ലോകത്തെ മുഴുവനും അതിശയിപ്പിച്ച മുംബൈയിലെ ഡബ്ബാവാലകൾ

Total
4
Shares

ഇന്ത്യയിലെ മഹാനഗരങ്ങളിൽ ഒന്നായ മുംബൈയിൽ, ഭക്ഷണവിതരണം നടത്തുന്ന ഒരു സംഘത്തിലെ അംഗങ്ങളാണ്‌ ഡബ്ബാവാല-കൾ. മുംബൈനഗരത്തിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവരവരുടെ വീടുകളിൽ നിന്നും ഉച്ച ഭക്ഷണം എത്തിക്കുകയും കാലിഡബ്ബകൾ തിരികെ വീടുകളിലെത്തിക്കുകയും ചെയ്യുന്ന ജോലി ഇവർ ചെയ്തുവരുന്നു. ജീവനക്കാർക്ക് സ്ഥിരമായി ഹോട്ടലുകളിൽ നിന്നു് ഉച്ച ഭക്ഷണം കഴിക്കേണ്ടി വരുന്നത് ഒഴിവാക്കി, സ്വന്തം വീടുകളിൽ ഉണ്ടാക്കിയ ഭക്ഷണം ആസ്വദിക്കുവാൻ ഡബ്ബാവാലകൾ സൗകര്യമൊരുക്കുന്നു.

16,000,000 ഡബ്ബകൾ എത്തിക്കുമ്പോൾ ഒന്ന് എന്ന നിരക്കിൽ ആണ് ഇവർക്ക് പിഴവ് ഉണ്ടാകുന്നത്: അതായത് 99.999999 കൃത്യത. ഈ മികവ് ഇവർക്ക് സിക്സ് സിഗ്മ സർട്ടിഫിക്കേഷൻ നേടിക്കൊടുത്തു. ISO 9001 സാക്ഷ്യപ്പെടുത്തലും ഡബ്ബാവാലകൾക്ക് ലഭിച്ചിട്ടുണ്ട്. മുംബൈ സന്ദർശിക്കുന്നവർ ഒരിക്കലെങ്കിലും പരിചയപ്പെടേണ്ട കൂട്ടരാണിവർ. ചാൾസ് രാജകുമാരൻ മുതൽ വമ്പൻ ബിസിനസ്സുകാർ വരെ ഇവരെ തേടി ഇങ്ങോട്ടു വരുന്നു, ഇവരെ തേടി ബിബിസി അടക്കമുള്ള ചാനലുകൾ ഇവിടെ വന്നിട്ടുണ്ട്, ഇവരാണ് മുംബൈയെ ഊട്ടുന്നവർ, പേര് ഡബ്ബാ വാലകൾ.

ഡബ്ബാവാല എന്നാൽ ഹിന്ദിയിലും മറാഠിയിലും “ഡബ്ബ (പാത്രം) കൊണ്ട് നടക്കുന്നയാൾ” എന്നാണ് അർത്ഥം. ഉച്ചഭക്ഷണത്തിനു ടിഫ്ഫിൻ എന്നും പേരുള്ളതിനാൽ, ഡബ്ബാവാലകളെ ടിഫ്ഫിൻവാലകൾ എന്നും വിളിക്കാറുണ്ട്.

1890-ൽ മുംബൈയിലുള്ള ഒരു പാർസി ബാങ്കറായ മഹാഡു ഹവാജി ബാചെ തന്റെ പണിസ്ഥലത്തേക്ക് ഉച്ചഭക്ഷണം സ്വന്തം വീട്ടിൽ നിന്നും കൊണ്ടുവരാൻ ഒരാളെ ഏർപ്പാടാക്കി. ഈ രീതി അദ്ദേഹത്തിന്റെ പല സഹപ്രവർത്തകർക്കും ഇഷ്ടമായി. അവരും ആ വഴി പിന്തുടർന്നു. ആ ആശയമാണ് ക്രമേണ വികസിച്ച് ഇന്ന് ഇന്ത്യയിലും ഇതരരാജ്യങ്ങളിലും പേരെടുത്ത വിതരണസമ്പ്രദായം (ലോജിസ്റ്റിക് സിസ്റ്റം) ആയി മാറിയിരിക്കുന്നത്. പല ആധുനികമാനേജ്‌മെന്റ് വിദ്യാലയങ്ങളും ഇവരെ പഠനവിഷയമാക്കിയിരിക്കുന്നു. പദ്ധതി തുടങ്ങുന്നകാലത്ത് ആകെ 35 ഡബ്ബാവാലാകൾ മാത്രമാണുണ്ടായിരുന്നത്. ഈ വിതരണവ്യവസ്ഥ തുടങ്ങിവെച്ച മഹാഡുവിന്റെ വിദ്യാഭ്യാസയോഗ്യത വെറും രണ്ടാം ക്ലാസ്സ് ആയിരുന്നു.

ചതുരശ്രകിലോമീറ്ററിൽ 19,373 ആളുകൾ എന്നതാണ് മുംബൈയുടെ ജനസാന്ദ്രത. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയും ഗതാഗത തിരക്കുമുള്ള നഗരവും ഇത് തന്നെ. തങ്ങളുടെ വീടുകളിൽ നിന്ന് ഓഫീസിലേയ്ക്ക് പോകാൻ വളരെയധികം ദൂരം താണ്ടുന്നവരാണ് മുംബൈക്കാർ. സാ‍ധാരണക്കാരായ ജനങ്ങൾ ഇതിനായി ആശ്രയിക്കുന്നത് മുംബൈയിലെ പ്രാദേശിക‍ ട്രെയിനുകളെയാണ്. അതുകൊണ്ട് തന്നെ ഇവരിൽ ഭൂരിഭാഗവും പ്രാന്തപ്രദേശങ്ങളിൽ നിന്നും അതിരാവിലെ ഓഫീസുകളിലേക്ക് തിരിക്കുന്നു. ഉച്ചഭക്ഷണം കൂടി കൊണ്ടുപോവുക പലപ്പോഴും അവർക്ക് അസാദ്ധ്യമാണ്‌. ഭക്ഷണം പൊതിഞ്ഞെടുത്താൽ തന്നെ ഒരാൾക്ക് നേരേ നിവർന്നു നിൽക്കാൻ പോലും കഴിയാത്ത തീവണ്ടികളിൽ ഭക്ഷണ സഞ്ചി കൂടിയാകുമ്പോൾ ബുദ്ധിമുട്ടു ഏറുന്നു. ഈ സാഹചര്യത്തിലാണു് ഡബ്ബാവാലകളുടെ പ്രസക്തി. “നിങ്ങൾ അമ്മയെ / ഭാര്യയെ സ്നേഹിക്കുന്നില്ലേ? അവരുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെടുന്നില്ലേ?” എന്നുള്ളതാണ് ഡബ്ബാ വാലയുടെ പരസ്യ വാചകം.

ഇത്തരം ജോലിക്കാർക്ക് സ്ഥിരമായി ഹോട്ടലുകളിൽ നിന്നു് ഭക്ഷണം കഴിക്കേണ്ടി വരുന്നത് ഒഴിവാക്കി സ്വന്തം വീട്ടിൽ തന്നെ ഉണ്ടാക്കിയ ഉച്ചഭക്ഷണം അനുഭവിക്കുവാൻ ഡബ്ബാവാലകൾ അവസരമൊരുക്കുന്നു. ഓഫീസിലെ തിരക്കു കഴിഞ്ഞ് ഇവർ വീട്ടിലെത്തുന്നതിനുമുൻപേ തന്നെ ഇവരുടെ ഭക്ഷണപാത്രം വീട്ടിൽ എത്തിയിട്ടുമുണ്ടാകും. ഇങ്ങനെ ഡബ്ബാവാലകൾ മുംബൈക്കാരുടെ ഉച്ചഭക്ഷണത്തിന്റെ തലവേദന വലിയൊരളവ് വരെ പരിഹരിച്ച് കൊടുക്കുന്നു. പ്രതിമാസം, വളരെ നിസ്സാരമായ ഒരു തുക മാത്രം ഇതിനായി ഇവർ ഈടാക്കുന്നു. ഡബ്ബാവാലകളുടെ ദൈനംദിനപ്രവർത്തനരീതി താഴെ കൊടുത്തിരിക്കുന്നത് പോലെയായിരിക്കും.

സമയം രാവിലെ 09.30 – 10.30 am : ഓരോ പ്രദേശത്തെയും വീടുകളിൽനിന്നും മെസ്സുകളിൽനിന്നും ഹോട്ടലുകളിൽനിന്നും ഇവർ ഭക്ഷണപ്പൊതികൾ ഡബ്ബകളിൽ ശേഖരിക്കുന്നു. സ്ഥലത്തെ പ്രധാന റെയിൽ‌വേ സ്റ്റേഷനിൽ ഈ ഡബ്ബകളെല്ലാം ഒരുമിച്ച് കൂട്ടി ലക്ഷ്യസ്ഥാനമനുസരിച്ച് തരംതിരിക്കുന്നു. വീടുകളിൽനിന്നുമാത്രമല്ല, ഉപഭോക്താക്കൾ മുൻ‌കൂട്ടി ഏർപ്പാടു ചെയ്ത മെസ്സുകളിൽനിന്നും ഹോട്ടലുകളിൽ നിന്നും ഡബ്ബാവാലകൾ ഭക്ഷണം എത്തിക്കും. അഥവാ ആവശ്യമാണെങ്കിൽ യോജിച്ച തരം ഭക്ഷണം അവർ തന്നെ നമുക്കുവേണ്ടി ഏർപ്പെടുത്തിത്തരികയും ചെയ്യും.

10:30 – 11.20 am : ഈ സമയം പ്രധാനമായും യാത്രാ സമയം ആണ്. തരം തിരിച്ച ഓരോ ശേഖരവും 10:30 മുതൽ 12.30 വരെയുള്ള സമയം കൊണ്ട് തീവണ്ടിയിൽ നിർദ്ദിഷ്ടമായ ലക്ഷ്യകേന്ദ്രങ്ങളിൽ എത്തുന്നു. തടികൊണ്ടുണ്ടാക്കിയ ചട്ടങ്ങളിൽ ഡബ്ബകളും അടുക്കിവച്ച് ചരക്കുബോഗികളിലും ജനറൽ കമ്പാർട്ടുമെന്റുകളിലുമായി ഡബ്ബാവാലകൾ നീങ്ങുന്നു. തിരക്കുപിടിച്ച ട്രെയിനിൽ ഒരുപാടു പ്രശ്നങ്ങൾ താണ്ടിയാണ് അവർ നിത്യവും ഈ യാത്ര നിർവ്വഹിക്കുന്നത്.

11:20 am – 12.30 pm : പ്രധാനമായും ചർച്ച് ഗേറ്റിലും, കൂടാതെ ഗ്രാന്റ് റോഡ്, ലോവർ പരേൽ തുടങ്ങിയ കേന്ദ്രങ്ങളിലും‍ ഈ ഡബ്ബകൾ എത്തിച്ചേരുന്നു. തേ സമയം ഗ്രാന്റ് റോഡിലും ലോവർ പരേലിലും ഇത് പോലെ സംഭവിക്കുന്നു. ഇവിടെവെച്ച് ഉപഭോക്താക്കളുടേ കൃത്യമായ സ്ഥാനമനുസരിച്ച് വീണ്ടും തരംതിരിവു നടത്തുന്നു. പക്ഷേ സിംഹഭാഗവും ചർച്ച് ഗേറ്റിലെ സ്റ്റേഷനിലാണ് തരം തിരിയുക. തുടർന്ന് ഓരോ സംഘവും അവർക്ക് ചുമതലയുള്ള തെരുവുകളിലേക്കും കെട്ടിടങ്ങളിലേക്കും സൈക്കിളിലും തടിറാക്കുകളിൽ തലച്ചുമടായും കൈവണ്ടികളിലുമായി അതാതു ഡബ്ബകൾ എത്തിക്കുന്നു.

12.30 -‍ 1.30 pm : ഏകദേശം ഒരു മണിക്കൂറിനുള്ളിൽ ഉപഭോക്താക്കൾക്ക് ഭക്ഷണം കഴിച്ച് അവരുടെ ഒഴിഞ്ഞ ഡബ്ബകൾ മാറ്റിവെക്കാം. ഈ സമയത്തിനുള്ളിൽ തന്നെ ഡബ്ബാവാലകളും തങ്ങളുടെ കൂട്ടത്തിൽ ഒരുമിച്ചിരുന്ന് സ്വന്തം വീട്ടിൽനിന്നും കരുതിയ ഭക്ഷണം കഴിച്ചിട്ടുണ്ടാവും. താമസിച്ചു ഭക്ഷണം കഴിക്കേണ്ടി വരുന്ന ഉപഭോക്താക്കൾക്ക് ആവശ്യമെങ്കിൽ രണ്ടു ഡബ്ബകൾ ഉപയോഗിച്ച് (ഒരു ദിവസത്തെ ഡബ്ബ പിറ്റേ ദിവസം തിരിച്ചെത്തുന്ന രീതിയിൽ)ഈ സമയപ്രശ്നം മറികടക്കാം.

1.30 – 2.30 pm : ഒഴിഞ്ഞ ഡബ്ബകൾ തിരിച്ചെത്തിക്കുന്ന ജോലി തുടങ്ങുന്നു. ഓരോ ഡബ്ബയിലേയും കോഡുകൾ അനുസരിച്ച് അവ പുറപ്പെട്ട സ്ഥലമനുസരിച്ച് വീണ്ടും തരംതിരിക്കപ്പെടുന്നു.

2.45 – 3.30 pm : ഡബ്ബകൾ തിരികെ അവ പുറപ്പെട്ട സ്റ്റേഷനുകളിലേക്കു് നീങ്ങുന്നു. താരതമ്യേന തിരക്കുകുറഞ്ഞ ഈ യാത്രയിലാണ് ഡബ്ബാവാലകൾക്ക് അല്പം പരസ്പരസല്ലാപങ്ങൾക്കും മറ്റും ഇടകിട്ടുന്നത്. പാട്ടുപാടിയും ചിരിച്ചും കളിച്ചും അവർ തുടങ്ങിയിടത്തേക്ക് തിരികെ പോകുന്നു.

3.30 – 4.00 pm : ഒഴിഞ്ഞ ഡബ്ബകൾ അതാതു വീടുകളിലേക്ക്. വീടിന്റെ കോഡ് ഡബ്ബയിൽ ഉണ്ടാകില്ല. ഡബ്ബാവാല മനസ്സിലാണ് അത് സൂക്ഷിക്കുന്നത്. ടെലഫോണും മറ്റുമൊക്കെ വരുന്നതിനു മുൻപുള്ള കാലത്ത് ഗൃഹനാഥനു വീട്ടിലേക്ക് എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഒരു സന്ദേശം ആ ഒഴിഞ്ഞ ഡബ്ബകളിൽ എഴുതി കൊടുത്തു വിടുമായിരുന്നു. അതുപോലെ തന്നെ രാവിലെ വീട്ടമ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതും ഡബ്ബയ്ക്കൊപ്പം യാത്രചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തുന്നു.

ചിത്രത്തിൽ കാണുന്നതുപോലെയാവും ഡബ്ബകളുടെ മുകളിലെ കോഡിങ്. വീട്ടിൽ നിന്നും കൊടുത്തുവിടുന്ന ലഞ്ചു ബോക്സിന്റെ പുറത്തുള്ള ഡബ്ബാവാലകളുടെ കണ്ടൈനറിൽ ആവും ഇവ അടയാളപ്പെടുത്തിയിട്ടുള്ളത്. തുടക്കത്തിൽ വിവിധ നിറങ്ങളിൽ ഉള്ള ത്രെഡുകളായിരുന്നു അവർ കോഡിംഗിനായി ഉപയോഗിച്ചിരുന്നത്. പിന്നെ അത് തയ്യൽക്കാർ കളയുന്ന പല നിറമുള്ള തുണ്ടുതുണികളായി. ഇപ്പോൾ കളർ മാർക്കറുകൾ ഉപയോഗിക്കുന്നു. അക്ഷരങ്ങളും അവയുടെ നിറങ്ങളുമാണ് ഡബ്ബകളെ വഴിതെറ്റിക്കാതെ അതാതു വയറുകളുടെ മുന്നിൽ എത്തിക്കുന്നത്. ഒരു ടിഫ്ഫിൻ ബോക്സ് ഉപഭോക്താവിന്റെ കൈകളിലേക്കെത്തുന്നതിനു മുമ്പ് ചിലപ്പോൾ എട്ട് ഡബ്ബാ വാലകളുടെ കൈകളിലൂടെയെങ്കിലും മറിഞ്ഞിട്ടുണ്ടാകും. ! ഇതിനെല്ലാം കൂടിയെടുക്കുന്ന സമയം പരമാവധി മൂന്നു മണിക്കൂർ !

ചിത്രത്തിൽ കാണുന്ന ഈ കോഡിംഗ് അനുസരിച്ച്, E എന്നാൽ ഓരോ റസിഡൻഷ്യൽ ഏരിയയിലേക്കുമുള്ള ഡബ്ബാവാലകൾക്കു വേണ്ടിയുള്ള കോഡാണ്. VLP എന്നാൽ Vile Parle മുംബൈ നഗരത്തിനു പുറത്തുള്ള ഒരു റസിഡൻഷ്യൻ ഏരിയ. നടുവിലുള്ളത് ഡബ്ബ എത്തിക്കാനുള്ള (Destination area) ഏരിയയുടെ കോഡ്. ഉദാഹരണത്തിനു 3 എന്നാൽ ചർച്ച് ഗേറ്റ്. 9 എന്നത് ഡെസ്റ്റിനേഷൻ ഏരിയയിലെ ഡബ്ബാവാലകൾക്കുള്ള കോഡ്. EX എന്നാൽ എക്സ്പ്രസ് ടവർ. അതായത് ബിൽഡിങ് കോഡ്. 12 ആ ബിൽഡിങിൽ ഡബ്ബ എത്തിക്കേണ്ട ഫ്ലോർ/കമ്പനി/ഓഫീസ് നമ്പർ. ഇത്രവും വളരെ ലളിതമായ കോഡിങ് സിസ്റ്റം വഴിയാണ് അവർ ഒരു തെറ്റുപോലും കൂടാതെ 2 ലക്ഷം പേർക്ക് ഉച്ചഭക്ഷണം എത്തിക്കുന്നത്.

“ഡബ്ബാവാലയോടൊത്ത് ഒരു ദിവസം” എന്ന ഒരു സംവിധാനം അവർ ഒരുക്കിയിട്ടുണ്ട്. ഒറ്റയ്ക്കോ ഒരു ചെറിയ കൂട്ടമായോ മറ്റുള്ളവർക്കും അവർക്കൊപ്പം ഒരുദിവസം കൂടാം. ചെറിയ ഒരു തുക സംഭാവനയായി നൽകേണ്ടിവരും. ആവശ്യമെങ്കിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ഒരു ദ്വിഭാഷിയെ അവർ തന്നെ ഏർപ്പാടാക്കി തരും. പക്ഷേ ഡബ്ബാവാലമാരുടെ വെള്ളത്തൊപ്പിയും മറ്റും ധരിച്ച് അവർക്കൊപ്പം “പറന്നു” നീങ്ങേണ്ടിവരും. ഡബ്ബാവാലയ്ക്കൊപ്പം ഒരു ദിവസം ചെലവഴിക്കാൻ സ്വദേശികളും വിദേശികളുമായി ഒരുപാടുപേർ എത്താറുണ്ട്. ഈ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഡബ്ബാവാലകളെ അടുത്തറിയുവാൻ ശ്രമിച്ച പ്രമുഖരെക്കുറിച്ച് പലപ്പോഴും രസകരമായ വിവരണങ്ങൾ കാണാം.

പല പ്രശസ്തവ്യക്തികളും ഇവർക്കൊപ്പം ഡബ്ബാവിതരണത്തിന്റെ രസവേഗം അറിയാൻ എത്തിയിട്ടുണ്ട്. അവരിൽ ഒരാളാണ് വിർജിൻ അറ്റ്ലാന്റിസ് കമ്പനിയുടെ തലവൻ സർ റിച്ചാർഡ് ബ്രാൻ‌സൺ. ഇംഗ്ലണ്ടിലെ ചാൾസ് രാജകുമാരന്റെ വിവാഹവാർത്തയിൽ ഡബ്ബാവാലകളെക്കുറിച്ചുള്ള പരാമർശം വായിച്ച് പ്രചോദനമുൾക്കൊണ്ടാണ് അദ്ദേഹം ഇവർക്കൊപ്പം ഒരു ദിവസം ചെലവഴിക്കാൻ എത്തിയത്. വെള്ളത്തൊപ്പി ധരിച്ച് ഇവർക്കൊപ്പം ജനറൻ കമ്പാർട്ടുമെന്റിൽ ഇരുന്ന് ദാദർ മുതൽ ചർച്ച് ഗേറ്റുവരെ അദ്ദേഹം യാത്ര ചെയ്തു. അവരിൽ നിന്ന് പലതും മനസ്സിലാക്കിയും രസകരമായി സംഭാഷണം നടത്തിയും അദ്ദേഹം സമയം ചെലവഴിച്ചു. ചർച്ച് ഗേറ്റിനടുത്തെ വിർജിൻ എയർവേയ്സിന്റെ ഓഫീസിലെ സ്റ്റാഫുകൾക്കുള്ള അന്നത്തെ ഡബ്ബകൾ റിച്ചാർഡ് ബ്രാൻ‌സൺ തന്നെ വിതരണം ചെയ്യുകയുമുണ്ടായി.

ഒരിക്കൽ ഡബ്ബാവാലകളെ കുറിച്ചൊരു ഡോക്യുമെന്ററി ചിത്രീകരണം തയ്യാറാക്കാൻ ബീ ബീ സി എത്തി. പക്ഷേ ആ സംഘത്തിനു ഡബ്ബാവാലകളെ പിന്തുടർന്ന് ഒറ്റദിവസംകൊണ്ട് അവരുടെ ചിത്രം പൂർണ്ണമാക്കാനായില്ല. കാരണം പലസ്റ്റേഷനിലും അവർക്കൊപ്പം അതേ വേഗത്തിൽ നീങ്ങാൻ ബീ ബീ സി സംഘത്തിനായില്ല.

ഡബ്ബാവാലകൾ ഒരു ശക്തമായ വിതരണ ശൃംഖലയാണെന്ന് തിരിച്ചറിഞ്ഞുതുടങ്ങിയ പലരും തങ്ങളുടെ മാർക്കറ്റിങ്ങ് ചാനലായി അവരെ ഉപയോഗിക്കാൻ ശ്രമിക്കുകയുണ്ടായി. സ്റ്റാർ ടി വിയിലെ “കോൻ ബനേഗാ ക്രോർപതി” എന്ന പരിപാടിയുടെ രണ്ടു ലക്ഷം ലഘുലേഖകൾ നാലു ദിവസം കൊണ്ട് ഇവർ മുംബായിലെ വീടുകളിൽ എത്തിച്ചു. മഹാരാഷ്ട്രാ ഗവൺമെന്റ് പൊതുജനങ്ങളുടെ എച്ച്.ഐ.വി. ബോധവൽക്കരണത്തിനായും ഡബ്ബവാലകളെ ആശ്രയിച്ചു. ‘എയർടെൽ’ അവരുടെ പ്രീ-പെയ്ഡ് കാർഡ് ഇവരിലൂടെ മുംബൈയിലെ വീടുകളിലേക്ക് വളരെ വേഗത്തിലും ചെലവു കുറച്ചും എത്തിച്ചു. പക്ഷേ ഈ കണ്ണിയിലൂടെ മറ്റ് കൺസ്യൂമർ ഉല്പന്നങ്ങൾ വീടുകളിൽ എത്തിക്കാനുള്ള ചിലരുടെ ശ്രമം പാളി പോയി. ഇതിനെയൊക്കെത്തുടർന്ന് ഡബ്ബാവാലകൾ ഇപ്പോൾ ഡബ്ബ വിതരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പണിയെടുക്കുന്നു. പലതരം വസ്തുക്കൾ വിതരണം ചെയ്തു ഗുണമേന്മ പാളിപ്പോകുന്നതിലും നല്ലത് ഒരേ സാധനം കാര്യക്ഷമമായി വിതരണം ചെയ്യുന്നതാണെന്നു അവർ ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു. എങ്കിലും ചില പ്രചരണസാമിഗ്രികൾ ഇവർ വഴി ഇപ്പോഴും വീടുകളിലെത്താറുണ്ട് .

ടെലഫോണും മറ്റും വരുന്നതിനു മുൻപുള്ള കാലത്ത് ഗൃഹനാഥനു് വീട്ടിലേക്ക് എന്തെങ്കിലും അടിയന്തരമായി അറിയിക്കാനുണ്ടെങ്കിൽ ഒരു സന്ദേശം ആ ഒഴിഞ്ഞ ഡബ്ബകളിൽ എഴുതി കൊടുത്തു വിടുമായിരുന്നു. അതുപോലെ തന്നെ രാവിലെ വീട്ടമ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതും ഡബ്ബയ്ക്കൊപ്പം യാത്രചെയ്ത് യഥാസ്ഥാനത്ത് എത്തുമായിരുന്നു. ടെലഫോൺ, ഇന്റർനെറ്റ് തുടങ്ങിയവയുടെ പ്രചാരത്തിനുശേഷം ഇപ്പോഴും ഈ സൗകര്യത്തിന്റെ ഉപയോഗം തീരെ നിലച്ചിട്ടില്ല.

നൂതൻ മുംബായ് ടിഫിൽ ബോക്സ് സപ്ലയേഴ്സ് അസ്സോസിയേഷൻ(NMTBSA) എന്നാണ് ഇവരുടെ സംഘടനയുടെ ഔദ്യോഗികനാമം. അദ്ധ്യക്ഷൻ (പ്രസിഡന്റ്), ഉപാദ്ധ്യക്ഷൻ(വൈസ് പ്രസിഡന്റ്), കാര്യദർശി(ജനറൽ സെക്രട്ടറി), ഖജാഞ്ജി (ട്രഷറർ), ഒൻപതോളം നിർദ്ദേശകർ(ഡയറക്റ്റർമാർ)എന്നിവരും ഏകദേശം 5000 അംഗങ്ങളും ആണ് ഉള്ളത്. എല്ലാവരും ഓഹരി പങ്കാളികളാണ്.അദ്ധ്യക്ഷനടക്കം എല്ലാ അംഗങ്ങളും നിത്യേന ഡബ്ബാവിതരണത്തിൽ പങ്കെടുക്കുന്നു. 25 മുതൽ 30 വരെ ഉള്ള കൂട്ടങ്ങളായാണ് ഇവർ ജോലി ചെയ്യുന്നത്. ഓരോ കൂട്ടത്തിനും ഒരു നേതാവുണ്ടായിരിക്കും. അന്നന്നത്തെ ജോലി സംബന്ധിച്ച അടിയന്തരമായ തീരുമാനങ്ങളും പ്രശ്നപരിഹാരമാർഗ്ഗങ്ങളും മറ്റും ഈ കൂട്ടങ്ങൾ തന്നെ കണ്ടെത്തുകയും നടപ്പിൽ വരുത്തുകയും ചെയ്യുന്നു. അത്തരം തീരുമാനങ്ങൾ വൈകിയാൽ, ആയിരക്കണക്കിനു ഭക്ഷണപ്പൊതികൾ തക്കസമയത്ത് ലക്ഷ്യത്തിലെത്താതെ വഴിയിൽ പെട്ടെന്നു വരാം. പക്ഷേ ഒരിക്കലും തീരുമാനങ്ങൾ എടുക്കുന്നില്ലെന്ന് അവർക്ക് ലഭിച്ച സിക്സ് സിഗ്മ നിലവാരം സൂചിപ്പിക്കുന്നു.

മുംബൈ, ഖൊരക്പൂർ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലെ ഇൻഡ്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്കനോളജികളിൽ, ലോജിസ്റ്റിക്സ് പ്ലാൻ ചെയ്യുന്നതിനെക്കുറിച്ചും ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്കിനെക്കുറിച്ചും കുറ്റമറ്റ സേവനത്തെക്കുറിച്ചും ഡബ്ബാവാലകൾ പഠനം സംഘടിപ്പിക്കാറുണ്ട്. ഈ സ്ഥാപനങ്ങൾ കൂടാതെ, വിവിധ ഇൻഡ്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മാനേജ്‌മെന്റുകൾ, കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻഡസ്ട്രീസ്(CII), ഇൻഡ്യയിലേയ്ക്കുള്ള സ്റ്റാൻഫോർഡ് സർ‌വകലാശാലാ ദൗത്യസംഘം, നെബ്രസ്കാ സർ‌വകലാശാല, സിംബയോസിസ് മാനേജ്‌മെന്റ് വിദ്യാലയം, ഭാരത് പെട്രോളിയം, മുംബൈയിലേ ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ച്, ഭാരതീയ റിസർ‌വ് ബാങ്ക്, ഇൻഡ്യൻ സ്കൂൾ ഓഫ് ബിസിനസ് (ISB), ഗുർ‌ഗാവനിലെ മൈക്രോസോഫ്റ്റ്, തുടങ്ങിയവർക്കായും ഡബ്ബാവാലകൾ ക്ലാസുകൾ എടുത്തിട്ടുണ്ട്.

ഡബ്ബാവാലകളുടെ പ്രസിഡന്റായ രഘുനാഥ് ദോന്ധിഭായ് മെഡ്‌ഗെ, സെക്രട്ടറിയായ ഗംഗാറാം ലക്ഷമൺ തലേക്കർ എന്നിവരാണ് “ഡബ്ബേവാലകളുടെ മായാജാലം തുറക്കുന്നു(“The magic of Dabbawala Unfold”) എന്ന വിഷയത്തിൽ ക്ലാസുകൾ എടുക്കുന്നത്. ഇവർക്കു രണ്ടുപേർക്കും ഹിന്ദിയും മറാത്തിയും മാത്രമേ അറിയു. ഹിന്ദിയിലാണ്‌ ഇവരുടെ ക്ലാസുകൾ. പക്ഷേ പ്രസിഡന്റിന്റെ മകനായ മണീഷ് ത്രിപാഠി ഇംഗ്ലീഷിൽ സാമാന്യജ്ഞാനമുള്ള ആളായതിനാൽ അദ്ദേഹം “ഡബ്ബാവാലകളിൽ നിന്ന് മാനേജ്‌മെന്റ് പഠിക്കുക” എന്ന വിഷയത്തിൽ കൂടി ക്ലാസെടുക്കും. ഇവരാരും പ്രഭാഷണകലയിൽ ഔപചാരികജ്ഞാനം ഉള്ളവരല്ല. അവർ അവരുടെ ഭാഷയിലും രീതിയിലും സ്വാഭാവികതയോടെ സംസാരിക്കുന്നു. പലപ്പോഴും മൊഴിമാറ്റി പറയാൻ ഒരാൾ ഉണ്ടാകാറുണ്ട്.

ഡബ്ബാവാലകളിൽ ഗാന്ധിത്തൊപ്പി ധരിക്കാത്തവർക്കും ഉപഭോക്താക്കളോട് മോശമായി പെരുമറുന്നവർക്കും പിഴ ചുമത്തപ്പെടും. പക്ഷേ അങ്ങനെ അധികം ആർക്കും പിഴ കൊടുക്കേണ്ടിവന്നിട്ടില്ല. ഡബ്ബാവാലകൾ വാതിൽക്കൽ മുട്ടുമ്പോൾ ഡബ്ബ തയ്യാറായിരിക്കണം. അല്ലെങ്കിൽ ഒരാളുടെ ഡബ്ബ കാരണം ഒരുപാടു വയറുകൾ വിശന്നിരിക്കേണ്ടിവരും. അതു ഡബ്ബാവാലകൾ പ്രോത്സാഹിപ്പിക്കാറില്ല. ഓരോ മോശം ഉപഭോക്താവും ലാഭവിഹിതം കുറയ്ക്കും എന്ന് മാത്രമല്ല, കയ്യിലുള്ള നല്ല ഉപഭോക്താക്കളെ നഷ്ടപ്പെടുത്തുകയും ചെയ്യും എന്ന മാനേജ്മെന്റ് പാഠം ഇവർ പ്രായോഗികമാക്കുന്നു. 5000 ഡബ്ബാവാലകൾ ചേർന്ന് 2 ലക്ഷം ഉപഭോക്താക്കളുടെ വിലാസം ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. മുംബൈയിൽ പ്രളയമുണ്ടായി നഗരം മുഴുവൻ വെള്ളത്തിൽ മുങ്ങിക്കിടന്ന സമയത്തുപോലും ഡബ്ബാവാലകൾ ദൈനംദിന പ്രവർത്തനങ്ങൾക്ക് മുടക്കം വരുത്തിയിട്ടില്ല എന്നത് ഇവരുടെ സേവനത്തിന്റെ വിശ്വാസ്യത ഉയർത്തുകയാണ് ചെയ്തത്.

കടപ്പാട് – വിക്കിപീഡിയ , kazhchaas.blogspot.com.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post