മൊറോക്കോയിലെ മൊഹമ്മദീയ എന്ന സ്ഥലത്തായിരുന്നു ഞങ്ങളുടെ ലോക്ക്ഡൗൺ താമസം. അവിടെ മലയാളിയും ബിസിനസുകാരനുമായ സുനീർ ഭായിയുടെ അപ്പാർട്മെന്റിൽ ആയിരുന്നു ഞങ്ങൾ ഇത്രയും ദിവസം താമസിച്ചത്. ഒടുവിൽ ലോക്ക്ഡൗൺ ഇളവുകൾ വന്നപ്പോൾ ഞങ്ങൾ ഒരു യാത്രയ്ക്ക് തയ്യാറായി.

മൊറോക്കോയിൽ തന്നെയുള്ള മാറാക്കിഷ് എന്ന സ്ഥലത്തേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. അവിടെ സുനീർ ഭായിയുടെ സഹോദരൻ താമസിക്കുന്നുണ്ട്. അദ്ദേഹത്തെ മീറ്റ് ചെയ്യുക, റോഡ് ട്രിപ്പ് എന്ജോയ് ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. അങ്ങനെ ഞാനും ബൈജു ചേട്ടനും സുനീർഭായിയും കൂടി യാത്രയാരംഭിച്ചു. സുനീർ ഭായിയുടെ സ്കോഡ കോഡിയാക് കാറിലായിരുന്നു ഞങ്ങളുടെ യാത്ര.

യാത്ര തുടങ്ങുന്നതിനു മുന്നേ തന്നെ സുനീർഭായി പിന്നിലെ സീറ്റിൽ ഇടംപിടിച്ചു. ഇൻസ്റ്റാഗ്രാമിൽ മെസ്സേജുകൾക്ക് റിപ്ലൈ കൊടുക്കാൻ ആണെന്നായിരുന്നു സുനീർ ഭായി അതിനു കാരണമായി പറഞ്ഞത്. എന്നാൽ ഡ്രൈവിംഗ് വളരെയേറെ ഇഷ്ടമുള്ള ഞങ്ങൾക്കായി അദ്ദേഹം ബോധപൂർവ്വം വണ്ടിയോടിക്കുവാനുള്ള അവസരം ഒരുക്കുകയായിരുന്നു എന്നതായിരുന്നു സത്യം.

യാത്ര തുടങ്ങിയപ്പോൾ ഞാൻ ആയിരുന്നു കാറിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ബൈജു ചേട്ടനാകട്ടെ, കോ ഡ്രൈവർ സീറ്റിലിരുന്നുകൊണ്ട് വിശേഷങ്ങൾ പങ്കുവെക്കുകയും മറ്റു ചർച്ചകൾക്ക് വഴിവെക്കുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു. പോകുന്ന വഴിയ്ക്ക് സുനിർഭായിയുടെ പഴയ പോർഷെ കാർ ഏതോ ഗാരേജിൽ ഒതുക്കിയിട്ടിരിക്കുന്നത് ഞങ്ങൾ കണ്ടു. പുതിയ കാർ വാങ്ങിയപ്പോൾ പഴയത് ഒന്ന് ഒതുക്കിയതാണെന്നും അടുത്ത തവണ മൊറോക്കോയിൽ ഞങ്ങൾ വരുമ്പോൾ തീർച്ചയായും പോർഷെ കാർ സെറ്റ് ആക്കി വെക്കാമെന്നും സുനീർഭായി പറയുകയുണ്ടായി.

മൊഹമ്മദീയയിൽ നിന്നും കാസാബ്ലാങ്ക വഴിയാണ് ഞങ്ങൾക്ക് മറാക്കിഷിലേക്ക് പോകേണ്ടിയിരുന്നത്. മൊത്തം 278 കിലോമീറ്റർ ദൂരമുണ്ട്. നല്ല കിടിലൻ മോട്ടോർവേ ഉള്ളതിനാൽ ഡ്രൈവിംഗ് നല്ല സ്മൂത്തും ആയാസകരവും ആയിരുന്നു. പോകുന്ന വഴിയിൽ ഞങ്ങൾ ഒരു പെട്രോൾ പമ്പിൽ കയറി ഇന്ധനമടിക്കുകയും അതിനുശേഷം ഡ്രൈവിങ് സീറ്റിലേക്ക് ബൈജു ചേട്ടൻ കയറുകയും ചെയ്തു.

നല്ല തെളിഞ്ഞ ആകാശമുള്ള ഒരു ദിനമായിരുന്നു. ബൈജു ചേട്ടൻ മോട്ടോർവേയിലൂടെ കാർ പറപ്പിച്ചുകൊണ്ടിരുന്നു. സുനീർ ഭായിയാകട്ടെ പിന്നിൽ സുഖമായി കിടന്ന് മൊബൈൽ നോക്കുകയായിരുന്നു. ഞാനാകട്ടെ, കോ-ഡ്രൈവർ കാഴ്ചകൾ ആസ്വദിച്ചുമിരുന്നു.

കാസാബ്ലാങ്കയും പിന്നിട്ട് ഞങ്ങൾ മറാക്കിഷ് ലക്ഷ്യമാക്കി മുന്നേറിക്കൊണ്ടിരുന്നു. ചിലയിടങ്ങളിൽ കൃഷിസ്ഥലങ്ങളും ചിലയിടങ്ങളിൽ തരിശുഭൂമിയുമായിരുന്നു മോട്ടോർവേയുടെ ഇരുവശങ്ങളിലുമായി ഞങ്ങൾക്ക് കാണുവാൻ സാധിച്ചിരുന്നത്. കുറച്ചുകൂടി പോയപ്പോൾ കാലാവസ്ഥ അപ്പാടെ മാറിത്തുടങ്ങി. ആകാശം കാർമേഘങ്ങൾ കൊണ്ട് കറുത്തിരുണ്ടു പോകുകയും ഉടൻതന്നെ നല്ലൊരു മഴ പെയ്യുകയും ചെയ്തു.

കുറച്ചു കൂടി ഞങ്ങൾ പിന്നിട്ടപ്പോൾ മഴ മാറി വീണ്ടും കാലാവസ്ഥ തെളിഞ്ഞു. അൽപ്പം വിശപ്പ് വന്നുതുടങ്ങിയപ്പോൾ ഞങ്ങൾ ഒരു പെട്രോൾ പമ്പിനോടു ചേർന്നുകണ്ട ഒരു ഷോപ്പിൽ കയറി കോഫിയും ജ്യൂസുമൊക്കെ വാങ്ങിക്കുടിച്ചു. വിശപ്പ് അൽപ്പം ശമിച്ചപ്പോൾ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. കാലാവസ്ഥ മാറിക്കൊണ്ടിരുന്നു. ഒട്ടും പച്ചപ്പില്ലാത്ത കാഴ്ചകളും കണ്ടുകൊണ്ട് ഞങ്ങൾ അങ്ങ് പോയി.

മനോഹരമായ ഫ്രയിമുകൾ തോന്നിപ്പിച്ച ചിലയിടങ്ങളിൽ ഞങ്ങൾ വണ്ടി നിർത്തുകയും ഫോട്ടോകൾ എടുക്കുകയുമൊക്കെ ചെയ്തിരുന്നു. അങ്ങനെ പോയിപ്പോയി ഞങ്ങൾ അവസാനം മറാക്കിഷിൽ എത്തിച്ചേർന്നു. റോസ്‌ സിറ്റിയെന്നും റെഡ്‌ സിറ്റിയെന്നുമൊക്കെ അറിയപ്പെടുന്ന ഒരു ചുവന്ന പട്ടണമാണ് മറാക്കിഷ്‌. ഇന്ത്യയിലെ രാജസ്ഥാനിലെ ജയ്‌പൂരിലെപ്പോലെ കെട്ടിടങ്ങള്‍ക്കെല്ലാം ചുവപ്പു നിറം മാത്രം. ഒരു പ്രത്യേക ഫീൽ തന്നെ. എന്തായാലും സംഭവം അടിപൊളി. ദിവസങ്ങൾക്കു ശേഷം ലഭിച്ച ഒരുഗ്രൻ റോഡ്ട്രിപ്പ് ഞങ്ങൾ ശരിക്കും ആസ്വദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.