ബെംഗളൂരുവും മംഗലാപുരവും കഴിഞ്ഞാൽ മലയാളികൾ കൂടുതലായി പോകുന്ന കർണാടകയിലെ ഒരു സ്ഥലമാണ് മൈസൂർ. നിലവിൽ മൈസൂരിലേക്ക് ആളുകൾ പോകുന്നത് ബസ് മാർഗ്ഗമാണ്. എന്നാൽ വയനാട് ചുരവും കാടുമൊക്കെ കടന്നുള്ള യാത്ര ചിലർക്ക് അസ്വാസ്ഥതയുളവാക്കാറുണ്ട്. അല്ലെങ്കിൽ ബെംഗളൂരു വരെ അവിടെ നിന്നും ട്രെയിൻ മാറിക്കയറി പോകുകയായിരുന്നു പതിവ്. ഇത്തരക്കാർക്കായി കേരളത്തിൽ നിന്നും മൈസൂരിലേക്ക് ഒരു പ്രതിദിന ട്രെയിൻ സർവ്വീസ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ.

തിരുവനന്തപുരത്തെ കൊച്ചുവേളിയിൽ നിന്നുമാണ് മൈസൂരിലേക്ക് ട്രെയിൻ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. നിലവിൽ കൊച്ചുവേളി – ബെംഗളൂരു റൂട്ടിൽ ഓടിക്കൊണ്ടിരുന്ന എക്സ്പ്രസ്സ് ട്രെയിനാണ് മൈസൂരിലേക്ക് നീട്ടിയിരിക്കുന്നത്. നിലവിലെ സമയത്തിൽ ഒട്ടും മാറ്റം വരുത്താതെയാണ് ഈ റൂട്ട് നീട്ടൽ.

ദിവസേന വൈകുന്നേരം 4.45 നു കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ കൊല്ലം, ആലപ്പുഴ, എറണാകുളം (സൗത്ത്), പാലക്കാട്, ഈറോഡ് വഴി പിറ്റേന്ന് രാവിലെ 8.35 നു ബെംഗളൂരുവിൽ എത്തിച്ചേരുകയും, അവിടെ നിന്നു വീണ്ടും 140 ഓളം കിലോമീറ്റർ ദൂരം സഞ്ചരിച്ച് രാവിലെ 11.20 നു മൈസൂരിൽ എത്തിച്ചേരും. മൈസൂരിൽ നിന്നും ഉച്ചയ്ക്ക് 12.50 നു പുറപ്പെടുന്ന കൊച്ചുവേളി എക്സ്പ്രസ്സ് അടുത്ത ദിവസം രാവിലെ 9.35 നു കൊച്ചുവേളിയിൽ എത്തിച്ചേരും. 21 മണിക്കൂറോളമാണ് ഈ എക്സ്പ്രസ്സ് ട്രെയിനിൻ്റെ കൊച്ചുവേളി – മൈസൂർ റണ്ണിങ് സമയം.

ബെംഗളൂരുവിനും മൈസൂരിനുമിടയിൽ കെംഗേരി, രാമനാഗരം, മാണ്ട്യ തുടങ്ങിയ ഇടങ്ങളിലായിരിക്കും ഈ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കുക. ഒരു റ്റു ടയർ എ.സി. കോച്ച്, മൂന്ന് ത്രീടയർ എ.സി. കോച്ച്, 13 സ്ലീപ്പർ കോച്ചുകൾ, മൂന്ന് ജനറൽ കോച്ചുകൾ എന്നിവയാണ് മൈസൂർ – കൊച്ചുവേളി എക്സ്പ്രസിൽ ഉണ്ടാകുക.

മൈസൂരിലേക്ക് നേരിട്ട് ഒരു ട്രെയിൻ സർവ്വീസ് എന്നത് ഏറെക്കാലമായി മലയാളികളുടെ ഒരു ആഗ്രഹവും ആവശ്യവുമായിരുന്നു. ഇതിനായി നിരവധി മലയാളി സംഘടനകളും പാസഞ്ചേഴ്സ് അസ്സോസിയേഷനുമെല്ലാം നിവേദനങ്ങൾ നൽകിയിരുന്നു. അങ്ങനെയാണ് ബെംഗളൂരു – കൊച്ചുവേളി റൂട്ടിൽ ഓടിക്കൊണ്ടിരുന്ന എക്സ്പ്രസ്സ് ട്രെയിൻ മൈസൂരിലേക്ക് നീട്ടുവാൻ റെയിൽവേ തയ്യാറായത്. ഈ റൂട്ട് നീട്ടൽ മൈസൂരിൽ ഉള്ളവർക്കും ഉപകാരപ്രദമാണ്. മലയാളികളെപ്പോലെ തന്നെ മൈസൂരിൽ നിന്നും തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കുമൊക്കെ സഞ്ചരിക്കുന്ന കർണ്ണാടകക്കാർക്ക് ഈ ട്രെയിൻ സർവ്വീസ് ഒരു അനുഗ്രഹം തന്നെയാണ്.

മൈസൂർ റെയിൽവേ സ്റ്റേഷനിൽ കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയാണ് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്. ‘മലയാളികൾക്ക് ഒരു ദസറ സമ്മാനം’ എന്ന വിശേഷണവുമായാണ് ഈ ട്രെയിൻ ഓടിത്തുടങ്ങിയത്. എന്തായാലും യാത്രക്കാർക്ക് ഇതൊരു സമ്മാനം തന്നെയാണ്. ഈ ട്രെയിൻ സർവ്വീസ് ഹിറ്റാകുകയാണെങ്കിൽ കൂടുതൽ ട്രെയിൻ സർവ്വീസുകൾ മൈസൂരിൽ നിന്നും കേരളത്തിലേക്ക് ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് റെയിൽവേ അറിയിച്ചു.

ചിത്രം – Nischay Shetty, The Railzone.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.