അടിച്ചുപൊളി ട്രിപ്പുകാരുടെ പ്രധാന ലക്ഷ്യമാണ് ഗോവ. ബാറുകളും പബ്ബുകളും നിശാക്ളബ്ബുകളും, ഡാൻസും പാട്ടുമൊക്കെയായി യുവത്വത്തിന്റെ സന്തോഷങ്ങൾ പൂക്കുന്നയിടം. ഗോവയിലേക്ക് നമ്മുടെ നാട്ടിൽ നിന്നും ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഗോവയിൽ പോയിട്ടുള്ള ഒരു സുഹൃത്തെങ്കിലും നമ്മുടെ കൂട്ടത്തിലുണ്ടാകും എന്നുറപ്പാണ്. എന്തുകൊണ്ടാണ് ഗോവയ്ക്ക് ഇത്ര ജനപ്രീതി? അത് മനസ്സിലാക്കണമെങ്കിൽ അവിടെപ്പോയി അനുഭവിച്ചു തന്നെയറിയണം. പക്ഷെ എന്തിനും ഏതിനും സ്വാതന്ത്ര്യമുള്ള നാടാണ് ഗോവ എന്ന് കരുതരുത്. തായ്‌ലണ്ടിലെ പട്ടായയിൽ ഒക്കെ നടക്കുന്നപോലെ ഗോവയിൽ നടക്കില്ല.
ഗോവയിലെ ബീച്ചിലിരുന്നുകൊണ്ട് ഒരു ബിയർ കഴിക്കാമെന്നു വിചാരിച്ചാൽ പണിപാളും. 2000 രൂപയാണ് ഇതിനു പിഴയായി കൊടുക്കേണ്ടി വരിക. പക്ഷെ ബീച്ചിലോ പരിസരങ്ങളിലോ നിന്നും ഒഴിഞ്ഞ ബിയർ കുപ്പികളോ സിഗരറ്റ് കുട്ടികളോ ഒക്കെ ശേഖരിച്ചു കൊടുത്താൽ ഒരു ബിയർ നിങ്ങൾക്ക് ഫ്രീയായി ലഭിക്കും. കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ട് അല്ലേ? എങ്കിൽ കേട്ടോളൂ ഇത് സത്യമാണ്. ഒരു വർഷത്തിൽ ശരാശരി 7 ലക്ഷത്തോളം സന്ദർശകർ വരുന്ന ഗോവയിലെ ബീച്ചുകളിൽ അത്രയും തന്നെ മാലിന്യങ്ങളും കുമിഞ്ഞു കൂടുന്നുണ്ട്. ഇത്തരത്തിൽ മലിനപ്പെട്ട ഗോവയെ ‘ഗോ ഗ്രീൻ’ ആക്കി മാറ്റുവാനായി ‘ദൃഷ്ടി മറൈൻ’ എന്ന പരിസ്ഥിതി സംഘടനയും ടൂറിസം വകുപ്പുമായി ചേർന്ന് ആരംഭിച്ച പദ്ധതിയാണ് ‘വെയ്സ്റ്റ് ബാർ’, അതായത് ബീച്ചിലെ മാലിന്യങ്ങൾക്ക് പകരം ബിയർ സമ്മാനം.
ഒരു ബിയർ ബോട്ടിൽ നേടുവാനായി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം – ബീച്ചിൽ നിന്നും ശേഖരിച്ച മിനിമം 10 ബിയർ ബോട്ടിൽ ക്യാപ്പുകൾ, 20 സിഗരറ്റ് കുറ്റികൾ എന്നിവ സമീപത്തുള്ള വേസ്റ്റ് ബാറിൽ കൊണ്ടുപോയി കൊടുക്കുക. ഇതിനുള്ള സമ്മാനമായി നിങ്ങൾക്ക് ഒരു ബോട്ടിൽ ബിയർ കഴിക്കാം. ഒറ്റ പൈസ ചിലവില്ലാതെ ബിയർ കഴിക്കാൻ അവസരം കിട്ടിയാൽ വിടുമോ നമ്മുടെയാളുകൾ? ഇതോടെ സംഭവം ക്ലിക്കായി. ബിയറിനു വേണ്ടി ആളുകൾ ബീച്ചിലെ മാലിന്യങ്ങൾ പെറുക്കുവാൻ മത്സരമായി. തൽഫലമോ, ബീച്ചുകൾ നല്ല സുന്ദരക്കുട്ടപ്പന്മാരായി മാറുകയും ചെയ്തു. കുപ്പിയുടെ അടപ്പുകൾക്കും സിഗരറ്റ് കുറ്റികൾക്കും പുറമേ പ്ലാസ്റ്റിക് സ്ട്രോകൾ ശേഖരിച്ചു നൽകിയും ഈ സമ്മാനം കരസ്ഥമാക്കാവുന്നതാണ്.
തേരാ മേരാ ബീച്ച് എന്നാണു ഈ ക്യാംപെയിന് പേരിട്ടിരിക്കുന്നത്. 2019 ജനുവരി 30 നു ഗോവയിലെ ബാഗാ ബീച്ചിൽ ആരംഭിച്ച സാൻസിബാർ വേസ്റ്റ് ബാറിനു വമ്പൻ ജനപ്രീതിയാണ് ലഭിച്ചത്. വൈകുന്നേരം 4 മുതൽ 6 വരെയാണ് വേസ്റ്റ് ക്യാംപെയിൻ ഇവിടെ നടക്കുന്നത്. സംഭവം ഹിറ്റായതോടെ കൂടുതൽ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള ബാറുകൾ തുറക്കുമെന്നാണ് സൂചനകൾ. അടുത്ത മൂന്നാലു മാസങ്ങൾ കൊണ്ട് ഇത് യാഥാർഥ്യമാക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ബാറിൽ ലഭിക്കുന്ന മാലിന്യങ്ങൾ സംസ്ക്കരിച്ച് വിവിധ സാധനങ്ങൾ നിർമ്മിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ‘ദൃഷ്ടി മറൈൻ ഓർഗനൈസേഷൻ.’