കൊച്ചി നഗരത്തിൽ നിന്നും അൽപ്പം അകലെയായാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് എത്തിച്ചേരുവാനായി പൊതുവെ ആളുകൾ ആശ്രയിക്കുന്നത് ടാക്സികളെയും കെഎസ്ആർടിസി ബസ്സുകളെയുമാണ്. വിവിധ സ്ഥലങ്ങളിലേക്കുള്ള KURTC ചിൽ ബസ്സുകൾ എയർപോർട്ട് വഴി സർവ്വീസ് നടത്തുന്നുണ്ടെങ്കിലും ഒരു ഷട്ടിൽ സർവ്വീസ് ഇതുവരെ ഉണ്ടായിരുന്നില്ല.
രാജ്യത്തെ മറ്റ് എയർപോർട്ടുകളിൽ ഉള്ളതുപോലെ കൊച്ചി എയർപോർട്ടിലേക്ക് ഫീഡർ ബസ് സർവ്വീസുകൾ വേണമെന്ന ആവശ്യം കുറേനാളുകളായി ഉയർന്നു കേൾക്കുന്ന ഒന്നാണ്. ഇപ്പോഴിതാ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് കൊച്ചി എയർപോർട്ടിനെയും ആലുവ മെട്രോ സ്റ്റേഷനെയും ബന്ധിപ്പിച്ചുകൊണ്ട് കെ.എം.ആർ.എല്ലിൻ്റെ ഫീഡർ ബസ് സർവ്വീസുകൾ ആരംഭിച്ചിരിക്കുകയാണ്.
പവൻ ദൂത് എന്നു പേരിട്ടിരിക്കുന്ന ഈ ബസ് സർവീസിലേക്ക് തുടക്കത്തിൽ രണ്ട് ഇലക്ട്രിക് ബസ്സുകളാണ് എത്തിയിരിക്കുന്നത്. പവൻ ദൂതിന്റെ വാഹന കരാർ എടുത്തിരിക്കുന്നത് മഹാവോയേജ് എന്ന കമ്പനിയാണ്.
രാവിലെ അഞ്ചുമണി മുതൽ വിമാനത്താവളത്തിന്റെ ടെർമിനൽ-1, ടെർമിനൽ-2 എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുള്ള പോയിന്റുകളിൽ നിന്ന് ബസ് സർവീസ് പുറപ്പെടും.രാവിലെ 5.40 മുതൽ ആലുവയിൽ മെട്രോ സ്‌റ്റേഷനിൽ നിന്ന് വിമാനത്താവളത്തിലേയ്ക്കും സർവീസ് ഉണ്ടാകും. രാത്രി പത്തിനാണ് അവസാന സർവീസ്.
മുപ്പത് സീറ്റുകൾ, ലഗേജ് സ്ഥലം എന്നിവ ബസ്സിലുണ്ട്. ആദ്യ ഘട്ടമായി രണ്ട് ബസ്സുകളാണ് സർവീസ് നടത്തുക. നാൽപ്പത് മിനിട്ട് ഇടവേളകളിൽ വിമാനത്താവളത്തിൽ നിന്ന് ആലുവ മെട്രോ സ്‌റ്റേഷനിലേയ്ക്കും തിരിച്ചും തുടർച്ചയായി ബസ് സർവീസ് ഉണ്ടാകും. 50 രൂപയാണ് ഒറ്റയാത്രയ്ക്കുള്ള നിരക്ക്. ആലുവ മെട്രോ സ്റ്റേഷനില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്കും, തിരിച്ച് ആലുവ മെട്രോ സ്റ്റേഷനിലേക്കും ബസ് സര്‍വീസ് വരുന്നതോടെ യാത്രക്കാര്‍ക്ക് സമയവും യാത്രാ ചെലവും ലാഭിക്കാനാകും.
കൊച്ചി വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ പവൻ ദൂത് ബസ് സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ആദ്യ യാത്രക്കാരന് കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ ടിക്കറ്റ് നൽകി. ഫ്ലാഗ് ഓഫ് ചടങ്ങിൽ എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായർ, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ എ.എം.ഷബീർ, സജി കെ.ജോർജ്, ചീഫ് ഫിനാഷ്യൽ ഓഫീസർസുനിൽ ചാക്കോ, കൊച്ചി മെട്രോ ഡയറക്ടർമാരായ ഡി.കെ.സിൻഹ, കുമാർ കെ.ആർ, വാഹന കരാറുകാരായ മഹാവോയേജ് മാനേജിങ് ഡയറക്ടർ വിക്രം തുടങ്ങിയവർ പങ്കെടുത്തു.
പവൻദൂത് സർവ്വീസുകൾ ആരംഭിച്ചതോടെ കൊച്ചി വിമാനത്താവളത്തിൽ എത്തുന്നവർക്ക് കുറഞ്ഞ ചെലവിൽ നേരിട്ട് നഗരഹൃദയത്തിലേക്ക് എത്തുവാൻ സൗകര്യം വർധിച്ചിരിക്കുകയാണ്. കെഎംആർഎല്ലിന്റെ വരുമാനത്തിലും ഇത് വർദ്ധനവ് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.
വിവരങ്ങൾക്ക് കടപ്പാട് – കൊച്ചി മെട്രോ.