ആലപ്പുഴയെക്കുറിച്ച് നിങ്ങൾക്ക് അധികം വിശദീകരണം ഒന്നും വേണ്ടല്ലോ അല്ലെ? ചുറ്റിനും കായലും തോടുകളും നിറയെ ഉള്ളതിനാൽ കിഴക്കിന്റെ വെനീസ് എന്നാണു ആലപ്പുഴയെ വിളിക്കുന്നത്. കയർ വ്യവസായത്തിന് പേര് കേട്ട ആലപ്പുഴ ജില്ല കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. കേരളത്തിലേക്ക് വരുന്ന വിദേശികൾ ആലപ്പുഴ സന്ദർശിക്കാത്ത പോകാറില്ല. അതുകൊണ്ട് കേരളത്തിന്റെ ടൂറിസം രംഗത്ത് വളരെ പ്രധാനമായ ഒരു സ്ഥാനം ആലപ്പുഴ അലങ്കരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം. ആലപ്പുഴയിൽ വന്നാൽ എന്തൊക്കെ കാണാം? എവിടെയൊക്കെ പോകാം? ഇതൊന്നും അധികമാർക്കും അറിയില്ല. മിക്കവരും ഇവിടെ വന്നിട്ട് ഒരു ബോട്ടിംഗും നടത്തി അങ്ങ് തിരിച്ചു പോകാറാണ് പതിവ്. അത്തരത്തിൽ ഇനി സംഭവിക്കാതിരിക്കുവാൻ കൂടിയാണ് ഈ പോസ്റ്റ്. ആലപ്പുഴയിലേക്ക് ട്രിപ്പ് വരുന്നവർക്ക് സന്ദർശിക്കാവുന്ന ചില സ്ഥലങ്ങൾ.

1) ആലപ്പുഴ ബീച്ച് : ആലപ്പുഴ നഗരത്തിന്റെ പടിഞ്ഞാറു വശത്താണ് ബീച്ച് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ആലപ്പുഴ കടൽപ്പാലം , ആലപ്പുഴ ലൈറ്റ് ഹൌസ് തുടങ്ങിയവ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ബീച്ച് ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. വൈകുന്നേര സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും നല്ലത്. ഫാമിലിയായി വരുന്നവർക്ക് ബീച്ചിലെ കാഴ്ചകൾ കാണുന്നതിനൊപ്പം കടൽക്കാറ്റേറ്റു കൊണ്ട് കപ്പലണ്ടിയും കൊറിച്ച് ഒരു നടത്തവും ആകാം. ബീച്ചിനോട് ചേർന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നടത്തുന്ന കുട്ടികൾക്കായുള്ള അമ്യുസ്മെന്റ് പാർക്കായ വിജയ് പാർക്ക് കൂടി ഈ വേളയിൽ സന്ദർശിക്കാവുന്നതാണ്. ആലപ്പുഴയിൽ ഒരു ദിവസത്തെ ട്രിപ്പിനായി വരുന്നവർക്ക് അവസാനമായി സന്ദർശിക്കുവാൻ പറ്റിയ ഒരിടമാണ് ബീച്ച്.

2) തകഴി മ്യൂസിയം : പ്രമുഖ മലയാള സാഹിത്യകാരനായിരുന്ന തകഴി ശിവശങ്കരപ്പിള്ള താമസിച്ചിരുന്ന ശങ്കരമംഗലമാണ് തകഴി സ്മാരകവും മ്യൂസിയവുമായി പ്രവര്‍ത്തിക്കുന്നത്. 2000 ത്തില്‍ ശങ്കരമംഗലം കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് സ്മാരകമാക്കുകയും തകഴി മ്യൂസിയമാക്കി മാറ്റുകയും ചെയ്തു. ആലപ്പുഴ പട്ടണത്തിൽ നിന്നും ഉദ്ദേശം 22 കി.മീറ്റർ തെക്കു കിഴക്കായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്. രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ സന്ദർശകർക്കു പ്രവേശനമുണ്ട്. തിങ്കളാഴ്ച ദിവസം ഇവിടേക്ക് സന്ദർശകരെ കയറ്റില്ല.
വിശദവിവരങ്ങൾക്ക് വിളിക്കാം :0477-2274243.

3) കരുമാടിക്കുട്ടൻ : തകഴിക്കടുത്തുള്ള കരുമാടി എന്ന ഗ്രാമത്തിലെ പ്രസിദ്ധമായ ബുദ്ധപ്രതിമയാണ്‌ കരുമാടിക്കുട്ടൻ. ഇതൊരു ബുദ്ധപ്രതിമയാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഒരുകാലത്ത് ബുദ്ധമതത്തിന് വളരെ പ്രചാരമുണ്ടായിരുന്ന സ്ഥലമായിരുന്നു ആലപ്പുഴ എന്നതിന് ഒരുദാഹരണം കൂടിയാണ് കരുമാടിക്കുട്ടൻ. പ്രതിമയുടെ ഒരുപകുതി മാത്രമേ ഇന്ന് നിലനിൽക്കുന്നുള്ളൂ. കരുമാടിത്തോട്ടിൽ വളരെക്കാലമായി അറിയപ്പെടാതെ കിടന്നിരുന്ന വിഗ്രഹം സം‌രക്ഷിച്ചെടുത്തത് സർ റോബർട്ട് ബ്രിസ്റ്റോ ആയിരുന്നു. കേരളത്തില്‍ അപൂര്‍വ്വമായ ബുദ്ധപ്രതിമകളില്‍ ഒന്നായ ഇതിനെ പുരാവസ്തുവകുപ്പ് ചരിത്രസ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്.

4) കൃഷ്ണപുരം കൊട്ടാരം: കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ്‌ കൃഷ്ണപുരം കൊട്ടാരം. സ്വൽപ്പം ചരിത്രവിഷയങ്ങളിൽ താൽപ്പര്യമുള്ളവർക്ക് ഇവിടം സന്ദർശിക്കുന്നത് ഒരു മുതൽക്കൂട്ടായിരിക്കും. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മയാണ്‌ ഇന്നു കാണുന്ന രീതിയിൽ കൃഷ്ണപുരം കൊട്ടാരം നിർമ്മിച്ചത്. കേരളത്തിലെ ഏറ്റവും വലിയ ഒറ്റ പാനല്‍ ചുമര്‍ ചിത്രവും ഇതു തന്നെ. പുരാവസ്തുക്കളും, ശില്പങ്ങളും, ചിത്രങ്ങളും, പുരാതനകാലത്തെ ആയുധങ്ങളും നാണയങ്ങളും ഒക്കെ ഉള്‍പ്പെടുന്ന ഒരു മ്യൂസിയം കൂടിയാണ് ഇന്ന് കൃഷ്ണപുരം കൊട്ടാരം. തനി കേരളീയ വാസ്തുശിൽപ്പരീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ കൊട്ടാരം പതിനാറുകെട്ടായാണ്‌ നിർമ്മിച്ചിരിക്കുന്നത്‌. തിരുവിതാംകൂറിലെ പത്മനാഭപുരം കൊട്ടാരത്തിന്റെ ഒരു ചെറിയപതിപ്പ് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെയാണ് ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

5) ക്ഷേത്രങ്ങളും പള്ളികളും : യാത്രയ്ക്കിടെ അൽപ്പം ആത്‌മീയത കൂടി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? അത്തരക്കാർക്കായി ആലപ്പുഴയിൽ പ്രസിദ്ധമായ ക്ഷേത്രങ്ങളും പള്ളികളുമൊക്കെ നിലവിലുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം. ആലപ്പുഴയിൽ നിന്നും ഏകദേശം 13 കിലോമീറ്റർ തെക്കു ഭാഗത്തേക്ക് മാറി അമ്പലപ്പുഴയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസവും, അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ഒരു ഗ്രാമമായ എടത്വായിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ ക്രൈസ്തവ ദേവാലയമാണ് സെന്റ്. ജോർജ് ഫൊറോന പള്ളി അഥവാ എടത്വാപള്ളി. പമ്പാനദിക്കരയിൽ സ്ഥിതി ചെയ്യുന്ന 1810 ൽ നിർമ്മിക്കപ്പെട്ട പുരാതനമായ ഈ പള്ളിയുടെ വാസ്‌തുശില്‌പശൈലി വളരെ മനോഹരമാണ്. തിരുവല്ലയിൽ നിന്നും വെറും 14 കിലോമീറ്ററേയുള്ളൂ എടത്വ പള്ളിയിലേക്ക്. എല്ലാ വർഷവും ഏപ്രിൽ 27 മുതൽ മേയ് 7 വരെയാണ് വിശുദ്ധ ഗീവർഗ്ഗീസിന്റെ പെരുന്നാൾ എടത്വാപള്ളിയിൽ കൊണ്ടാടുന്നത്. അതിന് ശേഷം എട്ടാമിടം വരെയുള്ള ഒരാഴ്ച കൂടി ആഘോഷങ്ങളുണ്ടായിരിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം ഭക്തജനങ്ങൾ ഇവിടെ എത്താറുണ്ട്.

ഇവ കൂടാതെ മുല്ലയ്ക്കല്‍ രാജേശ്വരി ക്ഷേത്രം, ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം, മണ്ണാറശാല നാഗരാജ ക്ഷേത്രം, ചമ്പക്കുളം പള്ളി തുടങ്ങി ഒട്ടേറെ ആരാധനാലയങ്ങളുണ്ട് ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലുമായി.

ഇവയൊക്കെ കൂടാതെ വേണമെങ്കിൽ ഒരു കുട്ടനാടൻ യാത്രയും ഒപ്പം അവിടത്തെ കള്ളു ഷാപ്പുകളിൽ നിന്നും ഉഗ്രൻ നാടൻ ഫുഡും വേണമെങ്കിൽ നല്ല ചെത്തു കള്ളും ഒന്ന് പരീക്ഷിച്ചു നോക്കാം. അപ്പോൾ ഇനി അടുത്ത തവണ ആലപ്പുഴയിലേക്ക് വരുമ്പോൾ ഈ സ്ഥലങ്ങളിലൊക്കെയും ഒന്നു സന്ദർശിച്ചു നോക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.