കുമളിയിലേക്കുള്ള യാത്രയിലാണ്. കുട്ടിക്കാനത്തിന് സമീപത്തുള്ള പാഞ്ചാലിമേട്ടിലെ സന്ദർശനത്തിനു ശേഷം ഞങ്ങൾ പിന്നീട് പോയത് അവിടെയടുത്തു തന്നെയുള്ള മദാമ്മക്കുളം എന്ന സ്ഥലത്തേക്ക് ആയിരുന്നു. വളരെ മനോഹരമായ, ഒട്ടും തിരക്കില്ലാത്ത ഒരു ചെറിയ വഴിയിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര.

എംജി ഹെക്ടർ തൻ്റെ കഴിവ് തെളിയിച്ചുകൊണ്ട് വീതികുറഞ്ഞ, കുത്തനെ കയറ്റവും ഇറക്കവുമുള്ള പാതകളെ കീഴടക്കി യാത്ര തുടർന്നു. അഭിയും ശ്വേതയുമെല്ലാം കാറിന്റെ സൺറൂഫിലൂടെ നിന്ന് പുറത്തെ കാഴ്ചകൾ ആസ്വദിക്കുകയായിരുന്നു. ഒടുവിൽ ഞങ്ങൾ കെ.കെ. റോഡിലേക്ക് വീണ്ടും കയറി.

വളഞ്ഞങ്ങാനം വെള്ളചാട്ടമൊക്കെ കഴിഞ്ഞു ആഷ്‌ലി എസ്റ്റേറ്റിലേക്കുള്ള വഴിയിലേക്ക് ഞങ്ങൾ കയറി. രാത്രി 10 മണി മുതൽ രാവിലെ 7 മണി വരെ എസ്റ്റേറ്റ് വഴിയുള്ള റോഡ് അടച്ചിടുമെന്നുള്ള മുന്നറിയിപ്പ് നൽകുന്ന ബോർഡ് അവിടേക്ക് കയറിയപ്പോൾ തന്നെ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. പണ്ട് ധാരാളം തേയില കൃഷി ചെയ്തിരുന്ന ആഷ്‌ലി എസ്റ്റേറ്റ് ഇപ്പോൾ ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. എങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും കൃഷിയുണ്ട്.

മനോഹരമായ തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള വഴിയിലൂടെ ഞങ്ങൾ സഞ്ചരിക്കുവാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ടാർറോഡ് ഒക്കെ മാറി പക്കാ ഓഫ്‌റോഡ് തന്നെയായി മാറി. ചെറിയ കാറുകൾക്ക് കടന്നുപോകുവാൻ അല്പം ബുദ്ധിമുട്ടേറിയ ആ റോഡിൽ ജീപ്പുകൾക്ക് പ്രശനമില്ലാതെ കയറിപ്പോകുവാൻ സാധിക്കും. നമ്മുടെ ഹെക്ടർ അത്യാവശ്യം ഓഫ്റോഡ് കൈകാര്യം ചെയ്യാൻ മിടുക്കനായിരുന്നതിനാൽ വലിയ കുഴപ്പമൊന്നുമില്ലാതെ ഞങ്ങൾക്ക് അതുവഴി സഞ്ചരിക്കുവാൻ സാധിച്ചു.

വളരെ വിജനമായ ആ പ്രദേശത്ത് ഞങ്ങൾ ആരെയും കണ്ടുമുട്ടിയില്ല. ആകെ അവിടത്തെ നിശബ്ദതയെ കീറിമുറിച്ചിരുന്നത് ഞങ്ങളുടെ കാറിന്റെ ശബ്ദം മാത്രമായിരുന്നു. പോകുന്ന വഴി ഒരിടത്ത് ഒരു ചെറിയ ക്ഷേത്രം കാണുവാൻ സാധിച്ചു. ആദിവാസികൾ ആരാധിക്കുന്ന ക്ഷേത്രമായിരിക്കും അതെന്നു തോന്നുന്നു. പക്ഷേ അവിടെയൊന്നും ആരെയും കണ്ടില്ലതാനും.

പോകപ്പോകെ വഴിയുടെ അവസ്ഥ വളരെ ദുർഘടമായി മാറിത്തുടങ്ങി. ജീപ്പ് പോലുള്ള ഫോർവീൽ ഡ്രൈവ് വാഹനങ്ങൾക്കല്ലാതെ അതുവഴി പോകുവാൻ നല്ല ബുദ്ധിമുട്ട് തന്നെയായിരുന്നു. ഞങ്ങൾ ഫസ്റ്റ് ഗിയർ മാത്രമിട്ടുകൊണ്ട് വളരെ പതിയെയായിരുന്നു പൊയ്‌ക്കൊണ്ടിരുന്നത്. പലയിടത്തും വാഹനം അടിതട്ടാതിരിക്കുവാൻ ശ്രദ്ധിച്ചിരുന്നു.

അങ്ങനെ ദുർഘടം പിടിച്ച, എന്നാൽ വളരെ അഡ്വഞ്ചറസ് ആയിരുന്ന ആ യാത്രയ്ക്കു ശേഷം ഞങ്ങൾ മദാമ്മക്കുളത്തിനു സമീപത്ത് എത്തിച്ചേർന്നു. അവിടെ നിന്നും കുറച്ചു താഴേക്ക് പോകണം മദാമ്മക്കുളത്തിന്റെ കറക്ട് സ്പോട്ടിൽ എത്തിച്ചേരുവാൻ. പണ്ട് ആഷ്‌ലി എസ്റ്റേറ്റ് ബംഗ്ളാവിലെ സായിപ്പുമാരും മദാമ്മമാരും കുളിക്കുവാനായി വന്നിരുന്ന സ്ഥലമായിരുന്നു ഇത്. അതുകൊണ്ടാണ് ഇതിനു മദാമ്മക്കുളം എന്ന പേര് വന്നതും.

സമയക്കുറവു മൂലം ഞങ്ങൾ മദാമ്മക്കുളത്തിലേക്ക് നടന്നു പോകുവാൻ നിന്നില്ല. അവിടെ നിന്നും കാഴ്ചകൾ ആസ്വദിച്ചതിനു ശേഷം ഞങ്ങൾ വീണ്ടും ഓഫ്‌റോഡ് താണ്ടി കുമളിയിലേക്ക് യാത്ര തുടർന്നു. എന്തായാലും എംജി ഹെക്ടറിൽ ഒരു കിടിലൻ ഓഫ്‌റോഡ് യാത്ര ആസ്വദിക്കുവാൻ ഈ യാത്രയിൽ സാധിച്ചു. അതു തന്നെയായിരുന്നു ഈ ട്രിപ്പിലെ ഹൈലൈറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.