ ട്രിപ്പ് മോഹങ്ങളൊക്കെ അടക്കി വെക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.