വിവരണം – Lijaz AAmi.

“വരയൻപുലി” അഥവാ കടുവയാണ് താരം… കാട്ടിലെ രാജാവ് ആരെന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരം സിംഹം. എന്നാൽ ഞാൻ പറയും കടുവയാണെന്ന്. കാരണം ഒരു പ്രദേശം ഒറ്റയ്ക്ക് അടക്കിഭരിക്കുന്ന പ്രൗഢ ഗാംഭീര്യമുളള താരം. ആനയെപോലും ഒറ്റയ്ക്ക് വെല്ലാൻ കഴിവുള്ളവൻ. സിംഹം കൂട്ടത്തോടെയാണ് ജീവിക്കുന്നതും ആക്രമിക്കുന്നതും. എന്നാൽ കടുവ നേരെ തിരിച്ചും.
കടുവയുടെ ഗാംഭീര്യത്തോടെയും, വശ്യതയോടെയുമുളള നടത്തം കണ്ടാൽത്തന്നെ ഏവരും ഒന്നു ഭയക്കും.

ഇന്ത്യയിലെ ഏറ്റവും പ്രൗഢഗംഭീരനായ മൃഗമാണ് കടുവ. ഓറഞ്ച് രോമക്കുപ്പായവും അതിൽ വീതിയുളള കറുത്ത വരകളും ഇവയ്ക്ക് രാജകീയ ഭംഗി നൽകുന്നു. ലോകത്തിലുളള മൊത്തം കടുവയുടെ 60 ശതമാനത്തോളം കാണപ്പെടുന്നത് ഇന്ത്യയിലാണ് എന്നത് ശ്രദ്ധേയമാണ്.

ഒറ്റയ്ക്ക് ജീവിക്കുവാൻ ഇഷ്ടപ്പെടുന്ന ജീവിയാണ് കടുവ, അവയ്ക്ക് അധീനപ്രദേശപരിധിയുണ്ട്. ആൺ കടുവയുടെ അധീനപ്രദേശം പെൺകടുവകളെ അപേക്ഷിച്ച് വളരെ വലുതായിരിക്കും. ഇണ ചേരുന്ന സമയത്ത് മാത്രമാണ് ആൺ – പെൺ കടുവകളെ ഒരുമിച്ച് കാണുകയുളളൂ. ഏകദേശം രണ്ടോ മൂന്നോ വയസ്സാകുമ്പോൾ കടുവയ്ക്ക് പ്രായപൂർത്തിയാകുന്നു. ഇണചേർന്ന് ഏകദേശം 103 – 110 വരെ ദിവസത്തെ ഗർഭകാലത്തിന് ശേഷം പെൺകടുവ മൂന്നോ നാലോ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു.

കുഞ്ഞുങ്ങൾ രണ്ടു മൂന്നു മാസം വരെ മുലപ്പാൽ മാത്രമാണ് ഭക്ഷിക്കുന്നത്. അതിനുശേഷം കുഞ്ഞുങ്ങൾ അമ്മയോടൊപ്പം ഇര തേടാൻ പോയിത്തുടങ്ങും. ഒന്നര വയസ്സ് പ്രായമുളള കടുവക്കുഞ്ഞുങ്ങളെ ഒറ്റനോട്ടത്തിൽ മുതിർന്നവയിൽ നിന്നും തിരിച്ചറിയുക വിഷമമാണ്. ഇത്തരത്തിലുളള അമ്മയേയും കുഞ്ഞുങ്ങളെയും നമ്മുടെ കാടുകളിലെ ക്യാമറക്കണ്ണുകളിൽ പതിഞ്ഞതിന്റെ അടിസ്ഥാനത്തിൽ കടുവകൾ കൂട്ടങ്ങളായാണ് ജീവിക്കുന്നതെന്ന് ചിലർ തെറ്റിദ്ധരിക്കുന്നുണ്ട്.

പ്രധാനമായും ഭക്ഷിക്കുന്നത് മാനുകൾ, കാട്ടുപോത്ത്, കാട്ടുപന്നി എന്നീ മൃഗങ്ങളെയാണ്. എന്നാൽ മത്സ്യം മുതൽ മുയൽ, മുള്ളൻപന്നി, കുരങ്ങ് തുടങ്ങി പുളളിപ്പുലിയെയും, ആനയെയും വരെ കടുവ ഭക്ഷിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കടുവ ആഴ്ചയിൽ ഒരു മാനിന്റെ വലുപ്പമുളള ഇരയെങ്കിലും ഭക്ഷിക്കാറുണ്ട്. അതായത് ഒരു കടുവയ്ക്ക് ഒരു വർഷം ജീവിക്കുവാൻ 45 – 50 മാനിന്റെ വലുപ്പമുളള ഇരകളെങ്കിലും കാട്ടിൽ ഉണ്ടാകണം. ഒരു പ്രദേശത്തെ കടുവകളുടെ എണ്ണം അവിടെ കാണുന്ന ഇരയുടെ എണ്ണത്തെ ആശ്രയിച്ചാണിരിക്കുന്നത്.

കാട്ടിലെ വന്യമൃഗങ്ങളെ ക്രൂരമൃഗങ്ങളെന്നും, ദുഷ്ടമൃഗങ്ങളെന്നുമൊക്കെ ആണല്ലോ നാം മുദ്രകുത്തിയിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ വന്യമൃഗങ്ങളെല്ലാം തന്നെ തികഞ്ഞ മാന്യത പുലർത്തുന്നവയും, അങ്ങോട്ടൊരു പ്രകോപനവുമില്ലാതെ യാതൊരു കാരണവശാലും തിരികെ ഉപദ്രവിക്കാത്തതുമായ ജീവികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.