അതി ഗംഭീരമായ ദുബായ് യാത്രയ്ക്കു ശേഷം അടുത്തുതന്നെ എൻറെ യാത്ര ഒമാനിലെ മസ്കറ്റിലേക്ക് ആയിരുന്നു. മസ്‌കറ്റിലെ അനന്തപുരി ഗ്രൂപ്പിന്റെ അനന്തപുരി & 1947 റസ്റ്റോറന്റുകൾ സന്ദർശിക്കുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം. നിർഭാഗ്യവശാൽ ഇടുക്കി ഡാം തുറന്നു വിട്ട അതേ ദിവസം തന്നെയായിരുന്നു എൻ്റെ യാത്രയും. ആ ദിവസം കുറച്ചു സമയം നെടുമ്പാശ്ശേരി എയർപോർട്ട് അടച്ചിട്ടത് എന്നെപ്പോലെ എല്ലാവരിലും ആശങ്ക പരത്തി. എന്നാൽ ഉച്ചയോടെ എയർപോർട്ട് വീണ്ടും തുറക്കുകയാണുണ്ടായത്. ഹോ.. ഭാഗ്യം..

ഉച്ചയ്ക്കു ശേഷം ഞാൻ എയർപോർട്ടിൽ എത്തുകയും കാർ പാർക്കിംഗ് ഏരിയയിൽ കൊണ്ടിടുകയും ചെയ്തു. രാത്രി 7.30 ന്റെ ജെറ്റ് എയർവേയ്‌സ് വിമാനത്തിലാണ് ഞാൻ മസ്കറ്റിലേക്ക് പോകുന്നത്. ചെക്ക് ഇൻ നടപടി ക്രമങ്ങൾക്കും ഇമിഗ്രെഷൻ പരിശോധനകൾക്കും ശേഷം ഞാൻ മുകൾ ഭാഗത്തെ ലോഞ്ചിലേക്ക് നടന്നു. അവിടെ ഒരു കിടിലൻ ഫുഡ് കോർട്ടും ഉണ്ടായിരുന്നു. എൻ്റെ കയ്യിൽ ഉണ്ടായിരുന്ന ICICI മാസ്റ്റർ കാർഡ് ഉപയോഗിച്ച് ലോഞ്ച് ആക്സസ് ഞാൻ എടുത്തു. ലോഞ്ചിലെ പ്രത്യേകത എന്തെന്നാൽ അൺലിമിറ്റഡ് ഫ്രീ ഫുഡ് കിട്ടും എന്നതാണ്. അതുപോലെത്തന്നെ തിരക്കുകളിൽ നിന്നും മാറി സ്വസ്ഥമായി ഇരിക്കുവാനും സാധിക്കും. ലോഞ്ചിൽ ഇരുന്നാൽ റൺവേ അടുത്തായി കാണുവാൻ സാധിക്കും. റൺവേയിൽ കയറിയ വെള്ളം ജീവനക്കാർ പമ്പ് ചെയ്ത് കളയുന്നത് ഞാൻ അവിടെ നിന്നും കണ്ടു. എന്തായാലും എനിക്ക് പോകുവാനുള്ള വിമാനം എയർപോർട്ടിൽ ഉണ്ടായിരുന്നു. അതിനാൽ എനിക്ക് യാത്ര സാധ്യമാണെന്ന് ഉറപ്പായിരുന്നു.

ലോഞ്ചിൽ ഇരുന്നപ്പോൾ നമ്മുടെ വീഡിയോകൾ കാണുന്ന ചില സുഹൃത്തുക്കൾ വന്നു പരിചയപ്പെടുകയുണ്ടായി. എല്ലാവരുടെയും വിമാനങ്ങൾ വെള്ളപ്പൊക്കം കാരണം വൈകിയിരുന്നു. അങ്ങനെ അവരുമായി സംസാരിച്ചും പിന്നെ ഭക്ഷണം കഴിച്ചും ഞാൻ സമയം തള്ളിനീക്കി. ബോർഡിംഗ് ആരംഭിച്ചതായി അനൗൺസ്‌മെന്റ് വന്നപ്പോൾ ഞാൻ ലോഞ്ചിൽ നിന്നും ഗേറ്റ് നമ്പർ അഞ്ചിലേക്ക് നടന്നു. ആ ഗേറ്റിൽ നിന്നുമാണ് എൻ്റെ വിമാനം പുറപ്പെടുന്നത്. എയർപോർട്ടിൽ പൊതുവെ തിരക്കുകൾ കുറവായിരുന്നു അനുഭവപ്പെട്ടത്. അങ്ങനെ ഞാൻ വിമാനത്തിലേക്ക് കയറി. ചെക്ക് ഇൻ കൗണ്ടറിൽ ഉണ്ടായിരുന്ന സുഹൃത്ത് മുഖേന എനിക്ക് വിമാനത്തിലെ എമർജൻസി എക്സിറ്റിനു സമീപത്തെ സീറ്റ് തരപ്പെട്ടു. ഏഴരയോടെ വിമാനം ടേക്ക് ഓഫ് ചെയ്തു.

വിമാനത്തിൽ നിന്നും ലഭിച്ച ഭക്ഷണവും കഴിച്ചുകൊണ്ട് ഞാൻ പതിയെ ഒന്ന് മയങ്ങാൻ കിടന്നു. മൂന്നു മണിക്കൂറത്തെ യാത്രയ്ക്കു ശേഷം ഞങ്ങൾ മസ്കറ്റ് എയർപോർട്ടിൽ ലാൻഡ് ചെയ്തു. മസ്‌കറ്റിലെ പുതിയ എയർപോർട്ടിലായിരുന്നു ഞങ്ങൾ ഇറങ്ങിയത്. ഇമിഗ്രെഷൻ ചെക്കിംഗും കഴിഞ്ഞു ബാഗേജുകളും കളക്ട് ചെയ്തതിനു ശേഷം ഞാൻ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും എൻ്റെ മസ്കറ്റ് സുഹൃത്തുക്കൾക്കായി കുറച്ചു സാധനങ്ങൾ വാങ്ങിച്ചു.

എയർപോർട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ എൻ്റെ സുഹൃത്തായ ജിജോ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ വരുന്ന വിവരം അറിഞ്ഞുകൊണ്ട് മറ്റൊരു സുഹൃത്തും എന്നെ കാണുവാനായി അവിടെ എത്തിയിരുന്നു. അൽഖുദ്‌ എന്ന സ്ഥലത്തുന്ന റീമാസ് ഹോട്ടലിലായിരുന്നു എൻ്റെ താമസം അറേഞ്ച് ചെയ്തിരുന്നത്. ഞങ്ങൾ ടെർമിനലിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ ഒമാനികളായ ടാക്സി ഡ്രൈവർമാർ “ടാക്സി വേണോ” എന്നും ചോദിച്ചുകൊണ്ട് ചുറ്റും കൂടി. അവരിൽ നിന്നെല്ലാം പുഞ്ചിരിയോടെ ഒഴിഞ്ഞു മാറി ഞങ്ങൾ ഞങ്ങൾക്ക് പോകുവാനുള്ള വണ്ടിയുടെ അടുത്തെത്തി.

അബ്ബാസ് എന്ന പാകിസ്ഥാനി ഡ്രൈവർ ആയിരുന്നു ഞങ്ങളുടെ സാരഥി. ജിജോയുടെ കമ്പനി ഡ്രൈവർ ആയിരുന്നു അബ്ബാസ്. അങ്ങനെ ഞങ്ങൾ എയർപോർട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഹൈവേയിലൂടെ യാത്രയാരംഭിച്ചു. വിചാരിച്ച പോലെ തന്നെ നല്ല മനോഹരമായ റോഡുകൾ തന്നെയായിരുന്നു അവിടെ. ഞങ്ങൾ നേരെ എനിക്ക് താമസിക്കേണ്ട ഹോട്ടലിലേക്ക് ആയിരുന്നു പോയത്. വളരെ നല്ലൊരു റൂം ആയിരുന്നു എനിക്കായി ബുക്ക് ചെയ്തിരുന്നത്. റൂമിൽ ചെന്നിട്ടു ഒന്ന് ഫ്രഷായ ശേഷം ഞങ്ങൾ ഫുഡ് കഴിക്കാനായി റെസ്റ്റോറന്റിലേക്ക് നീങ്ങി. ഒമാനി സ്പെഷ്യൽ വിഭവങ്ങൾ ആയിരുന്നു ഞങ്ങൾ കഴിച്ചത്. അപ്പോഴേക്കും എന്റെ മറ്റൊരു സുഹൃത്തായ ലിങ്കുവും ഒരു സുഹൃത്തും കൂടി അവിടെ എത്തിച്ചേർന്നു. മുൻപ് ഞാൻ ചെയ്ത പത്തനംതിട്ടയിലെ അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ വീഡിയോയിൽ ലിങ്കുവിനെ കാണിക്കുന്നുണ്ട്.

അങ്ങനെ ഭക്ഷണശേഷം എല്ലാ സുഹൃത്തുക്കളോടും യാത്ര പറഞ്ഞുകൊണ്ട് ഞാൻ റൂമിലേക്ക് പോയി. മസ്‌കറ്റിലെ കാഴ്ചകളും വിശേഷങ്ങളും എല്ലാം ഇനി അടുത്ത ദിവസം ആസ്വദിക്കാം…

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.