ആൻഡമാൻ നിക്കോബാർ ദ്വീപുകളെക്കുറിച്ച് എല്ലാവരും നന്നായി കേട്ടിട്ടുണ്ടാകും. ചെന്നൈയില്‍ നിന്നും ഏകദേശം 1200 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമാണ് ആന്തമാൻ നിക്കോബാർ ദ്വീപുകൾ. ലക്ഷദ്വീപിനെപ്പോലെ ആൻഡമാനും ഒരു കേന്ദ്രഭരണ പ്രദേശമാണ്. മ്യാന്മാറിനു തൊട്ടടുത്തായി കിടക്കുന്ന വെറും 8249 ചതുരശ്രകിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള ഈ ദ്വീപസമൂഹം ഇന്ത്യാ ചരിത്രത്തിലും രാജ്യരക്ഷാഭൂപടത്തിലും ഒരു പോലെ പ്രാധാന്യമർഹിക്കുന്നു. വിനോദസഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ടതാണ്‌ ഈ സ്ഥലം. ആദിവാസികളെ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ദേശങ്ങളിൽ നിന്നും കുടിയേറിയവരാണ്‌. ഈ ദ്വീപുകളിൽ സ്വാതന്ത്ര്യത്തിനായി ജീവൻ വെടിഞ്ഞവരേറെയാണ്‌. ഒറ്റപ്പെട്ട ദ്വീപുകളുടെ ആവേശവും പ്രചോദനവും പ്രാധാന്യവും അതിലാണടങ്ങിയിരിക്കുന്നത്‌.

കുറേനാളുകളായി ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍ സന്ദര്‍ശിക്കണം എന്ന മോഹം മനസ്സില്‍ കൊണ്ടു നടക്കുന്നു. പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍ ആയ ഈസി ട്രാവല്‍സ് മുഖേന അവസാനം ആ യാത്ര സാധ്യമായി. പതിവില്‍ നിന്നും വ്യത്യസ്തമായി ഈ യാത്രയില്‍ എന്നോടൊപ്പം കൂടിയത് എന്‍റെ ഏറ്റവും അടുത്ത സുഹൃത്തും എറണാകുളം സ്വദേശിയും ബെംഗളൂരുവില്‍ ഡോക്ടറും ആയ ഡോ.വിപിന്‍ ആയിരുന്നു.

അങ്ങനെ ഞങ്ങളുടെ യാത്രാദിവസം വന്നെത്തി. കൊച്ചിയില്‍ നിന്നും വിമാനമാര്‍ഗ്ഗം ചെന്നൈ വഴി ആന്‍ഡമാനിലെ പോര്‍ട്ട്‌ ബ്ലെയറിലേക്ക്. ഇതായിരുന്നു ഞങ്ങളുടെ റൂട്ട്. രാവിലെ 10.15 നുള്ള സ്പൈസ് ജെറ്റിന്‍റെ ചെന്നൈ വഴിയുള്ള പോര്‍ട്ട് ബ്ലെയര്‍ വിമാനത്തിലായിരുന്നു ഞങ്ങളുടെ യാത്ര.വിമാനത്തില്‍ അത്യാവശ്യം തിരക്കുണ്ടായിരുന്നു. വിമാനം പറന്നയുടനെ ഞങ്ങള്‍ പതിയെ ഉറക്കത്തിലേക്ക് നൈസായി വഴുതി വീണു. പിന്നെ എഴുന്നേറ്റത് ചെന്നൈയില്‍ ലാന്ഡ് ചെയ്യുന്നതിനു മുന്പായാണ്.

ചെന്നൈയില്‍ വിമാനം ലാന്‍ഡ്‌ ചെയ്തപ്പോള്‍ വിമാനത്തില്‍ ഉണ്ടായിരുന്ന ഉണ്ടായിരുന്ന ഭൂരിഭാഗം ആളുകളും അവിടെ ഇറങ്ങുകയാണുണ്ടായത്. ഏകദേശം അരമണിക്കൂറോളം സമയം ചെന്നൈയില്‍ വിമാനം കിടന്നു. അതിനിടയില്‍ ക്ലീനിംഗ് ജോലിക്കാര്‍ വിമാനത്തില്‍ കയറുകയും തങ്ങളുടെ ജോലി ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ക്ലീനിംഗ് ഒക്കെ കഴിഞ്ഞശേഷം ചെന്നൈയില്‍ നിന്നുള്ള യാത്രക്കാരെയും കയറ്റി ഞങ്ങളുടെ വിമാനം പോര്‍ട്ട്‌ ബ്ലെയര്‍ ലക്ഷ്യമാക്കി ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ യാത്രയായി. പുസ്തകം വായിച്ചും പാട്ടു കേട്ടുമൊക്കെ സമയം കളഞ്ഞ് ഞങ്ങള്‍ അങ്ങനെ പോര്‍ട്ട്‌ ബ്ലെയറില്‍ എത്തിച്ചേര്‍ന്നു. ആകാശത്തു നിന്നുള്ള ദ്വീപിന്‍റെ കാഴ്ച വളരെ മനോഹരമായിരുന്നു എന്നു എടുത്തു പറയേണ്ട കാര്യം ഇല്ലല്ലോ.

വിമാനത്തില്‍ നിന്നും ഇറങ്ങിയ ഞങ്ങള്‍ എയര്പോര്ട്ട് ടെര്‍മിനലിലേക്ക് നമ്മുടെ നാട്ടിലെ പഴയ വീഡിയോ കോച്ചുകളെ അനുസ്മരിപ്പിക്കുന്ന അശോക്‌ ലെയ്ലാന്‍ഡ്‌ ബസ്സില്‍ യാത്രയായി. വീര്‍ സവര്‍ക്കര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നു പേരുള്ള ഈ എയര്‍പോര്‍ട്ട് ഇന്ത്യന്‍ സൈനിക വിഭാഗത്തിന്‍റെ നിയന്ത്രണത്തില്‍ ആയതിനാല്‍ ക്യാമറ ഉപയോഗം അധികമൊന്നും പാടില്ലായിരുന്നു. ടെര്‍മിനലില്‍ എത്തിയ ശേഷം ഞങ്ങളുടെ ലഗേജുകളും എടുത്തുകൊണ്ട് ഞങ്ങള്‍ എയര്‍പോര്‍ട്ടിനു വെളിയിലേക്ക് ഇറങ്ങി. സത്യത്തില്‍ വളരെ ചെറിയ ഒരു എയര്‍പോര്‍ട്ട് ആയിരുന്നു അത്. പുറമേ നിന്നു നോക്കിയാല്‍ നമ്മുടെ നാട്ടിലെ ഒരു റെയില്‍വേ സ്റ്റേഷന്‍ പോലെയേ തോന്നിക്കുമായിരുന്നുള്ളൂ. ഇതുവഴിയുള്ള വിമാന സര്‍വ്വീസുകള്‍ വളരെ കുറവാണ്.

എയര്‍പോര്‍ട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ക്കായി കാത്തു കിടന്ന ടാക്സി കാര്‍ ഡ്രൈവര്‍ ഞങ്ങളെ സ്വാഗതം ചെയ്തു. അവിടത്തെ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കോഡ് ‘AN’ എന്നായിരുന്നു. അങ്ങനെ ഞങ്ങള്‍ക്കായി ഈസി ട്രാവല്‍സ് ബുക്ക് ചെയ്തിരുന്ന ഹോട്ടലിലേക്ക് കാറില്‍ യാത്രയായി. നമ്മുടെ നാട്ടിലൂടെ യാത്ര ചെയ്യുന്ന ഒരു ഫീല്‍ തന്നെയായിരുന്നു അവിടെ ചെന്നപ്പോഴും അനുഭവപ്പെട്ടത്. കുറച്ചു സമയത്തെ യാത്രയ്ക്കു ശേഷം ഞങ്ങള്‍ ഹോട്ടലില്‍ എത്തിച്ചേര്‍ന്നു. കിംഗ്സ് ഹോട്ടലിലായിരുന്നു ഞങ്ങള്‍ക്കായി റൂം ബുക്ക് ചെയ്തിരുന്നത്. ചെറിയൊരു സീ വ്യൂ റൂം ആയിരുന്നു ഞങ്ങള്‍ക്കായി കാത്തിരുന്നത്.

യാത്രയുടെ ക്ഷീണം കാരണം ഞങ്ങള്‍ കുറച്ചു സമയം വിശ്രമത്തിനായി നീക്കിവെച്ചു. വിശ്രമം ഒക്കെ കഴിഞ്ഞു ഞങ്ങള്‍ ഊണ് കഴിക്കുവാനായി പുറത്തേക്ക് ഇറങ്ങി. ഭക്ഷണത്തിനു അത്യാവശ്യം നല്ല ചാര്‍ജ്ജ് ആയിരുന്നു. വിശപ്പൊക്കെ അടക്കിയ ശേഷം ഞങ്ങള്‍ പോര്‍ട്ട്‌ ബ്ലെയറിനു സമീപത്തുള്ള ഒരു ബീച്ചിലേക്ക് ആയിരുന്നു പോയത്. അത് 1942 ല്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജപ്പാന്‍കാര്‍ കയ്യേറിയ സ്ഥലം ആയിരുന്നത്രെ. ബീച്ചില്‍ ധാരാളം സഞ്ചാരികള്‍ ഉണ്ടായിരുന്നു. സ്പീഡ് ബോട്ട്, വാട്ടര്‍ ബൈക്ക് തുടങ്ങിയ വാട്ടര്‍ സ്പോര്‍ട്ട് ആക്ടിവിറ്റികള്‍ അവിടെ ഉണ്ടായിരുന്നു. വാട്ടര്‍ ബൈക്കിനു 400 Rs, 600 Rs തുടങ്ങിയ പാക്കേജുകള്‍ ലഭ്യമായിരുന്നു. സ്പീഡ് ബോട്ടിന് ഒരാള്‍ക്ക് 600 രൂപയാണ് റേറ്റ് പറഞ്ഞത്. അടുത്ത ദിവസങ്ങളില്‍ ബീച്ചുകളില്‍ സന്ദര്‍ശനം നടത്തുവാന്‍ പ്ലാന്‍ ഉണ്ടായിരുന്നതിനാല്‍ അന്ന് ഞങ്ങള്‍ ഒരു ആക്ടിവിറ്റിയും ചെയ്തില്ല.

ആൻഡമാനിലെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍ രാവിലെ അഞ്ചു മണിക്ക് സൂര്യന്‍ ഉദിയ്ക്കുകയും വൈകീട്ട് അഞ്ചുമണിയോടെ സൂര്യന്‍ അസ്തമിക്കുകയും ചെയ്യും എന്നതാണ്. ആൻഡമാനില്‍ സാധനങ്ങളുടെ
ഉല്‍പ്പാദനവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഒന്നും തന്നെ ഇല്ലാത്തതിനാല്‍ എല്ലാ സാധനങ്ങളും ഇന്ത്യയില്‍ നിന്നും വരുന്നതാണ്. അതുകൊണ്ട് എല്ലാ സാധനങ്ങള്‍ക്കും വില ഒരല്‍പം കൂടുതലുമാണ്. സൂര്യന്‍ അസ്തമിക്കുന്നതു വരെ ബീച്ചിലെ കാഴ്ചകള്‍ കണ്ടു നടന്ന ഞങ്ങള്‍ ഇരുട്ട് പരന്നതോടെ അവിടെ നിന്നും യാത്രയായി. കൂടുതല്‍ വിശേഷങ്ങള്‍ ഇനി അടുത്ത ഭാഗങ്ങളില്‍ വായിക്കാം… (തുടരും..).

ആൻഡമാൻ യാത്രാ പാക്കേജുകൾക്കായി ഈസി ട്രാവലിനെ വിളിക്കാം 8589086600, 3 മുതൽ 7 ദിവസം വരെയുള്ള ബഡ്ജറ്റ്, ലക്ഷ്വറി പാക്കേജുകൾ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.