വിവരണം – ഷബീർ അഹമ്മദ്.
ഓസലയുടെ താഴ്വാരങ്ങളിൽ….ടെലിവിഷനും മൊബൈലും ഇൻറർനെറ്റും ഒന്നുമില്ലാത്ത ഒരു നാടിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?… പരിഷ്കാരങ്ങളും നാഗരികതയെന്നും കടന്നുചെല്ലാത്ത ഒരുയിടത്തെ കുറിച്ച്?.. തലമുറകൾ പുറകോട്ട് നടന്ന് നമ്മുടെ പൂർവികർ ജീവിച്ചതുപോലെ ജീവിക്കാൻ കൊതി തോന്നിയിട്ടുണ്ടോ… എങ്കിൽ രണ്ടാമത് ആലോചിക്കണ്ട, ഓസലയിലോട്ട് വണ്ടികയറാം.
മഞ്ഞുറങ്ങുന്ന ഹിമാലയത്തിൽ ഒരുപാട് വിസ്മയങ്ങൾ ഉണ്ട്. ആ ഇന്ദ്രജാലത്തിൽ ഒളിഞ്ഞിരിക്കുന്ന മാന്ത്രികചെപ്പാണ് ഓസലാ ഗ്രാമം. ഭൂപടത്തിൽ ഉത്തരകാശിയിലെ ഗഡ്വാൾ ഹിമാലയത്തിലാണ് ഓസലയുടെ സ്ഥാനം. ഹർ-ക്കി-ദൂൺ താഴ്‌വാരത്തെ അവസാനത്തെ ഗ്രാമം. പടിഞ്ഞാറൻ ഹിമാലയത്തിൽ തൊട്ടിൽ പോലെ നീണ്ടുകിടക്കുന്ന വളരെ പ്രശസ്തമായ ട്രക്കിംഗ് റൂട്ടാണ് ഹർ-ക്കി-ദൂൺ. ഗോവിന്ദ നാഷണൽ പാർക്കിലൂടെ നടന്നുകയറി സ്വർഗ്ഗാരോഹിണി പർവ്വതത്തിന്റെ താഴ്വാരത്തിൽ അവസാനിക്കുന്ന വനവീഥികൾ, വേനൽക്കാലത്തും മഞ്ഞുകാലത്തും സഞ്ചാരികളെ ഒരുപോലെ വിസ്മയിപ്പിക്കും. ‘ദൈവങ്ങളുടെ ഗിരിതടം’, എന്നാണ് ഹർക്കിദൂണ് എന്ന വാക്കിന്റെ അർത്ഥം. പേര് അർത്ഥമാക്കുന്നത് പോലെ തന്നെയാണ് ഇവിടത്തെ ഐതിഹ്യങ്ങളും. പഞ്ചപാണ്ഡവന്മാർ സ്വർഗ്ഗ പ്രവേശനം നേടിയത് ഇവിടെ സ്ഥിതി ചെയ്യുന്ന സ്വർഗ്ഗാരോഹിണി പർവ്വതത്തിലൂടെയാണ് എന്നാണ് വിശ്വാസം.
മൂവായിരത്തോളം വർഷം പഴക്കമുള്ള ഗ്രാമവും മനുഷ്യ ജീവിതവുമാണ് ഈ താഴ്‌വാരത്തെ വിത്യസ്തമാക്കുന്നത്. ടാറ്റ്മീർ, ഗാങ്ങ്ഗാഡ്, പോനി, ഓസല എന്നിവയാണ് പ്രധാനപ്പെട്ട നാല് ഗ്രാമങ്ങൾ. താലൂക്കിൽ നിന്ന് നടന്നു മാത്രമേ ഈ ഗ്രാമങ്ങളിൽ എത്തിപ്പെടാൻ സാധിക്കുകയുള്ളൂ. ഈ നാല് ഗ്രാമങ്ങളിലെ ജീവിതശൈലിയും രീതികളും സമാനമാണ്. ഓരോ കാലഘട്ടത്തിലും ഇവിടുത്തെ പ്രകൃതി ഭാവം മാറികൊണ്ടിരിക്കും.മഴക്കാലത്ത് സുബിൻ നദി നിറഞ്ഞൊഴുകുന്ന കാഴ്ചയാണെങ്കിൽ വേനൽക്കാലത്ത് വിളഞ്ഞുനിൽക്കുന്ന റമ്ദാൻ ധാന്യങ്ങളാൽ ചുവന്നുതുടുത്ത വയലുകളാണ് വിസ്മയിപ്പിക്കുക. മഞ്ഞുപെയ്തു തുടങ്ങിയാൽ അക്ഷരാർത്ഥത്തിൽ ഇവിടമൊരു സ്വർഗ്ഗമാണ്. അതുകൊണ്ടു തന്നെയാണല്ലോ ഹർക്കിദൂൺ താഴ്‌വാരത്തെ സ്വർഗ്ഗത്തിലേക്കുള്ള കോവണിപ്പടികളായി വിശേഷിപ്പിക്കുന്നത്.
കിതച്ചും, തളർന്ന കാലുകളാൽ പതിയെ കുന്നുകൾ കയറിയപ്പോളാണ് ഓസലയുടെ ഓരോ തുടിപ്പും കൂടുതൽ വ്യക്തമായത്. കുതിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളുടെ വേഗതയൊന്നും ഈ ഗ്രാമത്തിനില്ല. ഇവരുടെ ജീവിതവും ജീവിതതാളവുമെല്ലാം ഒച്ചിനെക്കാളും മന്ദഗതിയിലാണ്. ആധുനിക യുഗത്തിൽ നിന്ന് തീണ്ടാപ്പാട് അകലെയാണ് ഇവരുടെ മോഹങ്ങളും സങ്കല്പങ്ങളും. ടെലിവിഷനും മൊബൈലും കേട്ടുകേൾവി മാത്രമായ ഈ ഗ്രാമത്തിൽ വൈദ്യുതി തന്നെയൊരു ഔദാര്യമാണ്.
കുന്നിൻമുകളിലെ ഒരു സ്കൂളിലേക്കാണ് ഞാൻ ആദ്യം നടന്നു കയറിയത്. ഇരുപതിൻ താഴെ മാത്രം വിദ്യാർഥികളുള്ള ഒരു കൊച്ചു വിദ്യാലയം. പാതി പണി തീർന്ന ഒരു കെട്ടിടത്തിന് മുന്നിൽ നിരനിരയായി ഇരുന്നാണ് അവരുടെ പഠനം. അദ്ധ്യാപിക വളരെ ശ്രദ്ധാപൂർവ്വം ഓരോ കുട്ടികളുടെയും കൈപിടിച്ച് എഴുതാൻ സഹായിക്കുന്നു. എഴുതാനും വായിക്കാനറിയാവുന്ന ആരും ഇവിടെ അധ്യാപികമാരാണ്. വളരെ ഉച്ചത്തിൽ ‘നമസ്തേ’ പറഞ്ഞു ഓരോ വിദ്യാർത്ഥികളും ഞങ്ങളെ സ്വീകരിച്ചു. കയ്യിൽ കരുതിയ കളർ പെൻസിലും നോട്ട്ബുക്കും കുട്ടികൾക്കായി വിതരണം ചെയ്ത ശേഷം അവരോടൊപ്പം ഒരു ചിത്രമെടുത്തു. ആ ചിത്രത്തിന് പുറകിൽ കറുത്ത മഷികളാൽ ഇങ്ങനെ കുറിച്ചു… “നന്നായി പഠിക്കുക നന്നായി വളരുക”.
വായിച്ചുമറന്ന അമൃചിത്രകഥയിലെ സങ്കല്പ രാജ്യം പോലെയാണ് ഓസലയിലെ മനുഷ്യജീവിതങ്ങൾ. എങ്ങും സന്തോഷം നിറഞ്ഞ മുഖങ്ങൾ, കുസൃതി മാറാത്ത കുരുന്നുകൾ, യൗവ്വന പിന്നിട്ടിട്ടും സൗന്ദര്യം തുളുമ്പുന്ന വയോധികർ…, ജോലിയിലേർപ്പെട്ടിരിക്കുന്ന തയ്യൽക്കാരനും, കർഷകനും, കൊല്ലനും ,മരപ്പണിക്കാരനും മുത്തശ്ശിമാരും അങ്ങനെ ഓരോ ഓരോ ഫ്രെയിമുകൾ. ഓരോ മുഖക്കൾക്കും ഓരോ കഥകൾ പറയാനുള്ളതുപോലെ… ക്യാമറ കണ്ണുകളെ പോലും അതിയപ്പിക്കുന്ന നേർക്കാഴ്ചകൾ.
സ്വന്തമായി നാട്ടുരാജാവും ആചാര വ്യവസ്ഥകളുമുണ്ട് ഈ നാട്ടിൽ. കൗരവ രാജാവായ ദുര്യോധന ആരാധിക്കുന്ന ഒരു സമൂഹമുണ്ടിവിടെ. മഹാഷു ദേവൻറെ പ്രീതിപ്രകാരം ദുര്യോധനൻ ഇവിടെ വസിച്ചതായും അദ്ദേഹത്തിനോടുള്ള അനുസ്മരണാർത്ഥം ഒരു ക്ഷേത്രം തന്നെ പണിതു സോർ ഗ്രാമത്തിലെ വിശ്വാസികൾ.കുരുക്ഷേത്രയുദ്ധത്തിൽ ദുര്യോധനൻ മരണപ്പെട്ടതോടെ വിശ്വാസികളുടെ കണ്ണീരാൽ ഉതിർന്ന നദിയാണ് ടമസ് (കണ്ണുനീർ ) അല്ലെങ്കിൽ ടോൺ റിവർ.
എല്ലാവർഷവും ആഷാഡ മാസത്തിലെ 21-ആം തീയതി ഈ ക്ഷേത്രത്തിൽ ഒരു പ്രത്യേക ഉത്സവമുണ്ട്. ക്രൂരനായ കൗരവരാജാവ് പ്രതിഷ്ഠ അടുത്ത ഗ്രാമങ്ങളിലൂടെ പ്രദക്ഷിണം ചെയ്ത്, ഇരുപത് നാളുകൾക്കുശേഷം ഓസലയിൽ തിരിച്ചെത്തും. അടുത്ത നാല് നാളുകളിൽ താഴ്വാരം മുഴുവൻ ആഘോഷത്തിലായിരിക്കും. പൂജാവിധികൾക്കുശേഷം ചരസിന്റെ ലഹരിയോടൊപ്പം ഗർവാൾ നൃത്തവും, ബാൻഡ്മേളവും കൂടുമ്പോൾ ഗ്രാമം മുഴുവനും ഒന്നഘം മതിമറക്കും.
കൊത്തുപണികളാൽ തീർത്ത ക്ഷേത്രം ഇന്നും ഒരു അത്ഭുതമാണ്. 5000 വർഷത്തോളം പഴക്കം കണക്കാക്കുന്ന ഈ ക്ഷേത്രത്തിന് മൂന്ന് അറകളാണുള്ളത്. ദിവസവും മൂന്നുനേരം ദുര്യോധനനെ പ്രകീർത്തിച്ച് ചെണ്ടകൊട്ടുന്ന ചടങ്ങ് ഇന്നും നിലനിൽക്കുന്നു. എന്നാൽ പുതുതലമുറ പലപ്പോഴും ദുര്യോധന അംഗീകരിക്കാൻ തയ്യാറല്ല. അവരുടെ വിശ്വാസപ്രകാരം ശിവൻറെ പ്രതിരൂപമായ സോമേശ്വര ദേവൻ അർപ്പിച്ചതാണ് ഈ ക്ഷേത്രം. വിശ്വസിച്ചാലും ഇല്ലെങ്കിലും ഇവിടെനിന്ന് അടുത്തുള്ള ഡെറാഡൂണിൻ ആ പേര് ലഭിച്ചത് ദുര്യോധനനിൽ നിന്നാണത്ര.
കൃഷി തന്നെയാണ് ഗ്രാമത്തിലെ ഉപജീവനം. ഉരുളക്കിഴങ്ങും,ഗോതമ്പും പയർ പോലത്തെ ധാന്യങ്ങളാണ് പ്രധാനകൃഷി. മിക്കവീടുകളിലും കന്നുകാലികളും ആടുമാടുകളും വളർത്ത് മൃഗങ്ങളായിട്ടുണ്ട്. വേനൽക്കാലത്ത് കന്നുകാലികളെ മെക്കാനായി ഗ്രാമത്തിലെ പുരുഷന്മാർ പുൽത്തകിടുകൾ തേടി പോകും. മറ്റു ചിലർ ട്രക്കിങ് സംഘത്തോടൊപ്പം വഴികാട്ടിയായും പോർട്ടർമാരായും ജോലി അനുഷ്ഠിക്കും.സ്ത്രീകളൾക്കാണ് വീട്ടുകാര്യങ്ങളുടെയും കൃഷിയുടെയും മേൽനോട്ടം.
അരുവികളിൽ നിന്ന് കുതിച്ചു വരുന്ന വെള്ളത്തെ വഴിതിരിച്ച്, ഒരു ടർബണ്ണിന്റെ സഹായത്തോടെ രൂപപ്പെടുത്തിയ ഫ്ലോർ മിൽ ആധുനിക ശാസ്ത്രത്തെ പോലും അതിശയിപ്പിക്കും. വൈദ്യുതി ഇല്ലാതെ ജലത്തിൻറെ സഹായത്തോടെ ധാന്യങ്ങൾ പൊടിപ്പിക്കുന്നത് ഒരു വേറിട്ട കാഴ്ച തന്നെ. പ്രത്യേകതരം കുഞ്ഞ് നെല്ലിക്കയും ആപ്രിക്കോട്ടുകളും കഞ്ചാവ് തൈകളും വഴിയോരത്ത് പൂത്തുനിൽപ്പുണ്ട്… നെല്ലികക്ക് ചെറിയ എറിവോടുകൂടിയ പുളിപ്പ്.
മരങ്ങൾ ഇലപൊഴിച്ചു തുടങ്ങിയതോടെ ശൈത്യകാലത്തെ വരവേൽക്കുകയാണ് ഗ്രാമവാസികൾ. വീടിൻറെ മേൽക്കൂരയിൽ കച്ചി കെട്ടിയൊരുക്കിയും, വയലുകളിൽ വിളഞ്ഞുനിൽക്കുന്ന റമ്ദാൻ ധാന്യത്തെ വിളവെടുത് അറയിൽ സൂക്ഷിച്ചും, കാടുകളിൽ പോയി പുല്ല് ശേഖരിച്ചും, ചാണകം ഉണക്കി ഇന്ധനത്തിനായി സജ്ജീകരിച്ചും ശൈത്യ കാലത്തിനായി ഗ്രാമം മുഴുവൻ ഒരുങ്ങിയിരിക്കുന്നു.
തണുപ്പുകാലത്തെ വസ്ത്രങ്ങളൾ പോലും സ്വന്തമായി നെയ്തെടുത്തതാണ്.
പ്രത്യേകരീതിയിലാണ് വീടുകളുടെ നിർമ്മാണശൈലി, താഴ്‌വാരങ്ങളുടെ ചരിവിൽ പൂർണ്ണമായും മരത്തിലാണ് വീടിൻറെ സൃഷ്ടിപ്പ്. രണ്ടുനിലയുള്ള വീടിന് മുകളിൽ താമസവും, താഴെ കാലികൾക്കും ധാന്യങ്ങൾക്കുമുള്ള അറയാള്ളത്. അടുക്കളയിലെ ഡൈനിങ് ഏരിയോടൊപ്പം തീ കായാനുള്ള സൗകര്യവുമുണ്ട്. തണുപ്പിൽനിന്ന് പൂർണമായും സംരക്ഷണം നൽകുന്ന രീതിയിലാണ് വീടിൻറെ ചുവരുകൾ.
അങ്ങ് ദൂരെ സ്വർഗ്ഗരോഹിണിയിൽ മഞ്ഞ് പെയ്തു കൊണ്ടിരിക്കുന്നു…താഴെ സുപിന് നദിയുടെ നീരോച്ചകൾ…കണ്ണെത്താദൂരത്ത് നീണ്ടുകിടക്കുന്ന പർവതനിരയിലെ വെള്ളച്ചാട്ടങ്ങൾ.. അവതാർ സിനിമയിൽ പാൻഡോറ പോലെ വിസ്മയിപ്പിക്കുന്ന ഓസല. ചിത്രങ്ങൾ എത്ര പകർത്തിയിട്ടും മതിവരുന്നില്ല. ക്യാമറ ഷട്ടറുകൾ തുരുതുരാ ശബ്ദത്തിൽ നിന്ന് ശ്രദ്ധ തിരിച്ചു കൊണ്ട് ഒരു പിഞ്ചുബാലൻ എന്റെ മുന്നിലായി കൈനീട്ടി….” പൈസ പൈസ…”. വന്നുകയറി പോകുന്ന ട്രക്കിംഗ് സമൂഹം രൂപപ്പെടുത്തിയ വൃത്തികെട്ട ശീലം. കുട്ടികൾക്ക് പണവും ചോക്ലേറ്റും നൽകി പ്രേരിപ്പിച്ച് അവർ യാചകരായി മാറിയിരിക്കുന്നു. നാളെ അവർ പിടിച്ചുപറിക്കാരായി മാറില്ല എന്ന് വിശ്വസിക്കാതിരിക്കാൻ വയ്യ.
തിരുട്ടു ഗ്രാമം പോലെ മോഷണത്തിന് പേരിലല്ല ഓസല അറിയപ്പെടേണ്ടത് മറിച്ച് ആ നാടിനെ സൗന്ദര്യത്തിലും ജനങ്ങളുടെ മനസ്സിന്റെ വിശാലതയുടെയും പേരിലാണ്. അതിനായി അവർക്ക് വേണ്ടത് വിദ്യാഭ്യാസമാണ്. പുസ്തകങ്ങളും വർണ്ണങ്ങൾ വിരിയിക്കുന്ന കളർ പെൻസിലുകളുമാണ്. ഇരുപ്പതോന്ന് തവണ എവറസ്റ്റ് കീഴടക്കിയ ആപെ ഷർപ്പയുടെ സ്വപ്നവും അതായിരുന്നു. മിച്ചമുള്ള പെൻസിലുകൾ അവൻറെ കയ്യിൽ തിരുകിയതിൻ ശേഷം മൂർദ്ധാവിൽ ചുംബിച്ചു ഓസലയോട് യാത്രപറഞ്ഞു….