എല്ലാംകൊണ്ടും ഇന്ന് കേരളത്തിന് അപമാനമായി മാറിയിരിക്കുന്ന ഒരു ടോൾ ബൂത്താണ് തൃശ്ശൂരിലെ പാലിയേക്കരയിലേത്. ഇവിടെ പ്രശ്നങ്ങൾ ഉണ്ടാകാത്ത ദിവസങ്ങളില്ല. പാലിയേക്കര ടോൾ പ്ലാസയിലെ ഗുണ്ടായിസങ്ങളും അഹങ്കാരവുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ നാം ഒത്തിരി കണ്ടിട്ടുണ്ടാകും. ചിലർക്കെങ്കിലും ഇത്തരം ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകും.
മുട്ടിനു മുട്ടിനു ട്രാഫിക് സിഗ്നലുകളും, മോശം റോഡും കടന്നു ചെന്ന് ടോൾ കൊടുക്കാമെന്നു വിചാരിച്ചാലോ നീണ്ട ക്യൂ ആയിരിക്കും നമ്മെ നോക്കി ചിരിക്കുക. ഇനി ഫാസ്റ്റാഗ് ഉണ്ടെന്നു വെച്ച് അതിലൂടെ കയറിപ്പോകാൻ ശ്രമിച്ചാൽ ചിലപ്പോൾ അത് പ്രവർത്തിക്കണമെന്നില്ല. ചോദ്യം ചെയ്‌താൽ ജീവനക്കാരുടെ വക മുട്ടിപ്പോക്ക് ന്യായീകരണങ്ങൾ. പിന്നെയും ചോദ്യം ചെയ്താൽ തെറിവിളി, കാറിന്റെ ചില്ല് തകർക്കൽ, യാത്രക്കാർക്കു നേരെ കയ്യേറ്റം തുടങ്ങിയ കലാപരിപാടികളായിരിക്കും അരങ്ങേറുക. ടോൾ ബൂത്ത് ജീവനക്കാർ വാടകഗുണ്ടകളായി മാറുന്ന കാഴ്ചയായിരിക്കും പിന്നീട്.
ഇപ്പോഴിതാ യാത്രക്കാരുടെ തലയിൽ മറ്റൊരു ഇടിത്തീയുമായി പാലിയേക്കരയിലെ ടോൾ നിരക്കുകൾ കൂട്ടിയിരിക്കുന്നു. മുൻപ് കാർ, വാൻ പോലുള്ള ലൈറ്റ് വാഹനങ്ങൾക്ക് (LMV) ഒരു തവണ സഞ്ചരിക്കുവാൻ 70 രൂപയും, ഒരു ദിവസം മുഴുവനും സഞ്ചരിക്കുവാൻ 105 രൂപയുമായിരുന്നു ടോൾ ചാർജ്ജ്. എന്നാൽ ഇപ്പോൾ ഇത് 70 ൽ നിന്നും 75 ഉം, 105 ൽ നിന്നും 110 ഉം ആക്കി മാറ്റി.
പുതുക്കിയ നിരക്കനുസരിച്ച് ചെറിയ ടാക്സി, വ്യാവസായിക വാഹനങ്ങൾക്ക് ഒറ്റത്തവണ 125 രൂപയും 24 മണിക്കൂറിന് 190 രൂപയും പ്രതിമാസം 3825 രൂപയും ആയി. ബസ്, ട്രക്ക് തുടങ്ങിയ ഹെവി വാഹനങ്ങള്‍ക്ക് ഒറ്റത്തവണ 255 രൂപ, 24 മണിക്കൂറിന് 380 രൂപ, പ്രതിമാസം 7,650 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. പ്രദേശവാസികൾക്ക് ടോൾ ബൂത്തിൽ സൗജന്യ പാസ്സ് മുൻപ് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അത് പുതുക്കി നൽകുന്നില്ല. ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
തൃശ്ശൂർ ജില്ലയിലെ മണ്ണുത്തി മുതല്‍ എറണാകുളം ജില്ലയിലെ ഇടപ്പളളി വരെയുളള 64.94 കിലോമീറ്ററാണ് പാലിയേക്കര ടോളിന് കീഴില്‍ വരുന്നത്. ഇതിന്റെ വികസനത്തിനായി 721.17 കോടി രൂപയാണ് ചെലവായത്. 2012 ഫെബ്രുവരി മുതൽ ആരംഭിച്ച ടോൾ പിരിവ് 2019 ജൂലൈ വരെ ഏകദേശം 715 കോടിയോളം രൂപയായിട്ടുണ്ട്. 2028 ജൂണിൽ ആയിരിക്കും പാലിയേക്കരയിലെ ടോൾ പിരിക്കൽ അവസാനിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ അടുത്ത മാസം മുതൽ ഇനിയങ്ങോട്ട് ടോൾ പ്ലാസയിൽ ലഭിക്കുന്ന തുക അവർക്ക് ചെലവ് കഴിച്ചുള്ള ലാഭമായിരിക്കും.
ഇതിനെതിരെ പ്രതിഷേധിച്ചിട്ടൊന്നും കാര്യമില്ലെന്നു മനസ്സിലാക്കിയ ചിലരൊക്കെ സമാന്തരമായുള്ള പാതയിലൂടെ പോകാറാണ് പതിവ്. നാല് കിലോമീറ്റർദൂരം ഓടിയാലും ടോൾ ബൂത്തിലെ കത്തി നിരക്ക് നോക്കുമ്പോൾ അത് ലാഭം തന്നെയാണ് എന്നാണു ആളുകൾ പറയുന്നത്.