ഹോളിവുഡ് സിനിമകളിലൊക്കെ നമ്മൾ കണ്ടിട്ടുണ്ടാകും ഒരു വലിയ വാൻ വീടാക്കി നാടുചുറ്റുന്ന ആളുകളെയൊക്കെ. ഒരുകാലം വരെ നമുക്ക് ഈ കാഴ്ചയും അനുഭവങ്ങളുമൊക്കെ അന്യമായിരുന്നു. എന്നാൽ ഇപ്പോൾ നമ്മുടെ രാജ്യത്തും ഇത്തരത്തിലുള്ള സഞ്ചരിക്കുന്ന വീടുകൾ ധാരാളമായി വന്നു തുടങ്ങിയിട്ടുണ്ട്. നമ്മൾ കാരവൻ എന്നൊക്കെ പറയുമെങ്കിലും Recreational Vehicle അഥവാ RV എന്നാണു ഇത്തരത്തിലുള്ള വീട് വണ്ടികളുടെ ശരിക്കുള്ള പേര്.

ഇപ്പോഴിതാ ഇത്തരം RV കളിൽ സഞ്ചരിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് കർണാടക. 2020 ജൂൺ 17 മുതൽ ‘കാരവൻ ടൂറിസം’ കൊണ്ടുവന്നിരിക്കുകയാണ് കർണാടക സർക്കാർ. കൊറോണ വൈറസ് വ്യാപനം മൂലം സംസ്ഥാനത്തെ (ലോകത്തിലെ മുഴുവനും) ടൂറിസം മേഖല തകർന്നു തുടങ്ങിയപ്പോൾ അതിനെ ഉയർത്തിയെടുക്കുവാനെന്നോണം കണ്ടെത്തിയ ഒരു പുതിയ ഐഡിയയാണ് ‘കാരവൻ ടൂറിസം.’

എന്തുകൊണ്ടാണ് ഈ അവസരത്തിൽ കാരവൻ ടൂറിസത്തിനു ഇത്ര പ്രാധാന്യം വന്നത്? ഒന്നാലോചിച്ചാൽ മനസ്സിലാകും അത്. മറ്റൊന്നുമല്ല, നമുക്ക് സാമൂഹികമായ ബന്ധം കൂടാതെ ഒരിക്കലും യാത്രകൾ പോകുവാൻ സാധ്യമല്ല. ഉദാഹരണത്തിന് സ്വന്തമായി വാഹനങ്ങളില്ലെങ്കിൽ ടൂറിസ്റ്റ് വണ്ടികളിലോ മറ്റോ ആയിരിക്കും നമ്മൾ യാത്ര പോകുന്നത്. ഇനി പോകുന്ന വഴിയ്ക്ക് ഭക്ഷണം കഴിക്കാൻ തീർച്ചയായും ഹോട്ടലുകളിൽ കയറേണ്ടി വരും. അതോടൊപ്പം മൂത്രമൊഴിക്കുവാനും മറ്റും പൊതു ടോയ്‌ലറ്റുകളും ഉപയോഗിക്കേണ്ടി വരും.

സാമൂഹിക അകലം പാലിക്കേണ്ട ഈ സമയത്ത് മേൽപ്പറഞ്ഞ ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോൾ അത് ഒട്ടും സുരക്ഷിതമല്ല എന്നു തന്നെ പറയാം. ഇവിടെയാണ് കാരവൻ ടൂറിസത്തിൻ്റെ പ്രാധാന്യം. കാരവനിൽ യാത്ര പോകുകയാണെങ്കിൽ നമുക്ക് പുറത്തു നിന്നുള്ളവരുമായി നല്ല രീതിയിൽ അകലം പാലിക്കുവാൻ സാധിക്കും. വണ്ടിയിലെ കിച്ചണിൽ സ്വയം ഭക്ഷണം പാകം ചെയ്യാം. ഉറങ്ങണമെങ്കിൽ അതിനും സൗകര്യമുണ്ട്. ഒപ്പം തന്നെ ടോയ്‌ലറ്റ് സൗകര്യങ്ങളും കാരവനിൽ ഉണ്ടാകും.

ഒരു വീട്ടിൽ ഉണ്ടായിരിക്കേണ്ട പല വസ്തുക്കളും കാരവനിൽ തയ്യാറാക്കിയിട്ടുണ്ട്. സോളാർ പവ്വർ കൊണ്ടാണ് കാരവനിലെ വൈദ്യുതി ഉപയോഗങ്ങൾ സാധ്യമാക്കുന്നത്. ഇതിനായി വാഹനത്തിന്റെ റൂഫ്‌ടോപ്പിൽ സോളാർ പാനലും സെറ്റ് ചെയ്തിട്ടുണ്ട്.

സുരക്ഷയെ മുൻനിർത്തി 360 ഡിഗ്രി സിസിടിവി ക്യാമറകൾ, എമർജൻസി എക്‌സിറ്റുകൾ, ഫയർ എസ്ടിഗ്യൂഷനുകൾ, ഫസ്റ്റ് എയ്‌ഡ്‌ കിറ്റുകൾ, ജിപിഎസ് ട്രാക്കർ എന്നിവ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഈ സൗകര്യങ്ങളാണ് കർണാടക കൃത്യമായ പ്ലാനിംഗിലൂടെ കൃത്യ സമയത്ത് നടപ്പാക്കിയിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന LuxeCamper എന്ന പ്രൈവറ്റ് ടൂർ ഏജൻസിയുമായി സഹകരിച്ചാണ് ഈ പദ്ധതി കർണാടക കൊണ്ട് വന്നിരിക്കുന്നത്.
ടൂറിസ്റ്റുകൾക്ക് LuxeCamper വെബ്‌സൈറ്റിൽ നിന്നും കാരവനുകൾ ബുക്ക് ചെയ്യാവുന്നതാണ്. വിവിധ ടൂറിസ്റ്റു കേന്ദ്രങ്ങളിലും, കർണാടക ടൂറിസം വകുപ്പ് ഹോട്ടലുകളിലുമൊക്കെ ഇത്തരം കാരവനുകൾക്ക് പാർക്കിംഗ് സൗകര്യങ്ങളും അവർ സജ്ജമാക്കിയിട്ടുണ്ട്.

ഏറ്റവും കുറഞ്ഞത് 30000 രൂപയ്ക്ക് മുകളിലാണ് രണ്ടു പേർക്ക് ഒരു ദിവസത്തേക്ക് കാരവൻ എടുക്കുവാനായി ചിലവ് വരുന്നത്. പാക്കേജുകൾ അനുസരിച്ച് തുകയിൽ മാറ്റങ്ങൾ വരും. ഇത്തരത്തിലുള്ള ഒരു കാരവൻ സ്വന്തമായി വാങ്ങണമെങ്കിൽ ഏതാണ്ട് ഒരു കോടിയോളം രൂപ മുടക്കേണ്ടി വരും.

ഇത്തരം കാരവനുകൾ വാടകയ്ക്ക് എടുക്കുന്നവർക്ക് ഹെവി ഡ്രൈവിംഗ് ലൈസൻസും, ഹെവി വാഹനങ്ങൾ ഓടിച്ചു പരിചയവും ഉണ്ടെങ്കിൽ അവ സ്വന്തമായി ഓടിക്കാവുന്നതാണ്. ഇനി അഥവാ ഹെവി ലൈസൻസ് ഇല്ലാത്തവരാണെങ്കിൽ അവർക്കായി കമ്പനി ഒരു വിശ്വസ്തനായ ഡ്രൈവറെയും വാഹനത്തോടൊപ്പം അയയ്ക്കുകയും ചെയ്യും.

തുടക്കത്തിൽ ഹംപി, ഗോകർണ, കുന്ദ്രെമുഖ്, സക്ലേഷ്പുര, കുടക് തുടങ്ങിയ മേഖലകളിലാണ് കാരവൻ ടൂറിസം നടപ്പിലാക്കുന്നത്. പത്തോളം കാരവനുകളാണ് ഇതിനോടകം തയ്യാറാക്കിയിരിക്കുന്നത്. എന്താ കേട്ടിട്ട് നിങ്ങൾക്കും സായിപ്പന്മാരെപ്പോലെ ഇത്തരം വാഹനങ്ങളിൽ ഉണ്ടുറങ്ങി കറങ്ങി നടക്കണമെന്ന് മോഹം തോന്നുന്നുണ്ടോ? എങ്കിൽ വേഗം ബുക്ക് ചെയ്തോളൂ…

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.