വിദേശയാത്രാ ആവശ്യങ്ങൾക്കായി, ഇന്ത്യൻ പൗരന്മാർക്ക് പ്രസിഡന്റിൻ്റെ നിർദ്ദേശപ്രകാരം നൽകപ്പെടുന്ന പാസ്പോർട്ടാണ് ഇന്ത്യൻ പാസ്പോർട്ട്. പാസ്പോർട്ട് സേവ കേന്ദ്രം (Passport Service), വിദേശകാര്യമന്ത്രാലയത്തിൻ കീഴിലുള്ള പാസ്പോർട്ട് & വീസ്സ വിഭാഗം (Passport & Visa (CPV) Division) എന്നിവയ്ക്കാണ് പാസ്പോർട്ട് സംബന്ധിയായ വിഷയങ്ങളുടെ പ്രധാന ചുമതല.
എന്താണ് പാസ്സ്‌പോർട്ട് എന്നതിനെക്കുറിച്ചുള്ള രണ്ടുവരിയാണ് നിങ്ങൾ മുകളിൽ കണ്ടത്. ഓരോ രാജ്യത്തെ പാസ്സ്പോർട്ടുകളെയും അടിസ്ഥാനമാക്കി ഒരു റാങ്കിംഗ് ലോകത്ത് നിലവിലുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളുടെയും പാസ്‌പോര്‍ട്ടുകള്‍ ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് പരിശോധിച്ചതിന് ശേഷമാണ് റാങ്കിംഗ് തീരുമാനിക്കുന്നത്. മുന്‍കൂട്ടി വിസയ്‌ക്ക് അപേക്ഷിക്കാതെ ഒരു നിര്‍ദ്ദിഷ്ട രാജ്യത്തിന്റെ പാസ്പോർട്ടുമായി ഉടമകള്‍ക്ക് എത്ര രാജ്യങ്ങളിലേക്ക് പ്രവേശിക്കാമെന്നതിനെ അടിസ്ഥാനമാക്കിയും മറ്റുമാണ് ഓരോ വര്‍ഷവും ഹെന്‍ലി പാസ്പോര്‍ട്ട് റാങ്കിംഗ് തയ്യാറാക്കുന്നത്.
ഇത്തവണത്തെ റാങ്കിംഗ് അനുസരിച്ച് നമ്മുടെ ഇന്ത്യൻ പാസ്സ്പോർട്ടിന്റെ റാങ്ക് 84 ആണ്. 2019-ൽ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ റാങ്ക് 82 ഉം 2018-ൽ ഇത് 81 ഉം ആയിരുന്നു. ഇപ്പോൾ വീണ്ടും പിന്നിലേക്ക് പോയാണ് ഇന്ത്യൻ പാസ്സ്‌പോർട്ട് 84 ആം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
191 പോയിന്റുമായി ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടായി നിലയുറപ്പിച്ചിരിക്കുന്നത് ജപ്പാനാണ്. ഈ 191 പോയിന്റ് എന്നത് ജപ്പാൻ പാസ്പോർട്ട് ഉടമകൾക്ക് മുൻകൂർ വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണമാണ്. സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.