ഭാരതത്തിൽ, ജനസംഖ്യയനുസരിച്ച് ഒന്നാമത്തേയും വിസ്തീർണമനുസരിച്ച് അഞ്ചാമത്തേയും സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. പുരാണങ്ങളിലും പുരാതന ഭാരതീയ ചരിത്രത്തിലും പരാമർശിക്കപ്പെട്ടിട്ടുള്ള നിരവധി സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഇക്കാരണത്താൽ ഉത്തർപ്രദേശിലേക്ക് വിദേശികളടക്കമുള്ള ധാരാളം സഞ്ചാരികൾ എത്തിച്ചേരുന്നുണ്ട്. ഉത്തർപ്രദേശിൽ എത്തിയാൽ സന്ദർശിച്ചിരിക്കേണ്ട പ്രധാനപ്പെട്ട ചില സ്ഥലങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ.

വാരാണസി : ഉത്തർ പ്രദേശ് സംസ്ഥാനത്ത് ഗംഗ നദിയുടെ പടിഞ്ഞാറൻ തീരത്ത് ഏതാണ്ട് 6 കിലോമീറ്ററിലധികം നീളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ബനാറസ്, കാശി എന്നീ പേരുകളിൽ അറിയപ്പെടുന്ന വാരാണസി. പുണ്യ നഗരമായ ഇത് ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. കല്ലു കൊണ്ട് നിർമ്മിച്ച പഴയകാല ക്ഷേത്രങ്ങൾ മുതൽ ആധുനിക ക്ഷേത്രങ്ങൾ വരെ നിരവധി ക്ഷേത്രങ്ങൾ വരാണസിയിലുണ്ട്. വരാണസിയിലെ തദ്ദേശീയർ നെയ്യുന്ന സാരികൾ വളരെ പ്രശസ്തമാണ്. ഇവിടത്തെ പ്രാദേശികരീതിയിലുള്ള ഗുസ്തിയും മറ്റൊരു ആകർഷണമാണ്‌.

കാശിയെ ശിവന്റെ നഗരം എന്നാണ്‌ അറിയപ്പെടുന്നത്. ശിവക്ഷേത്രമായ കാശി വിശ്വനാഥക്ഷേത്രമാണ്‌ ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രവും തീർത്ഥാടനകേന്ദ്രവും. ഇവിടെ ഗംഗയുടെ കരയിൽ കൽപ്പടികൾ കെട്ടിയിട്ടുണ്ട്. ഇവയെ ഘാട്ട് എന്നാണ് വിളിക്കുന്നത്. ക്ഷേത്രദർശനത്തിനു മുൻപ് ആളുകൾ ഈ പടികളിൽ നിന്ന് കുളിക്കുന്നു. മരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുന്നതും ഇത്തരം പടികളിലാണ്. തുടർന്ന് ചിതാഭസ്മം ഗംഗയിൽ ഒഴുക്കുന്നു. ഓരോ വർഷവും ഇവിടെ 400 ഉത്സവങ്ങൾ ആഘോഷിക്കപ്പെടുന്നു. ശിവരാത്രിയാണ് ഏറ്റവും പ്രധാനപ്പെട്ട ഉത്സവം. ഈ ദിവസം വിശ്വാസികൾ പകൽ മുഴുവൻ ഉപവസിക്കുകയും ക്ഷേത്രത്തിലെ ശിവവിഗ്രഹത്തിൽ പാലും വെറ്റിലയും ഗംഗാജലവും അഭിഷേകം നടത്തുന്നു. രാത്രിയിൽ ഇവർ പാട്ടുകൾ പാടി ഘോഷയാത്ര നടത്തുന്നു.

മഥുര : മധുര എന്നു കേൾക്കുമ്പോൾ തമിഴ്‌നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രമായിരിക്കും നമ്മുടെയുള്ളിൽ ഓടിയെത്തുന്നത്. എന്നാലിത് ‘മഥുര’ആണ്. ഹിന്ദു ദൈവമായ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായാണ് മഥുര അറിയപ്പെടുന്നത്. ഇവിടെ കൃഷ്ണജന്മഭൂമി എന്ന് ഇപ്പോൾ വിളിക്കുന്ന സ്ഥലത്താണ് ശ്രീകൃഷ്ണൻ ജനിച്ചത് എന്ന് പറയപ്പെടുന്നു. ഒരു പാട് ഹിന്ദുക്ഷേത്രങ്ങൾ ഉള്ളതുകൊണ്ടും പൌരാണിക പ്രാ‍ധാന്യമുള്ള സ്ഥലമായതു കൊണ്ടും ഇത് ഒരു പുണ്യസ്ഥലമായി കണക്കാക്കുന്നു. ഡൽഹിയിൽ നിന്നും ഏകദേശം 150 കി.മീ ദൂരത്തിലും ആഗ്രയിൽ നിന്ന് ഏകദേശം 50 കി.മീ ദൂരത്തിലും ആയാണ് മഥുര സ്ഥിതി ചെയ്യുന്നത്.

ആഗ്ര : ഉത്തർപ്രദേശ് സംസ്ഥാനത്ത് ഏറ്റവുമധികം സഞ്ചാരികൾ എത്തിചെരുന്ന സ്ഥലമാണ് ആഗ്ര. ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ ദൂരത്തായി യമുനാതീരത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. താജ്‌മഹൽ അടക്കം മുഗളരുടെ കാലത്തെ ഒട്ടനവധി ചരിത്രസ്മാരകങ്ങൾ ഇവിടെയുണ്ട്. ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ആഗ്രയിൽ, യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. തൻറെ പത്നി മുംതാസിൻറെ സ്മരണയ്ക്കായി മുഗൾ ചക്രവർത്തിയായ ഷാജഹാൻ പണികഴിപ്പിച്ചതാണ് ഇത്. മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ്. 1983 ൽ ഇത് ലോകപൈതൃകപ്പട്ടികയിൾ ഇടം നേടി. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത് വർഷത്തോളമെടുത്തു.

ഇന്ത്യയിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള കോട്ടയായ ആഗ്ര കോട്ടയും ഇവിടത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. അക്ബർ ചക്രവർത്തി 1565ൽ പുതിയ കോട്ടയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. 1983 ൽ ഇത് യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയിൽ ഇടം നേടി. ഇതുപോലെ ധാരാളം സ്ഥലങ്ങൾ ആഗ്രയിൽ വന്നാൽ സന്ദർശിക്കുവാൻ സാധിക്കും.

സാരാനാഥ്‌ : ഉത്തർപ്രദേശിലെ വാരാനസിക്കു സമീപമുള്ള ഒരു നഗരമാണ് സാരാനാഥ്. ഗംഗ – ഗോമതി നദികളുടെ സംഗമസ്ഥാനത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ബുദ്ധമതസ്തരുടെ ഒരു പുണ്യതീർത്ഥാടന കേന്ദ്രമാണ് സാരാനാഥ്. ഭഗവാൻ ശ്രീബുദ്ധൻ ആദ്യമായി ധർമപ്രഭാഷണം അരുൾചെയ്തത് സാരാനാഥിൽവെച്ചായിരുന്നു. ഇവിടെനിന്നും 1കി.മീ അകലെയുള്ള സിൻഹ്പുർ എന്നഗ്രാമത്തിലാണ് 11-ആമത്തെ ജൈനതീർത്ഥങ്കരനായ ശ്രേയനാശ്നാഥൻ ജനിച്ചത്. അദ്ദേഹത്തിനു സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. ബുദ്ധമതസ്തരുടെപോലെ ജൈനരുടേയും ഒരു തീർത്ഥാടനകേന്ദ്രംകൂടിയാണ് സാരാനാഥ്.

ബി.സി രണ്ടാം നൂറ്റാണ്ട് മുതലുള്ള ബുദ്ധമത പ്രതിമകളും സ്തൂപങ്ങളും സ്മാരകങ്ങളും നിറഞ്ഞ സ്ഥലമാണ് സാരാനാഥ്. ബുദ്ധമത അനുയായികളുടെയും ചരിത്രാന്വേഷകളുടെയും പുരാവസ്തു ഗവേഷകരുടെയും ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നാണ് ഇവിടം. ചൗമണ്ടി സ്തൂപമാണ് സാരനാഥിലെ ഒരു പ്രധാന ആകർഷണം. അശോക സ്തംഭം ഉൾപ്പെടെ നിരവധി പ്രത്യേക കാഴ്ചകൾ ഇവിടെയുണ്ട്. സാരാനാഥ് മ്യൂസിയം, മുളകാന്ത കുടി വിഹാർ, കഗ്യു ടിബറ്റൻ മൊണാസ്ട്രി, തായ് ക്ഷേത്രം എന്നിവയും സാരാനാഥിലെ കാഴ്ചകളാണ്.

ലഖ്‌നൗ : കാൺപൂർ കഴിഞ്ഞാൽ ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരമായ, ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൌ ഔധ് പ്രദേശത്താണ്‌ സ്ഥിതിചെയ്യുന്നത്. നവാബ്മാരുടെ നഗരം, ഇന്ത്യയിലെ കോൺസ്റ്റാന്റിനോപ്പിൾ, കിഴക്കിന്റെ സുവർണ്ണനഗരം, ഷിറാസ്-ഇ-ഹിന്ദ് എന്നൊക്കെ ഈ നഗരത്തെ വിശേഷിപ്പിക്കപ്പെടാറുണ്ട്. ഇമാം ബറാ, ഭൂൽഭുലൈയാ, ഷാഹി ബൗളി,
റൂമി ദർവാസാ, ജാമാ മസ്ജിദ്, ഛത്തർ മൻസിൽ, മോതി മഹൽ, ലഖ്‌നൗ മ്യൂസിയം, ദോ. അംബേദ്‌കർ പാർക്ക്, ബ്രിട്ടീഷ് റസിഡൻസി തുടങ്ങിയവ ഇവിടെ വന്നാൽ കാണുവാൻ സാധിക്കുന്നതാണ്.

മേല്പറഞ്ഞവ കൂടാതെ അയോദ്ധ്യ, ഝാന്‍സി, മീററ്റ്, അലിഗഢ്, അലഹബാദ് (പ്രയാഗ്‌രാജ്), ഖുശിനഗർ തുടങ്ങിയ സ്ഥലങ്ങളും ഉത്തർപ്രദേശിൽ വരുന്നവർക്ക് സന്ദര്ശിക്കുവാനായി തിരഞ്ഞെടുക്കാവുന്നതാണ്.

ചരിത്രപ്രാധാന്യമുള്ള ഈ സ്ഥലങ്ങൾ കൂടാതെ വ്യത്യസ്തമായ രുചികളുടെ കാര്യത്തിലും ഉത്തർപ്രദേശ് മുമ്പിൽ തന്നെയാണ്. ‘ഉത്തർപ്രദേശി പാചകരീതി’ എന്നൊരു പാചകരീതി തന്നെയുണ്ട്. വടക്കേ ഇന്ത്യയിലെ മറ്റ് പല ഭക്ഷണ പാചക രീതികളോട് ഇതിനു വളരെയധികം സാമ്യമുണ്ട്. വെജിറ്റേറിയനും നോൺ വെജിറ്റേറിയനും ഭക്ഷണങ്ങൾ അടങ്ങുന്നതാണ്‌ ഇവ. മുഗൾ വംശത്തിന്റെ പാചകരീതിയുടെ പ്രചോദനം ഇതിൽ ധാരാളം കാണാവുന്നതാണ്‌. ഉത്തർ പ്രദേശിലെ തന്നെ മറ്റൊരു പാചകരീതിയായ അവാധി പാചകരീതി കാശ്മീർ, പഞ്ചാബ് എന്നിവടങ്ങളിലെ ഭക്ഷണത്തിനോട് സാമ്യമുള്ളവയാണ്‌. അവാധി ഭക്ഷണരീതി പ്രധാനമായും മധ്യ-പടിഞ്ഞാറ് ഉത്തർ പ്രദേശിന്റെ അവധ് മേഖലയിൽ പ്രധാനമായും കാണപ്പെടുന്നു.

വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ.

3 COMMENTS

  1. സ്ഥലങ്ങൾ പരിചയപ്പെടുത്തുന്ന കൂടെ അവിടുത്തെ കാഴ്ചകളുടെ ഫോട്ടോസ് ഇട്ടാൽ നന്നായിയിരിക്കും .ചേട്ടാ ഞാൻ ഹൈദരാബാദ് പോകാൻ ടൂർ പ്ലാൻ ചെയ്യുന്നു സാധരണ ടൂറിസ്റ്റ് സ്പോട് അല്ലാതെ rare and hidden beautiful ടൂറിസ്റ്റ് സ്പോട്കളെ ഒന്ന് ഈ വെബ്സൈറ്റിലൂടെ പരിചയപെടുത്താമോ .എന്റെ ഇമെയിൽ ഐഡി താഴെ കൊടുക്കുന്നു ഞാൻ ഒരു പേർസണൽ റീപ്ലേയും പ്രെതീക്ഷിക്കുന്ന .
    [email protected]

  2. സ്ഥലങ്ങൾ പരിചയപ്പെടുത്തുന്ന കൂടെ അവിടുത്തെ കാഴ്ചകളുടെ ഫോട്ടോസ് ഇട്ടാൽ നന്നായിയിരിക്കും .ചേട്ടാ ഞാൻ ഹൈദരാബാദ് പോകാൻ ടൂർ പ്ലാൻ ചെയ്യുന്നു സാധരണ ടൂറിസ്റ്റ് സ്പോട് അല്ലാതെ rare and hidden beautiful ടൂറിസ്റ്റ് സ്പോട്കളെ ഒന്ന് ഈ വെബ്സൈറ്റിലൂടെ പരിചയപെടുത്താമോ .എന്റെ ഇമെയിൽ ഐഡി താഴെ കൊടുക്കുന്നു ഞാൻ ഒരു പേർസണൽ റീപ്ലേയും പ്രെതീക്ഷിക്കുന്നു .
    [email protected]

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.