കോവിഡ്-19 പടർന്നു പന്തലിച്ചു നിൽക്കുന്ന ഈ സാഹചര്യത്തിൽ ഡോക്ടർമാർക്കും, നേഴ്‌സുമാർക്കും, മറ്റ് ആരോഗ്യപ്രവർത്തകർക്കുമൊപ്പം അഭിനന്ദനം അർഹിക്കുന്ന ഒരു കൂട്ടരും കൂടിയുണ്ട് – ആംബുലൻസ് ഡ്രൈവർമാർ. എമർജൻസി മെഡിക്കൽ സേവനങ്ങൾക്കായി ധാരാളം ആംബുലൻസുകൾ നമുക്ക് അത്യാവശ്യമായി വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ആംബുലൻസ് ആക്കി മാറ്റുവാൻ പറ്റിയ ചില ഇന്ത്യൻ വാഹനങ്ങളെ ഒന്നു പരിചയപ്പെട്ടാലോ?
1. മാരുതി സുസുക്കി ഒമ്‌നി : ഇന്ത്യൻ ആംബുലൻസ് രംഗത്തെ ഏറ്റവും പഴയ തേരാളികളിൽ ഒരാളാണ് മാരുതി ഓമ്‌നി. ഒമ്‌നിയ്ക്ക് ആംബുലൻസ് എഡിഷനുകൾ മാരുതി ഇറക്കിയിരുന്നു. ഒമ്‌നി എന്ന വാഹന മോഡൽ മാരുതി ഉൽപ്പാദനം നിർത്തിയെങ്കിലും നല്ല കണ്ടീഷനിലുള്ള യൂസ്‌ഡ് ഒമ്‌നികൾ ധാരാളം ലഭ്യമാണ്. ഇത്തരം പാസഞ്ചർ ഓമ്‌നികൾ ആൾട്ടർനേഷൻ വർക്കുകൾ ചെയ്ത് ആംബുലൻസ് ആക്കാവുന്നതാണ്.
2. മാരുതി സുസൂക്കി ഈക്കോ : 2020 ൽ ഒമ്‌നികൾ ലഭിക്കുവാൻ ബുദ്ധിമുട്ടാണെങ്കിൽ അതിനൊരു പരിഹാരമാണ് മാരുതിയുടെ തന്നെ ഈക്കോ എന്ന മോഡൽ വാഹനം. ഒമ്‌നിയുടേത് പോലെത്തന്നെ ഈക്കോ മോഡലിലും ആംബുലൻസ് എഡിഷനുകൾ മാരുതി ഇറക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് ധാരാളം ചെറിയ ഹോസ്പിറ്റലുകളും നേഴ്‌സിംഗ് ഹോമുകളും മാരുതി ഈക്കോ ആംബുലൻസുകൾ ഉപയോഗിക്കുന്നുണ്ട്. എങ്കിലും ഒമ്‌നിയുടെയത്രയും സുരക്ഷിതമല്ല ഈക്കോ എന്നത് ഒരു പോരായ്മയാണ്. നല്ല സ്പീഡിൽ ഓടിക്കുമ്പോൾ ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ അപകടങ്ങൾ സംഭവിക്കുവാൻ സാധ്യതയുമുണ്ട്.
3. ടാറ്റ വിംഗർ : മാരുതിയുടെ ഒമ്‌നി, ഈക്കോ മോഡലുകളുടെ അകത്ത് സ്പേസ് കുറവാണെന്ന കാരണത്താൽ വിപുലമായ മെഡിക്കൽ ഫെസിലിറ്റികൾ അധികമൊന്നും സജ്ജീകരിക്കുവാൻ കഴിയില്ല. രോഗികൾക്ക് ഒരുപടികൂടി മുന്നിട്ടുള്ള മെഡിക്കൽ സപ്പോർട്ടുകൾ നൽകുന്നതിനായുള്ള ആംബുലൻസാണ് ഉദ്ദേശിക്കുന്നതെങ്കിൽ ടാറ്റായുടെ വിംഗർ നല്ലൊരു ഓപ്‌ഷനാണ്. ഈ വാഹനം അധികം വലുതുമല്ല, എന്നാൽ ചെറുതുമല്ല. ഇത് നല്ല രീതിയിൽ കസ്റ്റമൈസ് ചെയ്‌താൽ മികച്ച ഒരു ആംബുലൻസാക്കി മാറ്റാം. ടാറ്റ വിംഗറിൻ്റെ പഴയ വെർഷൻ ആംബുലൻസുകൾ ധാരാളം ആശുപതികൾ ഉപയോഗിക്കുന്നുണ്ടെങ്കിലും പുതിയ BS6 ടാറ്റ വിംഗർ ആയിരിക്കും ഒന്നുകൂടി മികച്ചത്.
4. മഹീന്ദ്ര ബൊലേറോ : ഇന്ത്യയിലെ ജനപ്രിയമായ ഒരു വാഹനമോഡലാണ് മഹീന്ദ്ര ബൊലേറോ. പോലീസ് വാഹനങ്ങളായാണ് അധികവും ഉപയോഗിക്കുന്നതെങ്കിലും, ആംബുലൻസായും സർവ്വീസ് നടത്താം എന്നത് ബൊലേറോയുടെ ഒരു മേന്മയാണ്. 2500 CC യുള്ള ബൊലേറോയിൽ സ്ട്രെക്ച്ചറിൽ കിടക്കുന്ന രോഗിയെക്കൂടാതെ നാലഞ്ചു പേർക്ക് ഒപ്പം സഞ്ചരിക്കുകയും ചെയ്യാം.
5. ഫോഴ്‌സ് ട്രാക്‌സ് : ഫോഴ്സ് മോട്ടോർസ് പുറത്തിറക്കിയ വാഹനമോഡലായ ട്രാക്‌സ് ധാരാളമായി ആംബുലൻസായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ മോഡലിൽ ഫോഴ്സ് മോട്ടോർസ് നടത്തിയ പരിഷ്‌ക്കാരങ്ങൾ ഒരു മികച്ച ആംബുലൻസിനു വേണ്ട രീതിയിലുള്ളവയാണ്. ട്രാക്സ് മോഡലിലുള്ള സിംക്രോമേഷ് ഗിയർബോക്സ് വളരെ സ്മൂത്ത് ആയതും പെട്ടെന്നുമുള്ള ഗിയർ ഷിഫ്‌റ്റിംഗിനു സഹായകമാകുന്നു. കൂടാതെ സ്ട്രക്ച്ചറുകൾ തള്ളിക്കയറ്റുന്നതിനായുള്ള റാമ്പും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
6. ഫോഴ്സ് ട്രാവലർ : നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ആംബുലൻസായി ഉപയോഗിക്കുന്ന ഒരു വാഹനമോഡലാണ് ഫോഴ്സ്മോട്ടോഴ്സിന്റെ ട്രാവലർ. മറ്റു മോഡൽ ആംബുലൻസുകളെ അപേക്ഷിച്ച് കൂടുതലായ മെഡിക്കൽ സൗകര്യങ്ങൾ ഇതിൽ സജ്ജീകരിക്കാമെന്നതിനാൽ, ട്രാവലറിനെ ഒരു ചലിക്കുന്ന ആശുപത്രിയായി മാറ്റുവാൻ കഴിയും. സുരക്ഷയെ മുൻനിർത്തി ലൈവ് ട്രാക്കിംഗ്, ലൈവ് വീഡിയോ ഫൂട്ടേജ് സൗകര്യങ്ങൾ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതുമൂലം ആംബുലൻസ് ആശുപത്രിയിൽ എത്തുന്ന സമയത്ത് അവിടെ രോഗിയുടെ പരിചരണത്തിനായി എല്ലാം ഒരുക്കുവാനും സാധിക്കും.
7. മഹീന്ദ്ര സുപ്രോ : ആംബുലൻസായി പരിഗണിക്കാവുന്ന മറ്റൊരു വാഹനമോഡലാണിത്. കോവിഡ്19 എമർജൻസി സർവ്വീസുകൾക്കായി സുപ്രോയുടെ പുതിയ ആംബുലൻസ് എഡിഷൻ തയ്യാറാക്കി മഹാരാഷ്ട്ര സർക്കാരിന് മഹീന്ദ്ര നൽകിയിരുന്നു. മടക്കി വെക്കാവുന്ന തരത്തിലുള്ള സ്ട്രെക്ച്ചർ, ട്രോളി, മെഡിക്കൽ കിറ്റ് ബോക്സ്, ഓക്സിജൻ സിലിണ്ടർ, തീപിടുത്തം തടയുന്ന തരത്തിലുള്ള ഇന്റീരിയറുകൾ എന്നിവയെല്ലാം ഈ വാഹനത്തിൽ തയ്യാറാക്കിയിട്ടുണ്ട്.
8. ടൊയോട്ട ഇന്നോവ : മേല്പറഞ്ഞവ പോലെത്തന്നെ ഒരു ആംബുലൻസ് ആക്കിമാറ്റാവുന്ന വാഹനമോഡലാണ് ടൊയോട്ട ഇന്നോവയും. ഇന്നോവ കാർ (ടൊയോട്ട ഇൻഡോനേഷ്യ) മോഡിഫൈ ചെയ്ത് ഇന്തോനേഷ്യയിൽ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി കമ്പനി വിട്ടുനൽകിയ വാർത്ത വൈറലായിരുന്നു. ഇത്തരത്തിൽ നമ്മുടെ നാട്ടിലും ആംബുലൻസ് മോഡലുകൾ ഇറക്കാവുന്നതാണ്.
മേല്പറഞ്ഞവ കൂടാതെ എംജി മോട്ടോർഴ്‌സ് തങ്ങളുടെ ഹെക്ടർ പതിപ്പുകളിൽ ഓട്ടോലോഡിംഗ് സ്ട്രെക്ച്ചർ, ഓക്സിജൻ സിലിണ്ടർ സിസ്റ്റം, ജമ്പ് സീറ്റ് തുടങ്ങിയ പരിഷ്‌ക്കാരങ്ങൾ വരുത്തി എല്ലാം സജ്ജീകരിച്ച് ആംബുലൻസ് മോഡലാക്കി മാറ്റി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഗുജറാത്ത് സർക്കാരിനു കൈമാറിയിരുന്നു. ഒരു ആംബുലൻസ് എഡിഷൻ ഇനി കമ്പനി ഇറക്കുമോയെന്നു കാത്തിരുന്നു കാണാം.
കാർ കമ്പനികൾ ആംബുലൻസ് മോഡലുകൾ ഇറക്കിയപ്പോൾ ഒരു മികച്ച ആശയവുമായി മുന്നോട്ടു വന്നിരിക്കുകയാണ് പ്രമുഖ ടൂവീലർ നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്. കാർ ആംബുലൻസുകൾക്ക് പകരം ബൈക്ക് ആംബുലൻസ് എന്ന ഐഡിയയാണ് ഹീറോയുടെ പ്ലസ് പോയിന്റ്. ബൈക്ക് മോഡിഫൈ ചെയ്ത് ഒരു സ്ലീപ്പർ യൂണിറ്റോടു കൂടിയ ആംബുലൻസാണ് ഹീറോ പുറത്തിറിക്കിയിരിക്കുന്നത്. ഫസ്റ്റ്എയ്ഡ് കിറ്റ്, ഓക്സിജൻ സിലിണ്ടർ, സയറൺ തുടങ്ങിയ സജ്ജീകരണങ്ങൾ ഇതിലുണ്ട്. ഇത്തരത്തിൽ പുറത്തിറക്കിയ ആദ്യത്തെ 60 യൂണിറ്റുകൾ ഹീറോ മോട്ടോകോർപ് കോവിഡ്-19 പ്രതിരോധത്തിനായി നൽകിയിട്ടുണ്ട്.
ഇപ്പോൾ മനസ്സിലായില്ലേ, ഇന്ത്യയിലെ വാഹനങ്ങളും ആംബുലൻസാക്കി മാറ്റുവാൻ സാധിക്കുമെന്ന്. ഈ വിവരം കൂടുതലാളുകളിലേക്ക് ഷെയർ ചെയ്ത് എത്തിക്കുക. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം തന്നെയാണിത്.