കായലും പാടങ്ങളും ദേശാടനപ്പക്ഷികളും ഞണ്ടും കൊഞ്ചും കള്ളും ഇവയൊക്കെ ഓർക്കുമ്പോൾ തന്നെ മനസ്സിലേക്ക് കടന്നു വരുന്ന സ്ഥലമാണ് ആലപ്പുഴ അല്ലെങ്കിൽ കുട്ടനാട്. ഈ പറഞ്ഞിരിക്കുന്നവയെല്ലാം ഒന്നിച്ചു ഒരു സ്ഥലത്തു ലഭിക്കണമെങ്കിൽ ആലപ്പുഴയിൽ പോകണം എന്നാണു. എന്നാൽ എറണാകുളം ജില്ലയിൽ ഇതുപോലൊരു സ്ഥലം ഉണ്ടെന്നു പുറംനാട്ടുകാർ അറിഞ്ഞത് സോഷ്യൽ മീഡിയയുടെ കടന്നു വരവോടെയാണ്.
എറണാകുളത്തിന്റെ കുട്ടനാട് എന്നറിയപ്പെടുന്ന ആ മനോഹര സ്ഥലത്തിൻ്റെ പേരാണ് ‘കടമക്കുടി’. എറണാകുളം ജില്ലയിലെ കുമ്പളങ്ങിയും ഇതുപോലൊരു സ്ഥലമാണെങ്കിലും കടമക്കുടിയാണ് ആളുകൾക്കിടയിൽ കൂടുതൽ ഹിറ്റായത് എന്ന പറയാം. കടമക്കുടിയെക്കുറിച്ച് കൂടുതലായി ചില അറിവുകൾ പകർന്നു തരുവാൻ വേണ്ടിയാണ് ഈ ലേഖനം.
എറണാകുളം ജില്ലയിലെ ഇടപ്പള്ളി ബ്ലോക്കിലെ ഒരു പഞ്ചായത്താണ് കടമക്കുടി. വടക്ക്-ഏഴിക്കര, വരാപ്പുഴ പഞ്ചായത്തുകൾ, കിഴക്ക്-ചേരാനല്ലൂർ പഞ്ചായത്ത്, തെക്ക്-മുളവുകാട്പഞ്ചായത്ത്, കൊച്ചി കോർപ്പറേഷൻ, പടിഞ്ഞാറ്-ഞാറയ്ക്കൽ, നായരമ്പലം പഞ്ചായത്തുകൾ എന്നിവയാണ് കടമക്കുടി പഞ്ചായത്തിന്റെ അതിരുകൾ. വലിയ കടമക്കുടി, മുറിക്കൽ, പാല്യംതുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചരിയംതുരുത്ത്, ചേന്നൂർ, കോതാട്, കോരാമ്പാടം, കണ്ടനാട്, കാരിക്കാട് തുരുത്ത് എന്നീ ചെറിയ തുരുത്തുകൾ ഉൾപ്പെട്ടതാണ് കടമക്കുടി പഞ്ചായത്ത്.
1341 ലെ വെള്ളപ്പൊക്കത്തിൽ കൊച്ചി അഴിമുഖം രൂപപ്പെട്ടപ്പോൾ ഉടലെടുത്ത ദ്വീപുകളില് ഒന്നാണ് കടമക്കുടി എന്നു കരുതപ്പെടുന്നു. 1963 വരെ ചേരാനല്ലൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു കടമക്കുടി. അക്കാലത്ത് നാലു വശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ടതുകൊണ്ട് നാട്ടുകാർക്ക് പുറംലോകവുമായി ബന്ധപ്പെടാനായി ബോട്ടുകളും , വഞ്ചികളും , വള്ളങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ അവിടേക്ക് റോഡുമാർഗ്ഗം യാഥാർഥ്യമായതോടെ കടമക്കുടിയുടെ വിനോദസഞ്ചാര സാധ്യതകൾ വർദ്ധിച്ചു വരികയാണുണ്ടായത്.
കടമക്കുടിയെപ്പോലെ തന്നെ ഇവിടത്തെ നാട്ടുകാരും നല്ല മനുഷ്യരാണ്. പാടുകാലം മുതലേ കടമക്കുടിക്കാരുടെ പ്രധാന ഉപജീവനമാർഗ്ഗം മത്സ്യബന്ധനം തന്നെയാണ്. മത്സ്യസമ്പത്ത് ധാരാളമായുള്ള പ്രദേശമായതുകൊണ്ട് ചെറിയ രീതിയിലുള്ള മത്സ്യ കയറ്റുമതിയും ഇവിടെനിന്നുണ്ട്. എന്നാൽ പൊക്കാളി നെൽ കൃഷിയും ധാരാളമായി ഇവിടെ ചെയ്തുവരുന്നു. മഴകാലത്ത് ഓരുവെള്ളം കയറുമ്പോൾ പരമ്പരാഗതമായ ചെമ്മീൻ കൃഷിയും ഇവിടെ ചെയ്തുവരുന്നു.
മത്സ്യബന്ധനവും കൃഷിയും കൂടാതെ കള്ളുചെത്ത് ഇവിടുത്തെ മറ്റൊരു ഉപജീവനമാർഗ്ഗം കൂടിയാണ്. ദൂരെയുള്ള ഗ്രാമങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടേക്ക് കള്ളുചെത്താനായി വരാറുണ്ട്. എറണാകുളം ജില്ലയിലെ പ്രസിദ്ധമായ കള്ളു ഷാപ്പുകളിൽ ഒന്നാണ് കടമക്കുടി ഷാപ്പ്. ഇവിടേക്ക് വരുന്ന സഞ്ചാരികളെ ആകർഷിക്കുന്നതിൽ പ്രധാനം ഷാപ്പിലെ നാടൻ ചെത്തു കള്ളും ഞണ്ട്, കൊഞ്ച്, മീനുകൾ തുടങ്ങിയ വ്യത്യസ്തങ്ങളായ രുചികളുമാണ്.
കുട്ടനാട്ടിലെപ്പോലെ തോടുകളും പാടശേഖരങ്ങളും ചെമ്മീൻ കെട്ടുകളും ഇവയ്ക്കിടയിലൂടെയുള്ള റോഡും ഒക്കെ കടമക്കുടിയിലും നമുക്ക് കാണാം. ഇവിടത്തെ പാടശേഖരങ്ങളിൽ ദേശാടനപ്പക്ഷികൾ സീസണിൽ വരാറുള്ളതറിഞ്ഞു ഇവിടേക്ക് വന്ന പക്ഷി നിരീക്ഷകരും ഫോട്ടോഗ്രാഫർമാരുമാണ് കടമക്കുടിയെ പുറംലോകത്തിനു മുന്നിൽ ആദ്യമായി പരിചയപ്പെടുത്തിയത്. സോഷ്യൽ മീഡിയയുടെ സഹായവും ഈ പ്രശസ്തിയ്ക്ക് ആക്കം കൂട്ടി. പിന്നെ ആളുകൾ കേട്ടറിഞ്ഞുകൊണ്ട് ഇവിടേക്ക് വരാൻ തുടങ്ങി.
സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് സമീപപ്രദേശമായ വരാപ്പുഴയിൽ നിന്നും ബസ് മാർഗ്ഗവും ഓട്ടോറിക്ഷ പിടിച്ചും കടമക്കുടിയിൽ എത്തിച്ചേരാം. മുൻപ് കടമക്കുടിയിലേക്ക് ബോട്ട് സർവ്വീസുകൾ ധാരാളമുണ്ടായിരുന്നുവെങ്കിലും കാലാകാലങ്ങളിൽ അവയെല്ലാം നിർത്തുകയാണുണ്ടായത്. എങ്കിലും ഇപ്പോൾ ചിറ്റൂർ ഫെറിയിൽ നിന്നും ഒരു സർക്കാർ ബോട്ട് ഇവിടേക്ക് സർവ്വീസ് നടത്തുന്നുണ്ട് എന്നാണ് അറിയുവാൻ സാധിച്ചത്.
അതിരാവിലെയും വൈകുന്നേര സമയങ്ങളിലുമാണ് കടമക്കുടിയിൽ സന്ദർശകർ കൂടുതലായും വരുന്നത്. കൂട്ടുകാരൊന്നിച്ചും കുടുംബവുമായും ഒക്കെ ധാരാളം ആളുകളാണ് ഇവിടേക്ക് വരുന്നത്. കൂടാതെ പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയ്ക്ക് അനുയോജ്യമായ ഒരു സ്ഥലം കൂടിയാണ് കടമക്കുടി. കൂടാതെ ചില സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട് എറണാകുളത്തിലെ കുട്ടനാട് എന്ന ഈ കൊച്ചു സുന്ദരി.
കുട്ടനാട് പോലെ ഒരു ദിവസം മുഴുവനും കാണുവാനുള്ളതൊന്നും കടമക്കുടിയിൽ പ്രതീക്ഷിക്കരുത്. വലിയൊരു ദ്വീപ് ആണെങ്കിൽക്കൂടിയും അതിൻ്റെ ഒരു ഭാഗം മാത്രമാണ് സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമായിട്ടുള്ളത്. എങ്കിലും ഒരു പുലരിയോ സായാഹ്നമോ പ്രിയപ്പെട്ടവരുമായി ചെലവഴിക്കുവാൻ പറ്റിയ നല്ലൊരു ലൊക്കേഷനാണ് കടമക്കുടി.