കിടിലൻ ട്രെയിൻ യാത്രയൊക്ക കഴിഞ്ഞു ഞങ്ങൾ ഊട്ടിയിലെത്തി കുറച്ചു സമയം വിശ്രമിക്കുവാനായി ചെലവഴിച്ചു. പിന്നീട് ഞങ്ങൾ ഊട്ടിയിലെ അധികമാരും കാണാത്ത കാഴ്ചകൾ കാണുവാനായി ഇറങ്ങി. ആദ്യം പോയത് പ്രശസ്തമായ ഊട്ടി ഗുഡ്ഷെപ്പേർഡ് സ്‌കൂളിലേക്ക് ആയിരുന്നു. പ്രശസ്തരുടെയും പണക്കാരുടെയും മക്കൾ പഠിക്കുന്ന, നാം സിനിമകളിൽ ധാരാളം കേട്ടിട്ടുള്ള ആ സ്‌കൂൾ ഒരു മനോഹര സംഭവം തന്നെയായിരുന്നു. സ്‌കൂളിനു മുന്നിൽ ഫയർ എഞ്ചിനുകൾ വരെയുണ്ട്. നിർഭാഗ്യവശാൽ ഞങ്ങൾക്ക് അകത്തു കയറി അതൊന്നും പകർത്തുവാൻ സാധിച്ചില്ല. അവിടെ പഠിക്കുന്ന കുട്ടികളൊക്കെ നല്ല മിടുക്കന്മാരായിരിക്കും എന്നാണു പറയപ്പെടുന്നത്. അതിനെക്കുറിച്ചൊന്നും എനിക്ക് അറിയില്ലാത്ത കാരണം ഒന്നും പറയുവാനില്ല.

പിന്നീട് ഞങ്ങൾ ഊട്ടിയ്ക്ക് അടുത്തുള്ള ആവലാഞ്ചെ തടാകത്തിലേക്ക് യാത്രയായി. പോകുന്ന വഴിയിൽ ഒരിടത്ത് ധാരാളം ലോറികളുടെ കൂട്ടം കണ്ടതിനാൽ ഞങ്ങൾ വണ്ടി നിർത്തി എന്താണെന്നു നോക്കി. അപ്പോഴാണ് ഞങ്ങൾ ആ കാഴ്ച കണ്ടത്. ഊട്ടിയിൽ ധാരാളം കാരറ്റ് തോട്ടങ്ങളുണ്ട്. അവിടെ നിന്നെല്ലാം പറിച്ചുകൊണ്ടുവരുന്ന കാരറ്റുകൾ കഴുകി വൃത്തിയാക്കുന്ന പ്രോസസ്സ് ആയിരുന്നു അവിടെ നടന്നിരുന്നത്. കാരറ്റ് വൃത്തിയാക്കുവാനായി ഒരു മെഷീനും ഉണ്ടായിരുന്നു. ലോറിയിൽ കൊണ്ടുവരുന്ന കാരറ്റ് ചാക്കുകളെടുത്ത് മെഷീനിൽ കുടഞ്ഞിടുകയാണ് അവിടത്തെ ജോലിക്കാർ ചെയ്യുന്നത്. മെഷീനിലെ കഴുകൽ രണ്ടുമൂന്നു ഘട്ടത്തിലൂടെ കടന്നുപോയതിനു ശേഷം വൃത്തിയായ കാരറ്റ് ലഭിക്കുന്നു. പിന്നീട് ഈ കാരറ്റുകൾ വലിപ്പമനുസരിച്ച് ആളുകൾ ചാക്കുകളിലാക്കി മാർക്കറ്റുകളിലേക്ക് എത്തിക്കുന്നു.

ഈ കാഴ്ചയെല്ലാം ഞങ്ങൾക്ക് പകർത്തുവാൻ അവിടത്തെ തൊഴിലാളികൾ വളരെ സപ്പോർട്ട് ചെയ്യുകയുണ്ടായി. അവർ ഈ ശുചീകരണ പ്രക്രിയയെക്കുറിച്ച് ഞങ്ങൾക്ക് വിശദമായി പറഞ്ഞു തരികയുമുണ്ടായി. അവിടുന്നു പോരുന്ന സമയത്ത് ഞങ്ങൾക്ക് കുറച്ചു കാരറ്റുകൾ സന്തോഷത്തോടെ തന്നുവിടാനും അവർ മറന്നില്ല. കാരറ്റ് ശുചീകരിക്കുന്നയിടത്തു നിന്നും പിന്നീട് ഞങ്ങൾ പോയത് ഒരു കാബേജ് തോട്ടത്തിലേക്ക് ആയിരുന്നു. അവിടത്തെ കാവൽക്കരനോട് അനുവാദം ചോദിച്ച് ഞങ്ങൾ തോട്ടത്തിലേക്ക് കയറി. വളരെ വൃത്തിയുള്ള ഒരു കൃഷിസ്ഥലമായിരുന്നു അത്. അവിടെ കാഴ്ചകൾ കണ്ടുനിൽക്കേ ഒരാൾ ഒരു ചാക്കും ചുമന്നുകൊണ്ട് വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിലേക്ക് കയറ്റുന്നത് കണ്ടു. ചോദിച്ചപ്പോഴാണ് അത് തൊട്ടടുത്ത മറ്റൊരു കൃഷിസ്ഥലത്തു നിന്നുള്ള ഉരുളക്കിഴങ്ങുകൾ ആണെന്ന് മനസ്സിലായത്. പിന്നെ ഞങ്ങൾ അവിടേക്ക് നടന്നു.

കൃഷിസ്ഥലത്തു നിന്നും കുറേയാളുകൾ ഇതുപോലെ കിഴങ്ങുകൾ പറിച്ചുകൊണ്ട് ലോഡുകൾ ചുമന്നു ലോറിയിലേക്ക് നടക്കുന്നുണ്ടായിരുന്നു. ഒരു വനിതയായിരുന്നു ഇതിനെല്ലാം മേൽനോട്ടം വഹിച്ചിരുന്നത്. ആ ദൃശ്യങ്ങൾ പകർത്തുവാൻ അവർക്കെല്ലാം വളരെ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അവർ ചെയ്യുന്നതുപോലെ ഉരുളക്കിഴങ്ങ് കുഴിച്ചെടുക്കുന്ന പ്രക്രിയ ഞങ്ങളും ഒന്ന് ശ്രമിച്ചുനോക്കി. ഇത്രയേറെ കഷ്ടപ്പെട്ട് നാടും കാടും കടന്നു വരുന്ന പച്ചക്കറികളാണ് നമ്മൾ തൊട്ടടുത്ത കടയിൽപ്പോയി വാങ്ങിക്കുന്നത് എന്നോർക്കണേ.

അങ്ങനെ ഞങ്ങൾ കാഴ്ചകൾ കണ്ടു നടക്കുമ്പോൾ രണ്ടുമൂന്നു ജോലിക്കാർ ഞങ്ങളെ അവരുടെ അടുത്തേക്ക് വിളിച്ചു. വേറൊന്നുമല്ല കാര്യം, അവർ കിഴങ്ങു ചുമന്നു കൊണ്ടുപോകുന്ന ദൃശ്യം വീഡിയോ എടുക്കുമോ എന്നു ചോദിക്കുവാനായിരുന്നു. ഞങ്ങൾക്കും സന്തോഷമായി. അവരെ പരിചയപ്പെടുകയും അവരുടെ വിശേഷങ്ങൾ ഞങ്ങൾ കേൾക്കുകയും ചെയ്തു. അവരോടൊത്ത് കുറച്ചുസമയം ചെലവഴിച്ചതിനു ശേഷം ഞങ്ങൾ വണ്ടിയിൽക്കയറി വീണ്ടും യാത്ര തുടർന്നു.

പലതവണ ഞാൻ ഊട്ടിയിൽ പോയിട്ടുണ്ടെങ്കിലും ഇതുപോലുള്ള വ്യത്യസ്തമായ കാഴ്ചകൾ ആദ്യമായിട്ടായിരുന്നു കാണുന്നത്. ഊട്ടിയിൽ വരുന്ന എല്ലാവരോടുമായി ഒരു വാക്ക് – എല്ലായ്പ്പോഴും വന്നു ബൊട്ടാണിക്കൽ ഗാർഡനും ബോട്ടിംഗും ഒക്കെ കണ്ടു മടുത്തെങ്കിൽ ഇതാ ഇതുപോലുള്ള കാഴ്ചകൾ കാണുവാനായി സിറ്റി വിട്ടു അൽപ്പം പുറത്തേക്ക് സഞ്ചരിക്കുക. തീർച്ചയായും നിങ്ങൾക്ക് അതൊരു വ്യത്യസ്തമായ അനുഭവമായിരിക്കും. SR Jungle Resort ന്റെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 8973950555.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.