നമ്മുടെ നാട്ടിൽ രണ്ടു തരത്തിലുള്ള ബസ് സർവീസുകളാണ് ഉള്ളത്. ഒന്ന് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ കെഎസ്ആർടിസിയും രണ്ട് സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള പ്രൈവറ്റ് ബസ്സുകളും. ഇവയിൽ പ്രൈവറ്റ് ബസ്സുകൾക്ക് പേരുകൾ നൽകുന്നതിനാൽ അവയെ ആ പേരു കൊണ്ട് തിരിച്ചറിയാം. മുൻപ് കളർ കൊണ്ടും തിരിച്ചറിയുമായിരുന്നു. എന്നാൽ ഇപ്പോൾ ഏകീകൃത കളർകോഡ് സംസ്ഥാനത്തുടനീളം നടപ്പിലാക്കിയതോടെ ആ വഴി നിന്നു.

പിന്നെ പ്രൈവറ്റ് ബസ്സുകളുടെ രൂപത്തിലും ചില വ്യത്യാസങ്ങൾ കാണാവുന്നതാണ്. വിവിധ ബോഡി വർക്ക്ഷോപ്പുകളിൽ നിന്നും നിർമ്മിക്കുന്നതിനാലാണ് ഇങ്ങനെ. ഓരോ വർക്ക്ഷോപ്പുകൾക്കും അവരുടേതായ ഒരു ബോഡി ഡിസൈൻ ഉണ്ടായിരിക്കും.

ഇനി കെഎസ്ആർടിസിയുടെ കാര്യമെടുത്താലോ? സാധാരണ യാത്രക്കാർക്ക് കെഎസ്ആർടിസി ബസുകളെ തിരിച്ചറിയുവാൻ നല്ല ബുദ്ധിമുട്ടു തന്നെയാണ്. പക്ഷേ, കെഎസ്ആർടിസി ബസ്സുകളെ തിരിച്ചറിയുവാൻ രണ്ടു മാർഗ്ഗങ്ങളുണ്ട്. രജിസ്റ്റേർഡ് നമ്പറും പിന്നെ ബോണറ്റ് നമ്പറും. ഇതിൽ ബോണറ്റ് നമ്പറാണ് ഒരു കെഎസ്ആർടിസി ബസ് തിരിച്ചറിയുവാൻ ഏറ്റവും എളുപ്പം.

എന്താണ് ഈ ബോണറ്റ് നമ്പർ? കെഎസ്ആർടിസി ബസ്സുകളുടെ മുന്ഭാഗത്തും അകത്തും പിന്നിലും ഒക്കെ രേഖപ്പെടുത്തിയിരിക്കുന്ന ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും അടങ്ങിയ ഒരു കോഡ് നമ്പർ ശ്രദ്ധിച്ചിട്ടുണ്ടോ? വിശദവിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

ഇനി ഈ കോഡ് എന്തിനാണ് രേഖപ്പെടുത്തുന്നതെന്നും ഈ കോഡുകൾക്ക് പിന്നിലുള്ള വിവരങ്ങൾ എന്താണെന്നും കൂടി അറിയാം. 1970 കളിലാണ് ഇത്തരത്തിലുള്ള ബോണറ്റ് നമ്പറുകൾ അഥവാ ബസ് കോഡുകൾ കെഎസ്ആർടിസി ഉപയോഗിച്ചു തുടങ്ങിയത്. ‘TRANSPORT’ എന്ന വാക്കിൽ നിന്നുമാണ് ഈ കോഡിലെ അക്ഷരങ്ങൾ എടുത്തിരിക്കുന്നത്. ഇതിലെ T, R, A, N, S, P എന്നീ അക്ഷരങ്ങളാണ് ബസ് കോഡിനായി ഉപയോഗിക്കാറുള്ളത്.

വിവിധ സീരീസുകളായാണ് ഇത്തരത്തിൽ കോഡുകൾ നൽകുന്നത്. ഓരോ സീരീസിലും 1000 ബസ്സുകളായിരിക്കും ഉണ്ടാകുക. ആ സീരീസുകൾ ഇങ്ങനെയാണ് : ‘R’ സീരീസ് – 1970, ‘A’ സീരീസ് – 1976, ‘N‘ സീരീസ് – 1980, ‘S‘ സീരീസ് – 1984, ‘P‘ സീരീസ് – 1987. ഇവയിലൊന്നും പെടാത്ത ‘D’ എന്ന മറ്റൊരു സീരീസ് കൂടിയുണ്ട് കെഎസ്ആർടിസിയിൽ. ഇത് ഉപയോഗിക്കുന്നത് ഡിപ്പോ വാനുകൾക്കാണ്. 90′ കളുടെ തുടക്കത്തോടെ പിന്നീട് രണ്ടക്ഷരങ്ങൾ അടങ്ങിയ കോഡുകൾ നിലവിൽ വന്നു. T യിൽ ആരംഭിക്കുന്ന കോഡുകളായിരുന്നു അവ. അവയുടെ വിശദവിവരങ്ങൾ ഇതാ : ‘TR‘ സീരീസ് – 1990, ‘TA‘ സീരീസ് – 1993, ‘TN‘ സീരീസ് – 1995, ‘TS‘ സീരീസ് – 1997, ‘TP‘ സീരീസ് – 1999.

1994 മുതൽ 1999 വരെയുള്ള കാലയളവിനുള്ളിൽ ഏകദേശം 144 ബസ്സുകൾ കെഎസ്ആർടിസിയുടെ സ്വന്തം എടപ്പാൾ റീജ്യണൽ വർക്ക്ഷോപ്പിൽ നിന്നും ബോഡി കെട്ടി പുറത്തിറക്കുകയുണ്ടായി. ഈ ബസ്സുകൾക്ക് ‘TE’ എന്ന കോഡായിരുന്നു നൽകിയത്. E എന്നാൽ എടപ്പാൾ എന്നർത്ഥം. T സീരീസുകൾ പൂർത്തിയായപ്പോൾ പിന്നെ R സീരീസുകളുടെ ആരംഭമായി. R സീരീസുകളിൽ ആദ്യത്തെ സീരീസ് ആയ ‘RT’ 2004 ൽ ആരംഭിച്ചു.

അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാർ ഹൈ-ടെക് ബോഡിയിൽ തീർത്ത ബസ്സുകൾ ഇറക്കി ശ്രദ്ധേയമായ സമയമായിരുന്നു അത്. അതിനാൽ ഈ സീരീസിലെ മിക്ക ബസ്സുകളും ആ മോഡൽ ആയിരുന്നു. TP സീരീസിലും ഹൈടെക് ബസുകളുണ്ട്. 2006 ആയതോടെ ‘RR’ സീരീസ് ബസ്സുകൾ നിരത്തിലിറങ്ങി. RR1 മുതൽ RR 54 വരെയുള്ള ബസ്സുകളായിരുന്നു ഈ സീരീസിൽ പുറത്തിറങ്ങിയത്. അപ്പോഴേക്കും കെഎസ്ആർടിസി തങ്ങളുടെ എല്ലാ വർക്ക് ഷോപ്പുകളിൽ നിന്നും ബസ്സുകൾ സ്വന്തമായി ബോഡി കെട്ടിത്തുടങ്ങി. കെഎസ്ആർടിസിയ്ക്ക് മൊത്തം അഞ്ച് വർക്ക് ഷോപ്പുകളാണുള്ളത്. തിരുവനന്തപുരത്തെ പാപ്പനംകോടുള്ള സെൻട്രൽ വർക്ക് ഷോപ്പും മാവേലിക്കര, ആലുവ, എടപ്പാൾ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലുള്ള റീജ്യണൽ വർക്ക് ഷോപ്പുകളുമാണ് അവ.

ഇത്തരത്തിൽ സ്വന്തം വർക്ക്ഷോപ്പുകളിൽ നിന്നും ബോഡി കെട്ടി ഇറക്കുവാൻ തുടങ്ങിയതോടെ പിന്നീടുള്ള സീരീസുകളോടൊപ്പം വർക്ക് ഷോപ്പ് തിരിച്ചറിയുന്നതിനുള്ള ലെറ്റർ കൂടി നൽകുവാൻ ആരംഭിച്ചു. സെൻട്രൽ വർക്ക്ഷോപ്പ് – C, മാവേലിക്കര – M, ആലുവ – A, എടപ്പാൾ – E, കോഴിക്കോട് – K എന്നിങ്ങനെയാണ് അവ. അങ്ങനെ RR സീരീസിലെ 55 ആമത്തെ ബസ് കോഴിക്കോട് വർക്ക് ഷോപ്പിൽ നിന്നും പുറത്തിറങ്ങിയപ്പോൾ അതിനു ‘RRK 55’ എന്ന കോഡ് നൽകുകയുണ്ടായി.

ഇതിനിടയിൽ ടാറ്റായുടെ ഗ്ലോബസ് മോഡലിലുള്ള 20 എസി എയർ ബസുകൾ വാങ്ങി. ഇവ സ്വന്തം വർക്ക്ഷോപ്പിൽ നിന്നുള്ളതല്ലാത്തതിനാൽ അവയ്ക്ക് RR എന്നുതന്നെ രേഖപ്പെടുത്തി. RR 201 മുതൽ RR 220 വരെയുള്ള ബസ്സുകളായിരുന്നു ടാറ്റാ ഗ്ലോബസുകൾ. 2008 ൽ RR സീരീസുകൾ അവസാനിക്കുകയും RA സീരീസ് ആരംഭിക്കുകയും ചെയ്തു. RAC, RAM, RAA, RAE, RAK എന്നിങ്ങനെയായിരുന്നു കോഡുകൾ. ഈ സമയത്താണ് കെഎസ്ആർടിസി ആദ്യമായി വോൾവോ ബസ്സുകൾ വാങ്ങുന്നത്. അവയ്ക്ക് യഥാക്രമം RA 100, RA 101, RA 102 എന്നിങ്ങനെ നമ്പറുകൾ നൽകി. RA,RN,RS,RP എന്നീ സീരീസുകൾ ഇതുവരെയുള്ള കാലയളവിൽ അവസാനിച്ചു കഴിഞ്ഞു. ഇപ്പോൾ നിലവിൽ ഓടിക്കൊണ്ടിരിക്കുന്നത് AT സീരീസ് ആണ്.

ഇതിനിടയിൽ രസകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. ചില ബസ്സുകൾക്ക് ഇത്തരത്തിലുള്ള കോഡിനു പകരം 11000, 12000, 13000, 15000, etc എന്നിങ്ങനെ നമ്പറുകൾ കൊടുത്തിട്ടുണ്ട്. അത് കെഎസ്ആർടിസിയുടെ ഇത്രാമത്തെ ബസ് ആണ് അതെന്നു കാണിക്കുവാനാണ്. ഓരോ സീരീസിലും ആയിരാമത്തെ ബസ്സിന്‌ ഇപ്പോൾ ഇത്തരത്തിൽ നമ്പറുകൾ നൽകി വരുന്നുണ്ട്.

കെഎസ്ആർടിസിയുടെ മറ്റു കോഡുകൾ : കെഎസ്ആർടിസിയുടെ ടാങ്കർ ലോറികൾക്ക് TT, ആംബുലൻസുകൾക്ക് AV, ജനറം പദ്ധതിയിൽപ്പെട്ട KURTC ബസ്സുകൾക്ക് JN എന്നിങ്ങനെയാണ് കോഡുകൾ നൽകിയിരിക്കുന്നത്. കെഎസ്ആർടിസി ബസുകളിൽ കാണപ്പെടുന്ന ആ കോഡുകൾക്കു പിന്നിൽ ഇത്രത്തോളം സംഭവങ്ങളുണ്ടെന്നു ഇപ്പോൾ മനസിലായില്ലേ? ഇനി കെഎസ്ആർടിസി ബസ്സുകൾ കാണുമ്പോൾ ഈ കാര്യങ്ങൾ ഒന്നോർക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.