വിവരണം – Ajmal Ali Paleri, ചിത്രങ്ങൾ – Santhosh K, Shafeq Mohammed.

ജോലിത്തിരക്കുകളിൽ നിന്നും, മനസ്സിനെ ആസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ചിന്തകളിൽ നിന്നും താൽക്കാലികമായി ഒരു ഒളിച്ചോട്ടം ആവശ്യമായി വന്നപ്പോൾ രണ്ടു സ്ഥലങ്ങളാണ് മനസ്സിലുണ്ടായിരുന്നത്. ഒന്നു മണാലിയും മറ്റൊന്ന് കശ്മീരും. ഒറ്റക്കുള്ള യാത്രകൾ ഇഷ്ടപ്പെടമാണെങ്കിലും എന്റെ യാത്രകൾ സുഹൃത്തുകളില്ലെങ്കിൽ പൂർണ്ണമാവില്ല. സന്തോഷ്, ഷഫീഖ് എന്നിവർക്കൊപ്പം അവരുടെ ഭാര്യമാർ കൂടി ചേർന്നപ്പോൾ ഞങ്ങളുടെ യാത്രാപ്ലാനിങ്ങിന് വേഗംകൂടി. മണാലിയിൽ സഞ്ചാരികളുടെ തിരക്കുകൂടുതലായിരിക്കുമെന്നതുകൊണ്ടു ഇത്തവണത്തെ യാത്ര ഭൂമിയിലെ സ്വർഗ്ഗത്തിലൊട്ടാക്കാമെന്നുവെക്കാൻ അതികം ചിന്തിക്കേണ്ടിവന്നില്ല.

പുറപ്പെടുന്നതിന്റെ രണ്ടുദിവസം മുന്നേ ഞങ്ങൾക്ക് പോവാനുള്ള വഴിയിൽ തീവ്രവാദികളുമായി ഇന്ത്യൻ പട്ടാളക്കാരുടെ ഏറ്റുമുട്ടൽ നടന്നെന്ന വാർത്ത ഞങ്ങളെ അസ്വസ്ഥനാക്കി. ടൂർ ഓപ്പറേറ്റർസുമായും ഓഫീസിലെ കശ്മീരി സുഹൃത്തുക്കളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ടൂറിസ്റ്റുകളെ ബാധിക്കുന്ന ഒരു പ്രശ്നങ്ങളും അവിടെയില്ലെന്ന അവരുടെ ഉറപ്പിന്റെ കൂടെ എന്തു ആവശ്യത്തിനും എന്നെ വിളിക്കാമെന്നു പറഞ്ഞു മെസ്സേജ് അയച്ച മറ്റൊരു കശ്മീരി സുഹൃത്തിന്റെ ആത്മാർത്ഥതയെ വിശ്വസിച്ചുകൊണ്ടും ഞങ്ങൾ അഞ്ചുപേർ യാത്രതിരിച്ചു.

ബെംഗളൂരുവിൽനിന്നും ഉച്ചതിരിഞ്ഞുള്ള വിമാനത്തിൽ ചെന്നൈ വഴി ഡൽഹിയിലെത്തിയപ്പോൾ സമയം രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. ജമ്മുവിലെക്കുള്ള ട്രെയിൻ പത്തുമണിക്കായതുകാരണം ഞങ്ങൾക്കു അധികസമയം അവിടെ കളയാനില്ലായിരുന്നു. ഓൺലൈനായി ബുക്ക് ചെയ്ത ക്യാബിൽ ഡെൽഹി സാരയ് റോഹില്ല റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഞങ്ങൾക്കുപോവാനുള്ള ഉധംപൂർ എക്സ്പ്രെസ് പ്ലാറ്ഫോം രണ്ടിൽ വന്നു കിടപ്പുണ്ടായിരുന്നു.

രാവിലെ ആറുമണിക്കുവെച്ച മൊബൈൽ അലാംമിന്റെ ശബ്ദം കേട്ടു എണീറ്റു ബർത്തിൽ നിന്നും താഴെയിറങ്ങി നോക്കിയപ്പോൾ ട്രെയിൻ പത്താൻകോട്ട് റെയിൽവേ സ്റ്റേഷൻ കഴിഞ്ഞതെയൊള്ളൂ. മൊബൈൽ എടുത്തു വന്നിരിക്കുന്ന മെസ്സേജുകൾ നോക്കിയപ്പോൾ ഞങ്ങൾ ട്രെയിനിൽ പിന്നിട്ട സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ഹരിയാനയും, ഹിമാചൽ പ്രദേശും പിന്നെ പഞ്ചാബുമുണ്ടായിരുന്നു.

യാത്ര രാത്രിയിലായതുകാരണം നഷ്ടമായ ഉത്തരേന്ത്യൻ ഗ്രാമകാഴ്ചകളെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഞങ്ങൾ ജമ്മു താവി റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. നമ്മുടെ നാട്ടിലെ ഒരു വലിയ റയിൽവേ സ്റ്റേഷന്റെ അത്രതന്നെ വലിപ്പമില്ലെങ്കിലും ചെറുതല്ലാത്ത ഒരു റെയിൽവേ സ്റ്റേഷനാണ് ജമ്മു താവി. യാത്രക്കാരിൽ കൂടുതലും ടൂറിസ്റ്റുകളും വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്ഥാടകരുമാണ്. ജമ്മുവിലെ കാലാവസ്ഥ ഞങ്ങളേ അത്ഭുദപ്പെടുത്തി. ഏകദേശം നമ്മുടെ നാട്ടിലെ കാലവസ്ഥപോലെതന്നെ 30 ഡിഗ്രിയോടടുത്തു ചൂടായിരുന്നു.

നേരത്തെ അറിയിച്ചതനുസരിച്ചു റയിൽവേ സ്റ്റേഷനടുത്തുള്ള മംഗൾ മാർക്കറ്റിലെ ആറുപത്തിനാലാം നമ്പർ ഷോപ്പിനുമുന്നിൽ ഞങ്ങളെയുംകാത്തു ഡ്രൈവർ ഗോൾഡിസിങ് നിൽക്കുന്നുണ്ടായിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ അദ്യേഹത്തിന്റെ ഇന്നോവ കാറിലാണ് ഞങ്ങൾക്ക് യാത്ര ചെയ്യാനുള്ളത്. ഡ്രൈ ഫ്രൂട്ട്സ്, കശ്മീരിന്റെ തനതായ വസ്‌ത്രവൈവിധ്യങ്ങൾ അങ്ങിനെ ടൂറിസ്റ്റുകളെ മാത്രം മുന്നിൽകണ്ടുള്ള ഷോപ്പുകളുള്ള സ്ഥലമാണ് മംഗൾമാർക്കറ്റ്.

കശ്മീർ യാത്രയുടെ ആദ്യദിവസം ഞങ്ങൾക്ക് പോവാനുള്ളത് പഹൽഗാമിലേക്കാണ്. ജമ്മുവിൽ നിന്നും 300 km ദൂരമുണ്ട് അവിടേക്ക്. പോകുന്ന വഴിയിൽ ഒരു പഞ്ചാബി ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചായി മുന്നോട്ടുള്ള യാത്ര. ചെങ്കുത്തായ മലനിരകളിലെ റോഡുകളിലൂടെ കാഴ്ചകൾ കണ്ടുള്ള യാത്ര ഞങ്ങൾ ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു. പോകുന്ന വഴിയിൽ ചന്ദർക്കോട്ട് ഡാമും, ചേനാനി-നഷരി ടണൽ റോഡും ഞങ്ങൾ കണ്ട അത്ഭുദങ്ങളായിരുന്നു.

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ഈ ടണൽ റോഡ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ കാലത്തു നിർമാണം തുടങ്ങി കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൽഘാടനം ചെയ്‌തതാണ്‌. ഏകദേശം ഒൻപതു കിലോമീറ്ററിലധികം നീളമുണ്ടിതിന്. ഇതുപോലെയുള്ള ചെറുതും വലുതുമായ മൂന്നു ടണൽ റോഡുകളുണ്ട് പോകുന്ന വഴിയിൽ. ഈ ടണൽ റോഡിനടുത്തായുള്ള മലകളാൽ ചുറ്റപ്പെട്ട ഗ്രാമത്തിലാണ് ജാനേദുഷ്‌മൻ എന്ന ഹിന്ദി മൂവി ചിത്രീകരിച്ചതെന്നു ഡ്രൈവർ ഞങ്ങൾക്ക് പറഞ്ഞുതന്നു.

ജമ്മുവിൽ നിന്നും കാശ്മീരിലേക്കുള്ള ഹൈവേയിൽ പകുതിദൂരം പിന്നിട്ടു ബനിഹാൽ എന്ന സ്ഥലത്തു ഉച്ചഭക്ഷണത്തിനായി നിർത്തിയപ്പോഴേക്കും തണുപ്പ് വന്നുതുടങ്ങിയിരുന്നു. ആ ചുരംറോഡിലെ കുറച്ചെങ്കിലും ആളുകളും, സ്‌കൂൾ, പള്ളി മറ്റു കച്ചവട സ്ഥാപനങ്ങൾ എല്ലാമുള്ള ഒരു സ്ഥലമാണ് ബനിഹാൽ. അന്നന്നത്തെ അന്നത്തിനായി അദ്വാനിക്കുന്ന കാശ്മീരി ജീവിതങ്ങൾ ആ മലഞ്ചെരുവിൽ കാണാൻ കഴിഞ്ഞു.

ഞങ്ങളുടെ കണ്ണുകൾക്കു സന്തോഷമെന്നോണം ദൂരെ മഞ്ഞുമലകൾ കണ്ടുതുടങ്ങി. ആദ്യം കണ്ടതാരാണെന്ന തർക്കം നടക്കുന്നതിനിടയിൽ ഡ്രൈവർ കാർ ഓരം ചേർന്നു നിറുത്തി. താഴെ കൃഷിസ്ഥലങ്ങളും ദൂരെ വെയിലേറ്റു വെട്ടിത്തിളങ്ങുന്ന മഞ്ഞുമലകാഴ്ചകളുമുള്ള ടൈറ്റാനിക് വ്യൂ പോയിന്റായിരുന്നവിടെ. കുറച്ചു സമയം അവിടെ ചിലവഴിച്ചു ഫോട്ടോസ് എടുത്തപ്പോഴേക്കും മഴ ചാറിതുടങ്ങി, ഞങ്ങൾ തിരിച്ചു വാഹനത്തിലേക്ക്.

കയറ്റിറക്കങ്ങളുള്ള ചുരംറോഡ് കഴിഞ്ഞു കാർ ഞങ്ങളെയും കൊണ്ടു കടുക് പാടങ്ങൾക്കും കുങ്കുമപ്പൂ കൃഷിസ്ഥലങ്ങൾക്കും നടുവിലൂടെ പോകാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി. നോക്കെത്താ ദൂരത്തോളം മഞ്ഞപ്പൂക്കൾ നിറഞ്ഞ കടുകുപാടങ്ങൾ കാണാനൊരു പ്രത്യേക ഭംഗിയാണ്. റോഡിലും കൃഷിസ്ഥലങ്ങൾക്കു നാടുവിലായും അങ്ങിങ്ങായി പട്ടാളക്കാർ നിൽക്കുന്നുണ്ട്. ശ്രീനഗർ റോഡിൽ നിന്നും വലത്തേക്കു തിരിഞ്ഞു അനന്ത്നാഗ്‌ എന്ന സ്ഥലത്തെത്തിയപ്പോൾ വൈകുന്നേരമായിരുന്നു.

രണ്ടുദിവസം മുന്നേ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടൽ നടന്ന സ്ഥലമായതിനാൽ തന്നെ എങ്ങും ശക്തമായ സുരക്ഷ തന്നെ ഒരുക്കിയിട്ടുണ്ട്. പട്ടാളക്കാർ റോന്തുചുറ്റുന്ന ആ തെരുവീഥികളിലൂടെ പോയപ്പോൾ ഒരു യുദ്ധഭൂമിയിലെത്തപ്പെട്ട പ്രതീതിയായിരുന്നു. വെള്ളനിറത്തിലുള്ള പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ആപ്പിൽതൊട്ടങ്ങൾക്കു അരികുചേർന്നുള്ള റോഡിലൂടെ കാർ പഹൽഗം ലക്ഷ്യമാക്കി നീങ്ങി.

വൈകുന്നേരം അഞ്ചുമണിയായപ്പോൾ ഞങ്ങൾക്കു ആദ്യദിവസത്തെ താമസമൊരുക്കിയിട്ടുള്ള പഹൽഗാമിലെ ‘പഹൽഗം റിട്രീറ്റ്’ എന്ന ഹോട്ടലിലെത്തി. പ്രശസ്തമായ ലിദർ നദിക്കരയിലെ റാഫ്റ്റിങ് പോയിന്റിനടുത്തായാണ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്. റൂമിൽ കയറി പെട്ടെന്നുതന്നെ ഫ്രഷായി പുറത്തിറങ്ങി. ശാന്തമായൊഴുകുന്ന നദിക്കരയിലൂടെയിലൂടെ അൽപ സമയം നടക്കണം, പറ്റുമെങ്കിൽ വെളിച്ചം പോവുന്നതിനുമുന്നേ കുറച്ചു ഫോട്ടോസ് എടുക്കണം അതായിരുന്നു ഉദ്ദേശം.

ആട്ടിടയാന്മാരുടെ താഴ്‌വര (Valley of Shepherd) എന്നറിയപ്പെടുന്ന സ്ഥലമാണ് പഹൽഗം. സമുദ്രനിരപ്പിൽ നിന്നും 7200 അടി ഉയരത്തിൽ ദൂരെ മഞ്ഞുമലകളും പുൽമേടുകളും, അവിടെനിന്നൊഴുകിവരുന്ന പുഴകളും ശുദ്ധജലതടാകങ്ങൾക്കെയുമുള്ള സ്ഥലം. വരുന്നവഴിയിൽ മലഞ്ചെരുവിലൂടെ ആടുകളെയും മേച്ചുകൊണ്ടുപോവുന്ന ആളുകളെ ഞങ്ങൾ കണ്ടിരുന്നു. പഹൽഗാമിലാണ് ബജ്‌റംഗി ഭയ്ജാൻ, ജബ്തക് ഹേ ജാൻ തുടങ്ങിയ ബോളിവുഡ് സിനിമകളുടെ പല ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.

രാത്രിയായപ്പോഴേക്കും അന്തരീക്ഷ താപനില 7 ഡിഗ്രിയായി കുറഞ്ഞുവന്നു. ക്യാമ്പ്ഫയറിന് ചുറ്റും പാട്ടിനനുസരിച്ചു നിർത്തംചെയ്യുന്ന പഞ്ചാബി കുടുംബത്തെ നോക്കിയിരുന്ന ഞാൻ അൽപ സമയമെങ്കിലും ഹോട്ടലിനുമുന്നിൽ ഉണ്ടായിരുന്ന കച്ചവടക്കാർ അണിയിച്ചുതന്ന കാശ്മീരികളുടെ ട്രേഡിഷണൽ വസ്ത്രമായ ഫിറനു(Phiran) ള്ളിലെ തീക്കനൽ നിറച്ച കാൻഗ്രിയിൽ നിന്നുള്ള ചൂടേറ്റുനിന്നു.

അതിരാവിലെ ആറുമണിക്കെഴുനേറ്റു കാഴ്ചകൾ കണ്ടും ഫോട്ടോകളെടുത്തും ഉരുളൻ കല്ലുകൾ നിറഞ്ഞ പുഴക്കരയിലൂടെ വീണ്ടും നടന്നു. ഹോട്ടലിലെ പ്രഭാത ഭക്ഷണത്തിനുശേഷം ഞങ്ങൾ പഹൽഗാമിലെ കാഴ്ചകൾകാണാൻ വേണ്ടിയിറങ്ങി. പോകുന്നവഴിയിലാണ് പ്രസിദ്ധമായ അമർനാഥ് യാത്രയുടെ സ്റ്റാർട്ടിങ് പോയിന്റ്. സമുദ്രനിരപ്പിൽ നിന്നും 13000 അടി ഉയരത്തിൽ മഞ്ഞുമലകളാൽ ചുറ്റപ്പെട്ട പ്രസിദ്ധമായ ഹിന്ദു ഗുഹാ ക്ഷേത്രമാണ് അമർനാഥ്‌. വർഷത്തിൽ ജൂലായ് ഓഗസ്റ്റ് മാസത്തിലാണ് ഇവിടെ നിന്നും പതിനാറു കിലോമീറ്റർ ദൂരേയുള്ള ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന യാത്ര നടക്കുന്നത്.

പഹൽഗാമിലെ മനോഹരമായ ഒരനുഭവമായിരുന്നു പോണി റൈഡ് (ചെറിയതരം കുതിരപ്പുറത്തുള്ള യാത്ര). കുന്നും മലയും അരുവികളും കടന്നു ഏഴു സ്ഥലങ്ങലിലൂടെയാണ്(കശ്മീർ വാലി, ഡബ്യാൻ, ബൈസറൻ, കാനിമർഗ്, വാട്ടർഫാൽ, പഹൽഗം വാലി പിന്നെ ടുൽയാൻ തടാകം ) നമ്മൾക്ക് പോവാനുണ്ടായിരുന്നത്. ആൾക്ക് രണ്ടായിരം രൂപ നിരക്കിൽ മുൻകൂട്ടി പറഞ്ഞുറപ്പിച്ചപ്രകാരമാണ് യാത്ര ആരംഭിക്കുന്നത്.മിൽഖാ സിംഗ്, ടൈഗർ ഖാൻ, സൽമാൻ ഖാൻ, ഹണി സിംഗ്, ബാസന്തി തുടങ്ങിയ വിളിപ്പെരുകളിലുള്ള ഞങ്ങളുടെ അഞ്ചു പോണികളുടെ കൂടെ നിയന്ത്രിക്കാൻവേണ്ടി രണ്ടുപേർ മാത്രമായിരുന്നുണ്ടായിരുന്നത്. കൂട്ടത്തിലേറ്റവും അനുസരണക്കേടുള്ള എന്റെ മിൽഖാ സിംഗിനെ നിയന്ത്രിക്കാൻ ഞാൻ പലപ്പോഴും പാടുപെട്ടെങ്കിലും മറ്റു പോണികളെ മുന്നിൽ നിന്നു നയിക്കാൻ മിടുക്കനായിരുന്നു.

ഏകദേശം ആറേഴു കിലോമീറ്ററുള്ള ആ യാത്ര ജീവിതത്തിലെന്നും ഓർമിക്കുന്നൊരാനുഭവം തന്നെയായിരുന്നു. മലഞ്ചെരുവിലൂടെ പോകുമ്പോൾ പലപ്പോഴും പോണിയുടെ പുറത്തുനിന്നും വീഴാതിരിക്കാൻ നന്നായി പരിശ്രമിക്കേണ്ടിവന്നു. പോകുന്ന വഴിയിൽ ഒറ്റയായും കൂട്ടമായും പോണി റൈഡ് ചെയ്തു തിരിച്ചിറങ്ങുന്ന സഞ്ചാരികളിൽ യാദൃശ്ചികമെന്നോണം എന്റെ നാട്ടുകാരായ ചില സുഹൃത്തുക്കളെയും കാണാനിടയായി. ചെളിയിലൂടെയും ചെങ്കുത്തായ മലഞ്ചെരുവുകളിലൂടെയും ഞങ്ങളെയും കൊണ്ടുപോകുന്ന പോണികളുടെ വൈദഗ്ദ്യം ശരിക്കും അത്ഭുദപ്പെടുത്തി.

പണ്ടുകാലത്തു രാജാക്കന്മാർ വേട്ടയാടാൻ പോയിരുന്ന സ്ഥലങ്ങളിലൂടെയത്രയും ഞങ്ങളും പോണിയുടെ പുറത്തേറി സഞ്ചരിച്ചു. മണിക്കൂറുകൾ നീണ്ട യാത്രക്കൊരു ഇടവേളയെന്നോണം ഞങ്ങൾ മിനി സ്വിറ്റ്സർലൻഡ് എന്നു പറയുന്ന സ്ഥലത്തെത്തി. ദൂരെ മഞ്ഞുമലകളാലും പൈന്മരങ്ങളാലും ചുറ്റപ്പെട്ട ഒരു വിശാലമായ പുൽമേടാണിവിടെ. ശരിക്കും നമ്മൾ സ്വിറ്റ്സർലൻഡിൽ എത്തിയ ഒരു പ്രതീതി. സോർബ്ബിങ് അടക്കം നിരവധി ആക്ടിവിറ്റിസ് സഞ്ചാരികൾക്കായുണ്ടിവിടെ. ഏകദേശം ഒരുമണിക്കൂറോളം അവിടെ ചിലവഴിച്ചു മടങ്ങുമ്പോൾ ഞങ്ങളേയും കാത്തു ഞങ്ങളുടെ കുതിരക്കുട്ടികൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

പോണി റൈഡ് കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴേക്കും അടുത്തുള്ള പള്ളിയിൽ നിന്നും ബാങ്കുവിളിക്കുന്നുണ്ടായിരുന്നു. ജുമുഅ നമസ്കാരത്തിനുള്ള സമായമായതുകാരണം ഞാനും സുഹൃത്തു ഷെഫീഖും പള്ളിയിലോട്ടു നടന്നു. നമ്മുടെ നാട്ടിലെ പള്ളികളിൽ നിന്നും വിഭിന്നമായി ചെറുതും തേക്കാത്ത കല്ലുകൾ കൊണ്ടും മരങ്ങൾകൊണ്ടും നിർമിച്ച ഒരു പള്ളിയായിരുന്നത്. ഞങ്ങൾ എത്തിയപ്പോഴേക്കും പള്ളിക്കുള്ളിൽ ആളുകൾ നിറഞ്ഞതുകാരണം ചുറ്റും സുന്ദരമായ പുല്ലുകൾ വിരിച്ചു മനോഹരമാക്കിയ മുറ്റത്തിരിക്കേണ്ടി വന്നു. ഒരു പക്ഷെ അത് നന്നായെന്നു തോന്നാൻ അധികം സമയം വേണ്ടിവന്നില്ല. അത്രക്ക് മനോഹരമായിരുന്നു ഖുതുബ കേട്ടുകൊണ്ടിരിക്കുമ്പോൾ കണ്മുന്നിലേ കാഴ്ചകൾ.

മുന്നിലൂടെ ഒഴുകുന്ന പുഴയിലെ വെള്ളത്തിന്റെ കളകള ശബ്ദങ്ങൾക്കൊപ്പം പുഴക്കരക്കപ്പുറമുള്ള മലമുകളിലെ മഞ്ഞുപാളികളും ദൈവമൊരുക്കിയ പ്രകൃതിയിലെ വൈവിദ്യപൂര്ണമായ സൃഷ്ടിപ്പുകളെക്കുറിച്ചു എന്നെ ഒരിക്കൽകൂടി ഓർമിപ്പിച്ചു. നിസ്കാരം തുടങ്ങാനായപ്പോഴേക്കും ചെറിയ ചാറ്റൽമഴ വന്നതോടുകൂടി ഞങ്ങൾക്ക് ചുറ്റുമിരിക്കുന്ന സ്വദേശവാസികളുടെ കൈകൾ അവർ ധരിച്ചിരിക്കുന്ന ഫിറനുള്ളിലേക്കു വലിഞ്ഞു.

കാശ്മീരി വിഭവങ്ങൾ പരീക്ഷിക്കാനെന്നവണ്ണം പള്ളിയിൽ നിന്നിറങ്ങി അടുത്തുള്ള പാരഡേസ് റെസ്റ്റോറന്റിലേക്കു നടന്നു. ബസുമതി അരികൊണ്ടുണ്ടാക്കിയ ചോറിനു കൂടെ തനതായ കാശ്മീരി മട്ടൻ വിഭവങ്ങളും പരീക്ഷിച്ചു. വെളിച്ചെണ്ണക്കു പകരം കടുകെണ്ണയും അതുപോലെ എരിവുകുറഞ്ഞ കാശ്മീരി ചില്ലിയുമാണ് കറികളിൽ ഉപയോഗിച്ചിരിക്കുന്നത്. കറികൾക്കു നിറംകൂടുതലാണെങ്കിൽ പോലും കഴിച്ചുകഴിഞ്ഞാലൊന്നുംതന്നെ കൈകളിൽ കളറുകൾ കാണാനിടവരില്ല.

ഉച്ചഭക്ഷണത്തിനുശേഷം ചെറിയ ഷോപ്പിംഗുകളുമായി നടക്കുന്നതിനിടയിൽകണ്ട ഒരു ചെറിയ ടീസ്റ്റാളിൽ കയറി കാശ്മീരി കാവ(ചായപോലുള്ള പാനീയം) പരീക്ഷിക്കാമെന്നുവെച്ചു. ഗ്രീൻ ടീയും, ഏലക്കയും, ബാദമും, കുങ്കുമപ്പൂവും പിന്നെ തേനുമെല്ലാം ചേർത്ത ഉഗ്രൻ കാശ്മീരി കാവ കുടിക്കുന്നതിനിടയിൽ അതുണ്ടാക്കുന്ന വിധവും ഞങ്ങൾ ചോദിച്ചുമനസ്സിലാക്കി.
ബേതാബ് വാലി, ആറു വാലി, ഒവേറ ആറു നാഷണൽ പാർക്ക് തുടങ്ങി ഒരുപാടുകാഴ്ചകൾ നമുക്കായി പഹൽഗാമിലുണ്ട്.

കണ്ടുതീരാത്ത കാഴ്ചകൾക്കുശേഷം ഹോട്ടൽ റൂം ചെക്ക്ഔട്ട് ചെയ്തു ഞങ്ങൾ ഗുൽമർഗ് ലക്ഷ്യമാക്കിനീങ്ങി. വെള്ളിയാഴ്ചയായതുകാരണം റോഡിലത്രയും വാഹനങ്ങൾ കുറവായിരുന്നു. കടകളൊക്കെ അടഞ്ഞു ഒരു ഹർത്താൽ പ്രതീതി. ടൂറിസ്റ്റ് സ്ഥലങ്ങളിലൊഴിച്ചു വെള്ളിയാഴ്ചകളിൽ കാശ്മീരിലെവിടെയും കടകളൊന്നും തുറക്കാറില്ല. പഹൽഗാമിലേക്കുള്ള വഴികളിലൊക്കെയും കടുകു പാടങ്ങളായിരുന്നെങ്കിൽ ഇവിടേക്കുള്ള വഴികളിലത്രയും ആപ്പിൾ തൊട്ടങ്ങളാണ് കാണാൻ കഴിഞ്ഞത്. വെളുത്ത പൂക്കൾ നിറഞ്ഞ ആപ്പിൾ തോട്ടങ്ങൾ ഞങ്ങൾക്ക് പുതിയ കാഴ്ച്ചയായയിരുന്നു. ഏപ്രിൽ മാസത്തിൽ വന്ന കാരണം ഞങ്ങൾക്ക് നഷ്ടമായ ഒന്നായിരുന്നു കായ്ച്ചുനിൽക്കുന്ന ആപ്പിൾ മരങ്ങൾ. സെപ്റ്റംബർ മാസമാവുമ്പോഴേക്കും ഈ വെള്ളപ്പൂക്കളൊക്കെയും ചുവന്നുതുടുത്ത കാശ്മീരി ആപ്പിളുകളായി മാറിയിട്ടുണ്ടാവും. ആ കാഴ്ച്ച കാണാൻ ഒരിക്കൽ കൂടി കശ്മീരിൽ വരേണ്ടിവരുമെന്നുറപ്പിച്ചു.

പകലിൽ നോക്കി പുഞ്ചിരിച്ച സൂര്യനെപ്പോഴോ പോയി മറഞ്ഞിരുന്നു. ചുറ്റും ഇരുട്ട് പടർന്നപ്പോഴേക്കും ഇതുവരെ ഉറങ്ങാത്ത എന്റെ കണ്പോളകളെപ്പോഴോ യാത്രാക്ഷീണം കാരണം അടഞ്ഞുപോയിരുന്നു. രാത്രിയേറെ കഴിഞ്ഞാണ് ഗുൽമർഗിൽ ഞങ്ങൾക്ക് താമസമൊരിക്കിയിട്ടുള്ള ഖലീൽ പാലസ് ഹോട്ടലിൽ എത്തിയത്. തീർത്തും മരപ്പലകകൾകൊണ്ടു നിർമിച്ച ഒരു വലിയ ഹോട്ടലായിരുന്നത്. ഹോട്ടൽ ഉണ്ടാക്കാൻ വേണ്ടി ഉപയോഗിച്ച മരങ്ങൾ മുറിച്ചെടുക്കുന്നതുമുതലുള്ള ഫോട്ടോകൾ ഒരു ചരിത്ര സ്മാരകമെന്നോണം ചുമരുകളിൽ ഫ്രെയിം ചെയ്തുവെച്ചിട്ടുണ്ട്. വിഭവ സമൃദ്ധമായ രാത്രി ഭക്ഷണത്തിന് ശേഷം, നാളെ ജീവിതത്തിൽ ആദ്യമായി കാണാൻ പോവുന്ന മഞ്ഞുള്ള കാഴ്ചകളെക്കുറിച്ചോർത്തു ഉറക്കത്തിലേക്കു വഴുതിവീണു.

Meadow of flowers (പൂക്കളാൽ സുന്ദരമായ പുൽത്തകിടി) എന്നറിയപ്പെടുന്ന സ്ഥലമാണ് ഗുൽമർഗ്. പഹൽഗാമിൽ കണ്ട കാഴ്ചകളിൽ നിന്നൊക്കെ വിഭിന്നമായ കാഴ്ചകളും മറ്റുമാണ് ഇവിടെയുള്ളത്. മുഗൾ ഭരണാധികാരി ജഹാൻഗീർ ആദ്യഹത്തിന്റെ പൂന്തോട്ടത്തിലേക്ക് ഇരുപത്തൊന്നോളം വൈവിദ്യപൂര്ണമായ കാട്ടുപൂക്കൾ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. വളരെ പ്രശസ്തമായ സ്കൈറ്റിങ് ഡെസ്റ്റിനേഷനായ ഇവിടം പീർ പഞ്ചൽ റേഞ്ചിലെ വെസ്റ്റേൺ ഹിമാലയത്തിന്റെ ഭാഗമാണ്.

വർഷത്തിൽ പന്ത്രണ്ടു മാസവും മഞ്ഞുള്ള സ്ഥലമാണ് ഗുൽമർഗ്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന സമയത്തു നോർത്തിന്ത്യയിലെ ചൂടിൽ നിന്നു രക്ഷനേടാൻ കണ്ടെത്തിയിരുന്ന സ്‌ഥലമായിരുന്നു ഗുൽമർഗ്. പിന്നീട് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗോൾഫ് കോഴ്‌സ് ബ്രിട്ടീഷുകാർ ഇവിടെ സ്ഥാപിക്കുകയുണ്ടായി.സമുദ്ര നിരപ്പിൽ നിന്നും 14000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇന്ത്യ – പാകിസ്ഥാൻ ബോർഡറും, പാക് അധീന കശ്മീരും മഞ്ഞിലൂടെ ട്രെക്ക് ചെയ്തുപോയൽ കാണാൻ സാധിക്കും. കൂടാതെ സ്കൈറ്റിങ്, സ്ലെഡ്ജിങ് അങ്ങിനെ നിരവധി ആക്ടിവിറ്റീസും ഇവിടെ ഒരുക്കിയിട്ടുണ്ട്‌.

ഗുലമാർഗിലെ പ്രസിദ്ധമായ ഗൊണ്ടോള റൈഡിനു(കേബിൾ കാറിലുള്ള യാത്ര) വേണ്ടി ഞങ്ങൾ പ്രഭാത ഭക്ഷണത്തിനുശേഷം പുറത്തിറങ്ങി. കുറച്ചു നടന്നിട്ടുവേണം കേബിൾ കാറിന്റെ സ്റ്റാർട്ടിങ് പോയിന്റിലെത്താൻ. പോകുന്നവഴിയിൽ ഫാറൂഖ് ഭായ് എന്നുപേരുള്ള അമ്പതു വയസ്സിലതികം പ്രായം തോന്നിക്കുന്ന ഒരു ഗൈഡും ഞങ്ങളുടെ കൂടെ കൂടി. മുകളിൽ പോവണമെങ്കിൽ ഒരു ഗൈഡ് അത്യന്താപേക്ഷികമാണ്. അദ്ദേഹം ഞങ്ങളെയും കൊണ്ടു ആദ്യം പോയത് ബൂട്ടുകളും ജാക്കറ്റുകളും വാടകക്കെടുക്കുന്ന ഒരു ഷോപ്പിലേക്കാണ്.

പത്തുമണിക്കാണ് ടിക്കറ്റ് കൊടുക്കൽ ആരംഭിക്കുന്നത്. അദ്ദേഹം തന്നെ വരി നിന്നു ടിക്കറ്റ് എടുത്തു ഞങ്ങളെയും കൊണ്ടു സ്റ്റാർട്ടിങ് പോയിന്റൽ എത്തിയപ്പോൾ സമയം പതിനൊന്നാവാറായിരുന്നു. രണ്ടുപോയിന്റുകളിലേക്കാണ് നമുക്കു പോവാനുള്ളത്. ഒന്നാമത്തെ പോയിന്റ് കാങ്ടൂരും, രണ്ടാമത്തേത് അഫർവത്തും. ഏകദേശം ആറുകിലോമീറ്റർ ദൂരമുള്ള യാത്രയാണ് ഗുൽമർഗ് ഗൊണ്ടോളയിക്കുള്ളത്. ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ളതും നീലമുള്ളതുമായ ഗൊണ്ടോള റൈഡ് ഒരു അവിസ്മരണീയമായ അനുഭവമായിരുന്നു.

പൈന്മരങ്ങൾക്കിടയിലൂടെ തുടങ്ങി, മഞ്ഞുമലകൾക്കു മുകളിലൂടെ വേണം ആ അത്ഭുതലോകത്തെത്താൻ. ചുറ്റുമുള്ള മഞ്ഞുമലകളുടെ ഒരു പനോരമിക് വ്യൂ തന്നെ നമുക്കതിൽ പോയിക്കൊണ്ടിരിക്കുമ്പോൾ കാണാൻ സാധിക്കും. ഐസ് മലകൾക്കു മുകളിലൂടെ ഉയരത്തിലേക്ക് പോകുംതോറും, ജീവിച്ചിരിക്കുമ്പോൾതന്നെ സ്വർഗത്തിലേക്ക് പൊയിക്കോണ്ടിരിക്കുന്ന ഒരനുഭവമായിരുന്നു.

ശരിയാണ്, അവിടെ ചെന്നിറങ്ങിയപ്പോൾ ശരിക്കും ഞങ്ങൾക്ക് അങ്ങിനെതന്നെയാണ് തോന്നിയത്. സ്വർഗ്ഗത്തിലെത്തിയ പ്രതീതി. ചുറ്റിനും ഐസിനാൽ നിറഞ്ഞ സ്ഥലങ്ങൾ മാത്രം. വെച്ചിരിക്കുന്ന സണ് ഗ്ലാസ് ഒന്നൂരിനോക്കിയതും വെയിലിൽ വെട്ടിത്തിളങ്ങുന്ന മഞ്ഞുമലകളിലെ പ്രകാശം എന്നെ കുറച്ചുനിറത്തേക്കെങ്കിലും അന്ധനാക്കി. ജീവിതത്തിൽ ആദ്യമായനുഭവിച്ചറിഞ്ഞ സുന്ദരനിമിഷങ്ങളെ ഫോട്ടോയിൽ പകർത്താനുള്ള ശ്രമത്തിനിടയിൽ ഞങ്ങളുടെ കാലുകൾ പലപ്പോഴും ഐസിൽ താഴ്ന്നുപോകുന്നുണ്ടായിരുന്നു.

ഇനിയും കയാറാനുണ്ട് മഞ്ഞുമലകൾ, കാലുകൾ താഴ്ന്നുപോകുന്നകാരണം ട്രക്ക് ചെയ്തുപോവൽ ബുദ്ധിമുട്ടേറിയതുകൊണ്ടും സ്ലെഡ്ജിങ് പരീക്ഷിക്കാനുള്ള ആഗ്രഹം കൊണ്ടും ക്യാഷ് പറഞ്ഞുറപ്പിച്ചു സ്ലെഡ്ജിങ് ഉപകരണത്തിൽ കയറിയിരുന്നു. ആ മഞ്ഞിൽ ഞങ്ങളെയും വലിച്ചുകൊണ്ടവർ മലകയാറാൻ തുടങ്ങി. പത്തെണ്പതു കിലോയോളമുള്ള എന്നെയും വലിച്ചു മഞ്ഞിലൂടെ കയറുമ്പോൾ ക്ഷീണംകാരണം ഇടക്കിടക്ക് അവർ നിർത്തുന്നുണ്ടായിരുന്നു. ലാ ഇലാഹ എന്നു അവർ ഉച്ചത്തിൽ വിളിക്കുമ്പോൾ, ഇല്ലള്ളാഹ് എന്നു ഞാനും ഏറ്റുവിളിച്ചു. ഉയരത്തിലേക്കെത്തും തോറും തണുപ്പുകൂടുന്നതിനാനുസരിച്ചു ഹ്രദയമിടിപ്പും കൂടാൻ തുടങ്ങി, കൂടാതെ ശ്വസിക്കാനുള്ള ബുദ്ധിമുട്ടും.

ഞങ്ങളെയും വലിച്ചുകൊണ്ട് മുകളിലെത്തിയപ്പോഴേക്കും ഫാറൂഖ് ഭായ് ആ മഞ്ഞു മലകളത്രെയും നടന്നുകയറി അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ഞങ്ങൾ മുകളിലെത്തിയിരിക്കുന്നു. ഒരാൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട, അല്ലെങ്കിൽ അനുഭവുക്കേണ്ട കാഴ്ചകളാണ് എനിക്കുചുറ്റുന്നുള്ളത്. എങ്ങും നിശബ്ദത. മുകളിൽ ആകാശവും ചുറ്റിനും വെള്ളനിറത്തിൽ ഐസ് മലകളും മാത്രം. ഒരു സ്വപ്ന ലോകം പോലെ…

ദൂരെ ഇന്ത്യ-പാകിസ്ഥാൻ ബോർഡറും അതിനപ്പുറം മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന പാകിസ്ഥാൻ മിലിട്ടറി ബങ്കറും ഫാറൂഖ് ഭായ് ഞങ്ങൾക്ക് കാണിച്ചുതന്നു. ബോർഡറിനിപ്പുറം ഇന്ത്യൻ പട്ടാളക്കാരുടെ രണ്ടു ബംഗറുകൾ. ഇത്രയും തണുപ്പിൽ ജീവൻപോലും പണയം വെച്ചു നമ്മുടെ രാജ്യത്തിനു കാവൽ നിൽക്കുന്ന പട്ടാളക്കാർക്ക് മനസ്സിൽ സല്യൂട്ട് ചെയ്തു അവിടെ നിന്നിറങ്ങുമ്പോൾ മണിക്കൂറുകളവിടെ ചിലവഴിച്ചിരുന്നു. ശരിക്കും അവർക്കല്ലേ സാലറി കൂട്ടിക്കൊടുക്കണ്ടേ. അല്ലാതെ നമ്മൾ ചെയ്ത വോട്ടിന്റെ ആനുകൂല്യത്തിൽ നമ്മളെ മറന്നു, കയ്യിട്ടുവാരി തിന്നുമുടിച്ചു ജീവിക്കുന്ന ജനപ്രതിനിധികളെന്നു പറയുന്നവർക്കല്ലല്ലോ.

മുകളിൽ നിന്നും സ്ലെഡ്ജിങ് ചെയ്തു താഴെ വരുമ്പോഴുള്ള അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. തിരിച്ചിറങ്ങുന്ന വഴി കേബിൾ കാറിന്റെ ഒന്നാമത്തെ പോയിന്റിനടുത്തായി മഞ്ഞിനാൽ ചുറ്റപ്പെട്ട സ്ഥലത്തുള്ള റെസ്റ്റോറന്റിൽ നിന്നും കശ്മീരി പുലാവും, കശ്മീരി ദമ്മാലുവും കൂടെ കാശ്മീരി കാവയും കഴിച്ചു താഴെ എത്തിയപ്പോൾ സമയം മൂന്നുമണികഴിഞ്ഞിരുന്നു. ഹോട്ടലിൽ പോയി ചെക്ക്ഔട്ട് ചെയ്തു ഫാറൂഖ് ഭായിയെ കണ്ടു യാത്രപറഞ്ഞു മടങ്ങുമ്പോൾ ഇനി ഡിസംബറിൽ വരണമെന്ന അദ്യേഹത്തിന്റെ ആവശ്യത്തിനു സന്തോഷത്തോടെ വരാമെന്നു വാക്കുകൊടുത്തു. എല്ലാം കഴിഞ്ഞു ഗുൽമർഗ് വിടുമ്പോൾ സമയം നാലു കഴിഞ്ഞിരുന്നു.

ഇനി ഞങ്ങൾക്ക് പോവാനുള്ളത് ജമ്മു കശ്മീരിന്റെ രണ്ടു തലസ്ഥാനങ്ങളിലൊന്നായ ശ്രീനഗറിലേക്കാണ്. മഞ്ഞുകാലത്തു ജമ്മുവും മറ്റുസമയങ്ങളിൽ ശ്രീനഗറുമാണ് തലസ്ഥാനം. ഗുൽമർഗിലെ മഞ്ഞിനാൽപുതഞ്ഞുകിടക്കുന്ന സുന്ദരമായ ഓർമകളെ താലോലിച്ചുകൊണ്ടു ശ്രീനഗറിൽ എത്തുമ്പോൾ സമയം ആറായിരുന്നു. ഹോട്ടലിൽ ചെക്ക്ഇൻ ചെയ്തു കുളിച്ചു ഫ്രഷ് ആയി നടക്കാൻവേണ്ടിയൊന്നു പുറത്തോട്ടിറങ്ങി.

കാശ്മീരിൽ എത്തിയ ശേഷം ഇങ്ങിനെ ഫ്രീയായി നടക്കുന്നതാദ്യമായിട്ടാണ്. പഴയ ഏതോ നഗരത്തിലെത്തിപ്പെട്ട പ്രതീതിയാണ് ശ്രീനഗറിന്. ചുറ്റിനും പഴയതും ആളൊഴിഞ്ഞതുമായ ഒരുപാട് കെട്ടിടങ്ങൾ. ഒരുപക്ഷേ നിരന്തരമായ ഏറ്റുമുട്ടലുകളും സൈനിക നടപടികളും കാരണമായിരിക്കുമിങ്ങിനെ. നടത്തത്തിനിടയിൽ കണ്ട ബജികച്ചവടക്കാരന്റെ കയ്യിൽ നിന്നും വാങ്ങിച്ച ബജിയും കഴിച്ചുകൊണ്ടു മടങ്ങുന്നതിനിടയിൽ വീട്ടിൽ ഉമ്മയ്ക്കും പെങ്ങന്മാർക്കുവേണ്ടി ഒരു ചെറിയ ഷോപ്പിംഗും നടത്തി. എല്ലാം കഴിഞ്ഞു ഹോട്ടലിൽ തിരിച്ചെത്തിയപ്പോൾ അത്താഴത്തിനുള്ള സമയമായിരുന്നു.

കശ്മീരിലെ നാലാമത്തെ ദിവസം ആരംഭിക്കുന്നത് പ്രസിദ്ധമായിയ ഹസ്റത്ത്ബാൽ മസ്‌ജിദ് സന്ദർശിച്ചു കൊണ്ടാണ്. പ്രവാചകന്റെ മുടി സൂക്ഷിച്ചിരിക്കുന്ന പള്ളികളിലൊന്നാണിത്. മദീനയിൽ നിന്നും വന്നു ഹൈദരാബാദിനടുത്തുള്ള ബിജാപൂരിൽ താമസമാക്കിയ സയ്യിദ് അബ്ദുള്ളയാണ് തിരുകേശം ഇന്ത്യയിൽ കൊണ്ടുവന്നതെന്നു പറയപ്പെടുന്നു. അദ്ദേഹത്തിന്റെ മരണശേഷം മകൻ സയ്യിദ് ഹമീദ് തിരുശേഷിപ്പ് സംരക്ഷിക്കാനുള്ള ബുദ്ധിമുട്ടുകാരണം കശ്മീരിലെ പ്രശസ്ഥാനായ ബിസിനസുകാരനായ ഖാജാ നൂറുദ്ധീൻ ഇഷായ് എന്ന ആൾക്ക് വിൽക്കുകയും, അങ്ങനെ പിൽക്കാലത്തു മുഗൾ ഭരണാധികാരി ഔറങ്കസേബിന്റെ നിർദേശപ്രകാരം ഈ പള്ളിയിൽ എത്തുകയുമായിരുന്നെന്നു പറയപ്പെടുന്നു. വർഷത്തിലൊരിക്കൽ മാത്രമാണ് തിരുകേശം ഇവിടെ പ്രദർശിപ്പിക്കുന്നത്

ദാൽ തടാകക്കരയിലുള്ള ഈ പള്ളിയിൽ ഞങ്ങൾ എത്തുമ്പോൾ സമയം എട്ടു കഴിഞ്ഞതെ ഒള്ളു. പള്ളിയുടെ അരികിലായുള്ള തടാകക്കാരയിലൂടെ നടക്കുമ്പോൾ തടാകം വൃത്തിയാക്കുന്ന തൊഴിലാളികളെ കാണാനിടയായി. ചെറിയ വള്ളങ്ങളിലിരുന്നുകൊണ്ടു തടാകത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് ഞങ്ങൾ അത്ഭുതത്തോടെ നോക്കിനിന്നു. കശ്മീരിലെ വൃത്തിയെക്കുറിച്ചു എടുത്തുപറയേണ്ട ഒന്നു തന്നെയാണ്. കടകളുടെ പരസ്യങ്ങളടക്കമുള്ള ഫ്ലക്സ് ബോർഡുകളോ, ചുമരുകളിൽ പതിക്കുന്ന പോസ്റ്ററുകളോ, പ്ലാസ്റ്റിക് മാലിന്യങ്ങളോ ഒന്നും തന്നെ എവിടെയും കാണാൻ കഴിയില്ല.

അതിനുശേഷം ഞങ്ങൾ പോയത് മുഗൾ ഗാർഡനിലേക്കാണ്. കനാലുകളും, വാട്ടർ ഫൗണ്ടേഷനുകളും, നമ്മൾ ഇന്നവരെ കണ്ടിട്ടില്ലാത്ത പലതരം പൂക്കളും മരങ്ങളുമെല്ലാം കൂടിച്ചേർന്ന ഒരു അത്ഭുദലോകം തന്നെയാണിവിടം. ശാലിമാർ ഗാർഡൻ, നിഷാന്ത് ഗാർഡൻ തുടങ്ങിയ ഉദ്യാനങ്ങൾ ചേർന്ന ഈ മനോഹര ലോകം നിർമിച്ചതു മുഗൾ ഭരണകാലത്താണ്. അതുകൊണ്ടുതന്നെ പേർഷ്യൻ വാസ്തുകലയുടെ സാനിധ്യം അവിടെയുള്ള നിർമിതികളിലെല്ലാം നമുക്ക് കാണാൻ കഴിയും.

ഒരു ഭാഗത്തു പീർ പഞ്ചൽ റേഞ്ചിലെ സബർവാൻ മലനിരകളുടെയും മറുഭാഗത്തു പ്രസിദ്ധമായ ദാൽ തടാകത്തിന്റെയും സുന്ദരമായ കാൻവാസ്‌ നമ്മുടെ കാഴ്ചകൾക്ക് അതിരിടുന്നു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ എത്തുന്ന കാശ്മീരി കുടുംബങ്ങളെയും യുവതി യുവാക്കളെയും ഇവിടെ കൂടുതലായും കാണാൻ കഴിയും. വെള്ളിയാഴ്ചയൊഴിച്ചു എല്ലാദിവസവും രാവിലെ ഒൻപതു മുതൽ വൈകുന്നേരം ഏഴുവരെ ആൾക്ക് പത്തുരൂപ നിരക്കിലാണ് പ്രവേശനം.

ഇനി ഞങ്ങൾക്ക് പോവാനുള്ളത്, കശ്മീരിന്റെ സ്വർഗ്ഗീയ സൗന്ദര്യത്തിനു നിറങ്ങൾ കൊണ്ടു മാറ്റുകൂട്ടുന്ന ഒരത്ഭുതലോകത്തേക്കാണ്. സബർവാൻ മലനിരകളുടെ താഴെ 33 ഹെക്ടറിൽ വിവിധ വർണ്ണങ്ങളിലുള്ള തുലിപ് പൂക്കൾകൊണ്ടു നമ്മുടെ കണ്ണുകളിൽ വിസ്മയം തീർക്കുന്ന ഇന്ദിരാഗാന്ധി മെമ്മോറിയൽ തുലിപ് ഗാർഡൻ. തുലിപ് ഫെസ്റ്റ് നടക്കുന്ന സമയമായതിനാലും, അങ്ങോട്ടുള്ള മിക്ക റോഡുകളും സെക്യൂരിറ്റി ആവശ്യം പറഞ്ഞുകൊണ്ട് അടച്ചിരുന്നതിനാലും ഒരു റോഡിൽ കൂടി മാത്രമേ സന്ദർശകരെ കടത്തിവിട്ടിരുന്നുള്ളു.

ടിക്കറ്റെടുത്ത് ഗേറ്റ് കടന്നു ഉള്ളിൽ കയറിയപ്പോൾ ഞാൻ എത്തിപ്പെട്ടത് ശരിക്കും സ്വർഗ്ഗലോകത്തേക്ക് തന്നെയായിരുന്നു. എന്നെ സ്വീകരിക്കാനെന്നവണ്ണം പലവർണ്ണത്തിലുള്ള പരവതാനി വിരിച്ചപോലുള്ള ചുവപ്പും, ഓറഞ്ചും, മഞ്ഞയും, പർപ്പിൾ നിറത്തിലും കൂടാതെ പലനിറങ്ങൾ ചേർന്ന തുലിപ് പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. ജീവിതത്തിൽ കണ്ട നിറമുള്ള കാഴ്ചകളിലൊന്നിലേക്കു ഞാൻ അലിഞ്ഞു ചേർന്നു.

ചെറുതായൊന്നു മേഘമിരുണ്ടപ്പോഴേക്കും ചുറ്റിനുമുള്ള മലനിരകളിലെനിന്നും കോടമഞ്ഞിറങ്ങിത്തുടങ്ങി, പതിയെ എന്റെ കാഴ്ചകൾക്കു പുതുജീവനേകി. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന തുലിപ് പൂക്കളുടെ സൗന്ദര്യത്തിനു ആ മലനിരകൾക്കു ചെറുതല്ലാത്ത പങ്കുണ്ട്. തുലിപ് പൂക്കളോളം സൗന്ദര്യമുള്ള പ്രദേശവാസികളെയും അവിടെ കാണാൻ കഴിഞ്ഞു. വർഷത്തിൽ മാർച്ച് അവസാനത്തിൽ തുടങ്ങി ഏപ്രിൽ പകുതി വരെ മാത്രമേ തുലിപ് പൂക്കൾ ഇങ്ങിനെ കാണാൻ സാധിക്കൂ. അതുകൊണ്ടു തന്നെ ഏപ്രിൽ മാസത്തിൽ ഇവിടെ വരാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തോഷവാന്മാരായി.

ഉച്ചഭക്ഷണത്തിനുവേണ്ടി ദാൽ തടാകത്തിനു സമീപമുള്ള കരീംസ് റസ്റ്റോറന്റിലെത്തിയപ്പോഴേക്കും പുറത്തു മഴ തകർത്തുപെയ്യുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ചുതീർന്നപ്പോഴേക്കും മഴ ചെറുതായൊന്നു ശമിച്ചിരുന്നു. ടൂർ ഓപ്പറേറ്റേഴ്‌സ് പറഞ്ഞതിനനുസരിച്ചു ശിക്കാര(ചെറുവള്ളം) റൈഡിനു വേണ്ടി റെസ്റ്റോറന്റിനെതിർവശത്തുള്ള ഗേറ്റ് വഴി തടാകത്തിലെ ജെട്ടിയിലെത്തി. അവിടെ ഞങ്ങളെയും കാത്തു ശിക്കാരകാരൻ നിൽപ്പുണ്ടായിരുന്നു. ഒരുമണിക്കൂറുള്ള ശിക്കാര റൈഡ് പാക്കേജിന്റെ കൂടെയുള്ളതായിരുന്നു. അതിന്റെ കൂടെ അറുനൂറുരൂപ കൂടികൊടുത്തു രണ്ടുമണിക്കൂറാക്കി.

1800 ഹെക്ടറിൽ ശ്രീനാഗറിനോട് ചേർന്നു വ്യാപിച്ചുകിടക്കുന്ന സുന്ദരമായ തടാകമാണ് ദാൽ. കശ്മീർ സൗന്ദര്യത്തിലെ തിളങ്ങുന്ന രത്നമെന്നറിയപ്പെടുന്ന തടാകത്തിനു ഭംഗിയെന്നോണം മുകൾഗാർഡനും സബർവാൻ മലനിരകളുമുണ്ട്. ഒരുപാട് ബോളിവുഡ് സിനിമകളിലെ ലൊക്കേഷനായ ദാൽ തടാകവും ശിക്കാര റൈഡും നമ്മളെ മറ്റൊരു സ്വപ്ന ലോകത്തേക്കു കൊണ്ടുപോകും. കശ്മീരിന്റെ യഥാർത്ഥ മനസ്സുപോലെ ശാന്തമാണ് ദാൽ തടാകവും.

ചാറ്റൽമഴത്തുള്ളികൾക്കിടയിലൂടെ ഞങ്ങളെയും കൊണ്ടു ആദ്ധ്യേഹം ശിക്കാര തുഴയാൻ തുടങ്ങി. അതിലിരുന്നുകൊണ്ട് ഞങ്ങൾ കശ്മീരിന്റെ സൗന്ദര്യമാസ്വദിക്കുന്നതിനിടയിൽ മറ്റോരു ശിക്കാരയിൽ കാശ്മീരി കേസർ(കുങ്കുമപ്പൂ), സുറുമ തുടങ്ങിയ സാധനങ്ങളുമായി ഒരാൾവന്നു. Floating market (ഒഴുകുന്ന കമ്പോളം), അതു ഞങ്ങൾക്ക് ശരിക്കും ആദ്യത്തേതും അത്ഭുതവുമായിരുന്നു. ദാൽ തടാകത്തിലൂടെ നമ്മൾ പോയിക്കൊണ്ടിരിക്കുമ്പോൾ പൂക്കളും, പഴങ്ങളും മറ്റു ഭക്ഷണ സാധനങ്ങൾ മുതൽ കരകൗശല വസ്തുക്കൾ വരെ ഇങ്ങിനെ ഒഴുകികൊണ്ടിരിക്കുന്ന മാർക്കറ്റിൽ നിന്നും വാങ്ങിക്കാൻ സാധിക്കും. പലപ്പോഴും ഇത്തരം കച്ചവടക്കാർ ഞങ്ങളുടെ സൗന്ദര്യാസ്വാദനത്തിനു ഒരു തടസ്സമായെങ്കിൽ പോലും അവരെ പിണക്കിവിട്ടില്ല.

മഴ മാറിയതോടെ തണുപ്പ് കൂടിവന്നു. ഹോട്ടലിൽ നിന്നും സ്വെറ്റർ എടുക്കാൻ മറന്ന ഞാൻ കശ്മീരിലെ തണുപ്പ് എന്താണെന്ന് ശരിക്കും അറിഞ്ഞുതുടങ്ങി. അടുത്ത ശിക്കാരയിൽ വന്ന കബാബ് കച്ചവടക്കാരന്റെ കയ്യിൽ നിന്നും വാങ്ങിച്ചു കഴിച്ച ചൂടുള്ള ഷീക് കാബാബിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഒരു പക്ഷേ മഴമാറി തണുത്ത ആ വൈകുന്നേരം സുന്ദരമായ ദാൽ തടാകത്തിലൂടെ പോകുന്നതിനിടയിൽ ശിക്കാരയിലിരുന്നു കഴിച്ചതുകൊണ്ടുമാവാം അതിനിത്രയും രുചി. കബാബ് കഴിച്ചപ്പോൾ ചെറുതായൊന്നു ദാഹിച്ചപ്പോൾ അതാ വരുന്നു അടുത്ത ശിക്കാരയിൽ ബദാമുമും കുങ്കുമവും ചേർത്ത കശ്മീരി കാവ വിൽക്കുന്ന വൃദ്ധൻ. അദ്ദേഹത്തിന്റെ കയ്യിൽ നിന്നും കശ്മീരുകരുടെ മുഹബ്ബത്ത് ചേർത്ത കാവ വാങ്ങിക്കഴിച്ചു പോകുന്നതിനിടയിൽ ഞങ്ങൾ നെഹ്റു പാർക്കും കഴിഞ്ഞു നാഷണൽ മാർക്കറ്റ് എത്തിയിരുന്നു.

വള്ളക്കാരൻ ഞങ്ങളുടെ ശിക്കാര കടകൾക്ക് ഓരം ചേർന്നടുപ്പിച്ചു. ദാൽ തടാകത്തിനു നടുവിലെ ദീപുപോലുള്ള സ്ഥലത്തെ വെള്ളത്തിലേക്ക് ഇറക്കിയുണ്ടാക്കിയ കടകൾ ചേർന്ന സ്ഥലമാണ് നാഷണൽ മാർക്കറ്റ്. കശ്മീരിന്റെ തനതായ നെയ്തു വസ്ത്രങ്ങളിൽ തുടങ്ങി കരകൗശല വസ്തുക്കൾ എല്ലാമുള്ള കടകളൊക്കെയും തന്നെ വെള്ളത്തിൽ ഉറപ്പിച്ചുനിർത്തിയ മരപ്പലകകൾക്കു മുകളിലായുണ്ടാക്കിയ കടകളിലാണുള്ളത്. ചെറിയ ഷോപ്പിംഗുകൾക്കു ശേഷം ശിക്കാരയിലേക്കു കയറാൻ നേരം ഞങ്ങളുടെ അരികിലൂടെ ഒരു സ്‌ത്രീ വഞ്ചിയും തുഴഞ്ഞു പോയി. വീട്ടാവശ്യങ്ങൾക്കുവേണ്ട സാധനങ്ങളത്രയും സ്ത്രീകളും കുട്ടികളും ചെറിയ വഞ്ചികളിൽ തുഴഞ്ഞുവന്നാണ് വാങ്ങിക്കുന്നത്‌.

നാഷണൽ മാർക്കറ്റിന്റെ പിറകുവശത്തുള്ള തടാകത്തിന്റെ മറ്റൊരു ഭാഗത്തേക്കു ശിക്കാരക്കാരൻ തുഴയാൻ തുടങ്ങി. നിറയെ മരങ്ങളും കാട്ടു ചെടികളും നിറഞ്ഞ ആ ഭാഗത്തിലൂടെ പോയിക്കൊണ്ടിരിക്കുമ്പോൾ ഒരു കുളക്കോഴി ഞങ്ങളെ കണ്ടു കുസൃതികാണിച്ചുകൊണ്ട് വെള്ളത്തിലേക്ക് ഊളിയിട്ടു. ധാരാളം കുളക്കോഴികളുമുള്ള പക്ഷികളുള്ള അവിടുത്തെ പ്രകൃതി സൗന്ദര്യം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ചെറിയ വീടുകളും പള്ളിയുമുള്ള ആ പ്രദേശത്തുള്ളവർ നെയ്തെടുത്ത വസ്ത്രങ്ങളിലതികവും വിറ്റഴിക്കുന്നത് നാഷണൽ മാർക്കറ്റിലും ഫ്ലോട്ടിങ് മാര്ക്കറ്റിലുമാണ്. മഞ്ഞു കാലത്തു ഐസായിമാറുന്ന ദാൽ തടാകത്തിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതും, സഞ്ചാരികളില്ലാത്ത കാരണം അടഞ്ഞുകിടക്കുന്ന നാഷണൽ മാർക്കറ്റിലെ തൊഴിലാളികളും, ശിക്കാര തുഴയുന്നവരും വീടുകളിരുന്നു വസ്ത്രങ്ങൾ നെയ്തെടുക്കുന്ന കഥകളും ശിക്കാരക്കാരൻ പറയുകയുണ്ടായി.

രണ്ടുമണിക്കൂറിലതികമെടുത്ത ശിക്കാര യാത്ര കഴിഞ്ഞു മടങ്ങുന്ന വഴി തടാകത്തിന്റെ മറ്റൊരു ഭാഗത്തു നിറയെ ഹൗസ്ബോട്ടുകൾ നിരനിരയായി കിടക്കുന്നുണ്ട്. സഞ്ചാരികൾക്കു താമസമൊരുക്കുന്ന അത്തരമൊന്നിലാണ് കശ്മീരിലെ ഞങ്ങളുടെ അവസാനദിവസമായ ഇന്നത്തെ താമസമൊരുക്കിയിരിക്കുന്നത്. തിരിച്ചു ജെട്ടിയിലെത്തിയപ്പോൾ ഞങ്ങളെയും കാത്തു ഡ്രൈവർ ഗോൾഡി സിംഗ് കാത്തുനിൽപ്പുണ്ടായിരുന്നു. ഹോട്ടലിൽ ചെന്നു ബാഗുമെടുത്തു തിരിച്ചുവന്നിട്ടുവേണം ഞങ്ങൾക്ക് ഹൗസ്ബോട്ടിലെത്താൻ.

ദാൽ തടാകത്തിനോട് ചേർന്നുള്ള മറ്റൊരു തടാകമാണ് നിഗീൻ ലേക്ക്. കൂടുതലായും വിദേശികളടക്കമുള്ള ടൂറിസ്റ്റുകൾക്ക് താമസിക്കാനുള്ള ഹൗസ് ബോട്ടുകളാണിവിടെയുള്ളത്. അവിടെയാണ് ഞങ്ങൾക്ക് താമസമൊരുക്കിയിരിക്കുന്നതെന്നു ടൂർ ഓപ്പറേറ്ററെ വിളിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത്. ഞങ്ങളുടെ യാത്രയൊരുക്കിയ ട്രാവൽ ഏജൻസിയുടെതന്നെ ഉടമസ്തതയിലുള്ള ഹൗസ്ബോട്ടിലാണ് താമസം. തടാകത്തിന്റെ മറുകരയിലുള്ള ഹൗസ്ബോട്ടിലേക്ക് ഞങ്ങളെ കൊണ്ടുപോവാൻ വേണ്ടി രണ്ടു ശിക്കാരക്കാർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ദാൽ തടാകത്തിനെ അപേക്ഷിച്ചു കുറച്ചൂടെ സൈലന്റായുള്ള സ്ഥലമാണ് നിഗീൻ ലേക്ക്.

സൂര്യൻ അസ്തമിക്കാനുള്ള തയ്യാറെടുപ്പിലാണ്. സൂര്യന്റെ മഞ്ഞവെളിച്ചം കായലോളങ്ങളിൽ തട്ടിവെട്ടിത്തിളങ്ങി. ആ വെളിച്ചത്തിൽ പക്ഷികൾ ഞങ്ങൾക്കുമുകളിലൂടെ കൂടുത്തേടിമടങ്ങുന്ന കാഴ്ചയും കണ്ടുകൊണ്ടു ശിക്കാരയിൽ മറുകരയിലുള്ള ഞങ്ങളുടെ ഹൗസ്ബോട്ടിനെ ലക്ഷ്യമാക്കി നീങ്ങി. വെള്ളത്തിൽ നിന്നും നമ്മൾ കയറിച്ചെല്ലുന്ന സിറ്റൗട്ട് മുതൽ, നാലു ബെഡ്റൂം, ലിവിങ് റൂം, പിന്നെ കിച്ചണും പാസേജും പോരാത്തതിനു സ്റ്റെപ്പുകൾ കയറി ചെന്നാൽ മുകളിൽ കാഴ്ചകൾ കണ്ടുകൊണ്ടിരിക്കാൻ പറ്റുന്ന ബാൽകണിയും ചേർന്ന ഒരു ആഡംബര ഹൗസ്ബോട്ടു തന്നെയായിരുന്നു ഞങ്ങൾക്കായി അവർ ഒരുക്കിയിരുന്നത്. അവിടെയുള്ള കാഴ്‍ചകൾ ക്യാമറയിൽ പകർത്തുന്നതിനു മുന്നേ തന്നെ സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്കു മറഞ്ഞിരുന്നു.

ഹൗസ്ബോട്ടിലെത്തിയതും മഴ വീണ്ടും തിമിർത്തുപെയ്യാൻ തുടങ്ങി. രാത്രി ഞങ്ങൾക്കു പ്രത്യേകമായുണ്ടാക്കിയ മട്ടൻ വിഭവങ്ങളോടുകൂടിയ ഭക്ഷണവും കഴിച്ചു ലിവിങ് റൂമിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഓരോരോ ശിക്കാരകളിലായി കച്ചവടക്കാർ വന്നുതുടങ്ങി. ഹൗസ്ബോട്ടുകളിൽ താമസിക്കുന്ന സഞ്ചാരികളെ ഉദ്ദേശിച്ചുകൊണ്ടുമാത്രമാണ് അവർ രാത്രിയിലെ ആ കൊടുംതണുപ്പിലും ശിക്കാര തുഴഞ്ഞുകൊണ്ടുവരുന്നത്. പിറ്റേദിവസം രാവിലെ തിരിച്ചു കശ്മീരിൽ നിന്നും ജമ്മുവിലെത്തി നാട്ടിലേക്ക് മടങ്ങാനുള്ളത് കാരണം സംസാരിച്ചിരുന്നു സമയം കളയാതെ, മഴത്തുള്ളികൾ വെള്ളത്തിൽ വീഴുന്ന ശബ്ദവും കെട്ടുകൊണ്ടങ്ങിനെ ഉറങ്ങാൻ കിടന്നു.

രാവിലെ നേരത്തെ പറഞ്ഞതിനനുസരിച്ചു ഞങ്ങളെയെടുക്കാൻവേണ്ടി ശിക്കാരക്കാരൻ എത്തിയപ്പോഴേക്കും ഞങ്ങൾ കുളിച്ചു ഫ്രഷായിരുന്നു. ചൂടു കാശ്മീരി കാവയും കഴിച്ചു അവിടെ നിന്നും ശിക്കാരയിൽ മടങ്ങുമ്പോൾ ശാന്തസുന്ദരമായ തടാകത്തിലെ പ്രഭാതകാഴ്ചകളും ഞങ്ങൾക്ക് ഒരുക്കിവെച്ചിരുന്നു. ശ്രീനഗറിൽ നിന്നും മടങ്ങുമ്പോൾ ഒരു നിരാശ മാത്രമേ ഉണ്ടായിരുന്നുള്ളു, അവസാന നിമിഷം യാത്രയിൽ വരുത്തിയ ചില മാറ്റങ്ങൾ കാരണം പാക്കേജിലുണ്ടായിരുന്ന സോൻമർഗ്ഗിലേക്ക് പോവാൻ സാധിച്ചില്ലല്ലോ എന്ന സങ്കടം. അതു അടുത്ത കാശ്മീരിലേക്കുള്ള യാത്രയിലാവാമെന്നു കരുതി ഞാൻ സ്വയം ആശ്വസിച്ചു.

കശ്മീരിൽ നിന്നും ജമ്മുവിലേക്കു മടങ്ങുന്ന വഴിയിൽ ക്രിക്കറ്റ് ബാറ്റുകളുണ്ടാക്കുന്ന നിരവധി ഫാക്ടറികളും കടകളുമുണ്ട്. കാശ്മീരി വില്ലോ എന്ന മരം കൊണ്ടുണ്ടാക്കുന്ന ക്രിക്കറ്റ് ബാറ്റുകളാണ് മികച്ചതും ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കുന്നതും. ആയിരം രൂപക്കുമുകളിൽ വരുന്ന ബാറ്റുകൾക്ക് വെറും ഇരുനൂറ്, മുന്നൂറു രൂപനിരക്കിൽ കൊടുത്താൽ മതി. അവിടെ നിന്നും ബാറ്റുകളും വാങ്ങി മടങ്ങുമ്പോൾ വഴികളിലത്രയും മിലിട്ടറി വാഹനങ്ങളുടെ തിരക്കായിരുന്നു.

ഒരു നീണ്ടയാത്രക്ക് ശേഷം ജമ്മുവിലെത്തിയപ്പോൾ സമയം വൈകുന്നേരമായിരുന്നു. ഓഫീസ് സുഹൃത്തുക്കൾക്കും മറ്റുമായി കുറച്ചു ഡ്രൈ ഫ്രൂട്ട്സുകളൊക്കെ വാങ്ങി ഞങ്ങൾ ഡെൽഹിയിലേക്കുള്ള ട്രെയിൻ വെയ്റ്റ് ചെയ്തിരുന്നപ്പോഴൊക്കെയും കാശ്മീരെന്ന ഈ സ്വർഗ്ഗ ഭൂമിയിലേക്ക് ഇനിയും വരണമെന്ന ആഗ്രഹമായിരുന്നു മനസ്സിലൊക്കെയും. ഇവിടുത്തെ കാഴ്ചകളും, സ്നേഹമുള്ള മനുഷ്യരൊക്കെയും ഇനിയും എന്നെ വിളിക്കും, അപ്പോൾ ഞാൻ ഒരിക്കൽ കൂടി സ്വപ്ന ഭൂമിയിലേക്കെത്തും, കാഴ്ചകളും അനുഭവങ്ങളും തേടി…

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.