കാനനപാതയിലൂടെ ഞങ്ങളുടെ ശബരിമല തീർത്ഥയാത്ര

Total
0
Shares

വിവരണം – ആനന്ദ് രാജ് എം.എ.

ഭഗവാനും ഭക്തനും പ്രകൃതിയും ഒന്നാവുന്ന യാത്ര – അതാണ് ശബരിമല തീർത്ഥയാത്ര. കാടിൻറെ നിഗൂഢതകൾക്കുള്ളിൽ കർപ്പൂരത്തിൻറെ അഭൗമസുഗന്ധമുള്ള ഒരു വനയാത്ര. ചീവിടിന്‍റെയും വേഴാമ്പലിന്റെയും കാറ്റിലാടുന്ന മരങ്ങളുടെ മർമ്മരത്തിൻറെയും, ഒരുപക്ഷേ ചിലപ്പോൾ കരിവീരൻമാരുടെ അലർച്ചയുടെയും, ഇവയുടെയെല്ലാം അകമ്പടി എന്നോണം ശരണമന്ത്രങ്ങളുടെയും സമ്മിശ്രമായി സമ്മേളിക്കുന്ന യാത്ര. ഭക്തിയുടെയും സാഹസികതയുടെയും ഏതൊരു തലത്തോടും മത്സരിക്കാൻ ഉതകുന്നതാണ് ഈ യാത്ര. സ്വാമിയാകും മുമ്പ് അയ്യപ്പൻ എന്ന യോദ്ധാവ് പടയോട്ടം നടത്തിയ, കുന്നും, കാടും, മേടും ആയ വഴികളിലൂടെ ഭക്തന്മാർ നടത്തുന്ന പുനർയാത്ര. വിശേഷണങ്ങൾ ചാർത്താൻ നിരവധിയാണ്.

ആമുഖമായി പറയട്ടെ, എരുമേലി മുതൽ സന്നിധാനം വരെ ഏകദേശം 51 കിലോമീറ്റർ ദൈർഘ്യമാണ് ഉള്ളത്. ഇതിൽ തന്നെ മൂന്ന് പ്രധാന കയറ്റങ്ങൾ – അഴുതമേട്, കരിമല, നീലിമല. എന്നാൽ ശബരിഗിരി ജലവൈദ്യുതപദ്ധതിക്ക് വേണ്ടി നിർമ്മിച്ച റോഡ്, പമ്പ വരെയുള്ള യാത്രാസൗകര്യം (സുഖം) പ്രദാനം ചെയ്യുകയും മേൽപ്പറഞ്ഞ ആദ്യരണ്ട് കയറ്റങ്ങളും ഭക്തരുടെ ശരണമന്ത്രങ്ങളിൽ മാത്രമായി ചുരുങ്ങുകയും ചെയ്തതോടെ ഏറ്റവും ദുർഘടവും ഏഴു മടക്കുകളുമുള്ള കരിമല കയറ്റം രണ്ടു മടക്കുകൾ മാത്രമുള്ള നീലിമല കയറ്റമായി തെറ്റിദ്ധരിക്കപ്പെടുകയും നിസ്സാരവൽക്കരിക്കപ്പെടുകയും ചെയ്തു. അതുപോലെതന്നെ എരുമേലിയിൽനിന്ന് സന്നിധാനം വരെയുള്ള 51 കിലോമീറ്ററോളം വരുന്ന തീർഥയാത്ര, പമ്പ മുതൽ സന്നിധാനം വരെയുള്ള കല്ലും മുള്ളും ഒന്നുമില്ലാത്ത അഞ്ചു കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള യാത്രയിലേക്ക് ചുരുക്കി. (വനസംരക്ഷണ നിയമം പ്രാബല്യത്തിൽ ഉള്ളത് നന്നായി; ഇല്ലെങ്കിൽ സന്നിധാനം വരെ വാഹനം എത്തിയേനെ).

ഇനി യാത്രയിലേക്ക്. ഡിസംബർ ആറിന് രാവിലെ ആറു മണിയോടുകൂടി എരുമേലിയിൽ എത്തി. കെട്ടുനിറ അവിടത്തെ ശാസ്താ ക്ഷേത്രത്തിൽ നിന്നു തന്നെ നടത്തി. കൂട്ടത്തിൽ ഉള്ളവർ വരാൻ ഇത്തിരി വൈകിയതിനാൽ കുറച്ച് വിശ്രമം എടുത്തു. സ്വാമിഭാഷയിൽ, ആദ്യവിരിവെച്ചു എന്ന് പറയാം. ഏകദേശം ഒമ്പത് മണിയോടെ വാവര് സ്വാമിയേയും ശാസ്താവിനെയും തൊഴുത് കാൽനടയാത്ര ആരംഭം കുറിക്കുന്ന, വാവരുപള്ളിക്ക്‌ അഭിമുഖമായി ആരംഭിക്കുന്ന മുണ്ടക്കയം റോഡിലേക്ക് ശരണമന്ത്രഘോഷത്തോടെ യാത്ര ആരംഭിച്ചു.

ടാറിട്ട റോഡിനിരുവശത്തും ഏഴു കിലോമീറ്ററോളം റബ്ബർ തോട്ടങ്ങളും പൈനാപ്പിൾ കൃഷിയും ഇടയ്ക്കിടെ ചെറു വീടുകളും വ്യാപാരസ്ഥാപനങ്ങളും കാണാം. പേരൂർതോടിനു കുറുകെയുള്ള പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് കയറിയാൽ ഇരുമ്പൂന്നിക്കര വരെ അത്യാവശ്യം ജനവാസമുള്ള ചെറിയ ഒരു നാട്ടുവഴി. ആയാസരഹിതമായ നടപ്പ്. അവിടുന്ന് ഏകദേശം രണ്ടോ മൂന്നോ കിലോമീറ്ററുകൾ കഴിഞ്ഞാൽ ഇരുമ്പൂന്നിക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.

അവിടെ നട അടച്ചിട്ടില്ലാത്തതിനാൽ ഒന്നുകയറി തൊഴുതു. ഇറങ്ങുമ്പോൾ പ്രസാദമായി ഒരു സ്പൂൺ പാൽപ്പായസം കിട്ടിയത് വളരെ രുചിയോടെ ആസ്വദിച്ചു കഴിച്ചു. വിശപ്പിൻറെ കാഠിന്യത്താൽ ആയിരിക്കണം പായസത്തിന് നല്ല രുചിയായിരുന്നു. തുടർന്ന് അമ്പലത്തിൽ അഭിമുഖമായി ക്ഷേത്രംവക (എന്ന് തോന്നുന്നു) അന്നദാനം നടത്തുന്നുണ്ടായിരുന്നു. നല്ല ചൂടൻ കഞ്ഞിയും, പയർ ഉപ്പേരിയും, നാരങ്ങ അച്ചാറും. ഇനിയും നടക്കേണ്ടതിനാൽ ചോറ് അധികം കഴിക്കാതെ കഞ്ഞി വെള്ളം ധാരാളമായി കുടിച്ചു.

ഈ വർഷം തീർഥാടകരുടെ എണ്ണത്തിൽ വൻകുറവാണ് എന്ന് അവിടത്തെ മേൽനോട്ടക്കാരുമായുള്ള സംഭാഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു. അന്നത്തെ ദിവസം തന്നെ ഇരുനൂറിൽ താഴെ ആളുകൾ മാത്രമാണ് ആ വഴി കടന്നു പോയതെന്ന് അവർ അറിയിച്ചു. പക്ഷേ ഇൗ ആഴ്ച ഭക്തരുടെ എണ്ണം കൂടിയതായി അവർ സന്തോഷത്തോടെ പറയുകയും, ഇനിയുള്ള ദിവസങ്ങളിൽ എണ്ണം കൂടുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ചെറു വർത്തമാനങ്ങൾ പറഞ്ഞു, ഞങ്ങൾ വീണ്ടും നാട്ടുവഴിയിലൂടെ നടക്കാൻ ആരംഭിച്ചു. ആ നാട്ടുവഴി അവസാനിക്കുന്നത് കോയിക്കകാവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ ആണ്.

ഈ വർഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചെക്പോസ്റ്റ് വഴി കടന്നു പോകുന്നവരുടെ വിശദാംശങ്ങൾ ഫോറസ്റ്റ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തുകയും തുടർ യാത്രയ്ക്കായി ഒരു പാസ് നൽകുകയും ചെയ്യുന്നുണ്ടായിരുന്നു. അന്നേദിവസം ഞങ്ങൾക്കു മുമ്പായി 237 പേര് ആ വഴി കടന്നു പോയതായി അവരുടെ രജിസ്റ്ററിൽ നിന്നും മനസ്സിലാക്കുവാൻ സാധിച്ചു. അവിടെ അടുത്തുള്ള ഒരു ചെറിയ കടയിൽ നിന്നും ഇനിയുള്ള കയറ്റത്തിന് അത്യന്താപേക്ഷിതമായ ഊന്നുവടി വാങ്ങിച്ചു. കഴിഞ്ഞ തവണത്തേക്കാൾ അഞ്ചു രൂപ കുറവാണ് ഇത്തവണ. കച്ചവടം തീരെ മോശമാണ്, കച്ചവടക്കാരൻ അയാളുടെ വിഷമം പങ്കുവെച്ചു. ചെക്പോസ്റ്റിന് തൊട്ടടുത്തുതന്നെ ആരോഗ്യവകുപ്പിന്റെ ഒരു എമർജൻസി സെൻറർ പ്രവർത്തിക്കുന്നുണ്ട്. എല്ലാവരും അവരവരുടെ ബിപി ഒന്ന് ചെക്ക് ചെയ്തു. എല്ലാവരും ഹാപ്പി.

ചെക്ക് പോസ്റ്റിനു ശേഷം പുൽമേടുകളും ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് വെച്ചുപിടിപ്പിച്ച തേക്ക് പ്ലാന്റെഷനും ആണ്. പുൽമേട് ഒരു പച്ചപ്പിന്റേതായ കുളിർമ നൽകുന്നുണ്ടെങ്കിലും ആ കുളിർമ അരശുമുടിക്കോട്ട വരെയുള്ളൂ. അവിടം മുതൽ കരിങ്കൽ പാകിയ ചെമ്മൺ റോഡാണ്. വശങ്ങളിൽ മരങ്ങളില്ല, അതായത് തണൽ ഇല്ല എന്ന് സാരം. ഉച്ചസമയം ആയതിനാൽ ഉച്ചിക്ക്‌ തന്നെ നല്ല വെയിൽ കിട്ടി. കഴിഞ്ഞ തവണ പോയപ്പോൾ അങ്ങിങ്ങായി ചെറിയ കടകൾ ഉണ്ടായിരുന്നത് ഇത്തവണ കാണാനേ ഇല്ലായിരുന്നു. ഇടയിൽ ഒരു ചെറിയ മണ്ഡപം ഉണ്ടായിരുന്നതും കാണാനില്ല. എന്തായാലും ആ ചെമ്മൺ പാതയുടെ അവസാനഘട്ടത്തിൽ ഒരു ചെറിയ കട കണ്ടു കിട്ടിയതിനാൽ എല്ലാവർക്കും ആശ്വാസം. എല്ലാവരും ആവശ്യത്തിന് മോര് കഴിച്ചു. ആ കടക്കാർ ഇന്നാണ് ആ കട ഇട്ടത്, തിരക്ക് കൂടുന്നു എന്ന് കരുതി. അവരുടെ ആദ്യത്തെ കച്ചവടം എന്തായാലും ഞങ്ങൾ മോശമാക്കിയില്ല.

നിരപ്പായ ആ പാത അവസാനിക്കുന്നത് കാളകെട്ടി മഹാദേവ ക്ഷേത്രത്തിൽ ആണ്‌. നമ്മൾ ഇപ്പോൾ ഏകദേശം 13 കിലോമീറ്ററോളം താണ്ടിയിരിക്കുന്നു. പുരാതനമായ ഒരു ശിവക്ഷേത്രം. അടുത്തിടെയായി അതിൻറെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഞങ്ങൾ ചെല്ലുമ്പോൾ ശ്രീകോവിലിൻറെ പണി നടന്നു കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പ്രതിഷ്ഠ, പടികൾ കയറി ചെല്ലുന്നതിന് തൊട്ടു വലതുവശത്തായി താത്കാലികമായി മാറ്റി പ്രതിഷ്ഠിച്ചിരിക്കുകയാണ്.

ക്ഷേത്രത്തിന് അരികിലായി ഒരു കൂറ്റൻ ആഞ്ഞിലിമരം കാണാം. മഹിഷിയെ നിഗ്രഹിച്ച് ആഹ്ലാദനൃത്തമാടിയ അയ്യപ്പനെ കാണാൻ എത്തിയ പരമശിവൻ തന്റെ വാഹനമായ നന്ദികേശനെ (കാളയെ) കെട്ടിയത് ഈ ആഞ്ഞിലി മരത്തിലാണ് എന്നാണ് വിശ്വാസം. ഈ സങ്കൽപ്പത്തിൽ നിന്നാണ് ഈ സ്ഥലത്തിന് കാളകെട്ടി എന്ന പേർ ലഭിച്ചത് എന്ന് ഐതീഹ്യം. ആയുർവേദ പച്ചമരുന്ന് കടകളും രണ്ടു, മൂന്ന് ചെറിയ ഹോട്ടലുകളും പോലീസിന്റെ ഒരു aid പോസ്റ്റും ക്ഷേത്ര പരിസരത്തായി പ്രവർത്തിക്കുന്നുണ്ട്.

കാളകെട്ടിയിൽ നിന്ന് നേരെ ചെന്നു കയറുന്നത് ഒരു ടാർറോഡിലാണ്. മുണ്ടക്കഴത്തിൽ നിന്നും അഴുതയിലേക്കുള്ള റോഡ് ആണിത്. അഴുതനദി വരെ ഈ റോഡ് മാർഗ്ഗം. പോലീസിന്റെ ഒരു ചെക്ക് പോസ്റ്റ് അഴുതാനദിക്ക് ഇക്കരെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഫോറസ്റ്റുകാർ തന്ന പാസ് കൈവശമുണ്ടോ എന്ന ചോദിച്ചുവെങ്കിലും തുടർ പരിശോധനകൾ ഒഴിവാക്കി ഞങ്ങളെ കടത്തിവിട്ടു. അഴുതയുടെ അക്കരെ ചെറിയ ഇടത്താവളങ്ങൾ ഒന്നു രണ്ടു മൂന്നെണ്ണം ഉണ്ട്. വേണമെങ്കിൽ രാത്രിയിൽ ഇടത്താവളമായി നമുക്ക് ഉപയോഗിക്കാൻ ഉതകുംവിധം ആണ് സജ്ജീകരണങ്ങൾ.

ഞങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഇടത്താവളത്തിൽ കുറച്ചുനേരം വിശ്രമിക്കുകയും തുടർന്ന് അഴുതാ നദിയിൽ കുളിച്ച് ഒന്നു റിഫ്രഷ് ആയി. അഴുതയിൽ കുളിച്ചു കയറുമ്പോൾ കയ്യിൽ ഒരു കല്ലും കരുതും. ഇനി കയറാനുള്ള അഴുതമേടിന്റെ ഉച്ചിയിലുള്ള കല്ലിടാംകുന്നിൽ നിക്ഷേപിക്കാൻ ഉള്ളതാണിത്. യാദൃശ്ചികമെന്നോണം മുങ്ങിനിവർന്നപ്പോൾ എൻറെ കയ്യിൽ രണ്ട് ഉരുളൻകല്ലുകൾ പെട്ടു. ഒരെണ്ണം തിരിച്ചു ഉപേക്ഷിക്കാൻ ഒരുങ്ങിയപ്പോൾ കഴിഞ്ഞതവണ ഞാൻ കല്ലെടുക്കാൻ മറന്ന കാര്യം കൂടെയുള്ള സ്വാമിമാർ ഓർമിപ്പിച്ചു. അങ്ങനെയാവട്ടെ എന്ന്‌ ഞാനും കരുതി. തുടർന്ന് അന്നത്തെ ആഹാരം കപ്പയും കഞ്ഞിയും.

അടിവാരത്ത് ഫോറസ്റ്റുകാരുടെ ചെക്കിങ് ഉണ്ടായിരുന്നു. വനത്തിനുള്ളിൽ പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുപോകുന്നത് തടയുക എന്നതാണ് അവരുടെ പ്രധാന ദൗത്യം. രണ്ടുമൂന്ന് വെള്ളക്കുപ്പികൾ ഒഴികെ മറ്റൊന്നും പ്ലാസ്റ്റിക് വസ്തുക്കൾ ആയി ഞങ്ങളുടെ കയ്യിൽ ഇല്ല എന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ അത് മുഖവിലക്കെടുക്കുന്നുണ്ടായിരുന്നില്ല. ഈ കുപ്പികൾ വനത്തിൽ ഉപേക്ഷിക്കുകയില്ലെന്നു ആണയടിച്ച് പറഞ്ഞാണ് തുടർന്നു കയറാൻ അവർ അനുവാദം നൽകിയത്. മൂന്നുകിലോമീറ്ററോളം കുത്തനെയുള്ള കയറ്റമാണ് അഴുതമേട്. ഇത്തിരി പ്രയാസപ്പെട്ടുവെങ്കിലും അഴുതമേട് താണ്ടി കല്ലിടാംകുന്നിലെത്തി.

അയ്യപ്പൻ മഹിഷിയുടെ ഭൗതികദേഹം കല്ലും മണ്ണും വാരിയിട്ട്‌ സംസ്‌ക്കരിച്ചതിന്റെ ഓർമ്മയ്‌ക്ക്‌ അഴുതയിൽ നിന്നെടുത്ത കല്ല്‌ ഭക്തർ ഇവിടെ ഇടുന്നു. ഭക്തരുടെ പാപഭാരങ്ങളുടെ പ്രതീകമാണ് ഇങ്ങനെ എടുത്തുകൊണ്ടുവന്ന കല്ല് ഉരുളകൾ എന്നൊരു വിശ്വാസവും ഉണ്ട്. പാപം (കല്ല്) ഇറക്കി കർപ്പൂരം കത്തിച്ച് വണങ്ങി വീണ്ടും യാത്ര തുടങ്ങി.

അയ്യപ്പൻറെ ശത്രുവായ ഉദയനന്റെ കോട്ടയാണ് അടുത്ത കേന്ദ്രം. മലയരയ മഹാസഭയുടെ അധീനതയിലുള്ള ചെറിയൊരു ക്ഷേത്രമുണ്ടിവിടെ. കഴിഞ്ഞതവണ ഇവിടെ ഞങ്ങൾ വരുന്നതിന് തൊട്ടുമുമ്പ് ആനക്കൂട്ടം ആ വഴി കടന്നുപോയെന്ന് അന്നുള്ളവർ പറഞ്ഞ കാര്യം എല്ലാവരും ആ സമയത്തൊന്ന് ഓർമ്മ പുതുക്കി. വിരി വെക്കാനുള്ള സൗകര്യങ്ങൾ ഇവിടെയുമുണ്ട്. പക്ഷേ ഞങ്ങളുടെ ലക്ഷ്യസ്ഥാനം മുക്കുഴി ആയതിനാൽ ശരണമന്ത്രങ്ങളോടെ വീണ്ടും യാത്രയാരംഭിച്ചു. വേഴാമ്പലിന്റെയും ചീവിടിന്റെയും ശബ്ദങ്ങൾ ഞങ്ങളുടെ ശരണമന്ത്രങ്ങളെക്കാൾ ഉച്ചത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു.

അങ്ങനെ വൈകുന്നേരം അഞ്ചരയോടെ കൂടി മുക്കുഴി എത്തി. സമയം അഞ്ചര ആണെങ്കിലും സാമാന്യം നല്ല ഇരുട്ടായി തുടങ്ങിയിരിക്കുന്നു. ഇവിടെ ഓട്ടോറിക്ഷകളും ജീപ്പുകളും മറ്റു ചെറുവാഹനങ്ങളും എത്തും. നാല് കിലോമീറ്റർ മാറി കുഴിമാവിൽ നിന്ന് ബസ് റൂട്ട് ഉണ്ട്. അവിടെനിന്ന് മുണ്ടക്കയത്തേക്ക് ബസ്സ് കിട്ടും. 17 കിലോമീറ്റർ ദൂരമുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. വളരെ നല്ല രീതിയിൽ നടത്തുന്ന വിരിപന്തലുകളും ഹോട്ടലുകളും കാടിനുള്ളിൽ മുക്കുഴിയെ ഒരു ചെറിയ ടൗൺഷിപ്പായി തീർത്തിരിക്കുന്നു. ഇന്ത്യൻ കോഫി ഹൗസിന്റെ വിരിപന്തൽ ആണ് ഞങ്ങൾ വിശ്രമത്തിനായി തിരഞ്ഞെടുത്തത്. കുളിയും ജപവും അത്താഴവും അങ്ങനെ അന്നത്തെ ദിനചര്യകളെല്ലാം തീർത്ത്‌ ഉറക്കം. ക്ഷീണം ഉണ്ടായിരുന്നതിനാൽ അതിവേഗം തന്നെ ഉറക്കം പിടിച്ചു.

പിറ്റേന്ന് അതിരാവിലെ തന്നെ കുളിച്ചു റെഡിയായി, ഇരുമുടികെട്ട് പൂജിച്ചു, ആറുമണിയോടെ അന്നത്തെ യാത്ര ആരംഭിച്ചു. മൂടൽമഞ്ഞ് നിറഞ്ഞ കാലാവസ്ഥ ആയിരുന്നുവെങ്കിലും തണുപ്പ് അധികം ഏശിയതെയില്ല. വഴിയിൽ പലയിടത്തും ആന കടന്നുപോയതിന്റെ അടയാളങ്ങൾ കാണാമായിരുന്നു. എട്ടുമണിയോടുകൂടി കരിയിലാംതോടിനരികത്ത് എത്തി. പ്രഭാത ഭക്ഷണം അവിടെ നിന്ന്. വിരി വെക്കാനുള്ള സൗകര്യങ്ങൾ ഇവിടെയുമുണ്ട്. പത്തിൽ കുറയാതെ ഹോട്ടലുകളുമുണ്ട്.

കരിയിലാംതോട് അടിവാരത്ത് നിന്നാണ് കരിമല കയറ്റം ആരംഭിക്കുന്നത്. മണ്ണിന്‌ കറുപ്പുനിറമായതുകൊണ്ടാണ്‌ ഈ മലയ്‌ക്ക്‌ കരിമല എന്ന്‌ പേരുവന്നതത്രേ. ഏഴു മടക്കുകളുള്ള പതിനൊന്ന് കിലോമീറ്ററോളം ദൂരമുള്ള പാതയാണ് ഇത്. അട്ടയുടെ ശല്യവും ധാരാളമായുണ്ട്. മുൻകരുതലായി എല്ലാവരും ഉപ്പ് കരുതിയിട്ടുണ്ടായിരുന്നു. കാട്ടാന(ശല്യം?) ഏറെയുള്ള പാതയാണിത്. ആനത്താരകൾ ഇഷ്ടംപോലെ പോകുന്ന വഴിയിൽ കാണാൻ കഴിയും. ചൂട് മാറാതെ കിടക്കുന്ന ആനപിണ്ടങ്ങൾ നമ്മളെ ഒന്നു ഭീതിയിലാഴ്ത്ത്മെങ്കിലും ഇതുവരെ പറയത്തക്ക പ്രശ്നങ്ങളൊന്നും നേരിടേണ്ടിവന്നിട്ടില്ല.

പാറക്കെട്ടുകളും മരത്തിൻറെ വേരുകളും കിഴുക്കാംതൂക്കായ കയറ്റങ്ങളും നമ്മളെ ‘കരിമലകയറ്റം കഠിനമെന്റയ്യപ്പാ’ എന്ന് ആത്മാർത്ഥമായി വിളിപ്പിക്കും. ഏഴ് മടക്കുകളും താണ്ടിയാൽ കരിമലതാവളം. അവിടെ അഖില ഭാരതീയ അയ്യപ്പ സേവാസംഘം വകയായി അന്നദാനം നടത്തുന്നുണ്ട്. നല്ല ചൂടൻ കഞ്ഞിയും അച്ചാറും. കഴിഞ്ഞ തവണത്തെ പോലെ വട പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത്തവണ അതുണ്ടയിരുന്നില്ല. തുടർന്ന് കുറച്ചുനേരം വിശ്രമം. കരിമലനാഥന്റെ അനുഗ്രഹവും വാങ്ങി കരിമലയിറക്കം. കയറ്റത്തേക്കാൾ ശ്രദ്ധിക്കണം ഇറക്കത്തിന്. കാലിൻറെ പേശികളുടെ ക്ഷമത അളക്കുന്നതാണ് ഇറക്കം എന്ന് വേണമെങ്കിൽ പറയാം. കുറച്ചധികം സമയം തന്നെ വേണം ഇറക്കത്തിന്.

കരിമല ഇറങ്ങിക്കഴിഞ്ഞാൽ സാമാന്യം നിരപ്പായ പാതയാണ്. രണ്ടു ഇടത്താവളങ്ങളും ഉണ്ട്. വലിയാനവട്ടവും ചെറിയാനവട്ടവും. വലതു വശത്തുകൂടെ പമ്പ ഒഴുകുന്നത് കാണാം. കഴിഞ്ഞ പ്രളയത്തിൽ പമ്പ ഗതി മാറി ഒഴുകിയതിന്റെ അടയാളങ്ങൾ പലയിടത്തും കാണാം. പലയിടത്തും പാതകൾ ഇടിഞ്ഞ് പോയിരിക്കുന്നതും കാണാം. ഏകദേശം ഉച്ചയോടുകൂടി പമ്പയിലെത്തി. പമ്പാസ്നാനം കഴിഞ്ഞു പ്രാർത്ഥിച്ചു സന്നിധാനത്തിലേക്കുള്ള യാത്ര. ഇനി നീലിമല മാത്രം മുന്നിൽ.

ഇനിയുള്ള യാത്ര ഏവർക്കും പരിചിതമായതിനാൽ അതിവിടെ കുറിക്കുന്നില്ലാ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post