ഏതൊരു സഞ്ചാരിയുടെയും സ്വപ്നമായിരിക്കും കൈലാസ് മാനസരോവര്‍ യാത്ര. ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്റെ ഭാഗമാണ് കൈലാസപർവ്വതം. കൈലാസപർവ്വതത്തിനടുതായി മാനസസരോവരവും രക്ഷാസ്ഥൽ തടാകവും സ്ഥിതിചെയ്യുന്നു. ദൽഹിയിൽ നിന്നും 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്. ഹിന്ദുമതവിശ്വാസികൾ കൈലാസപർവ്വതം ശിവന്റെ വാസസ്ഥാലമായി കരുതുന്നു. ജൈനമത അനുയായികൾ അറിവിന്റെ ആദ്യ ഗുരുവായി കൈലാസപർവ്വതത്തെ വാഴ്ത്തുന്നു. കൈലാസപർവതത്തിന്റെ ചൈനിസ് നാമം ടീസ് എന്നാണ്. ടീ-ടസ് എന്ന സാങ്-സൂങ് ഭാഷയിൽ നിന്നുമാണ് ഈ പദം ഉണ്ടായത്, ജലത്തിന്റെ കൊടുമുടി അല്ലെങ്കിൽ നദിയുടെ കൊടുമുടി എന്നാണർത്ഥം.
കൈലാസത്തിൽ പോകുന്നവർക്ക് മല ചുറ്റിവരാൻ മൂന്ന് ദിവസവും മാനസരോവർ തടാകത്തെ ചുറ്റിവരാൻ മൂന്ന് ദിവസവും വേണം. പതിനഞ്ച് മൈൽ വീതിയുള്ള മാനസരോവർ തടാകം പവിത്രവും ദിവ്യവുമായി കരുതപ്പെടുന്നു. മഞ്ഞുറഞ്ഞ മലകളാൽ ചുറ്റപ്പെട്ടതാണ് മാനസരോവർ. തണുപ്പ് കാലത്ത് ഈ തടാകം ഉറഞ്ഞുകിടക്കുന്നത് രസകരമായ കാഴ്ചയാണ്. വേനൽ കാലത്ത് മഞ്ഞുരുകി അഞ്ച് നദികളായിട്ടാണ് വെള്ളം മാനസരോവരിൽ എത്തുന്നത്. കരയിൽ പല വർണ്ണങ്ങളിൽ ഉള്ള കല്ലുകൾ കാണാം. മാനസരോവരിന് അടുത്ത് ‘രാഖി സ്തൽ‘ എന്ന ചെറിയ ഒരു തടാകമുണ്ട്. ഇവിടെ രാവണൻ തപസ്സ് ചെയ്ത സ്ഥലവും ദുഷ്ടദേവതകളുടെ വാസസ്ഥലവും ആയതിനാൽ ഇവിടുത്തെ ജലം ആരും എടുത്ത് കുടിക്കാറില്ല.
ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപുതന്നെ കൈലാസ തീർത്ഥാടനം ആരംഭിച്ചതായി കണക്കാക്കുന്നു. യാത്രയെന്നു കേട്ടിട്ട് ചുമ്മാ സാധാരണ ട്രെക്കിംഗ് പോലെ അങ്ങു പോകാമെന്നു വിചാരിക്കണ്ട. വിദേശകാര്യ മന്ത്രാലയത്തിനു കീഴില്‍ സംഘടിപ്പിക്കുന്ന പാക്കേജ് മുഖേനയാണ് ഈ യാത്ര സാധ്യമാകുന്നത്. ഏകദേശം 23 മുതൽ 26 വരെ ദിവസങ്ങളാണ് യാത്ര നീണ്ടു നില്‍ക്കുക. പ്രധാനമായും രണ്ടു റൂട്ടുകളിലൂടെയാണ് കൈലാസ തീർത്ഥാടന യാത്ര പോകുന്നത്. ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ്സ്, സിക്കിമിലെ നാഥൂലാ പാസ്സ് എന്നിവയാണ് ആ റൂട്ടുകൾ. പ്രായമേറിയവർക്ക് ബുദ്ധിമുട്ടില്ലാതെ പോകുവാൻ സാധിക്കുന്നത് സിക്കിമിലെ നാഥൂലാ പാസ്സ് വഴിയുള്ള റൂട്ടിലൂടെയാണ്. എന്നാൽ ലിപുലേഖ് പാസ്സ് വഴി പോകുന്നവർക്ക് കഠിനമായ ട്രെക്കിംഗുകൾ ചെയ്യേണ്ടതായി വരും.
ഹിന്ദു-ബുദ്ധമതത്തിൽ വിശ്വസിക്കുന്നവർ കൈലാസത്തെ ഇടത്തുനിന്നും വലത്തോട്ടു ചുറ്റുമ്പോൾ,ജൈനമതക്കാർ കൈലാസത്തെ വലതുനിന്നും ഇടത്തോട്ടു പ്രദക്ഷിണം വയ്ക്കുന്നു.കൈലാസപർവ്വതത്തിന്റെ പ്രദക്ഷിണവഴിയുടെ നീളം ഏതാണ്ട് 52 കി.മി ആണ്.ചില വിശ്വാസങ്ങളുടെ ഭാഗമായി കൈലാസപർവ്വതത്തെ ചുറ്റുന്നത് ഒരു ദിവസം കൊണ്ട് പൂർത്തിയാക്കണമെന്ന് ചിലർ വിശ്വസിക്കുന്നു.പക്ഷെ ഈ രീതിയിൽ വലയംവയ്ക്കുന്നത് തിക്കച്ചും ബുദ്ധിമുട്ടുള്ള യാത്രയാണ്.ഏതാണ്ട് 15 മണിക്കൂർകൊണ്ട് മാത്രമേ ഒരാൾക്ക് 52 കി.മി കൈലാസപാത നടന്നു പൂർത്തിയാക്കുവാൻ സാധിക്കുകയുള്ളൂ. ഇത്തരം ദുഷ്കരമായ ഈ യാത്രക്കിടയിൽ ചില തീർത്ഥാകർ മരണപെടാറുണ്ട്. കൈലാസപർവ്വതത്തിന്റെ ഏറ്റവും ഉയർന്നഭാഗങ്ങളിൽ പർവ്വതാരോഹകർക്കുപോലും എത്തിചേരുവാൻ സാധ്യമല്ല. ഇന്ത്യയും ചൈനയും തമ്മിലുണ്ടായ അതിർത്തി തർക്കത്തിന്റെ പേരിൽ 1954 മുതൽ 1978 വരെ തീർത്ഥാടനത്തിനു ചൈന അനുമതി നിഷേധിച്ചിരുന്നു.അതിനുശേഷം കുറച്ചു തീർത്ഥാകർക്ക് മാത്രമേ കൈലാസത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നുള്ളൂ.
അത്യന്തം ദുഷ്കരമായ വഴികളിലൂടെയും കലാവസ്ഥയുടെ വെല്ലുവിളികളെ അതിജീവിച്ചും വേണം കൈലാസ് മാനസരോവര്‍ യാത്ര. അതുകൊണ്ട് യാത്രക്ക് മുന്നോടിയായി യാത്രികർ വൈദ്യ പരിശോധനക്ക് വിധേയമാവേണ്ടതുണ്ട്. ഡല്‍ഹിയില്‍ വച്ചു നടക്കുന്ന വൈദ്യപരിശോധനയ്ക്കായി യാത്രികർ മൂന്നോ നാലോ ദിവസം അവിടെ ചെലവഴിക്കേണ്ടതായി വരും. ഇത്രയും ദിവസം അവിടെ തങ്ങുന്നതിനുള്ള സൗകര്യം ഡൽഹി സർക്കാർ യാത്രികർക്ക് നൽകും. ഇനി അഥവാ സ്വന്തം ചെലവിൽ മറ്റു താമസ സൗകര്യങ്ങൾ നോക്കണമെങ്കിൽ അങ്ങനെയും ആകാം. ഈ വൈദ്യ പരിശോധനകളിൽ വിജയിക്കുകയാണെങ്കിൽ മാത്രമേ യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയുള്ളൂ. ഇതുകൂടാതെ ഉത്തരാഖണ്ഡിലെ ഗുന്‍ജിയില്‍ വെച്ച് രണ്ടാമതൊരു വൈദ്യ പരിശോധന കൂടിയുണ്ട്. യാത്ര തുടങ്ങി 6 ദിവസത്തിനു ശേഷമായിരിക്കും ഇത്. ഈ അവസരത്തിൽ ശാരീരിക ക്ഷമത മോശമാണെന്ന് കാണുന്നവരെ യാത്ര തുടരാന്‍ അനുവദിക്കില്ല. ഡല്‍ഹിയിലെയും ഗുന്‍ജിയിലെയും മെഡിക്കല്‍ വിദഗ്ധരുടെ തീരുമാനം അന്തിമമായിരിക്കും. യാത്രക്കായി തെരഞ്ഞെടുത്തവരെ 4 ആഴ്ച മുന്പായി അക്കാര്യം അറിയിക്കും. ആവശ്യമായ യാത്രാസാമഗ്രികളുടെ ലിസ്റ്റുകളും തെരഞ്ഞെടുക്കപ്പെടുന്നവരെ അറിയിക്കുന്നതാണ്.
കൈലാസ് മാനസരോവര്‍ യാത്ര പാക്കേജ് ഉത്തരാഖണ്ഡ്, ഡൽഹി, സിക്കിം എന്നീ സംസ്ഥാന സർക്കാരുകളുടെയും ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിന്റെയും പങ്കാളിത്തത്തോടെയാണ് നടത്തപ്പെടുന്നത്. കുമയൂൺ മണ്ഡൽ വികാസ് നിഗം (KMVN), സിക്കിം ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ തുടങ്ങിയവർ ചേർന്നാണ് യാത്രികർക്കായുള്ള സഹായ സഹകരണങ്ങളും മറ്റും ലഭ്യമാക്കുന്നത്. കൈലാസ യാത്രയിൽ യാത്രികർക്ക് ഏറെ ദുഷ്ക്കരമായ കടമ്പകൾ കടക്കേണ്ടതായുണ്ട്. യാത്രയ്ക്കിടയിൽ ജീവഹാനി സംഭവിക്കുകയോ മറ്റു അപകടങ്ങൾ ഉണ്ടാകുകയോ ചെയ്‌താൽ അതിനു ഗവണ്മെന്റ് ഉത്തരവാദിയായിരിക്കുകയില്ല. യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കായി കെ.എം.വി.എന്‍. 5 ലക്ഷത്തിന്‍റെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്.
യാത്രയ്ക്ക് അപേക്ഷിക്കുന്നവർ ഇന്ത്യൻ പൗരന്മാർ ആയിരിക്കണം. കുറഞ്ഞത് ആറുമാസം കാലാവധിയുള്ള ഇന്ത്യൻ പാസ്സ്പോർട്ട് ഉടമയായിരിക്കണം. പതിനെട്ടിനും എഴുപതിനും ഇടയിൽ പ്രായമുള്ള ആരോഗ്യവാന്മാരായവർക്കാണ് യാത്രയിൽ പങ്കെടുക്കാനാകുക. യാത്രാ പാക്കേജുകളുടെ ചാർജ്ജുകളെക്കുറിച്ച് വിശദമായി അറിയുവാൻ സന്ദർശിക്കുക – https://bit.ly/2GAH5Zj. ഈ വർഷത്തെ യാത്ര ജൂൺ മാസം മുതൽ സെപ്റ്റംബർ മാസം വരെയുള്ള കാലയളവിലാണ് നടത്തപ്പെടുക. യാത്രയ്ക്കായി അപേക്ഷിക്കേണ്ട അവസാന തീയതി 2019 മെയ് ഒൻപതാം തീയതിയാണ്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക – https://kmy.gov.in/kmy/.
വിവരങ്ങൾക്ക് കടപ്പാട് – kmy.gov.in, വിക്കിപീഡിയ.
1 comment
മാനസരോവരിന് അടുത്ത് ‘രാഖി സ്തൽ‘ എന്ന ചെറിയ ഒരു തടാകമുണ്ട്. ഇവിടെ രാവണൻ തപസ്സ് ചെയ്ത സ്ഥലവും ദുഷ്ടദേവതകളുടെ വാസസ്ഥലവും ആയതിനാൽ ഇവിടുത്തെ ജലം ആരും എടുത്ത് കുടിക്കാറില്ല.rakisthal ennala rakshasal ennenna ente orma…