ഒരുകാലത്ത് ആണുങ്ങളുടെ മാത്രം കുത്തകയായിരുന്ന ബൈക്ക് യാത്രകൾ ഇന്ന് സ്ത്രീകളും കയ്യടക്കി വാഴുകയാണ്. ബുള്ളറ്റ്, സൂപ്പർ ബൈക്കുകൾ, സ്‌കൂട്ടറുകൾ തുടങ്ങി എല്ലാത്തരം ടൂവീലറുകളിലും ഇന്ന് സ്ത്രീകൾ കൈവെച്ചിട്ടുണ്ട്. ചിലർ വനിതകളുടെ കൂട്ടായ്മയൊക്കെ രൂപീകരിച്ച് ഗ്രൂപ്പായി ട്രിപ്പുകൾ പോകുമ്പോൾ മറ്റു ചിലർ ഒറ്റയ്ക്ക് സോളോ ട്രിപ്പ് അടിക്കുന്നു. ഇത്തരത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ പോയവരുണ്ട്. ഇവരുടെ കൂട്ടത്തിൽ മലയാളികളായ യുവതികളും ഉണ്ടെന്നതാണ് എടുത്തു പറയേണ്ട, അഭിമാനിക്കാവുന്ന മറ്റൊരു യാഥാർഥ്യം.

വനിതാ റൈഡർമാരുടെ ട്രിപ്പ് വാർത്തകൾ നിറയുന്നതിനിടെയാണ് കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ ഒരു യുവതി ബെംഗളൂരുവിൽ നിന്നും ഒരു ഇന്റർനാഷണൽ ട്രിപ്പ് സ്റ്റാർട്ട് ചെയ്യുന്നത്. കാൻഡിഡ ലൂയിസ് എന്ന 28 കാരിയായിരുന്നു ഇത്തരത്തിൽ വ്യത്യസ്തമായി ഒരു ട്രിപ്പ് പ്ലാൻ ചെയ്തത്. ബെംഗളൂരുവിൽ നിന്നും വേറെങ്ങോട്ടുമല്ല, അങ്ങ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്കാണ് ഈ മിടുക്കി ബൈക്ക് പായിച്ചത്.

ഇന്ത്യയ്ക്കുള്ളിൽ ധാരാളം ബൈക്ക് യാത്രകൾ നടത്തി വിജയിച്ച അനുഭവ സമ്പത്ത് കാൻഡിഡയ്ക്ക് ഉണ്ടായിരുന്നു. ഈ അനുഭവങ്ങൾ മുതൽക്കൂട്ടായെടുത്ത് ഏതാണ്ട് ഒരു വര്ഷം നീണ്ട പരിശ്രമങ്ങൾക്കും തയ്യാറെടുപ്പുകൾക്കും ഒടുവിലാണ് കാന്ഡിഡ 2018 സെപ്റ്റംബർ മാസത്തിൽ ബെംഗളൂരുവിൽ നിന്നും യാത്ര ആരംഭിച്ചത്. യാത്രയ്ക്കായി കാന്ഡിഡ തിരഞ്ഞെടുത്ത വാഹനം ബജാജ് ഡോമിനർ ആയിരുന്നു.അതും കർണാടക രജിസ്ട്രേഷനിൽ ഉള്ള വണ്ടി.

ബെംഗളൂരുവിൽ നിന്നും ആരംഭിച്ച യാത്ര ഹൈദരാബാദ് വഴി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കും പിന്നീട് അവിടുന്ന് ബോർഡർ കടന്നു ഭൂട്ടാൻ – മ്യാന്മാർ – തായ്‌ലൻഡ് – ലാവോസ് – വിയറ്റ്‌നാം – കംബോഡിയ പോയിട്ട് വീണ്ടും തായ്‌ലൻഡ് എത്തി. പിന്നീട് തായ്‌ലൻഡിൽ നിന്നും മലേഷ്യയിലേക്കും അവിടെനിന്നും സിംഗപ്പൂർ വഴി ഇൻഡോനേഷ്യയിലേക്കുമായിരുന്നു കാന്ഡിഡയുടെ ത്രസിപ്പിക്കുന്ന സോളോ യാത്ര. കരയിലൂടെ മാത്രമല്ല ഇടയ്ക്ക് ഫെറി വഴി കടൽ കടന്നും കാന്ഡിഡ യാത്ര തുടർന്നു.

പത്ത് രാജ്യങ്ങളിൽക്കൂടി കടന്നു പോകുന്നതിനുള്ള പെർമിഷൻ ലഭിക്കുവാൻ തൻ ഏറെ ബുദ്ധിമുട്ടിയെന്നു കാന്ഡിഡ ലൂയിസ് പറയുന്നു. എല്ലാ രാജ്യങ്ങളുടെയും പെർമിഷൻ ലഭിക്കുവാനായി ഏതാണ്ട് ആറു മാസത്തോളമെടുത്തു. യാത്ര ഒറ്റയ്ക്കായതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ വാഹനത്തിനു എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അവ പരിഹരിക്കുന്നതിനായി അൽപ്പം സർവ്വീസിംഗ്, മെക്കാനിക്ക് പണികളും കാന്ഡിഡ പഠിച്ചെടുത്തു.

എന്തുകൊണ്ട് ഈ യാത്രയ്ക്കായി ഓസ്‌ട്രേലിയ തിരഞ്ഞെടുത്തു എന്നു ചോദിച്ചാൽ കാന്ഡിഡയുടെ ഉത്തരമിങ്ങനെ “അലിസ്റ്റർ ഫർലാൻഡ് എന്ന ഓസ്‌ട്രേലിയൻ മോട്ടോർസൈക്കിൾ യാത്രികനോടുള്ള Tribute എന്ന നിലയ്ക്കാണ് യാത്രയുടെ ലക്‌ഷ്യ സ്ഥാനമായി ഓസ്‌ട്രേലിയ തിരഞ്ഞെടുത്തത്. അലിസ്റ്റർ ഫർലാൻഡ് ഒരു ആക്സിഡന്റിൽ മരണമടഞ്ഞിരുന്നു. അങ്ങനെ പത്തു രാജ്യങ്ങളിലൂടെ, 28000 കിലോമീറ്റർ ദൂരം കടന്നുകൊണ്ട് കാന്ഡിഡ തൻ്റെ ലക്ഷ്യ സ്ഥാനമായ സിഡ്‌നിയിൽ എത്തിച്ചേർന്നു. ഏകദേശം അഞ്ചു മാസത്തിനു മേലെടുത്തു ഈ യാത്ര പൂർത്തിയാക്കുവാൻ.

യാത്രയിലുടനീളം പല രാജ്യങ്ങളിൽ നിന്നായി വ്യത്യസ്തമായ അനുഭവങ്ങളാണ് തനിക്ക് ലഭിച്ചതെന്ന് കാന്ഡിഡ. ഓരോ രാജ്യത്തെയും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ താമസിച്ചുകൊണ്ട് അവിടത്തെ കാഴ്ചകൾ ആസ്വദിച്ചതിനു ശേഷമായിരുന്നു പിന്നീട് മുന്നോട്ടുള്ള യാത്രകൾ. ഇൻഡോനേഷ്യയിലെ തെക്കൻ സുമാത്രയിൽ വെച്ച് ഏതാണ്ട് 16 കിലോമീറ്ററുകളോളം നീണ്ട ട്രാഫിക് ബ്ലോക്കിൽ പെട്ടതും, അതിൽ നിന്നും രക്ഷപ്പെടാൻ ഗൂഗിൾ മാപ്പ് കാണിച്ചത് പ്രകാരമുള്ള വഴിയിലൂടെ പോയതും അവസാനം ഏതോ പാദങ്ങൾക്ക് നടുവിലൂടെയുള്ള ചെളി നിറഞ്ഞ വഴിയിലെത്തിപ്പെടുകയും, യാത്ര ചെയ്ത് ക്ഷീണിച്ചു തളർന്നപ്പോൾ വെള്ളം കുടിക്കുന്നതിനായി ഒരു ഇൻഡോനേഷ്യൻ ബാലന്റെ കൂടെ അവൻ്റെ വീട്ടിലേക്ക് പോയതുമെല്ലാം തൻ്റെ യാത്രയിലെ മറക്കാനാകാത്ത നിമിഷങ്ങളാണെന്നു കാന്ഡിഡ പറയുന്നു. ആ ബാലന്റെ വീട്ടിൽ ചെന്നു വിശ്രമിക്കുന്നതിനിടെ ഒരു ഇന്ത്യൻ യുവതി ഒറ്റയ്ക്ക് ബൈക്കിൽ യാത്ര ചെയ്യുന്ന വിവരമറിഞ്ഞു കാന്ഡിഡയെ കാണുവാൻ ഒരു ഗ്രാമം മുഴുവനുമായിരുന്നു എത്തിയത്. അവരെല്ലാം വളരെ അത്ഭുതത്തോടെയായിരുന്നു യാത്രയുടെ വിശേഷങ്ങൾ കേട്ടിരുന്നത്.

സിഡ്‌നിയിൽ എത്തിയതിനു ശേഷം ബൈക്ക് സർവീസിനു കൊടുക്കുകയാണ് കാന്ഡിഡ ആദ്യം ചെയ്തത്. സർവ്വീസ് കഴിഞ്ഞു നല്ല കണ്ടീഷനിൽ ബൈക്ക് തിരികെ കിട്ടിയതോടെ പിന്നീട് ഓസ്‌ട്രേലിയ ചുറ്റിക്കാണുവാനായി കാന്ഡിഡ പുറപ്പെട്ടു. അതിർത്തികൾ കടന്നുള്ള കാന്ഡിഡ എന്നയീ മിടുക്കിയുടെ യാത്രകൾ അവസാനിക്കുന്നില്ല. അല്ലെങ്കിലും യാത്രികർ അങ്ങനെയാണല്ലോ, ഓരോ യാത്രയുടെയും അവസാനം അവർ മറ്റൊരു യാത്രയ്ക്കുള്ള തുടക്കമായി തീർക്കും.

2 COMMENTS

  1. പേര് കൊള്ളാം Candida. ആ പേര്ഗൂ ഗിൾ search ചെയത് നോക്കൂ.

  2. നല്ല വിവരണം ഇതു എഴുതിയ എഡിറ്റർടെ നമ്പർ കിട്ടുമോ കിട്ടുമോ ഞാൻ ഇതുപോലെ ഒരു യാത്ര plan ചെയ്യുന്നു, ഞാൻ പാരാപ്ലീജിക് ആണ് spine injury പറ്റിയ വ്യക്തി, ഈ യാത്ര ചെയ്ത കുട്ടിയെ പറ്റി കൂടുതൽ അറിയേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.