ലോകത്തിലെ ഏറ്റവും നീളമുള്ള ബസ് റൂട്ട് ഏതായിരിക്കും? ഇപ്പോൾ സർവ്വീസ് നടത്തുന്നില്ലെങ്കിലും, ഇംഗ്ലണ്ടിലെ ലണ്ടനിൽ നിന്നും നമ്മുടെ ഇന്ത്യയിലെ കൽക്കട്ടയിലേക്ക് ഉണ്ടായിരുന്ന ബസ് സർവ്വീസ് ആണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് റൂട്ടായി കണക്കാക്കപ്പെടുന്നത്.
1957 ലാണ് ലണ്ടൻ – കൽക്കട്ട (ഇന്നത്തെ കൊൽക്കത്ത) റൂട്ടിൽ ബസ് സർവ്വീസ് ആരംഭിക്കുന്നത്. അന്നത്തെ വാർത്തകൾ പ്രകാരം ഏകദേശം 50 ദിവസത്തോളം എടുത്തായിരുന്നു ബസ് ലണ്ടനിൽ നിന്നും കൽക്കട്ടയിൽ എത്തിച്ചേർന്നത്.
ലണ്ടനിൽ നിന്നും ആരംഭിച്ച് ബെൽജിയം, പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് ബസ് ഇന്ത്യയിലേക്ക് കിടന്നിരുന്നത്. ഇന്ത്യയിൽ പ്രവേശിച്ചതിന് ശേഷം ബസ് ന്യൂ ഡൽഹി, ആഗ്ര, അലഹബാദ്, ബനാറസ് വഴി കൽക്കട്ടയിൽ എത്തിച്ചേരും. ഹിപ്പി റൂട്ട് എന്നാണു ഈ റൂട്ട് അറിയപ്പെടുന്നത്.
85 പൗണ്ട് സ്റ്റെർലിങ് ആയിരുന്നു അക്കാലത്ത് ഒരു വശത്തെ യാത്രക്ക് ഉള്ള ബസ് ചാർജ്. ഇത് ഇന്നത്തെ 8000 രൂപയോളം വരും. ഈ ടിക്കറ്റ് ചാർജ്ജിൽ യാത്രയ്ക്കിടയിലെ ഭക്ഷണം, താമസം തുടങ്ങിയവയും ഉൾപ്പെട്ടിരുന്നു. വായിക്കാനുള്ള സംവിധാനങ്ങൾ, ഓരോരുത്തർക്കും പ്രത്യേകം സ്ലീപ്പിങ് ബങ്കുകൾ, പാട്ടുകൾ കേൾക്കാനുള്ള സംവിധാനം, ഫാനിൽ പ്രവർത്തിക്കുന്ന ഹീറ്ററുകൾ എന്നിങ്ങനെ അക്കാലത്ത് ആഡംബരം എന്ന് കണ്ടിരുന്ന പലതും ഈ യാത്രയിൽ യാത്രക്കാർക്കായി സജീകരിച്ചിരുന്നു.
സാധാരണ ബസ് സർവ്വീസ് എന്നതിലുപരി ഒരു ടൂർ എന്ന രീതിയിലായിരുന്നു ഇതിന്റെ യാത്ര ക്രമീകരിച്ചിരുന്നത്. യാത്രയ്ക്കിടയിൽ ബസ് യാത്രികർക്ക് സാൽസ്ബർഗ്, വിയന്ന, ഇസ്‌താംബൂൾ, ടെഹ്‌റാൻ, കാബൂൾ, ന്യൂ ഡൽഹി എന്നീ നഗരങ്ങളിൽ ഷോപ്പിംഗിനായും ഗംഗാ നദീതീരത്തെ ബനാറസ്, താജ്‌മഹൽ എന്നിവിടങ്ങളിൽ സന്ദർശനത്തിനായും സമയം അനുവദിച്ചിരുന്നു. ബസ്സിൽ മാത്രമല്ല അന്ന് കാറിലും വാനിലും ക്യാമ്പറുകളിലുമൊക്കെ യൂറോപ്യന്മാർ ഇന്ത്യയിലേക്ക് വന്നിരുന്നു.
വർഷങ്ങൾക്ക് ശേഷം ഈ ബസ് ഒരു അപകടത്തിൽപ്പെടുകയും പിന്നീട് സർവ്വീസിന് യോഗ്യമല്ലാതായിത്തീരുകയും ഉണ്ടായി. പിന്നീട് ഈ ബസ് ആൻഡി സ്റ്റുവർട്ട് എന്ന ബ്രിട്ടീഷ് സഞ്ചാരി വാങ്ങുകയും ചെയ്തു. വാങ്ങിയശേഷം അദ്ദേഹം ബസ് ഗാരേജിൽ കയറ്റി, ഒരു മൊബൈൽ ഹോം ആക്കി പണിതിറക്കുകയും ചെയ്തതോടെ ബസ്സിന്റെ അടുത്ത പ്രയാണത്തിന് തുടക്കമായി. ഡബിൾ ഡക്കർ ആക്കി പുതുക്കിപ്പണിത ഈ ബസ്സിന് ആൽബർട്ട് എന്നായിരുന്നു പേര് നൽകിയത്.
അങ്ങനെ 1968 ഒക്ടോബർ 8 നു സിഡ്‌നിയിൽ നിന്നും ഇന്ത്യ വഴി ലണ്ടനിലേക്ക് ഈ ബസ് യാത്ര നടത്തുകയും ചെയ്തു. 132 ഓളം ദിവസങ്ങളെടുത്തായിരുന്നു ഈ ബസ് ലണ്ടനിൽ എത്തിച്ചേർന്നത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങൾ കേന്ദ്രമാക്കി ആൽബർട്ട് ടൂർസ് എന്ന പേരിൽ കമ്പനി തുടങ്ങുകയും, ലണ്ടൻ – കൊൽക്കത്ത – ലണ്ടൻ, ലണ്ടൻ – കൊൽക്കത്ത – സിഡ്‌നി തുടങ്ങിയ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കുകയും ചെയ്തു.
ലണ്ടനിൽ നിന്നും പാക്കിസ്ഥാൻ വഴി ഇന്ത്യയിലെത്തുന്ന ബസ് കൽക്കട്ടയിൽ നിന്ന് ബർമ, തായ്ലാൻഡ്, മലേഷ്യ, വഴി സിംഗപ്പൂരിലും, അവിടെ നിന്ന് ഓസ്‌ട്രേലിയയിലെ പെർത്തിലേക്ക് കപ്പൽ മാർഗ്ഗം എത്തിച്ചേരുകയും, അവിടെ നിന്നും റോഡ്‌മാർഗ്ഗം സിഡ്‌നിയിലേക്ക് പോകുകയുമാണ് ചെയ്തിരുന്നത്.
ഈ സർവ്വീസിൽ ലണ്ടൻ മുതൽ കൽക്കട്ട വരെ 145 പൗണ്ട് ആയിരുന്നു ചാർജ്ജ്. മുൻപത്തേതു പോലെത്തന്നെ ആധുനിക സൗകര്യങ്ങളൊക്കെയും ഈ സർവ്വീസിലും ഉണ്ടായിരുന്നു. ഇറാനിലെ പ്രശ്‍നങ്ങളും, പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ പ്രശ്നങ്ങൾ രൂക്ഷമായതും അതുവഴിയുള്ള യാത്രകൾക്ക് വളരെയേറെ അപകടസാധ്യതകൾ വർദ്ധിച്ചതുമൊക്കെ ഇതുവഴിയുള്ള യാത്രകൾക്ക് ഒരു തടസ്സമായി മാറിയതോടെ 1976 ൽ ഈ ബസ് സർവ്വീസ് അവസാനിപ്പിക്കുകയായിരുന്നു.
സർവ്വീസ് എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിനു മുൻപ് ഏകദേശം 15 ഓളം ട്രിപ്പുകൾ ആൽബർട്ട് ടൂർസ് പൂർത്തിയാക്കിയതായും റിപ്പോർട്ടുകളുണ്ട്. ലോകം കണ്ട സഞ്ചാരി കൂടിയായ ആൽബർട്ട് എന്നു പേരുള്ള ഈ ബസ് ഇപ്പോൾ നന്നായി പരിപാലിച്ചു പോരുന്നു.
ഏതൊരു സഞ്ചാരിയെയും കൊതിപ്പിക്കുന്ന ഈ റൂട്ടിലെ ബസ് യാത്ര ഇനി സാധ്യമാക്കാൻ യാതൊരു സാധ്യതയുമില്ല. എങ്കിലും എന്നെങ്കിലും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ മാറി ഈ റൂട്ടിൽ ബസ് സർവ്വീസ് ആരംഭിക്കുമെന്നും, നമുക്ക് അതിൽ യാത്ര ചെയ്യാമെന്നുമൊക്കെ പ്രതീക്ഷിക്കാം.