മാംഗോ മെഡോസ് – ഈ പേര് എല്ലാവര്ക്കും അത്രയ്ക്ക് അങ്ങട് സുപരിചിതമായിരിക്കണമെന്നില്ല. എങ്കിലും ഞങ്ങളുടെ വീഡിയോസ് (Tech Travel Eat) സ്ഥിരമായി കാണുന്നവർക്ക് സംഭവം എന്താണെന്നു അറിയുവാൻ സാധിക്കും. ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് നമ്മുടെ കേരളത്തില്‍ ആണെന്ന് എത്രയാളുകള്‍ക്ക് അറിയാം? അതെ കോട്ടയത്തെ കടുത്തുരുത്തിക്കു സമീപമുള്ള മാംഗോ മെഡോസ് തന്നെയാണ് അത്. ഏകദേശം 120 കോടി രൂപയോളം ചെലവഴിച്ചാണ് ഈ പാര്‍ക്ക് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ പറ്റിയ തരത്തിലാണ് പാര്‍ക്കിന്‍റെ നിര്‍മ്മാണം.

ഒരു കാര്യം ആദ്യമേതന്നെ പറയട്ടെ. സാധാരണ നമ്മള്‍ കണ്ടിട്ടുള്ള വീഗാലാന്‍ഡ്, സില്‍വര്‍ സ്റ്റോം മുതലായ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ പോലെയല്ല ഇത് എന്നോര്‍ക്കുക. പ്രകൃതിയെയും സസ്യജാലങ്ങളെയും ഒരേപോലെ സ്നേഹിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് മാംഗോ മെഡോസ് എന്നയീ മഹാപ്രപഞ്ചം. ലോകമാകെ ജൈവവൈവിധ്യം അപകടത്തിലാവുന്ന ഇക്കാലത്ത്, സകലവിളകളെയും വളര്‍ത്തുമൃഗങ്ങളെയും ഒരിടത്തുകൂട്ടി സംരക്ഷിക്കുന്ന മാംഗോ മെഡോസ് ഇവിടെ ഒരുക്കിയിരിക്കുന്നത് എൻ.കെ. കുര്യൻ എന്ന പ്രകൃതി സ്നേഹിയായ വ്യവസായിയാണ്‌. ഏകദേശം പതിനാലു വർഷംകൊണ്ടാണ് പഴങ്ങളും മരങ്ങളും മത്സ്യക്കുളങ്ങളും മറ്റുമൊക്കെ ഒരുക്കി ഈ പാർക്കിന്റെ നിർമാണം പൂർത്തീകരിച്ചത്.

രണ്ടു വലിയ റെക്കോർഡുകളാണ് മാംഗോ മെഡോസിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ മനുഷ്യ നിർമ്മിത അഗ്രിക്കൾച്ചറൽ തീം പാർക്ക് എന്ന ലിംക ബുക്ക് ഓഫ് റെക്കോർഡും, ലോകത്തിലെ ഏറ്റവും വലിയ അഗ്രിക്കൾച്ചറൽ തീം പാർക്ക് എന്ന URF ന്റെ ലോകറെക്കോർഡുമാണ് നമ്മുടെ കോട്ടയത്തെ മാംഗോ മെഡോസ് കരസ്ഥമാക്കിയിരിക്കുന്നത്. ഒന്നര പതിറ്റാണ്ട് കാലം ജീവിതം തന്നെ സമർപ്പിച്ച് N K കുര്യൻ എന്ന പ്രകൃതി സ്‌നേഹി 35 ഏക്കർ ഭൂമിയിൽ സൃഷ്ടിച്ച ഈ പച്ചപ്പിന് ലോകം നൽകിയ ആദരവുകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ അവാർഡുകളൊക്കെയും.

നാലായിരത്തി എണ്ണൂറോളം ഇനം അപൂർവ സസ്യങ്ങൾ, എഴുന്നൂറോളം വനവൃക്ഷങ്ങൾ, ആയിരത്തി അഞ്ഞൂറിലധികം ആയുർവേദ ഔഷധച്ചെടികൾ, അറുപതിലധികം ഇനം മൽസ്യങ്ങൾ, ഇരുപത്തിയഞ്ചിലധികം ഇനം വളർത്തു പക്ഷി മൃഗാദികൾ എന്നിവയെല്ലാം നിറഞ്ഞതാണ് ഇന്ന് മാംഗോ മെഡോസ്. സഞ്ചാരികൾക്കൊപ്പം നിരവധി വിദ്യാർത്ഥികളും മാംഗോ മെഡോസിൽ സന്ദർശകരായി വരുന്നുണ്ട്. ഇങ്ങനെ വരുന്ന വിദ്യാർഥികൾ (കൂടുതലും ബോട്ടണി) മാംഗോ മെഡോസിനെ പ്രോജക്ടുകൾക്കും പഠനങ്ങൾക്കും ഒക്കെ വേദിയാകുന്നു. എന്തിനേറെ പറയുന്നു വിദേശ സർവ്വകലാശാലകളിൽ നിന്നു വരെ വിദ്യാർത്ഥികളും അധ്യാപകരും മാംഗോ മെഡോസിനെക്കുറിച്ചറിഞ്ഞുകൊണ്ട് ഇവിടേക്ക് എത്തുന്നുണ്ട്. ഇവർക്കെല്ലാം ആവശ്യമുള്ള എന്തു സഹായവുമായി ഉടമയായ കുര്യനും മുൻപന്തിയിലുണ്ട്.ചുരുക്കിപ്പറഞ്ഞാൽ പ്രകൃതിയെക്കുറിച്ച് ഒന്നും അറിയാത്ത പുതുതലമുറയ്ക്കു വേണ്ടിയുള്ള ഒരു യൂണിവേഴ്സിറ്റിയാണ് മാങ്കോ മെഡോസ്. “മാംഗോ മെഡോസ് തുടങ്ങുമ്പോൾ ഇതൊന്നും എന്റെ വിദൂര ചിന്തയിൽ പോലും ഉണ്ടായിരുന്നില്ല. പ്രകൃതി എന്ന മഹാശക്തി, മാംഗോ മെഡോസിൽ ഉൾക്കൊള്ളുന്ന നൻമയിലൂടെ നൽകുന്ന വരദാനങ്ങളാവാം ഇതെല്ലാം” എന്നാണു ഉടമയായ എൻ.കെ. കുര്യൻ പറയുന്നത്.

ഈ പാര്‍ക്കിലെ മറ്റൊരു പ്രധാന ആകര്‍ഷണം ഇതിനുള്ളില്‍ പണികഴിപ്പിച്ചിട്ടുള്ള പരശുരാമന്റെ പ്രതിമയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പരശുരാമ പ്രതിമയായ ഇതും കൂടാതെ വൃക്ഷകന്യക, പ്രണയ ജോഡികള്‍ എന്നു തുടങ്ങി കുട്ടൂസനും ഡാകിനിയുംവരെ ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ പ്രതിമാശേഖരം. പരിസരവാസികൾക്ക് കൂടി വരുമാനമുണ്ടാക്കാവുന്ന ഒത്തിരി പ്ലാനുകളാണ് മാംഗോ മെഡോസ് ഉത്തരവാദിത്ത ടൂറിസത്തിൻ്റെ പേരിൽ ആവിഷ്കരിക്കുന്നത്. അതിന്റെ തുടക്കമെന്ന രീതിയിലാണ് സമീപവാസികളായ ആളുകളെക്കൂടി ഉൾപ്പെടുത്തി ഒരു ബോട്ട് ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്.ENPTC എന്നാണു ആ ബോട്ട് ക്ലബ്ബിന്റെ പേര്. ഈ ബോട്ട് ക്ലബ്ബിന്റെ ഭാഗമായാണ് അവിടെ നിന്നും ആരംഭിച്ചിട്ടുള്ള ശിക്കാര വള്ളം സർവ്വീസ്. വലിയ കായലുകളെ അപേക്ഷിച്ച് ചെറിയ തോടുകളിലൂടെയാണ് ഇവിടത്തെ വള്ളയാത്ര. മറ്റെങ്ങും കാണാത്ത തരത്തിൽ ഇവിടെയൊരു സർപ്പക്കാവും അമ്പലക്കുളവും കൂടി ഉണ്ട് എന്നതും എടുത്തു പറയേണ്ട ഒരു സംഗതിയാണ്.

സാധാരണ ദിവസങ്ങളില്‍ ഈ പാര്‍ക്കില്‍ വരുന്നവര്‍ക്ക് 350 രൂപയും അവധി ദിവസങ്ങളില്‍ 400 രൂപയുമാണ് ചാര്‍ജ്ജ്. പക്ഷേ വൈകുന്നേരം അഞ്ചുമണി വരെ മാത്രമേ അവര്‍ക്ക് ഈ പാര്‍ക്കില്‍ ചെലവഴിക്കാന്‍ കഴിയൂ. എന്നാല്‍ 1500 രൂപയുടെ പാക്കേജ് എടുക്കുന്നവര്‍ക്ക് വൈകുന്നേരത്തെ അസ്തമയ സൂര്യനെ പാടത്തു നിന്നും കാണുവാന്‍ സൗകര്യം ഇവിടെയുണ്ട്. അതോടൊപ്പംതന്നെ കുറച്ചുകൂടി സാമ്പത്തികം ചെലവാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 5000 രൂപ മുതല്‍ 25000 രൂപ വരെയുള്ള കോട്ടേജുകളും ഇവിടെ ലഭ്യമാണ്.

ദമ്പതികള്‍ക്കും കൂട്ടുകുടുംബങ്ങള്‍ക്കും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കുമൊക്കെ പ്രയോജനപ്പെടുത്താവുന്ന താമസസൗകര്യങ്ങളും കണ്‍വന്‍ഷന്‍ സെന്ററുമൊക്കെ മാംഗോ മെഡോസിനെ സജീവമാക്കുന്നു. അപ്പോള്‍ നിങ്ങളുടെ അടുത്ത ഫാമിലി ഔട്ടിംഗ് ഇവിടേക്ക് പ്ലാന്‍ ചെയ്യൂ. വിശദവിവരങ്ങള്‍ക്ക് : മാംഗോ മെഡോസ് അഗ്രിക്കള്‍ച്ചറല്‍ പ്ലെഷര്‍ലാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ്, കടുത്തുരുത്തി, ആയാംകുടി, കോട്ടയം. ഫോണ്‍-9072580510.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.