ഒരു കെഎസ്ആർടിസി ബസ് മുഴുവനും ബുക്ക് ചെയ്ത് ഞങ്ങളുടെ കോളേജ് ടൂർ…

Total
33
Shares

നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചിട്ടുള്ള, മറക്കാനാവാത്ത നിമിഷങ്ങൾ എപ്പോഴായിരിക്കും? കോളേജ് ദിനങ്ങൾ എന്നായിരിക്കും ഭൂരിഭാഗം ആളുകളുടെയും ഉത്തരം. അതെ എൻ്റെ ജീവിതത്തിലെയും മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ചത് എൻ്റെ കലാലയ ജീവിതമായിരുന്നു. ബെംഗളൂരുവിലെ ന്യൂ ഹൊറൈസൺ കോളേജിൽ ആയിരുന്നു എൻ്റെ ബി.ടെക്. പഠനം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളെ എനിക്ക് സമ്മാനിച്ചു എൻ്റെ കോളേജ് ജീവിതം… അങ്ങനെ എല്ലാവരുടെയും പോലെ ഞങ്ങളുടെ കോളേജ് ദിനങ്ങളും അവസാനിക്കാറായി. കോളേജ് ടൂർ പോകണം.. എവിടെ പോകും? ഹൈദരാബാദ്, ഗോവ എന്നിങ്ങനെ പല സ്ഥലങ്ങളും ലിസ്റ്റിൽ വന്നു. അപ്പോഴാണ് എനിക്കൊരു ചിന്ത മനസ്സിലുദിച്ചത്. എന്തുകൊണ്ട് കോളേജ് ടൂർ നമ്മുടെ കേരളത്തിലേക്ക് ആയിക്കൂടാ? സംഭവം അവതരിപ്പിച്ചപ്പോൾ എല്ലാവര്ക്കും സമ്മതമായിരുന്നു. അങ്ങനെ കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലാക്കുവാൻ തീരുമാനമായി.

അപ്പോഴാണ് അടുത്ത ചോദ്യചിഹ്നം വീണ്ടും ഞങ്ങളെ നോക്കി പല്ലിളിച്ചത് – എങ്ങനെ അവിടം വരെ പോകും? അതിനും ഒരു പോംവഴി എന്റെയുള്ളിൽ തന്നെ ഉരുത്തിരിഞ്ഞു വന്നു. ഞാൻ സ്ഥിരമായി ബെംഗളൂരുവിൽ നിന്നും നാട്ടിൽ പോകാറുള്ളത് കെഎസ്ആർടിസിയുടെ തിരുവല്ല – ബെംഗളൂരു സൂപ്പർ ഡീലക്സ് ബസ്സിലാണ്. എന്തുകൊണ്ട് ഈ ബസ്സിൽ എല്ലാവര്ക്കും പൊയ്ക്കൂടാ? ഒരു വ്യത്യസ്തമായ യാത്രയും കൂടിയാകും അത്. സംഭവം പറഞ്ഞപ്പോൾ എല്ലാവരും ഹാപ്പി. അങ്ങനെ യാത്രയ്ക്ക് കുറച്ചു ദിവസങ്ങൾ മുന്നേ ഞങ്ങൾ ആ ബസ് മൊത്തമായി സീറ്റുകൾ റിസർവ്വ് ചെയ്തു. സ്ഥിരയാത്രികൻ ആയിരുന്നതിനാൽ ബസ്സിലെ ജീവനക്കാരുമായി ഞാൻ നല്ല കമ്പനിയായിരുന്നു. ഞാൻ ജീവനക്കാരുമായും ചില ഉദ്യോഗസ്ഥരുമായും സംസാരിച്ച്  മാറത്തഹള്ളിയിൽ ഞങ്ങളുടെ കോളേജിനു മുന്നിൽ നിന്നും ബോർഡിംഗ് ഏർപ്പാടാക്കി.

അങ്ങനെ ഞങ്ങളുടെ യാത്രാദിവസം വന്നെത്തി. അതൊരു ബുധനാഴ്ചയായിരുന്നു. വൈകുന്നേരം നാലുമണിയോടെ ഞാൻ ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റേഷനിൽ എത്തിച്ചേർന്നു. ബാക്കി കുട്ടികളെല്ലാം കോളേജിനു മുന്നിൽ കാത്തു നിൽക്കുകയായിരുന്നു. കണ്ടക്ടർ ബസ് സ്റ്റേഷനിലെ കൗണ്ടറിൽ ചെന്ന് റിസർവേഷൻ ലിസ്റ്റും വാങ്ങി വന്നു. യാത്രക്കാർ മൊത്തം നമ്മുടെ ടീം മാത്രമാണ്. അങ്ങനെ ഞാനും ബസ് ജീവനക്കാരും മാത്രമായി ആ ബസ് സാറ്റലെറ്റ് ബസ് സ്റ്റേഷനിൽ നിന്നും ഞങ്ങളുടെ കോളേജ് ലക്ഷ്യമാക്കി യാത്രയാരംഭിച്ചു.

ബെംഗളൂരുവിലെ ബ്ലോക്ക് എല്ലാം മറികടന്നുകൊണ്ട് വൈകീട്ട് ആറുമണിയോടെ ബസ് ഞങ്ങളുടെ കോളേജിന് മുന്നിൽ എത്തിച്ചേർന്നു. ബസ് കണ്ടമാത്രയിൽ എൻ്റെ കോളേജ് സുഹൃത്തുക്കൾ ഒച്ചയും ബഹളവും വെക്കുവാൻ തുടങ്ങി. എല്ലാവരും ലഗേജുകളുമായി ബസ്സിൽ കയറിയപ്പോഴാണ് ശരിക്കും അത്ഭുതപ്പെട്ടുപോയത്. അവരാരും തന്നെ ഇതിനു മുൻപ് ഈ ബസ് കണ്ടിട്ടുണ്ടായിരുന്നില്ല. ട്രാൻസ്‌പോർട്ട് ബസ് എന്നൊക്കെ കേട്ടപ്പോൾ അവർ ആദ്യം വിചാരിച്ചിരുന്നത് ഏതോ തുക്കടാ ബസ് ആയിരിക്കും എന്നായിരുന്നു. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾ ആസ്ഥാനത്താക്കി നമ്മുടെ കലക്കൻ തിരുവല്ല സൂപ്പർ ഡീലക്സ്.

അങ്ങനെ വൈകുന്നേരം ആറരയോടെ ഞങ്ങളെയും വഹിച്ചുകൊണ്ട് തിരുവല്ല – ബെംഗളൂരു ഡീലക്സ് ബസ് കേരളത്തിലേക്ക് യാത്രയാരംഭിച്ചു. ബസ്സിൽ ഞങ്ങൾ മാത്രമായിരുന്നതിനാൽ ശരിക്കും ഒരു ടൂർ പോകുന്ന പ്രതീതി തന്നെയായിരുന്നു. ബസ്സിൽ മ്യൂസിക് സിസ്റ്റം ഇല്ലാതിരുന്നിട്ടു കൂടി പാട്ടും ഡാൻസും കൈകൊട്ടും തമാശയുമൊക്കെയായി ഞങ്ങളുടെ ബസ് ബെംഗളൂരു സേലം ഹൈവേയിലൂടെ പറന്നു. ബസ് ജീവനക്കാരും ഞങ്ങളോടൊപ്പം കൂടി.

രാത്രി 9.15 ഓടെ ഞങ്ങൾ കൃഷ്ണഗിരിയിൽ എത്തിച്ചേർന്നു. അവിടത്തെ ഉദയാ ഹോട്ടലിൽ ആയിരുന്നു ഞങ്ങളുടെ ഡിന്നർ. ഏകദേശം ഒരു മണിക്കൂറത്തെ ഡിന്നർ ഇടവേളയ്ക്കു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ബെംഗളൂരുവിലെ ബ്ലോക്ക് ഒക്കെ സഹിച്ച ബസ് ഡ്രൈവർ തമിഴ്‌നാട്ടിലെ മനോഹരമായ ഹൈവേയിലൂടെയുള്ള ഡ്രൈവിംഗ് ശരിക്കും എൻജോയ് ചെയ്യുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഞങ്ങളെല്ലാവരും പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.

വെളുപ്പിന് നാല് മണിയോടെ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി എത്തിയപ്പോൾ കെഎസ്ആർടിസിയുടെ തന്നെ വോൾവോ ബസ് എന്തോ തകരാർ മൂലം വഴിയിൽ കിടക്കുന്നുണ്ടായിരുന്നു. അവർ ഞങ്ങളുടെ ബസ്സിനു കൈകാണിച്ചു നിർത്തിച്ചു. വോൾവോ ബസ്സിലെ യാത്രക്കാർ ഞങ്ങളുടെ ബസ്സിൽ സീറ്റുണ്ടോ എന്ന് കണ്ടക്ടറോട് തിരക്കി. പക്ഷേ സീറ്റെല്ലാം ഫുൾ ആയിരുന്നതിനാൽ വേറെയാർക്കും ഞങ്ങളുടെ ബസ്സിൽ കയറാനായില്ല. സൂപ്പർക്ലാസ്സ് ബസ് ആയതിനാൽ യാത്രക്കാരെ നിർത്തിക്കൊണ്ട് പോകുവാൻ നിയമപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ അതും സാധ്യമായിരുന്നില്ല. അങ്ങനെ അവരെ കയറ്റാനാകാതെ ഞങ്ങൾ മനസ്സില്ലാമനസ്സോടെ അവിടെനിന്നും യാത്രയായി.

വെളുപ്പിന് 6.15 ഓടെ ഞങ്ങൾ എറണാകുളത്ത് എത്തിച്ചേർന്നു. ഞങ്ങളെ എംജി റോഡിൽ ഷേണായ്‌സ് തിയേറ്ററിനു സമീപം ഇറക്കിക്കൊണ്ട് ബസ് ഒഴിഞ്ഞ സീറ്റുകളോടെ സ്റ്റാൻഡിലേക്ക് പോയി. കൊച്ചിയിൽ ഞങ്ങളുടെ യാത്രയ്ക്കായി ഞാൻ ഒരു ടൂറിസ്റ്റു ബസ് ബുക്ക് ചെയ്ത് ഏർപ്പാടാക്കിയിരുന്നു. അവിടെ നിന്നും ഞങ്ങൾ അതിരപ്പിള്ളി -വാഴച്ചാൽ, ഫോർട്ട്കൊച്ചി എന്നിവിടങ്ങൾ സന്ദർശിക്കുകയുണ്ടായി. അന്നേദിവസം ഞങ്ങൾ എല്ലാവരും എറണാകുളത്ത് തങ്ങി. അടുത്ത ദിവസം ആലപ്പുഴയിൽ ബോട്ട് യാത്ര ആസ്വദിക്കുകയാണ് ഞങ്ങളുടെ ലക്‌ഷ്യം.

പിറ്റേ ദിവസം ഞങ്ങൾ ആലപ്പുഴയിലേക്ക് പോകുവാനായി എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നു. അന്നത്തെ എറണാകുളം കെഎസ്ആർടിസി സോണൽ ഓഫീസറായിരുന്ന ജയരാജ് സർ ഞങ്ങൾക്ക് എല്ലാവർക്കും സീറ്റ് ലഭിക്കത്തക്കവിധം ബസ് അറേഞ്ച് ചെയ്യുവാൻ സഹായിച്ചു. ഒരു കൊല്ലം ഫാസ്റ്റ് പാസഞ്ചർ ബസ്സിലായിരുന്നു ഞങ്ങൾ കയറിയത്. ജയരാജ് സാറിനോട് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങൾ രാവിലെ പത്തുമണിയോടെ എറണാകുളത്തു നിന്നും യാത്ര തുടങ്ങി. ഒന്നേകാൽ മണിക്കൂറത്തെ യാത്രയ്ക്കു ശേഷം പതിനൊന്നേകാലോടെ ഞങ്ങൾ ആലപ്പുഴയിൽ എത്തിച്ചേർന്നു. പിന്നീടുള്ള രണ്ടു ദിവസങ്ങൾ ഞങ്ങൾ കായൽക്കാഴ്ചകളും ബോട്ടിങ്ങും ഒക്കെയായി ആലപ്പുഴയിൽത്തന്നെ ചെലവഴിച്ചു.

തിരികെയുള്ള ഞങ്ങളുടെ യാത്രയും തിരുവല്ല – ബെംഗളൂരു സൂപ്പർ ഡീലക്സ് ബസ്സിൽത്തന്നെയായിരുന്നു. വന്നപോലെതന്നെ എല്ലാ സീറ്റുകളും ഞങ്ങൾ ബുക്ക് ചെയ്തു. യാത്രക്കാരായി ഞങ്ങൾ മാത്രമുണ്ടായിരുന്നതിനാൽ ഞങ്ങൾക്കായി മൂന്നു മണിക്കൂറോളം താമസിപ്പിച്ചായിരുന്നു ബസ് യാത്ര തുടങ്ങിയത്. അന്നത്തെ തിരുവല്ല കെഎസ്ആർടിസി ATO ആയിരുന്ന ഷേണായ് സാറും വിജിലൻസ് ഓഫീസറായ ഗോപാലകൃഷ്ണൻ സാറും ഇതിനായി ഞങ്ങളെ സഹായിച്ചു. അങ്ങനെ വൈകുന്നേരം ആറരയോടെ ഞങ്ങൾ ആലപ്പുഴയിൽ നിന്നും ബെംഗളുരുവിലേക്ക് യാത്രയാരംഭിച്ചു.

രാത്രി ചാലക്കുടിയിൽ ഡിന്നറിനായി നിർത്തിയ ബസ് പിറ്റേദിവസം ഏഴുമണിയോടെ ബെംഗളൂരുവിൽ എത്തിച്ചേർന്നു. അങ്ങനെ ഞങ്ങളുടെ വ്യത്യസ്തമായ കോളേജ് ട്രിപ്പ് അവസാനിച്ചു. എല്ലാവരും നന്നായി ആസ്വദിച്ചിരുന്നു ആ ട്രിപ്പ്. ഇതോടെ ഒരു ട്രിപ്പ് എങ്ങനെ നന്നായി ഓർഗനൈസ് ചെയ്യണം എന്ന് ഞാൻ പഠിച്ചു. ഇതെല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ 8 വര്ഷം പിന്നിട്ടിരിക്കുന്നു.. അന്ന് കോളേജിൽ പഠിച്ച എല്ലാവരും ഇന്ന് പല മേഖലകളിലായി ജോലിചെയ്യുന്നു.. ചില പെൺസുഹൃത്തുക്കൾ ഇന്ന് വീട്ടമ്മയായി സന്തോഷത്തോടെ ജീവിക്കുന്നു. എങ്കിലും ഞങ്ങളുടെ സംഭവ ബഹുലമായ ഈ കോളേജ് ടൂർ അവരെല്ലാവരും എന്നും ഓർത്തിരിക്കും..

1 comment
Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…
View Post

പ്രളയവും കോവിഡും തളർത്തി; കണ്ണീരോടെ കോട്ടയത്തെ ‘മാംഗോ മെഡോസ്’

പ്രകൃതിയെയും സസ്യജാലങ്ങളെയും ഒരേപോലെ സ്നേഹിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയ്ക്ക് സമീപമുള്ള മാംഗോ മെഡോസ് എന്ന മഹാപ്രപഞ്ചം. ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് എന്ന ഖ്യാതി കേട്ട മാംഗോ മെഡോസ് ഇപ്പോൾ സങ്കടാവസ്ഥയിലാണ്. തുടരെയുണ്ടായ പ്രളയവും, പിന്നാലെ വന്ന കോവിഡും…
View Post

മോസ്‌ക്കോ എയർപോർട്ടിൽ എനിക്കുണ്ടായ അനുഭവങ്ങൾ…

ദുബായിൽ നിന്നും ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് A380 യിലെ യാത്രയും ആസ്വദിച്ചു ഞങ്ങൾ മോസ്‌കോ എയർപോർട്ടിൽ ഇന്ത്യൻ സമയം 12 മണിയോടടുപ്പിച്ച് എത്തിച്ചേർന്നു. തിരക്കിൽ നിന്നും ഒഴിഞ്ഞുമാറി ഞങ്ങൾ ഇമിഗ്രെഷൻ കൗണ്ടറിലേക്ക് നീങ്ങി. കൂടെയുണ്ടായിരുന്ന സഹീർ ഭായി ഇമിഗ്രെഷൻ…
View Post

ബെംഗളൂരു നഗരത്തിനുള്ളിൽ നിങ്ങൾ കണ്ടിരിക്കേണ്ട 15 സ്ഥലങ്ങൾ..

ബെംഗളൂരു ഇന്ത്യയിലെ വലിയ മെട്രോ നഗരങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ ഇവിടെ കാഴ്ചകളും ധാരാളമുണ്ട്. ബെംഗളുരുവിലേക്ക് വരുന്നവർക്ക് സന്ദർശിക്കാവുന്ന 15 സ്ഥലങ്ങളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുവാൻ പോകുന്നത്. 1 ടിപ്പു സുൽത്താൻ സമ്മർ പാലസ് : ബെംഗളൂരുവിലെ കെആർ മാർക്കറ്റിനു സമീപമാണ്…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിൽ ടൂറിസം ഉണരുന്നു; തുറന്ന ടൂറിസം സെന്ററുകൾ ഇവയാണ്

കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകള്‍ കഴിഞ്ഞ ദിവസം മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കി. പരിഷ്‌കരിച്ച കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സെന്ററുകള്‍ പ്രവര്‍ത്തിക്കുക. ഇത്തരത്തിൽ തുറന്നിരിക്കുന്ന ടൂറിസം സെന്ററുകളുടെ വിവരങ്ങൾ ജില്ല തിരിച്ച് താഴെ…
View Post

സ്‌കോഡ ‘കുശാഖ്’ പുറത്തിറങ്ങി; വില 10.49 ലക്ഷം മുതൽ

വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമമായി സ്‌കോഡ കുശാഖ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ കൂട്ടുക്കെട്ടില്‍ വികസിപ്പിച്ചിട്ടുള്ള MQB-AO-IN പ്ലാറ്റ്‌ഫോമില്‍ ആദ്യമായി ഒരുങ്ങുന്ന സ്‌കോഡ വാഹനമാണ് കുഷാക്ക്. 4225 എം.എം. നീളവും 1760 എം.എം. വീതിയും 1612 എം.എം. ഉയരവും 2651 എം.എം. വീല്‍ബേസും 188…
View Post

മലപ്പുറത്ത് 10 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിച്ച 1300 Sqft വീട്

ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് എന്നത്. ഇക്കാലത്ത് ഒരു നല്ല വീട് വെക്കണമെങ്കിൽ എത്ര രൂപ ചെലവാകും? 20, 30, 35 അങ്ങനെ പോകും ലക്ഷങ്ങൾ. എന്നാൽ ഇതൊന്നുമല്ലാതെ ചുരുങ്ങിയ തുകയ്ക്ക് മനോഹരമായ വീട് പണിത് താമസിക്കുന്നവരും നമുക്കിടയിലുണ്ട്.…
View Post