കൊച്ചിയിൽ നിന്നും ബെംഗളുരുവിലേക്ക് പോകുവാൻ തയ്യാറായി നിൽക്കുകയായിരുന്നു ഞങ്ങൾ. ഏകദേശം 550 കിലോമീറ്ററോളം ദൂരമുണ്ട് കൊച്ചിയിൽ നിന്നും ബെംഗളുരുവിലേക്ക്. അതിനായി ഞങ്ങളുടെ ഫോർഡ് എക്കോസ്പോർട്ട് കാർ തലേദിവസം തന്നെ എറണാകുളത്തുള്ള കൈരളി ഫോർഡിൽ കൊണ്ടുചെന്ന് ചെറിയ രീതിയിൽ സർവ്വീസ് ഒക്കെ നടത്തി. ലോങ്ങ് ട്രിപ്പുകൾക്ക് മുൻപും ശേഷവും കാർ സർവ്വീസ് ചെയ്യുന്നത് നല്ലതായിരിക്കും.

കൊച്ചിയിൽ വെച്ച് നടന്ന ടാറ്റായുടെ പുതിയ എസ്.യു.വി.യായ ഹാരിയറിൻ്റെ ലോഞ്ചിനു ശേഷം ഞങ്ങൾ ഉച്ചയോടെ യാത്രയാരംഭിച്ചു. എൻ്റെ കൂടെ ഭാര്യ ശ്വേത മാത്രമാണ് ഉണ്ടായിരുന്നത്. കൊച്ചിയിൽ നിന്നും ബെംഗളുരുവിലേക്ക് പോകുവാൻ ട്രെയിനും ഫ്‌ളൈറ്റും ഒക്കെയുണ്ടെങ്കിലും സ്വന്തമായി ഡ്രൈവ് ചെയ്തു പോകുന്നത് ഒരു കിടിലൻ അനുഭവമായിരിക്കും.

ഉച്ച സമയമായിരുന്നതിനാൽ ഹൈവേയിൽ വലിയ തിരക്കുകളൊന്നും അനുഭവപ്പെട്ടിരുന്നില്ല. പക്ഷേ പാലിയേക്കര ടോൾ ബൂത്തിൽ ഞങ്ങൾക്ക് 20 മിനിറ്റോളം കാത്തുകിടക്കേണ്ടി വന്നു. എളുപ്പത്തിൽ കടന്നുപോകുവാൻ സാധിക്കുന്ന ഫാസ്റ്റാഗ് ലൈനിൽക്കൂടി എല്ലാ വാഹനങ്ങളെയും കടത്തിവിറ്റിരുന്നത് കൊണ്ട് അവിടെയും നല്ല തിരക്ക് തന്നെ. ഇത്രയും വാഹനങ്ങൾ നിരന്നു കിടന്നിട്ടും യാതൊരു കൂസലുമില്ലാതെ നിൽക്കുന്ന ബൂത്ത് അധികാരികളുടെ അഹങ്കാരം… അല്ലാതെന്താ പറയുക..

ടോൾ ബൂത്ത് കടന്നു കഴിഞ്ഞാൽ പിന്നീട് നല്ല വീതിയുള്ളതും തിരക്ക് കുറഞ്ഞതുമായ മണ്ണുത്തി ഹൈവേയാണ്. അവിടെ നിന്നും കുതിരാൻ ചുരം വരെ ഞങ്ങൾ സുഖമായി സഞ്ചരിച്ചു. കുതിരനിൽ ബ്ലോക്കുകൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും വലിയ ലോറികൾ പതുക്കെ പോയിരുന്നതിനാൽ (അവയ്ക്ക് അങ്ങനെയേ പോകുവാൻ സാധിക്കൂ) അവയെ മറികടക്കുവാൻ അൽപ്പം ബുദ്ധിമുട്ടേണ്ടി വന്നു.

പിന്നീട് വാളയാർ വരെ അടിപൊളി ഹൈവേയാണ്. വളയാറിലെ ടോൾ ബൂത്തിൽ തിരക്കുകളൊന്നും ഉണ്ടായിരുന്നില്ല. അവിടെ ഫാസ്റ്റാഗ് ലൈൻ ഓപ്പണായി കിടക്കുന്നുണ്ടായിരുന്നു. പിന്നീട് എത്തിച്ചേരുന്നത് പ്രശസ്തമായ വാളയാർ ചെക്ക്പോസ്റ്റിലാണ്. ഇപ്പോൾ ജിഎസ്ടി വന്നതോടെ വാളയാർ ചെക്ക്പോസ്റ്റിലെ ലോറികളുടെ തിരക്കെല്ലാം മാറി. പണ്ടൊക്കെ ഇവിടെ വൻ ബ്ലോക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ചെക്ക്പോസ്റ്റ് കഴിഞ്ഞു കുറച്ചുകൂടി മുന്നോട്ട് പോയാൽ കേരള – തമിഴ്‌നാട് അതിർത്തിയായി.

അവിടുന്നങ്ങോട്ട് ഹൈവേയുടെ വീതി കുറവാണ്. കോയമ്പത്തൂർ ബൈപ്പാസിൽ ആറോ ഏഴോ ടോൾ ബൂത്തുകളുണ്ട്. ഒരു തവണ ടോൾ എടുത്താൽ മതിയെങ്കിലും എല്ലാ ബൂത്തുകളിലും ആ ടിക്കറ്റ് കാണിക്കണം. വെറുതെ കാണിച്ചാൽ മാത്രം പോരാ, അവർ അത് ചെക്ക് ചെയ്തിട്ടേ നമ്മളെ കടത്തി വിടുകയുള്ളൂ.

കോയമ്പത്തൂരിൽ ചെന്നിട്ട് പിന്നെ സേലം ഹൈവേയിൽ കയറിയാല്പിന്നെ യാത്ര സുഗമമായി. ആറുവരിപ്പാതയാണ് അവിടെ. ശരിക്കും ഇതിലൂടെ യാത്ര ചെയ്യുമ്പോൾ ടോൾ കൊടുക്കുന്നതു ശരിക്കും ആവശ്യമായിത്തന്നെ തോന്നും. അത്രയ്ക്ക് അടിപൊളിയാണ് റോഡും സംവിധാനങ്ങളുമെല്ലാം. ടോൾബൂത്തുകൾക്ക് സമീപം പൊതു ടോയ്‌ലറ്റുകളും ഉണ്ട്.

പിന്നെ എടുത്തു പറയേണ്ട മറ്റൊരു കാര്യം എന്തെന്നാൽ ഹൈവേയിലെ ജംഗ്‌ഷനുകളിൽ ചുവന്ന നിറത്തിൽ ഡിസ്കോ ഡാൻസ് ബാറുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ലൈറ്റ് തെളിയുന്നത്. ഇതു കാണുമ്പോൾ എതിരാലും വാഹനത്തിന്റെ വേഗത കുറയ്ക്കുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെയാണ് ഇത്തരത്തിൽ ലൈറ്റ് സെറ്റ് ചെയ്തിരിക്കുന്നതും.

അങ്ങനെ സേലം കഴിഞ്ഞു ഞങ്ങൾ വീടും ബെംഗളുരുവിലേക്ക് കുതിച്ചു. സമയം രാത്രിയായി. ഞങ്ങൾക്ക് വിശക്കുവാൻ തുടങ്ങി. സേലം – ബെംഗളൂരു ഹൈവേയിൽത്തന്നെയുള്ള സേലം ശരവണഭവൻ എന്ന വെജിറ്റേറിയൻ ഹോട്ടലിൽ ഞങ്ങൾ കയറി ഭക്ഷണം കഴിച്ചു. ഹോട്ടലിൽ ഭക്ഷണത്തിനായി കാത്തിരുന്ന സമയം നോക്കി ബെംഗളൂരുവിൽ ഞങ്ങൾക്ക് താമസിക്കുവാനായി റൂമും ബുക്ക് ചെയ്തു.

ഭക്ഷണത്തിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടരുകയും രാത്രി 11.45 ഓടെ കർണാടക സംസ്ഥാനത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. 12.30 യോടെ ഞങ്ങൾ ബെംഗളൂരുവിൽ എത്തിച്ചേരുകയും ചെയ്തു. അങ്ങനെ ഞങ്ങളുടെ കൊച്ചി – ബെംഗളൂരു റോഡ് ട്രിപ്പ് അടിപൊളിയായി പൂർത്തിയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.