മധ്യ കേരളത്തിലാണ് കോട്ടയം ജില്ല സ്ഥിതി ചെയ്യുന്നത്. കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം “അക്ഷര നഗരി” എന്നും അറിയപ്പെടുന്നു. ഇന്ത്യയിലാദ്യമായി സമ്പൂർണ്ണസാക്ഷരത കൈവരിച്ച നഗരമാണ് കോട്ടയം. കോട്ടയം ജില്ലയിൽ നിരവധി ക്ഷേത്രങ്ങളുണ്ട്. എന്നാൽ അവയിൽ ഏറ്റവും പ്രശസ്തമായ അഞ്ചു ക്ഷേത്രങ്ങൾ ഇവിടെ നിങ്ങള്ക്ക് മുൻപിൽ പരിചയപ്പെടുത്തുകയാണ്.

എരുമേലി ശ്രീധർമ്മശാസ്താക്ഷേത്രം : മധ്യ കേരളത്തിലെ പ്രധാനപ്പെട്ട ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണ് എരുമേലി ശ്രീധർമ്മശസ്താ ക്ഷേത്രം. ശബരി മലയിലേക്കുള്ള റൂട്ട് ആയതിനാൽ മണ്ഡലകാലമാകുമ്പോൾ ഇവിടെ വാൻ ഭക്തജനത്തിരക്ക് ആയിരിക്കും അനുഭവപ്പെടുക. ഇവിടെ രണ്ട് ക്ഷേത്രങ്ങളുണ്ട്, കൊച്ചമ്പലവും വലിയമ്പലവും. അവ തമ്മിൽ അര കിലോമീറ്റർ മാത്രം അകലമേയുള്ളൂ. എരുമേലി പേട്ടതുള്ളൽ എന്ന പ്രസിദ്ധമായ ആചാരവും ഇവിടെയാണ് നടക്കുന്നത്. എരുമകൊല്ലി എന്ന സ്ഥലമാണ് പിന്നീട് എരുമേലി എന്നായിത്തീർന്നത്. അയ്യപ്പൻ മഹിഷിയെ വധിച്ചത് ഇവിടെ വച്ചാണെന്ന് വിശ്വാസമുണ്ട്. ക്ഷേത്രത്തിലെ ഏക ഉപദേവതാ പ്രതിഷ്ഠ മാളികപ്പുറത്തമ്മയാണ്. ദിവസേന മൂന്ന് പൂജകളാണുളളത്, ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ.

വൈക്കം ശ്രീ മഹാദേവ ക്ഷേത്രം : ദക്ഷിണകാശി എന്ന്‌ വിഖ്യാതമായ വൈക്കം മഹാദേവക്ഷേത്രം കോട്ടയം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. എറണാകുളത്തുള്ളവർക്ക് എളുപ്പത്തിൽ എത്തുവാൻ പറ്റിയ ക്ഷേത്രമാണ് ഇത്. പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. . ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് വേമ്പനാട്ട് കായൽ നീണ്ടുനിവർന്നുകിടക്കുന്നു. അവിടെ ഒരു ബോട്ട് ജെട്ടിയുമുണ്ട്. വൈക്കം പട്ടണത്തിന്റെ ഏതാണ്ട് ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വൈക്കം സ്വകാര്യ ബസ് സ്റ്റാൻഡ്, പോലീസ് സ്റ്റേഷൻ, സബ് ട്രഷറി, കോടതി, ഹോട്ടലുകൾ, ലോഡ്ജുകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം സ്ഥിതിചെയ്യുന്നത് ക്ഷേത്രത്തിന്റെ നാലുഭാഗത്തുമായി ഒരു കിലോമീറ്റർ ചുറ്റളവിലാണ്. ശബരിമലയ്ക്കുപോകുന്ന ധാരാളം ഭക്തർ മണ്ഡലകാലത്ത് വൈക്കത്തെത്താറുണ്ട്. ശബരിമല ഇടത്താവളങ്ങളിലൊന്നായി വൈക്കം ക്ഷേത്രത്തെ മാറ്റിയിട്ടുണ്ട്.

ഏറ്റുമാനൂർ മഹാദേവക്ഷേത്രം : ഏറ്റുമാനൂർ നഗരഹൃദയത്തിൽ എം.സി. റോഡിന്റെ കിഴക്കുവശത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. ആയിരത്തിലധികം പഴക്കമുള്ള ക്ഷേത്രം കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. ക്ഷേത്രത്തിലെ അതിപ്രസിദ്ധമായ രണ്ട് പ്രത്യേകതകളാണ് ക്ഷേത്രത്തിലെ വലിയ വിളക്കും ഏഴരപ്പൊന്നാനയും. ആസ്ഥാന മണ്ഡപത്തിലെ ഏഴരപ്പൊന്നാന ദർശനം എന്തുകൊണ്ടും വളരെ പ്രാധാന്യമർഹിക്കുന്നു. തേക്കിൻതടിയിൽ തീർത്ത് സ്വർണ്ണം പൂശിയ വിഗ്രഹങ്ങളാണ് ഇവ. ക്ഷേത്രത്തിലെ ഉൽസവക്കാലത്തു എട്ടാം ഉൽസവദിവസം ഈ പൊന്നാനകളുടെ എഴുന്നെള്ളത്തു കാണാൻ അഭൂതപൂർവ്വമായ തിരക്കാണു ഉണ്ടാകുന്നത്.

കടുത്തുരുത്തി തളി മഹാദേവക്ഷേത്രം : കോട്ടയം ജില്ലയിലെ കടുത്തുരുത്തി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് കടുത്തുരുത്തി തളി മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ (തളി ശിവക്ഷേത്രം കോഴിക്കോട്, കടുത്തുരുത്തി തളി മഹാദേവക്ഷേത്രം, കീഴ്ത്തളി മഹാദേവക്ഷേത്രം കൊടുങ്ങല്ലൂർ, തളികോട്ട മഹാദേവക്ഷേത്രം, കോട്ടയം) ഒരു തളിയാണ് ഈ മഹാദേവക്ഷേത്രം. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. എന്നാൽ ഭക്തർക്ക് വരാൻ കൂടുതൽ സൗകര്യം പടിഞ്ഞാറേ നടയിൽ നിന്നാണ്. കാരണം, എറണാകുളം-ഏറ്റുമാനൂർ സംസ്ഥാനപാത കടന്നുപോകുന്നത് ആ ഭാഗത്താണ്. വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യമാണന്നു കരുതിപോരുന്നു.

രാമപുരം ശ്രീരാമസ്വാമിക്ഷേത്രം : കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ രാമപുരം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് രാമപുരം ശ്രീരാമസ്വാമിക്ഷേത്രം. രാമപുരം ഗ്രാമത്തിന് ആ പേര് വരാൻ തന്നെ കാരണമായത് ഈ ക്ഷേത്രം നിലനിൽക്കുന്നതാണ്. തൃശ്ശൂർ, എറണാകുളം ജില്ലകളിലെ നാലമ്പലങ്ങൾ കഴിഞ്ഞാൽ ഏറ്റവും പ്രസിദ്ധമായ നാലമ്പലങ്ങളുള്ളത് കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തിലാണ്. രാമായണമാസമായ കർക്കടകത്തിൽ ആയിരങ്ങൾ ഈ ക്ഷേത്രങ്ങൾ ദർശിച്ച് നിർവൃതി നേടാറുണ്ട്. ആദ്യത്തെ നാലമ്പലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏതാനും മിനിറ്റുകൾക്കുള്ളിൽ ദർശനം കഴിച്ചുപോരാം എന്നൊരു സൗകര്യവുമുണ്ട്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിൽ നിന്ന് അല്പം മാറി പാലാ-കൂത്താട്ടുകുളം റോഡ് കടന്നുപോകുന്നു. റോഡിന്റെ വശത്ത് ക്ഷേത്രത്തിന്റെ പേരെഴുതിവച്ച കവാടം കാണാം. എറണാകുളം വൈറ്റില ഹബ്ബിൽ നിന്നും ഇതുവഴി പോകുന്ന ബസ്സുകൾ ലഭിക്കും.

തിരുനക്കര മഹാദേവക്ഷേത്രം : കോട്ടയം ജില്ലയിലെ തിരുനക്കരയിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ശിവക്ഷേത്രമാണ് തിരുനക്കര മഹാദേവക്ഷേത്രം. നൂറ്റെട്ട് ശിവാലയങ്ങളിലെ ആദ്യ ക്ഷേത്രമായ തൃശ്ശിവപേരൂർ വടക്കുംനാഥൻ തന്നെയാണ് ഇവിടെയും കുടികൊള്ളുന്നത് എന്നാണ് ഐതിഹ്യം. വടക്കുംനാഥക്ഷേത്രത്തിനുചുറ്റും തേക്കിൻകാട് മൈതാനം പോലെ തിരുനക്കര ക്ഷേത്രത്തിനുചുറ്റും തിരുനക്കര മൈതാനവുമുണ്ട്. കോട്ടയം വഴി കടന്നുപോകുന്ന ഏതൊരാളും തിരുനക്കര ക്ഷേത്രത്തിന്റെ ഏതെങ്കിലുമൊരു മൂലയിലൂടെയല്ലാതെ കടന്നുപോകില്ല. ശബരിമല തീർത്ഥാടനം നടക്കുന്ന നവംബർ-ഡിസംബർ മാസങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും കോട്ടയത്തെത്തുന്ന അയ്യപ്പഭക്തരുടെ ഒരു പ്രധാന അഭയ കേന്ദ്രമാണ്‌ തിരുനക്കര മഹാദേവ ക്ഷേത്രം.

കുമാരനല്ലൂർ ഭഗവതീക്ഷേത്രം : കേരളത്തിലെ നൂറ്റെട്ടു ദുർഗാലയങ്ങളിൽ (ദുർഗ പ്രതിഷ്ഠയുള്ള ക്ഷേത്രം) ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് കുമാരനല്ലൂർ ഭഗവതീക്ഷേത്രം. കുമാരനല്ലൂരിനു അഞ്ചു കിലോമീറ്റർ മാറിയാണ് കോട്ടയം നഗരഹൃദയം. കുമാരനല്ലൂർ ദേവി ക്ഷേത്രവും അവിടുത്തെ തൃക്കാർത്തിക മഹോത്സവവും വളരെ പ്രശസ്തമാണ്. ഈ ക്ഷേത്രത്തിൽ, പരശുരാമൻ ആരാധിച്ചിരുന്ന ദുർഗ്ഗാഭഗവതിയെ അഞ്ജനശിലയിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ്‌ എന്നാണ് സങ്കൽപ്പം. മധുര മീനാക്ഷീ സങ്കൽപ്പത്തിൽ ആണ് പ്രതിഷ്ഠ. “കുമാരനെല്ലൂരമ്മ” എന്ന് ഇവിടത്തെ പ്രതിഷ്ഠ അറിയപ്പെടുന്നു.

ഈ ക്ഷേത്രങ്ങളെക്കുറിച്ചും ഐതിഹ്യങ്ങളെക്കുറിച്ചും വിശദമായി കാര്യങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കുവാൻ ഏറെ സഹായകമായത് വിക്കിപീഡിയയിലെ വിവരങ്ങളാണ്. ഈ ക്ഷേത്രങ്ങളിലേക്കുള്ള അല്ലെങ്കിൽ കോട്ടയത്തേക്കുള്ള KSRTC ബസ് സമയങ്ങൾ അറിയുവാൻ – CLICK HERE.

ചിത്രങ്ങൾക്ക് കടപ്പാട് – ഗൂഗിൾ (അവ എടുത്ത പേരറിയാത്ത വ്യക്തികൾക്കും).

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.