കാറിലും ടൂവീലറിലുമെല്ലാം ട്രിപ്പ് പോകുന്നതു പോലെത്തന്നെ ബസ് മാർഗ്ഗം യാത്ര ചെയ്യുവാൻ താല്പര്യമുള്ളവരും നമ്മുടെ കൂട്ടത്തിലുണ്ട്. അവർക്കായി ഇതാ ഒരു സന്തോഷ വാർത്ത.!! ഇന്ത്യയിൽത്തന്നെ ഏറ്റവും ദുർഘടമായതും മനോഹരമായതുമായ റൂട്ടിലൂടെ ഒരു ബസ് യാത്രയ്ക്ക് നിങ്ങൾ തയ്യാറാണോ? ഡൽഹിയിൽ നിന്നും ജമ്മു കാശ്മീരിൽ സ്ഥിതി ചെയ്യുന്ന ലേ വരെയുള്ള ബസ് സർവ്വീസിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. കേൾക്കുമ്പോൾ വളരെ ഈസിയായി തോന്നുമെങ്കിലും സംഭവം അൽപ്പം കട്ടിയാണ്.
ഡൽഹിയിൽ നിന്നും ലേ വരെ 1072 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് ഈ ബസ് ഒരു ട്രിപ്പ് പൂർത്തിയാക്കുന്നത്. ഇതിനായി എടുക്കുന്നതോ 35 മണിക്കൂർ സമയവും. കാലാവസ്ഥ പ്രതികൂലമായാൽ ചിലപ്പോൾ യാത്രാ സമയം 40 മണിക്കൂർ വരെ എത്തിയേക്കാം. ഹിമാചൽപ്രദേശ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനാണ് അൽപ്പം സാഹസികരായ യാത്രാപ്രേമികൾക്ക് അനുഭവങ്ങളൊരുക്കുന്ന ഈ ബസ് സർവ്വീസ് നടത്തുന്നത്. 1500 രൂപയാണ് ഡൽഹിയിൽ നിന്നും ലേയിലേക്കുള്ള ടിക്കറ്റ് ചാർജ്ജ്. ടാറ്റായുടെ 47 സീറ്റുള്ള ഓർഡിനറി ബസ്സാണ് ഇത്തരമൊരു സർവ്വീസ് നടത്തുന്നതെന്നാണ് മറ്റൊരു കാര്യം.
ഡൽഹിയിൽ നിന്നും ഉച്ചയ്ക്ക് 2.30 നു പുറപ്പെടുന്ന ബസ് ചണ്ടീഗഡ്, ബിലാസ്‌പൂർ, മാണ്ടി, കുളു, മണാലി, കെയ് ലോംഗ്, സർച്ചു, പാംഗ്, ഉപ്ഷി വഴിയാണ് ജമ്മു കശ്മീർ സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ലേയിൽ എത്തിച്ചേരുന്നത്. യാത്രയ്ക്കിടയിൽ ഒരു ദിവസം രാത്രി ബസ് കെയ് ലോംഗിൽ വിശ്രമിക്കുകയും ചെയ്യും. യാത്രക്കാർക്ക് ഇവിടെ താമസിക്കുവാനായി റൂമുകൾ എടുക്കാവുന്നതാണ്. ബസ് സ്റ്റാൻഡിനു സമീപത്തായി ബഡ്‌ജറ്റ് അക്കോമഡേഷനുകൾ ലഭിക്കുന്നതാണ്. പിറ്റേന്നു രാവിലെ ബസ് യാത്ര തുടരുകയും ചെയ്യും.
ഡൽഹി – ലേ ട്രിപ്പിനിടയിൽ മനോഹരമായതും അപകടം പിടിച്ചതുമായ റൂട്ടുകളിലൂടെയാണ് ഈ ബസ് സഞ്ചരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ചുരങ്ങളിലൂടെയാണു ഈ ബസ് കടന്നു പോകുന്നത് എന്നതു തന്നെയാണു ഈ യാത്രയുടെ പ്രത്യേകതയും. പ്രശസ്തമായ റോത്താങ് പാസ്സ്, ബറാലച്ച പാസ്സ്, നാകി പാസ്സ്, ലാചുങ്ങ് പാസ്സ്, താങ്ലാംഗ് പാസ്സ് എന്നിവിടങ്ങൾ കടന്നാണ് യാത്രകൾ. മഞ്ഞുമൂടിക്കിടക്കുന്നതും, വീതി കുറവായതും, റോഡ് എന്നു പറയുവാൻ പറ്റാത്തതുമായ ഏതാണ്ട് 17,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മാർഗ്ഗങ്ങളിലൂടെയുള്ള ഈ ബസ് യാത്ര ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കുന്നതാണ്.
ഈ ബസ്സിൽ യാത്ര ചെയ്യണമെന്നു മോഹമുള്ളവർക്ക് തങ്ങളുടെ യാത്രാ തീയതി പ്ലാൻ ചെയ്ത്, മുൻകൂട്ടി ബസ് ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. ഓൺലൈൻ ബുക്കിംഗിനായി www.hrtchp.com എന്ന വെബ്‌സൈറ്റിൽ കയറിയാൽ മതി. പ്രസ്തുത ബസ്സിനു നിലവിൽ മണാലി വരെയാണ് ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭ്യമായിട്ടുള്ളത്. ദിവസങ്ങൾക്കുള്ളിൽ ബുക്കിംഗ് ലേ വരെ ലഭ്യമാക്കുമെന്ന് ഹിമാചൽ പ്രദേശ് ട്രാൻപോർട്ട് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
SCHEDULE: From Delhi- 2:30 pm, Chandigarh sec.43- 8:30 pm, Kullu- 5:15 am, Manali- 7:00 am approx. At Keylong- 1:00 pm -Overnight Halt-. From Keylong- 5:00 am, At Leh- 7:00 pm. REVERSE SCHEDULE: From Leh- 5:00 am, At Keylong- 7:00 pm -Overnight Halt-. From Keylong- 6:30 am, Manali- 1:25 pm, At Delhi- 3:30 am approx.
.
FOOD HALTS: Evening snacks: Karnal, Dinner: Ropar, Early morning break: Pandoh,
Breakfast: Gulaba, Lunch: Koksar, Breakfast: Bharatpur near Baralacha La, Lunch: Pang,
Evening snacks: Upshi. ഇവ കൂടാതെ പ്രധാനപ്പെട്ട വ്യൂ പോയിന്റുകളിലും, മൗണ്ടൻ പാസ്സുകളിലും സഞ്ചാരികൾക്ക് ഇറങ്ങി കാഴ്ചകൾ ആസ്വദിക്കുവാനും ഫോട്ടോയെടുക്കുവാനും ഏകദേശം പത്തു മിനിറ്റോളം ബസ് നിർത്തിയിടുന്നതായിരിക്കും.
വർഷത്തിൽ 6 മാസം മാത്രമാണു ഈ ബസ് സർവ്വീസ് നടത്തുന്നത്. ബാക്കിയുള്ള 6 മാസം മഞ്ഞു മൂടി ഈ റൂട്ട് ഗതാഗത യോഗ്യമല്ലാതാകും. സാഹസിക ബസ് യാത്ര ഇഷ്ടപ്പെടുന്ന സഞ്ചാരികളെല്ലാം ഒരുവട്ടമെങ്കിലും ഈ റൂട്ടിലൂടെ ബസ് യാത്ര നടത്തിയിരിക്കണം.
വടക്കേ അതിർത്തി സംസ്ഥാനമായ ജമ്മു-കാശ്മീരിലെ ഒരു ജില്ലയാണ് ലേ. ഹിമാലയ രാജ്യമായ ലഡാക്കിന്റെ തലസ്ഥാനമായിരുന്നു ലേ. പഴയ ലഡാക് രാജവംശത്തിന്റെ ലേ കൊട്ടാരം ഇപ്പോഴും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. സമുദ്ര നിരപ്പിൽനിന്നും 3,500 മീറ്റർ (11,483 അടി) ഉയരത്തിലാണ് ലേ സ്ഥിതി ചെയ്യുന്നത്. ഏകദേശം 90 മി.മി മഴ ഓരോ വർഷവും ഇവിടെ ലഭിക്കാറുണ്ട്. മഞ്ഞുകാലത്ത് ഇവിടുത്തെ താപനില −28 °സെൽഷ്യസ് വരെയും താഴാറുണ്ട്. വേനൽ താപനില 33 ° വരെയും എത്താറുണ്ട്. 434 കി. മി നീളമുള്ള ശ്രീനഗർ- ലേ ദേശിയ പാതയും, 473 കി. മി നീളമുള്ള മനാലി – ലേ ദേശിയ പാതയുമാണ് ലേയെ റോഡ് വഴി ബന്ധിപ്പിക്കുന്ന പ്രധാന പാതകൾ. രണ്ട് പാതകളും കാലാവസ്ഥ പ്രശ്നങ്ങൾ കൊണ്ട് പ്രത്യേകസമയങ്ങളിൽ മാത്രമേ തുറക്കാറുള്ളു.
വിവരങ്ങൾക്ക് കടപ്പാട് – Himachal Parivahan, വിക്കിപീഡിയ, ചിത്രങ്ങൾ – Himachal Parivahan.