കൈരളി ചാനലിനെക്കുറിച്ച് എല്ലാവര്ക്കും അറിയാമായിരിക്കും എന്ന് വിശ്വസിക്കുന്നു. എന്തായാലും ചെറിയൊരു വിവരം നൽകാം. മലയാളം കമ്യൂണിക്കേഷൻസ് എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലുള്ള ഒരു ടെലിവിഷൻ ചാനലാണ് കൈരളി. പ്രശസ്ത ചലച്ചിത്ര നടനായ മമ്മൂട്ടി ചെയർമാനും, ജോൺ ബ്രിട്ടാസ് മാനേജിംഗ് ഡയറക്ടറും ആയി പ്രവർത്തിക്കുന്ന കൈരളി ചാനൽ മലയാളത്തിലെ മുൻനിര ചാനലുകളിൽ ഒന്നാണ്. തിരുവനന്തപുരത്തെ പാളയത്ത് എം എൽ എ ഹോസ്റ്റലിനു സമീപം കൈരളി ടി.വിയ്ക്ക് സ്വന്തമായി ആസ്ഥാനവും സ്റ്റുഡിയോ കോം‌പ്ലക്സും ഉണ്ട്. അവിടേക്കാണ് ഇന്ന് എൻ്റെ യാത്ര. വെറുതെ പോകുകയല്ല കേട്ടോ. അവിടെ ഒരു ടോക്ക് ഷോ നടക്കുന്നുണ്ട്. വിഷയം – കെഎസ്ആർടിസി. കെഎസ്ആർടിസി ബ്ലോഗിന്റെ സാരഥി എന്ന നിലയിൽ എനിക്കും കിട്ടി ക്ഷണം. കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയൊക്കെ പങ്കെടുക്കുന്ന പരിപാടിയാണ്.

അങ്ങനെ രാവിലെ തന്നെ ഞാൻ വീട്ടിൽ നിന്നും കാറിൽ തിരുവനന്തപുരത്തേക്ക് യാത്രയായി. എന്റെ നാടായ കോഴഞ്ചേരിയിൽ നിന്നും കൊട്ടാരക്കര – വെഞ്ഞാറമൂട് വഴിയാണ് യാത്ര. ഈ യാത്രയിൽ ഞാൻ വ്യത്യസ്തമായ ഒരു ചലഞ്ച് ചെയ്യാമെന്ന് വിചാരിച്ചു. എന്താണെന്നല്ലേ? കോഴഞ്ചേരി മുതൽ തിരുവനന്തപുരം വരെ ഹോൺ അടിക്കാതെ വണ്ടിയോടിച്ച് എത്തുക. ഇതാണ് ചലഞ്ച്. ഹോൺ അടിക്കാതെ എത്ര ദൂരം നിങ്ങൾക്ക് കേരളത്തിലൂടെ വണ്ടി ഓടിക്കാൻ സാധിക്കും? കുറച്ചു ബുദ്ധിമുട്ടുള്ള പണിയാണ്. എന്നാലും ഒന്ന് പരീക്ഷിച്ചു കളയാമെന്നു വിചാരിച്ചു ഞാൻ എന്റെ യാത്ര ആരംഭിച്ചു.

കുറെ ദൂരം ചെന്നപ്പോൾ വഴിയരികിൽ അമിതമായി വൈക്കോൽ (കച്ചി) കയറ്റിയ ഒരു മിനിലോറി ഭാരക്കൂടുതൽ കാരണം മുൻഭാഗം പൊങ്ങി റോക്കറ്റ് പോലെ നിൽക്കുന്ന കാഴ്ച കാണുവാനിടയായി. ഇത്തരത്തിൽ അപകടകരമായി ലോഡ് കയറ്റിക്കൊണ്ടു പോകുന്ന ലോറികൾ ഹൈവേ പോലീസ് കാണുന്നില്ലേ? നെടുവീർപ്പിട്ടുകൊണ്ട് ഞാൻ എന്റെ യാത്ര തുടർന്നു. സത്യത്തിൽ ഹോൺ അടിക്കാതിരിക്കുമ്പോൾ ഡ്രൈവിംഗിൽ വല്ലാത്ത ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടായിരുന്നു. പ്രത്യേകിച്ചും മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യുന്ന സമയത്ത് എന്തോ ഒരു കോൺഫിഡൻസ് ഇല്ലാത്ത പോലെ.

പോകുന്നതിനിടയ്ക്ക് ഒരു സ്ഥലത്തുവെച്ച് ഞാൻ നമ്മുടെ ആനവണ്ടി വളഞ്ഞു വരുന്ന ഒരു ചിത്രം പകർത്തുവാനായി വഴിയരികിൽ വണ്ടി ഒതുക്കി. ആ സമയത്ത് അനീഷ് എന്ന് പേരുള്ള ഒരു പ്രവാസി മലയാളി എന്നെ വന്നു പരിചയപ്പെടുകയുണ്ടായി. നമ്മുടെ വീഡിയോകളൊക്കെ കാണുന്ന സുഹൃത്താണ്. കുറച്ചു സമയം അനീഷിനോട് സംസാരിച്ചു നിന്നശേഷം ഞാൻ വീണ്ടും യാത്രയാരംഭിച്ചു. 12.30 മണിയായപ്പോൾ എനിക്ക് വല്ലാത്ത വിശപ്പിന്റെ വിളി.. നല്ലൊരു ഹോട്ടൽ തപ്പണം ഇനി. അങ്ങനെ ഞാൻ അടുത്തുകണ്ട ഒരു ഇന്ത്യൻ കോഫി ഹൗസിൽ കയറി നല്ല ഊണ് കഴിച്ചു. ഊണ് കഴിഞ്ഞപ്പോൾ തെല്ലൊരാശ്വാസം ലഭിക്കുകയുണ്ടായി.

അങ്ങനെ ഞാൻ ഉച്ചയ്ക്ക് ഒന്നരയോടെ തിരുവനന്തപുരത്ത് എത്തിച്ചേർന്നു. കോഴഞ്ചേരിയിൽ നിന്നും തിരുവനന്തപുരം വരെയുള്ള 120 കിലോമീറ്റർ ഞാൻ മൂന്നു മണിക്കൂർ കൊണ്ട് എത്തിച്ചേർന്നു. അതും ഹോണടിക്കാതെ. പക്ഷെ സത്യം പറയാമല്ലോ ഒരു തവണ എനിക്ക് ഹോൺ അടിയ്‌ക്കേണ്ടി വന്നു. ഒരു ഓട്ടോക്കാരൻ അലക്ഷ്യമായി എന്റെ കാറിനു മുന്നിൽ വന്നപ്പോൾ ആയിരുന്നു അത്. നമ്മുടെ നാട്ടിലെ ആളുകളുടെ ഡ്രൈവിംഗ് ഗുണം… അല്ലാതെന്തു പറയാനാ? ഞാൻ തായ്ലാൻഡിൽ ഒക്കെ പോയപ്പോൾ ഒരു തവണ പോലും അവിടെ വാഹനങ്ങൾ ഹോണടിക്കുന്നത് കേട്ടില്ല. അത്രയ്ക്ക് പക്വതയോടെയാണ് അവിടെയൊക്കെ ആളുകൾ വാഹനങ്ങളോടിക്കുന്നത്.

അങ്ങനെ ഞാൻ പാളയത്തുള്ള കൈരളി ചാനൽ ബൈൻഡിംഗിൽ എത്തിച്ചേർന്നു. സുഹൃത്തും കൈരളിയിൽ പരിപാടി അവതരിപ്പിക്കുന്ന സുഹൃത്ത് ആൽബി ഫ്രാൻസിസ് അവിടെ എന്നെ എതിരേറ്റു. കൈരളിയുടെ ഓഫീസും സ്റ്റുഡിയോയും എഡിറ്റിങ് സെക്ഷനും ഒക്കെ ആൽബി എന്നെ ചുറ്റി നടന്നു കാണിച്ചു. ‘ഞാൻ മലയാളി’ എന്നായിരുന്നു ഞാൻ പങ്കെടുക്കുവാൻ പോകുന്ന പരിപാടിയുടെ പേര്. അതിനായി എനിക്ക് മേക്കപ്പ് ഇടണമായിരുന്നു. എന്താല്ലേ? മേക്കപ്പ് എന്ന് പറയുമ്പോൾ അത്ര വലിയ മേക്കപ്പ് ഒന്നുമില്ല കേട്ടോ. ചെറിയ ഒരു ടച്ചപ്പ്, അത്രേയുള്ളൂ. ടചപ്പൊക്കെ കഴിഞ്ഞു പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ ദാണ്ടെ കേറി വരുന്നു നമ്മുടെ കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി സാർ. വന്നപാടെ ഞാൻ പരിചയപ്പെട്ടു. വിശദമായി ഒന്നിച്ചിരുന്നു സംസാരിക്കാമെന്ന ഉറപ്പിൽ ഞങ്ങൾ പിരിഞ്ഞു.

ഉച്ചയ്ക്ക് മൂന്നരയോടെ ഞങ്ങളുടെ പരിപാടി ആരംഭിച്ചു. പ്രശസ്ത പത്രപ്രവർത്തകനായ ജോൺ ബ്രിട്ടാസ് ആയിരുന്നു പരിപാടിയുടെ അവതാരകൻ. പരിപാടിയ്ക്ക് ശേഷം ഞാൻ ചെന്ന് ബ്രിട്ടാസ് സാറിനെ പരിചയപ്പെടുകയും നമ്മുടെ (Tech Travel Eat) പ്രേക്ഷകർക്ക് അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു. ഈ പരിപാടിയിൽ പങ്കെടുക്കുവാനായി എൻ്റെ സുഹൃത്തുക്കളും ആനവണ്ടി ബ്ലോഗിന്റെ അഡ്മിനുകളുമായ അനന്തു, റുഡിറ്റ്‌, കിഷോർ എന്നിവരും എത്തിയിരുന്നു. അവരുമായും പിന്നെ സുഹൃത്ത് ആൽബിയുമായും കുറച്ചു സമയം ചെലവഴിച്ച ശേഷം ഞാൻ തിരികെ വീട്ടിലേക്ക് മടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.