ലോക പ്രസിദ്ധനായ സഞ്ചാരി ഇബ്നു ബത്തൂത്തയുടെ ജന്മ നാടായ മൊറോക്കോയിലെ ടാഞ്ചിയറിലാണ് ഞങ്ങൾ ഇപ്പോൾ. സ്പെയിനിനോട് അടുത്ത് കിടക്കുന്ന ആഫ്രിക്കൻ രാജ്യം. ജിബ്രാൾട്ടർ കടലിടുക്ക് കടന്നാൽ യൂറോപ്പ്. മൊറോക്കോയിൽ ലോക്ക്ഡൗൺ ആരംഭിക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു ഞങ്ങളുടെ ഈ കറക്കം.

രാവിലെ തന്നെ ഗൈഡ് നിസ്‌റിൻ കാറുമായി ഹോട്ടലിനു വെളിയിലെത്തിച്ചേർന്നു. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ ബ്രേക്ക്ഫാസ്റ്റ് ഇല്ലാതിരുന്നതിനാൽ ഞങ്ങൾ രാവിലത്തെ ഭക്ഷണം കഴിക്കാനായി ഒരു റെസ്റ്റോറന്റ് തപ്പി ഇറങ്ങി. പാർസൽ വാങ്ങി എവിടെയെങ്കിലും ഇരുന്നു സുരക്ഷിതമായി കഴിക്കുക എന്നതായിരുന്നു പ്ലാൻ.

അങ്ങനെ ഞങ്ങൾ ഒരു ബേക്കറിയ്ക്ക് സമീപത്ത് വണ്ടി നിർത്തി അവിടെക്കയറി കഴിക്കുവാനായി സ്നാക്ക്സ് പാർസൽ വാങ്ങി. തിരികെ വന്നു കാറിലിരുന്നുകൊണ്ടു തന്നെ ഞങ്ങൾ പ്രഭാതഭക്ഷണം കഴിച്ചു. അങ്ങനെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

സുരക്ഷയുടെ മുൻകരുതലെന്നോണം വഴിയരികിലെ ചില കടകളൊക്കെ അടച്ചിട്ടിരുന്നു. ലോകപ്രശസ്ത സഞ്ചാരിയായ ഇബ്ൻ ബത്തൂത്തയുടെ ഖബറിടം കാണുവാനായിരുന്നു ഞങ്ങളുടെ പ്ലാൻ. അവിടേക്ക് ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. ഗൂഗിൾ മാപ്പ് ഇട്ടെങ്കിലും ലൊക്കേഷൻ കൃത്യമായി മനസ്സിലാക്കാൻ സാധിച്ചില്ല. അങ്ങനെ ചോദിച്ചു ചോദിച്ചു ഞങ്ങൾ യാത്രയായി.

ദൗർഭാഗ്യമെന്നു പറയാമല്ലോ. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇബ്ൻ ബത്തൂത്തയുടെ ഖബറിടം അടച്ചിട്ടിരിക്കുകയാണെന്ന വാർത്തയായിരുന്നു ഞങ്ങൾക്ക് കേൾക്കുവാൻ കഴിഞ്ഞത്. സന്ദർശിക്കുവാൻ വളരെയധികം ആഗ്രഹിച്ചിരുന്ന സ്ഥലമായിരുന്നു. ഇനിയെന്നെങ്കിലും മൊറോക്കോയിൽ വരികയാണെങ്കിൽ അവിടം സന്ദർശിക്കാം എന്നു മനസ്സിൽ വിചാരിച്ചുകൊണ്ട് ഞങ്ങൾ ആ ഉദ്യമം അവസാനിപ്പിച്ചു.

ആ സമയം നമ്മുടെ നാട്ടിൽ സാഹചര്യം വളരെ മോശമായിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് ഓൺലൈൻ വാർത്തകളിലൂടെ ഞങ്ങൾക്ക് അറിയുവാൻ സാധിച്ചു. പക്ഷേ കൊറോണപ്പേടി കാരണം നമ്മുടെ നാട്ടിൽ വിനോദസഞ്ചാരികളായ വിദേശികളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ ഞങ്ങളെ വളരെയധികം വിഷമിപ്പിച്ചു. കാരണം മൊറോക്കോയിൽ ഞങ്ങൾ വിദേശികളാണ്. പക്ഷേ ഞങ്ങൾക്ക് അവിടെ നിന്നും യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളോ പ്രകോപനങ്ങളോ ഒന്നും ജനങ്ങളുടെ പക്ഷത്തു നിന്നും ഉണ്ടായിട്ടില്ല.

നിസ്റിനോടൊപ്പം ഞങ്ങൾ കാറിൽ കറങ്ങിനടന്നു കാഴ്ചകളും സ്ഥലങ്ങളുമൊക്കെ കണ്ടു. വിജനമായ സ്ഥലത്തു മാത്രം ഞങ്ങൾ പുറത്തിറങ്ങി. അല്ലാത്തയിടത്തു ഞങ്ങൾ കാറിൽത്തന്നെ ഇരുന്നു. റോഡിൽ തിരക്ക് പൊതുവെ കുറവായിരുന്നു. ട്രക്കുകൾ ആയിരുന്നു റോഡിൽ അധികവും. കുന്നും മലയുമൊക്കെ കയറി ഞങ്ങൾ ഉഗ്രൻ കാഴ്ചകൾ കണ്ടുകൊണ്ട് യാത്ര തുടർന്നു.

മൊറോക്കോയിലെ മൂന്നാറിലേക്കാണോ ഞങ്ങൾ പോകുന്നതെന്ന് ഒരു നിമിഷം സംശയിച്ചു. നല്ല തണുത്ത കാലാവസ്ഥയും, അതോടൊപ്പം തന്നെ മനുഷ്യനെ കറക്കിയെറിയുന്ന തരത്തിലുള്ള ഉഗ്രൻ കാറ്റും. നിസ്‌റിന്റെ പ്ലാൻ പ്രകാരം ഞങ്ങൾ മുകളിലുള്ള ഒരു നഗരത്തിലേക്ക് യാത്രയായി… ആ വിശേഷങ്ങൾ ഇനി അടുത്ത ഭാഗത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.