ഹായ് സുഹൃത്തുക്കളേ, ഞാൻ നിങ്ങളുടെ സുജിത്ത് ഭക്തൻ. ഒരു ട്രാവൽ വ്ലോഗർ എന്ന നിലയിലാണ് എന്നെ നിങ്ങളെല്ലാവരും അറിയപ്പെടുന്നത്. ശരിയാണ്, യാത്രകളാണ് എൻ്റെ ജീവിതത്തിൽ വലിയ, നല്ലനല്ല മാറ്റങ്ങൾ കൊണ്ടുവന്നത്.

ബെംഗളൂരുവിൽ പഠിച്ചു കൊണ്ടിരുന്ന സമയത്തായിരുന്നു ഞാൻ യാത്രകൾ കൂടുതലായി ചെയ്യുവാൻ തുടങ്ങിയത്. അക്കാലത്ത് കെഎസ്ആർടിസി, കർണാടക ആർടിസി ബസ്സുകളിലൊക്കെയായിരുന്നു ഭൂരിഭാഗം യാത്രകളും. പിന്നെ ഒരു ബൈക്ക് സ്വന്തമാക്കിയപ്പോൾ അതിലായി യാത്രകൾ. ബെംഗളൂരുവിൽ നിന്നും വീക്കെൻഡുകളിൽ പോണ്ടിച്ചേരി, തിരുപ്പതി, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കൊക്കെ ഞാൻ യാത്രകൾ പോകുമായിരുന്നു. അക്കാലത്ത് ഒറ്റയ്ക്കുള്ള സോളോ ട്രിപ്പുകളായിരുന്നു അധികവും.

പിന്നീട് ബെംഗളൂരുവിൽ നിന്നും പഠനമൊക്കെ കഴിഞ്ഞു നാട്ടിലെത്തിയപ്പോൾ യാത്രകൾ കെഎസ്ആർടിസി ബസ്സുകളിലായി. ഇതിനിടെ എനിക്ക് യാത്രകളിൽ കൂട്ടായി ഒരേചിന്താഗതിയുള്ള ചില നല്ല സുഹൃത്തുക്കളെയും ലഭിക്കുകയുണ്ടായി. അവരുമൊന്നിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും ഞാൻ ബസ്സിൽ യാത്ര ചെയ്തു പോയിട്ടുണ്ട്.

അങ്ങനെയിരിക്കെയാണ് ഞങ്ങൾ വീട്ടിൽ ഒരു കാർ വാങ്ങുന്നത്. ആ കാറുമായി ഞങ്ങൾ ആദ്യമായി നീണ്ട യാത്ര പോയത് ഗോവയിലേക്ക് ആയിരുന്നു. അതും അച്ഛനും അമ്മയും അനിയനുമൊപ്പം. ഇതുവരെ കൂടുതലായും ഒറ്റയ്ക്കും, സുഹൃത്തുക്കളുമായുമൊക്കെയായിരുന്നു ഞാൻ യാഹ്‌റകൾ പോയിരുന്നത്. കാർ വന്നതോടെ ഞങ്ങൾ ഫാമിലിയുമൊത്ത് ധാരാളം ട്രിപ്പുകൾ പോകുവാൻ തുടങ്ങി.

ഗോവയിലേക്കുള്ള ഫാമിലി ട്രിപ്പ് ഒരു തുടക്കമായിരുന്നു. അതിനുശേഷം ബെംഗളൂരു, മൈസൂർ, തിരുപ്പതി, ചെന്നൈ, മധുര, തഞ്ചാവൂർ, മൂന്നാർ, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കൊക്കെ ഞങ്ങൾ കുടുംബവുമൊത്ത് യാത്രകൾ പോയിരുന്നു. അങ്ങനെയിരിക്കെയാണ് വ്‌ളോഗിംഗ് രംഗത്തേക്ക് ഞാൻ കടന്നുവരുന്നത്. വ്‌ളോഗിങിനായി ആദ്യകാലങ്ങളിൽ ഒറ്റയ്ക്കായിരുന്നു യാത്രകൾ നടത്തിയതെങ്കിലും, പിന്നീട് അനിയൻ അഭിജിത്തും സുഹൃത്തുക്കളായ ഡോ.വിപിൻ, പ്രശാന്ത്, ആന്റണി എന്നിവരും ചേർന്നു.

വ്‌ളോഗിംഗ് ഒരു കരിയർ ആയി എടുത്തപ്പോൾ യാത്രകൾ എൻ്റെ ജീവിതത്തിന്റെ ഭാഗമാണെന്നു ഞാൻ മനസ്സിലാക്കി. ഇതിനിടയിൽ വീട്ടിൽ വിവാഹാലോചനകളും തുടങ്ങിയിരുന്നു. അപ്പോൾ എന്നെ അലട്ടിയിരുന്ന ഒരു പ്രധാന പ്രശ്നമെന്തെന്നാൽ “കല്യാണം കഴിക്കുന്ന പെൺകുട്ടി യാത്രകൾ ഇഷ്ടപ്പെടുന്നയാളായിരിക്കുമോ?, യാത്ര പോകാൻ താല്പര്യമില്ലാതെയുള്ളയാൾ ആയിരിക്കുമോ?” എന്നൊക്കെയുള്ള ചിന്തകളായിരുന്നു.

പക്ഷേ ഭാഗമെന്നു പറയട്ടെ, എൻ്റെ ജീവിതത്തിലേക്ക് കടന്നുവന്ന സഹയാത്രിക ശ്വേത ഒരു യാത്രാപ്രേമി തന്നെയായിരുന്നു. ഒരുപൊടിക്ക് എന്നെക്കാളും യാത്രാപ്രേമം കൂടുതലുണ്ടോ എന്നൊരു സംശയം മാത്രമേയുള്ളൂ. അങ്ങനെ വിവാഹശേഷം ഞങ്ങൾ ഒന്നിച്ചുള്ള യാത്രകൾക്ക് തുടക്കമായി. കേരളത്തിനകത്തും, പുറത്തും, ഇന്ത്യക്ക് വെളിയിലുമൊക്കെയായി ധാരാളം യാത്രകൾ ഞങ്ങളൊന്നിച്ചു നടത്തി. എന്നാൽ ഇതിനിടയിലും അച്ഛനുമമ്മയും അനിയനും ഒത്തുള്ള യാത്രകൾക്കും ഞങ്ങൾ സമയം കണ്ടെത്തും.

വീട്ടുകാരുമൊത്ത് ഏറ്റവും നീണ്ട യാത്ര പോകുന്നത് അങ്ങനെയാണ്. ഗുജറാത്തിലേക്ക് ആയിരുന്നു ഞങ്ങളുടെ ആ യാത്ര. കൊച്ചിയിൽ നിന്നും വിമാനത്തിൽ കയറി അഹമ്മദാബാദിൽ ചെന്നിട്ട് അവിടെ നിന്നും കാർ റെന്റിനെടുത്തായിരുന്നു ഞങ്ങളുടെ കറക്കം. അച്ഛന്റെയും അമ്മയുടെയും ആദ്യത്തെ വിമാനയാത്ര കൂടിയായിരുന്നുവെന്ന പ്രത്യേകതയും ആ യാത്രയ്ക്ക് ഉണ്ടായിരുന്നു. കുറേനാളുകളായി അച്ഛനെയും അമ്മയെയും വിമാനത്തിൽ കയറ്റണമെന്ന് ഞാൻ വിചാരിച്ചിട്ട്. പക്ഷേ അവർക്കാണെകിൽ വിമാനത്തിൽ കയറുവാൻ അൽപ്പം പേടിയും. ഒടുവിൽ നിർബന്ധിച്ചു നടത്തിയ ആദ്യത്തെ വിമാനയാത്ര കഴിഞ്ഞപ്പോൾ പിന്നെ അടുത്ത ഫ്ലൈറ്റ് ട്രിപ്പ് എവിടേക്കാണെന്ന ചോദ്യമായി രണ്ടുപേരും. എന്തായാലും ഇനി എൻ്റെ അടുത്ത സ്വപ്നമെന്തെന്നാൽ അച്ഛനെയും അമ്മയെയും കൂട്ടി ഒരു വിദേശയാത്രയാണ്. അത് താമസിയാതെ യാഥാർഥ്യമാകും എന്ന വിശ്വാസത്തിലാണ് ഞങ്ങൾ.

ഓരോ യാത്രകൾക്കും അതിന്റെതായ ഒരു മൂഡ് ഉണ്ട്. ഒറ്റയ്ക്കും, സുഹൃത്തുക്കളുമായും നടത്തുന്ന യാത്രകൾ പോലെയല്ല കുടുംബവുമായി നടത്തുന്നവ. ഫാമിലിയായി യാത്ര ചെയ്യുമ്പോൾ അൽപ്പം ഉത്തരവാദിത്തവും നമുക്ക് വന്നുചേരും. അങ്ങനെത്തന്നെയാണ് വേണ്ടത്. പക്ഷേ വീട്ടുകാരുമൊന്നിച്ചുള്ള യാത്രകൾ… അത് പറഞ്ഞറിയിക്കാനാവാത്ത ഒരു ഫീലാണ്. അത് അനുഭവിച്ചു തന്നെ അറിയണം. യാത്രകൾ ഇനിയും തുടർന്നുകൊണ്ടിരിക്കുന്നു…

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.